എഴുതാം, വില്‍ക്കാം ഇ-ബുക്ക്

കിന്‍ഡി കാഷ്മാന്‍ എന്ന സ്ത്രീ ഒരു പുസ്തകം ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വച്ചു. 'സ്ത്രീയെപ്പറ്റി പുരുഷന്‍ അറിയുന്ന എല്ലാം' എന്ന പേരിലാണ് പുസ്തകം. ഡോ. അലന്‍ ഫ്രാന്‍സിസ് എന്ന കള്ളപ്പേര് വച്ചാണ് പുസ്തകം വില്‍പ്പനയ്ക്കു വച്ചത്. അപാരമാണ് നൂറൂപേജുള്ള പുസ്തകത്തിന്റെ വില്‍പ്പന.

ആദ്യം വാങ്ങിച്ചത് ഒരു പുരുഷനാണത്രേ. പുസ്തകം വാങ്ങി തുറന്നപ്പോഴാണ് കഥ മനസിലായത്. ഉള്ളില്‍ കുറേ കാലി കടലാസുകള്‍ മാത്രം. സ്ത്രീയെക്കുറിച്ച് പുരുഷന് ഒന്നും അറിയില്ലെന്നാണ് പുസ്തകത്തിലൂടെ ഉദ്ദേശിച്ചത്. കാലിക്കടലാസുള്ള പുസ്തകം പിന്നെയും വിറ്റുപോയി. എന്തിനാണെന്നോ? കല്യാണബന്ധങ്ങള്‍ മുറിഞ്ഞുപോകുന്ന സ്ത്രീകളും പുരുഷന്മാര്‍ക്കിട്ട് പണികൊടുക്കാന്‍ തീരുമാനിച്ചവരും പുസ്തകം വാങ്ങി അയച്ചു കൊടുക്കും.

ഓണ്‍ലൈനിലായതു കൊണ്ട് മെയ്ല്‍ ചെയ്താല്‍ മതിയല്ലോ. 4.99 ഡോളറാണ് പുസ്തകത്തിന്റെ വില. പ്രിന്റ് ചെയ്ത കോപ്പി വേണമെങ്കില്‍ 100 ഡോളര്‍ കൊടുക്കണം. ഇന്ന് കോടീശ്വരിയാണ് കിന്‍ഡി കാഷ്മാന്‍. സ്വന്തം പേരില്‍ വെബ്സൈറ്റുണ്ട്. കൂടാതെ ഇത്തരം ചെറിയ ഉഡായിപ്പുമായി നാലോളം പുസ്തകങ്ങളും ഇറക്കിയിട്ടുണ്ട്. ആരും വാങ്ങിപ്പോകുന്ന വിധത്തിലാണ് പുസ്തകത്തിന്റെ പരസ്യവും ക്രമീകരണവും. ഇവിടെ വില ഐഡിയയ്ക്കാണെന്നു മനസിലായല്ലോ.

അതായത് മനസുവച്ചാല്‍, കത്തിയ ഐഡിയ പ്രായോഗികമാക്കാന്‍ ഏറ്റവും നല്ല പ്ലാറ്റ്ഫോമാണ് ഓണ്‍ലൈന്‍. ഇനി ഇങ്ങനെയുള്ള ഐഡിയകളൊന്നും വരുന്നില്ലെങ്കില്‍ സങ്കടപ്പെടേണ്ട. കുറച്ച് കഷ്ടപ്പെടാന്‍ തയ്യാറാണെങ്കില്‍, ഇംഗ്ലീഷ് വശമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് തന്നെ പുസ്തകം തയ്യാറാക്കി ഓണ്‍ലൈനിലൂടെ വില്‍ക്കാം.

പ്രിന്റിംഗ് ചെലവൊന്നുമില്ലല്ലോ. ഇ-ബുക്ക് തയ്യാറായാല്‍ ആമസോണ്‍ കിന്‍ഡില്‍, ആപ്പിളിന്റെ ഐട്യൂണ്‍സ്, നോഷന്‍പ്രസ് തുടങ്ങിയ സ്ഥലങ്ങളില്‍ വില്‍പ്പനയ്ക്കു വയ്ക്കാം. ഈ മേഖലയില്‍ ഒട്ടേറെ വെബ്സൈറ്റുകള്‍ ഉണ്ട്. മിക്കവയും 100 ശതമാനം കോപ്പിറൈറ്റ് നിങ്ങള്‍ക്ക് നല്‍കുന്നതും 70 ശതമാനത്തില്‍ കൂടുതല്‍ റോയല്‍റ്റി അനുവദിക്കുന്നതുമാണ്.

