Top

ഒന്നും രണ്ടുമല്ല, ഇത് 11 വര്‍ഷം കൊണ്ട് നേടിയ വിജയം..!

എവിടെയെങ്കിലും യാത്ര പോകാന്‍ ഉദ്ദേശിക്കുന്നുണ്ടെങ്കില്‍, വാഹനം, ഭക്ഷണം ഇവയെ കുറിച്ചൊക്കെ അറിയേണ്ടതുണ്ടെങ്കില്‍ മലയാളി യൂട്യൂബില്‍ കയറി ആദ്യം സേര്‍ച്ച് ചെയ്യുന്നൊരു പേരുണ്ട്, ടെക്ക് ട്രാവല്‍ ഈറ്റ്. വ്ളോഗിലൂടെ മലയാളിയുടെ മനസ്സ് കീഴടക്കിയ സുജിത് ഭക്തന്റെ സ്വന്തം യൂട്യൂബ് ചാനല്‍. 1100 ലധികം എപ്പിസോഡുമായി മുന്നോട്ടുപോകുന്ന ഈ ചാനലും സുജിത് ഭക്തനെയും കേരളം നെഞ്ചിലേറ്റാന്‍ കാരണം പേര് പോലെ തന്നെ കണ്ടന്റിലെ വ്യത്യസ്തതകളാണ്. ഫുഡ്ഡും ടെക്കും യാത്രയും എല്ലാം സുജിത്തിന്റെ വീഡിയോകളില്‍നിന്ന് ലഭിക്കും. 21 ാം വയസ്സില്‍ തുടങ്ങി 11 വര്‍ഷമായി തുടരുന്ന സുജിത്തിന്റെ ഈ യാത്രയുടെ വിജയത്തിന്റെ കാരണവും കാഴ്ചക്കാരുടെ മനസ്സറിഞ്ഞ് പ്രവര്‍ത്തിക്കാന്‍ കഴിയുന്നുവെന്നത് തന്നെ.

''ഒന്നും രണ്ടുമല്ല 11 വര്‍ഷമായി ഞാന്‍ മലയാളികളുടെ സോഷ്യല്‍മീഡിയ ശീലങ്ങള്‍ക്കൊപ്പം കൂടിയിട്ട്. അതുകൊണ്ട് തന്നെ അവര്‍ക്കെന്ത് വേണമെന്നതറിഞ്ഞ് നല്‍കാന്‍ കഴിയുന്നു, ഏറ്റവും സത്യസന്ധമായി തന്നെ. അതിനായി ഞാന്‍ എടുക്കുന്ന എന്റെ അധ്വാനത്തിന് കാഴ്ചക്കാര്‍ തരുന്ന അംഗീകാരമാണ് ഇത്.'' സുജിത് ഭക്തന്‍ പറയുന്നു.
തുടക്കം ആനവണ്ടിയിലൂടെ
ആനവണ്ടി എന്ന പേരില്‍ ഒരു ബ്ലോഗുമായാണ് കോഴഞ്ചേരി സ്വദേശിയായ സുജിത്തിന്റെ കടന്നുവരവ്. എന്‍ജിനീയറിംഗ് മൂന്നാം വര്‍ഷം പഠിക്കുമ്പോഴായിരുന്നു കെഎസ്ആര്‍ടിസിയുടെ യാത്രയെ സംബന്ധിച്ച വിവരണങ്ങളുമായി സുജിത് ബ്ലോഗ് ആരംഭിച്ചത്. കെഎസ്ആര്‍ടിസി പൊതുഗതാഗത വിവരങ്ങള്‍ ലഭിക്കാന്‍ യാതൊരു ഓണ്‍ലൈന്‍ സംവിധാനങ്ങളും ഇല്ലാതിരുന്ന കാലത്ത് ദിവസവും ഏറെദൂരം യാത്ര ചെയ്ത് ജോലി ചെയ്തിരുന്നവര്‍ ആശ്രയിച്ചത് അന്ന് വിദ്യാര്‍ത്ഥിയായിരുന്ന സുജിത്തിന്റെ ഈ ബ്ലോഗായിരുന്നു.
