തായ്‌ലന്‍ഡില്‍ നിന്ന് പഠിക്കൂ, മോദിക്കും പിണറായിക്കും വികസന നായകരാകാം!

സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പൈസ ചെലവിടാതെ ജനങ്ങളുടെ കൈയില്‍ പണമെത്തിക്കാന്‍ പറ്റുമോ? നാടിന്റെ മുഖച്ഛായ മാറ്റാന്‍ പറ്റുമോ? ഓരോ വീട്ടിലും സംരംഭങ്ങളെയും സംരംഭകരെയും സൃഷ്ടിക്കാന്‍ പറ്റുമോ? നരേന്ദ്ര മോദിക്കും പിണറായി വിജയനും വികസനനായകരായി നിന്നുകൊണ്ട് തെരഞ്ഞെടുപ്പിനെ നേരിടാന്‍ പറ്റുമോ? ഇതിനെല്ലാം പറ്റുന്ന വഴിയുണ്ട്. തായ്‌ലന്‍ഡിലേക്കൊന്നു നോക്കിയാല്‍ മതി.

വിനോദസഞ്ചാരികളുടെ സ്വപ്‌നഭൂമിയാണ് തായ്‌ലന്‍ഡ്. സുന്ദരമായി ചിരിക്കുന്ന ആളുകളുള്ള അതിസുന്ദമായ നാട്. എന്നാല്‍ അവിടത്തെ ഒടിഒപി യെ കുറിച്ചറിയാമോ? അത് ആ നാട്ടില്‍ കൊണ്ടുവന്ന വിപ്ലവത്തെ കുറിച്ചോ?
ഒടിഒപിയോ?
OTOP എന്നാല്‍ One Tampone One Product. ടാം പോണ്‍ എന്ന തായ്‌ലന്‍ഡ് വാക്കിന്റെ അര്‍ത്ഥം ഉപജില്ല, വില്ലേജ് എന്നൊക്കെയാണ്. ഇതൊരു പ്രാദേശിക സംരംഭകത്വ പ്രോത്സാഹന പദ്ധതിയാണ്. തായ്‌ലന്‍ഡിലെ ഓരോ ടാം പോണിലും നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് പിന്തുണ നല്‍കുകയാണ് ഇതിലൂടെ. തായ്‌ലന്‍ഡിന്റെ ശതകോടീശ്വരനായ പ്രധാനമന്ത്രിയായിരുന്ന തക്്‌സിന്‍ ഷിനവത്ര 2001ലാണ് ഒടിഒപി അവതരിപ്പിച്ചത്. അതിവേഗം ഇത് വിജയകരമായ ഒന്നായി മാറി. പട്ടാള അട്ടിമറിയിലൂടെ ഷിനവത്രയില്‍ നിന്ന് ഭരണം പിടിച്ചെടുത്ത സൈന്യം ഒടിഒപി നിര്‍ത്തലാക്കിയെങ്കിലും തായ്‌ലന്‍ഡിലെമ്പാടുമുള്ള ജനങ്ങളുടെ ഉപജീവനമാര്‍ഗത്തിനുള്ള പ്രധാനമാര്‍ഗമാണ് അതെന്ന് കണ്ട് വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു. പിന്നീട് തായ്‌ലന്‍ഡില്‍ അധികാരത്തിലേറിയ എല്ലാ സര്‍ക്കാരുകളും ഒടിഒപിയുടെ പ്രസക്തി തിരിച്ചറിഞ്ഞ് അതിനെ പിന്തുണച്ചു. അതിലൂടെ തായ് ഗ്രാമങ്ങളുടെ ജീവിതം തന്നെ മാറി മറിഞ്ഞു.
എന്താണ് ഒടിഒപി യില്‍ സംഭവിക്കുന്നത്?
