ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടി എടുക്കാൻ!
ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാനകരമായ ഒരു പൊതുമേഖലാ സ്ഥാപനമാണ് ISRO. ലോക ശക്തികളെപ്പോലും ഞെട്ടിക്കുന്ന കുതിപ്പാണ് കടഞഛ നടത്തുന്നത്. ഇന്ത്യയുടെ സ്വന്തം പോളാര്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിള്‍സ് (PSLV) ലോകത്തു തന്നെ ഏറ്റവും ചെലവു കുറഞ്ഞതും ഏറ്റവും ആധുനികവും ആയ സ്‌പേസ് ലോഞ്ചിംഗ് സാധ്യതയാണ്.
ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ആന്‍ട്രിക്‌സ് (Antrix Corporation Limited) ആണ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹവിക്ഷേപണം സംബന്ധിച്ച വാണിജ്യ ഇടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. അതിവേഗ ഇന്റര്‍നെറ്റ് സര്‍വീസ്, ഡയറക്ട് ടു ഹോം ടിവി സംപ്രേഷണം, റേഡിയോ പ്രക്ഷേപണം, ടെലിമെഡിസിന്‍, കാലാവസ്ഥ പ്രവചനം, ഡിഫെന്‍സ്, ടൂറിസം അങ്ങനെ ബിസിനസ് അവസരങ്ങളുടെ ഒരു കലവറ തന്നെ ഇത് ലോകത്തിനു മുന്‍പില്‍ തുറന്നിടുന്നു.
സില്‍ക്ക് റൂട്ടിലൂടെ ലോകവ്യാപാരത്തെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ചൈനീസ് തന്ത്രത്തിന് ഇന്ത്യയ്ക്ക് കൊടുക്കാന്‍ പറ്റുന്ന നല്ലൊരു നയതന്ത്ര മറുപടിയാണ് കുറഞ്ഞ ചെലവില്‍ ഓരോ രാജ്യത്തിന്റെയും സാറ്റലൈറ്റുകള്‍ ഭ്രമണപദത്തില്‍ എത്തിച്ച് ആ രാജ്യത്തിന്റെ വികസനം സാധ്യമാകുക എന്നതിലൂടെ.
മുകളില്‍ പറഞ്ഞ സാധ്യതകള്‍ ഉപേയാഗപ്പെടുത്തണമെങ്കില്‍ വലിയ തയ്യാറെടുപ്പുകളും നിക്ഷേപവും ആവശ്യമാണ്. ലോകസമ്പത്തിന്റെ നാലിലൊന്നു ഒറ്റയ്ക്ക് കയ്യാളുന്ന അമേരിക്ക വരെ ഇത് തിരിച്ചറിയുകയും 2002 ല്‍ ഈ മേഖല സ്വകാര്യ നിക്ഷേപത്തിന് തുറന്നു കൊടുക്കുകയും ചെയ്തു.
ലോകം ഇന്ന് കൗതുകത്തോടെ നോക്കിക്കാണുന്ന SPACEX കമ്പനി അങ്ങ് കാലിഫോര്‍ണിയയില്‍ 2002 ല്‍ ആരംഭിച്ച ഒരു സ്വകാര്യ സ്ഥാപനമാണ്. ഇന്നിപ്പോള്‍ ഇലോണ്‍ മസ്‌കിന്റെ നേതൃത്വത്തില്‍ നാസയുടെ തന്നെ സൗകര്യങ്ങളോടെ ലോകം മുഴുവന്‍ പടര്‍ന്നു പന്തലിച്ച ഒരു സ്‌പേസ് ഏജന്‍സി ആയി അത് മാറിക്കഴിഞ്ഞു.
ഇന്ത്യയും ഈ സ്‌പേസ് റിസര്‍ച്ച് മേഖല സ്വകാര്യ നിക്ഷേപത്തിന് തുറന്നു കൊടുത്താല്‍ ISRO യ്ക്ക് സമാന്തരമായി അതിനേക്കാള്‍ കഴിവുള്ള ഒരു സംരംഭം ഉയര്‍ന്നു വരാം, ഇന്ത്യയുടെ STEM (സയന്‍സ്, ടെക്‌നോളജി, എന്‍ജിനീയറിംഗ് മാത്തമാറ്റിക്) മേഖലയ്ക്ക് വലിയ വളര്‍ച്ച നേടാം, സോഫ്റ്റ്വെയര്‍ മേഖല പോലെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴിലും ലഭിക്കാം. ദുബൈയില്‍ പോയി വരുന്ന ലാഘവത്തോടെ ഇനി ചന്ദ്രനില്‍ പോയി വരുന്ന കാലം ഒട്ടും വിദൂരത്തല്ലന്നേ!