ആദ്യവരുമാനം 100 ഡോളര്‍
ആനവണ്ടി ബ്ലോഗുമായി മുന്നോട്ടുപോയിരുന്ന സുജിത്തിനെ ഗൂഗിള്‍ വരുമാനം തേടിയെത്തിയത് 23 ാം വയസ്സിലാണ്. ആദ്യം ആറ് മാസത്തില്‍ 100 ഡോളര്‍ എന്ന കണക്കിലെത്തിയ വരുമാനം പിന്നീട് മാസത്തില്‍ 100 ഡോളറായും പ്രതിമാസം 4000 ഡോളര്‍ വരെയായും ഉയര്‍ന്നു. പിന്നാലെ യൂട്യൂബിന്റെ സാധ്യതകള്‍ മനസ്സിലാക്കിയതോടെ ഏകദേശം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് സുജിത് ടെക്ക് ട്രാവല്‍ ഈറ്റ് എന്നപേരില്‍ ചാനല്‍ ആരംഭിക്കുന്നത്. 50,000 രൂപ വരുന്ന ഒരു ക്യാമറയും 80,000 രൂപ വരുന്ന ലാപ്‌ടോപ്പും അടങ്ങുന്ന ഏകദേശം 1,30,000 രൂപയുടെ പ്രാഥമിക നിക്ഷേപത്തോടെയായിരുന്നു തുടക്കം. യാത്രകളും വാഹനങ്ങളും ഏറെ പ്രിയമായിരുന്ന സുജിത്തിന് ഏത് വിഷയം തിരഞ്ഞെടുക്കണമെന്നതിലും ആശങ്കപ്പെടേണ്ടി വന്നില്ല. തുടക്കകാലത്ത് ആരും അത്ര പരിഗണിച്ചില്ലെങ്കിലും ടെക്ക് ട്രാവല്‍ ഈറ്റ് യൂട്യൂബ് ചാനലിന്റെ സബ്സ്‌ക്രൈബേഴ്സിലുണ്ടായ കുതിച്ചുചാട്ടം പെട്ടെന്നായിരുന്നു.
ആദ്യത്തെ പ്രൊമോഷന്‍
10,000 സബ്സ്‌ക്രൈബേഴ്സ് മാത്രമുള്ളപ്പോഴാണ് പ്രൊമോഷന്‍ രംഗത്തേക്ക് കടക്കുന്നത്. 25,000 രൂപയാണ് മൂന്നാറിലെ അമ്യൂസ്മെന്റ് പാര്‍ക്കിന്റെ പ്രൊമോഷന് വേണ്ടി ഈടാക്കിയത്. സബ്സ്‌ക്രൈബേഴ്സ് കുറവായിട്ടും തന്റെ അധ്വാനത്തിനും അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന കവറേജിനെക്കുറിച്ചുള്ള ആത്മവിശ്വാസത്തിനുമാണ് താന്‍ വിലയിട്ടത്- സുജിത് ഭക്തന്‍ പറയുന്നു.
കാഴ്ചക്കാരുടെ മനമറിഞ്ഞുള്ള യാത്ര
സ്വന്തം യാത്രകളിലെ കാഴ്ചകളും അനുഭവങ്ങളും മറ്റുള്ളവര്‍ക്ക് ഉപകാരപ്പെടുന്ന കാര്യങ്ങളുമെല്ലാം ആളുകളിലേക്കെത്തിക്കാന്‍ തുടങ്ങിയതോടെയാണ് സബ്സ്‌ക്രൈബേഴ്സിന്റെ എണ്ണം കുത്തനെ വര്‍ധിച്ചത്. കഴിഞ്ഞ നാലു വര്‍ഷം പരിശോധിച്ചാല്‍ ഇക്കഴിഞ്ഞ രണ്ട് വര്‍ഷം കൊണ്ട് ടെക്ക് ട്രാവല്‍ ഈറ്റിന്റെ വളര്‍ച്ച 200 ശതമാനം കൂടിയിട്ടുണ്ടെന്ന് സുജിത് പറയുന്നു.