തായ് ഗ്രാമങ്ങളെല്ലാം അവയുടെ കരകൗശല വസ്തുക്കളുടെ പേരില്‍ പ്രസിദ്ധമാണ്. ഇത്തരം കരകൗശല വസ്തുക്കള്‍ ഗ്രാമീണര്‍ അവരുടെ ഉപയോഗത്തിനോ അല്ലെങ്കില്‍ മറ്റേതെങ്കിലും സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി പകരം നല്‍കാനോ അയല്‍ക്കാര്‍ക്ക് വില്‍ക്കാനോ വേണ്ടിയാണ് നിര്‍മിച്ചിരുന്നത്. ഈ കാര്യത്തെ സര്‍ക്കാര്‍ പിന്തുണയ്ക്കുകയാണ് ചെയ്തത്. വെറുതെ പിന്തുണയ്ക്കുകയല്ല. അത്തരം ഉല്‍പ്പന്നങ്ങള്‍ക്ക് ഒരു ഏകീകൃത രൂപമുണ്ടാക്കി. കരകൗശല നിര്‍മാണമേഖലയെ പുനരുജ്ജീവിപ്പിച്ചു. അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഏകതാനതയുണ്ടാക്കി. തായ് ഗവണ്‍മെന്റിന്റെ കമ്യുണിറ്റി ഡെവലപ്‌മെന്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഒടിഒപിക്ക് നേതൃത്വം നല്‍കുന്നത്.
ഒടിഒപിയുടെ ഏറ്റവും വലിയ സവിശേഷത, ആ പദ്ധതിക്ക് സര്‍ക്കാര്‍ യാതൊരു വിധ സബ്‌സിഡിയും നല്‍കുന്നില്ല എന്നതാണ്. അത്തരം സബ്‌സിഡികള്‍ ഗ്രാമീണരുടെ സ്വയം പര്യാപ്ത നശിപ്പിക്കുമെന്ന വിശ്വാസമാണ് അതിനുപിന്നിലുള്ളത്.
19 വര്‍ഷമായി തായ്‌ലന്‍ഡില്‍ ഈ പദ്ധതി വിജയകരമായി നടക്കുന്നു. ഏതാണ്ട് 7000 ത്തിലേറെ ടാംപോണുകള്‍ തായ്‌ലന്‍ഡിലുണ്ട്. അവ വ്യത്യസ്തമായ നിരവധി ഉല്‍പ്പന്നങ്ങളുമുണ്ടാക്കുന്നു. ഗ്രാമങ്ങളിലുണ്ടാക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളും ഒടിഒപിയില്‍ വരില്ല. ഔപചാരികമായ സ്റ്റാര്‍ റേറ്റിംഗ് സംവിധാനവും ബ്രാന്‍ഡിംഗ് സിസ്റ്റവുമുണ്ട്. സ്റ്റാര്‍ റേറ്റിംഗ് നേടുന്ന ഒടിഒപി ഉല്‍പ്പന്നങ്ങള്‍ മാത്രമേ ആഭ്യന്തര , വിദേശ മേളകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയുള്ളൂ. ഇപ്പോള്‍ ഏതാണ്ട് 569 ഫൈവ് സ്റ്റാര്‍ ഒടിഒപി ഉല്‍പ്പന്നങ്ങളുണ്ട്. സ്റ്റാര്‍ റേറ്റിംഗിലെ ഉയര്‍ന്ന സ്റ്റാറാണിത്.
തായ് സര്‍ക്കാര്‍ എന്താണ് ചെയ്യുന്നത്?