ലോകം മുഴുവന്‍ സര്‍ക്കാര്‍ മുതല്‍മുടക്കുകള്‍ കുറഞ്ഞു വരികയാണ്, സര്‍ക്കാരുകള്‍ സ്വന്തമായി മുതല്‍ മുടക്കുന്നതിനേക്കാള്‍ ഒരു ഫസിലിറ്റേറ്റര്‍ ആയി ഒരു റഫറിയുടെ കുപ്പായമണിഞ്ഞാല്‍ ഏതു മേഖലയിലും ധാരാളം നിക്ഷേപ സാധ്യതകള്‍ ഉയര്‍ന്നു വരാം, അടുത്ത പത്തു വര്‍ഷത്തിനുള്ളില്‍ ഇന്ത്യയില്‍ നിന്നും ഒരു നൂറ് ബില്യണ്‍ ഡോളര്‍ വരുമാനമുള്ള ഒരു സ്‌പേസ് റിസര്‍ച്ച് കമ്പനി ഉണ്ടായി വരാനുള്ള ഒരു കാഴ്ചപ്പാട് നമ്മള്‍ ഇന്നേ കാണേണ്ടതാണ്.
അത് സാധ്യമാകണമെങ്കില്‍ നമുക്ക് നല്ല മാനേജ്‌മെന്റും വലിയ നിക്ഷേപവും കണ്ടെത്തണം. SPACEX പോലെയുള്ള അല്ലെങ്കില്‍ അതിനേക്കാള്‍ മികച്ചതായി ഒരു സ്‌പേസ് റിസര്‍ച്ച് കമ്പനിക്ക് ഇന്ത്യയില്‍ വലിയ സാധ്യതയുണ്ട്.
പോസിറ്റീവ് മോണോപൊളി
നമ്മള്‍ പഠിച്ച സാമ്പത്തിക ശാസ്ത്രത്തിലെ മൊണോപൊളിയുടെ ദൂഷ്യവശങ്ങളെ ഇന്ന് ആരും പേടിക്കുന്നില്ല, മറിച്ച് വലിയ കോര്‍പ്പറേറ്റുകള്‍ തങ്ങളുടെ സാമ്പത്തിക ശക്തി ഒരു പോസിറ്റീവ് മോണോപൊളി ആയിട്ടാണ് ഉപയോഗിക്കുന്നത്. ഗൂഗിള്‍ പോലുള്ള കമ്പനികള്‍ തങ്ങളുടെ വലിയ സാമ്പത്തിക ലാഭങ്ങള്‍ വലിയ തോതില്‍ റിസര്‍ച്ച് & ഡെവലപ്പ്‌മെന്റിന് വേണ്ടി ചെലവഴിക്കുകയും അതിലൂടെ ലഭിക്കുന്ന അറിവുകള്‍ (ഗൂഗിള്‍ മാപ് പോലുള്ളവ) സമൂഹത്തിനു തന്നെ ഗുണകരമായി ലഭ്യമാക്കുകയും ചെയ്യുന്നു.
ആമസോണ്‍, ആപ്പിള്‍, ഗൂഗിള്‍, ഫേസ്ബുക്, ഹുവായ് മുതല്‍ ഇങ്ങ് അംബാനിയുടെ ജിയോ മൊബീല്‍ വരെ മുകളില്‍ പറഞ്ഞ പോസിറ്റീവ് മോണോപൊളി ആണ് സമൂഹത്തിനു നല്‍കുന്നത്. പരിമിതമായ മൂലധനം മാത്രമുള്ള കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ചു ജനങ്ങളുടെ കടങ്ങള്‍ എഴുതിത്തള്ളുമ്പോള്‍ ഭാവിയുടെ വികസനത്തിനുവേണ്ടി വലിയ നിക്ഷേപങ്ങള്‍ നടത്തിയില്ലെങ്കില്‍ 1990 ല്‍ വേണു നാഗവള്ളിയുടെ സംവിധാനത്തില്‍ ഇറങ്ങിയ ലാല്‍ സലാം എന്ന സിനിമയിലെ മുകളില്‍ പറഞ്ഞ ഡയലോഗ്, 'ബീഡിയുണ്ടോ സഖാവേ ഒരു തീപ്പെട്ടിയെടുക്കാന്‍' എന്ന് ചോദിക്കേണ്ട സ്ഥിതി വരും!