വീഡിയോ പ്രമോഷന്‍ ചെയ്യാന്‍ വാഹനങ്ങളും ഗാഡ്ജറ്റുകളും വ്യത്യസ്ത രുചികള്‍ വിളമ്പുന്ന ഹോട്ടലുകള്‍ പോലും സുജിത്തിന് ലക്ഷങ്ങള്‍ നല്‍കുന്നു. ''എത്രപണം കിട്ടിയാലും നല്ലതെന്ന് ബോധ്യപ്പെടാത്തവ ഇതുവരെ വീഡിയോകളാക്കിയിട്ടില്ല. പലപ്പോഴും റസ്റ്റോറന്റുകളില്‍നിന്ന് പരിചയപ്പെടുത്താന്‍ ക്ഷണം ലഭിച്ച് മണിക്കൂറുകളോളം വണ്ടിയോടിച്ച് എത്തിയ സ്ഥലങ്ങളില്‍ നിന്നും ഭക്ഷണത്തിന്റെ പണവും നല്‍കി ഇറങ്ങി വരേണ്ടി വന്നിട്ടുണ്ട്. ആളുകളെ പറ്റിക്കാന്‍ യൂട്യൂബ് വീഡിയോ ഉപയോഗിച്ച് നേടുന്ന പണത്തിന് നിലനില്‍പ്പുണ്ടാകില്ല. ഒരു സംരംഭവും അങ്ങനെ വളര്‍ന്ന ചരിത്രവുമില്ല'' സുജിത് പറഞ്ഞു.
അഞ്ച് ലക്ഷം രൂപയാണ് ടെക്ക് ട്രാവല്‍ ഈറ്റിന്റെ ഏകദേശ മാസവരുമാനം. പലപ്പോഴും ഇത് 20 ലക്ഷം രൂപവരെയായി ഉയര്‍ന്നിട്ടുണ്ട് വരുമാനം വര്‍ധിച്ചപ്പോള്‍ തന്നെ ടെക്ക് ട്രാവല്‍ ഈറ്റ് ഒരു സംരംഭമാക്കി രജിസ്റ്റര്‍ ചെയ്തു, ഓഫീസും റെഡി.
ഗൂഗിള്‍ വരുമാനം കൂടാതെ ഉദ്ഘാടനത്തിനും പ്രോഡക്റ്റ് ലോഞ്ചിനും സ്പോണ്‍സേര്‍ഡ് വീഡിയോകള്‍ക്കുമായിട്ടാണ് വരുമാനമെത്തുന്നത്. സംരംഭകന്‍ എന്നതിനപ്പുറം ഒരു വ്യക്തിബ്രാന്‍ഡ് ആയുള്ള വളര്‍ച്ചയും ഇത്തരത്തിലാണ് സാധ്യമാകുന്നതെന്ന് സുജിത് വ്യക്തമാക്കുന്നു. രണ്ട് ലക്ഷം രൂപ മുതലാണ് ഒരു പ്രൊമോഷണല്‍ വീഡിയോയ്ക്ക് ഇന്ന് സുജിത്തിന്റെ കമ്പനി ചാര്‍ജ് ചെയ്യുന്നത്. ഭാര്യ ശ്വേത പ്രഭുവും സഹോദരനും മറ്റു കുടുംബാംഗങ്ങളുമാണ് സുജിത്തിന് സംരംഭത്തിലും ജീവിതത്തിലും പ്രചോദനമായി കട്ടയ്ക്ക് കൂടെ നില്‍ക്കുന്നത്.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it