ആഭ്യന്തര, വിദേശ വിപണികളില്‍ സാധ്യതയുള്ള ഒടിഒപി ഉല്‍പ്പന്നത്തെ കണ്ടെത്തുക, അതിന്റെ ഉല്‍പ്പാദനത്തിന് വേണ്ട കൃത്യമായ മാര്‍ഗനിര്‍ദേശം നല്‍കുക, ഗുണനിലവാര പരിശോധന, ആഭ്യന്തര - വിദേശ വിപണികളില്‍ ആകര്‍ഷകമായി അവ അവതരിപ്പിക്കാന്‍ വേണ്ടിയുള്ള പാക്കേജിംഗ്, രൂപകല്‍പ്പനയില്‍ മാര്‍ഗനിര്‍ദേശം നല്‍കുക ഇവയൊക്കെയാണ് സര്‍ക്കാര്‍ തലത്തില്‍ ലഭ്യമാക്കുന്നത്. ദേശീയ ഒടിഒപി കമ്മിറ്റിയുടെ നിരീക്ഷണത്തിലാണ് ഒടിഒപി ഉല്‍പ്പന്നങ്ങളുടെ എല്ലാ കാര്യങ്ങളും. ഉല്‍പ്പന്നങ്ങളെ കണ്ടെത്തല്‍, അതിനെ വികസിപ്പിച്ചെടുക്കല്‍, ഗ്രേഡിംഗ് തുടങ്ങിയ കാര്യങ്ങളില്‍ ഈ ദേശീയ സമിതിയെ സഹായിക്കാന്‍ പ്രാദേശിക, പ്രവിശ്യ തല കമ്മിറ്റികളുമുണ്ട്.
തായ്‌ലന്‍ഡിനെ അഞ്ച് റീജിയണുകളായി തിരിച്ചാണ് നൂതനമായ ഒടിഒപി ഉല്‍പ്പന്ന നിര സജ്ജമാക്കിയിരിക്കുന്നത്. കരകൗശല വസ്തുക്കള്‍, കോട്ടണ്‍-സില്‍ക്ക് തുണിത്തരങ്ങള്‍, വസ്ത്രങ്ങള്‍, പോട്ടറി, ലൈഫ് സ്റ്റൈല്‍-ഫാഷന്‍ ഉല്‍പ്പന്നങ്ങള്‍, ഗൃഹോപകരണങ്ങള്‍, ഭക്ഷ്യോല്‍പ്പന്നങ്ങള്‍, സെറാമിക് എന്നിങ്ങനെ വിപുലമായ ഉല്‍പ്പന്ന ഈ റീജിയണുകളില്‍ പ്രത്യേക ഊന്നല്‍ നല്‍കി നിര്‍മിക്കുന്നു. അവ രാജ്യാന്തരതലത്തില്‍ പ്രശസ്തവുമാണ്. കാരണം അവ തായ് കലാകാരന്മാരുടെ കരവിരുതില്‍ സൃഷ്ടിക്കപ്പെടുന്നതാണ്.
വെല്ലുവിളികളും മറികടക്കുന്ന വിധവും
തായ് ഗ്രാമങ്ങളിലെ ജനങ്ങള്‍ അവരുടെ മുഖ്യ ഉപജീവനമാര്‍ഗമായ കൃഷിയോ മറ്റു ജോലികളോ വീട്ടുജോലികളോ ഒക്കെ കഴിഞ്ഞ ശേഷമാണ് ഇത്തരം ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഉല്‍പ്പാദനക്ഷമത കൂട്ടുക, രാജ്യാന്തരതലത്തില്‍ നിന്നുള്ള ഓര്‍ഡര്‍ അനുസരിച്ച് സമയബന്ധിതമായി അവ സപ്ലെ ചെയ്യുക എന്നതൊക്കെ വെല്ലുവിളിയായിരുന്നു. എല്ലാ ഒടിഒപി ഉല്‍പ്പന്നങ്ങളും എക്‌സ്‌പോര്‍ട്ട് ക്വാളിറ്റിയുള്ളതായിരുന്നില്ല.
ഇതൊക്കെ മറികടക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ പല സഹായങ്ങളും നല്‍കി
$ പൂര്‍ണ സമയം ഒടിഒപി ഉല്‍പ്പാദനത്തിന് വേണ്ട പിന്തുണ നല്‍കി.