ലോകത്തെവിടെയും നിങ്ങളുടെ പുസ്തകം ലഭ്യമാവുമെന്നതാണ് മറ്റൊരു പ്രത്യേകത. പബ്ലിഷിംഗിനായി കാത്തിരിക്കേണ്ട, അപ്ലോഡ് ചെയ്ത് 24- 48 മണിക്കൂറിനുള്ളില്‍ പുസ്തകം ഓണ്‍ലൈനില്‍ കേറിക്കോളും. എപ്പോള്‍ വേണമെങ്കില്‍ തിരുത്തുകയോ പുതിയ കോപ്പി പകരം മാറ്റി ചെയ്യുകയോ ആവാം.

ആനുകാലിക പ്രസക്തമായ പുസ്തകങ്ങള്‍ വില്‍പ്പനയ്ക്കു വച്ചാല്‍ ഏറെ ചെലവാകുന്ന മേഖല കൂടിയാണിത്. പെട്ടെന്നൊരു വിഷയം ഉണ്ടാവുകയും, ഉദാഹരണത്തിന് നിപ വൈറസ് പോലെ, അതേപ്പറ്റി ആളുകള്‍ വല്ലാതെ സെര്‍ച്ച് ചെയ്യുകയുമുണ്ടെന്ന് തോന്നിയാല്‍ അതേപ്പറ്റി വിവരമുണ്ടെങ്കില്‍ അപ്പോള്‍ തന്നെ പുസ്തകമാക്കി ഇത്തരം വെബ്സൈറ്റുകളില്‍ വില്‍പ്പനയ്ക്കു വയ്ക്കാം.

പ്രിന്റ് ചെയ്യാനുള്ള സമയം, ആളുകളില്‍ എത്തിക്കാനുള്ള സമയം എന്നിവയെല്ലാം ഒഴിവാക്കാന്‍ ഇതിലൂടെയാവും. കൂടാതെ, ആളുകള്‍ ഇതേപ്പറ്റി ആദ്യം സെര്‍ച്ച് ചെയ്യുക ഇന്റര്‍നെറ്റിലാവുമെന്ന പ്രത്യേകതയുമുണ്ട്. അവിടെ നമ്മുടെ പുസ്തകമിരിപ്പുണ്ടെങ്കില്‍ എപ്പോള്‍ വിറ്റുപോയെന്ന് ചോദിച്ചാല്‍ മതി. വളരെ ഈസിയായി ആര്‍ക്കും അപ്ലോഡ് ചെയ്യാവുന്ന രീതിയിലാണ് വെബ്സൈറ്റുകള്‍ സൗകര്യമൊരുക്കിയിരിക്കുന്നത്. അഞ്ചു നിമിഷത്തിന്റെ പണിയേ ഉള്ളൂ. എല്ലാം സൗജന്യമാണെന്ന പ്രത്യേകതയുമുണ്ട്. വിറ്റുപോവുമ്പോള്‍ അവര്‍ കമ്മീഷന്‍ എടുത്തോളും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

  • പുസ്തകത്തിന്റെ എഴുത്തുപ്രതിയും കവറും തയ്യാറാക്കണം. മിക്ക വെബ്സൈറ്റുകളും ഇതിനായി സൗജന്യ ടൂളുകള്‍ സൗകര്യപ്പെടുത്തിയിട്ടുണ്ട്.
  • കണ്ടന്റ് ആന്റ് ക്വാളിറ്റി നിര്‍ദേശങ്ങള്‍ പാലിക്കണം
  • ഏതു വെബ്സൈറ്റിലാണോ ചെയ്യാനുദേശിക്കുന്നത്, അതില്‍ എക്കൗണ്ട് ക്രിയേറ്റ് ചെയ്യണം.

Razack M. Abdullah
Razack M. Abdullah  

Senior Sub Editor

Related Articles

Next Story

Videos

Share it