$ ഒടിഒപി ഉല്‍പ്പന്നങ്ങളെ നവീകരിച്ചു
$ഉല്‍പ്പന്ന വികസനം, നൈപുണ്യ വികസനം, ഗുണമേന്മാ പരിശോധന എന്നിവയ്ക്ക് പിന്തുണ നല്‍കി
$ഗ്രാമങ്ങളിലെ കലാകാരന്മാര്‍ക്ക് വിപണി സാധ്യതയുള്ള ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനും മികച്ച പായ്ക്കിംഗ് നടത്തുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കാന്‍ കലാകാരന്മാരെ നിയോഗിച്ചു.
$തായ്‌ലന്‍ഡിലും പുറത്തുമുള്ള മേളകളില്‍ ഉന്നത നിലവാരമുള്ള ഒടിഒപി ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
$തായ്‌ലന്‍ഡിനകത്തും പുറത്തുമുള്ള എല്ലാ മേളകളിലും ഒടിഒപി ഉല്‍പ്പന്നങ്ങളെ സജീവ സാന്നിധ്യമാക്കി.
അടുത്ത തവണ നിങ്ങള്‍ തായലന്‍ഡ് സന്ദര്‍ശിക്കുമ്പോള്‍ ഒടിഒപി ഗാലറിയില്‍ എന്തായാലും നിങ്ങള്‍ കയറി നോക്കണം.
ഒടിഒപി തായ് ഗ്രാമങ്ങളോട് ചെയ്തത്
തായ് ഗ്രാമീണരുടെ സ്വയം പര്യാപ്ത കൂട്ടി. അവരുടെ മനുഷ്യവിഭവശേഷി വര്‍ധിപ്പിച്ചു. അറിവും ക്രിയാത്മകയും മെച്ചപ്പെട്ടു. ജീവിത നിലവാരം ഉയര്‍ന്നു. ഗ്രാമീണരുടെ വരുമാനം ഉയര്‍ന്നതോടെ അത് സാമൂഹ്യ, പാരിസ്ഥിതിക, സാംസ്‌കാരിക തലങ്ങളില്‍ നല്ല മാറ്റമുണ്ടാക്കി. സ്ഥിരം വില്‍പ്പന വേദികള്‍ വന്നതോടെ ഉല്‍പ്പന്നങ്ങളുടെ വിപണനം പ്രശ്‌നമല്ലാതായി. ഇത് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലും മികച്ച സംഭാവന നല്‍കി.
കോവിഡിനെ തുടര്‍ന്ന് സ്‌റ്റോറുകള്‍ അടച്ചുപൂട്ടേണ്ടി വന്നപ്പോള്‍ ഓണ്‍ലൈന്‍ ഡെലിവറിയിലേക്ക് പെട്ടെന്ന് മാറി. www.otoptoday.com വഴി കലാകാരന്മാര്‍ക്ക് ഉല്‍പ്പന്നങ്ങള്‍ വില്‍പ്പന നടത്താനും വരുമാനം നേടാനും കഴിയുന്നു.
ഓരോ വര്‍ഷവും ഒടിഒപി ഉല്‍പ്പന്നങ്ങളുടെ വാര്‍ഷിക വില്‍പ്പനയില്‍ ഏറ്റവും കുറഞ്ഞത് 10 ശതമാനം വര്‍ധനയാണ് തായ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. തദ്ദേശീയമായി ലഭിക്കുന്ന വസ്തുക്കളും ഗ്രാമീണരുടെ അറിവും പരമ്പരാഗത രീതികളും ഒക്കെ ഉപയോഗിച്ച് നടക്കുന്ന ഈ പദ്ധതിക്ക് വേണ്ട എല്ലാ സഹായവും സര്‍ക്കാര്‍ നല്‍കുന്നതുകൊണ്ട് വളര്‍ച്ച നേടാനും പറ്റുന്നു.
ഒടിഒപി തായ്‌ലന്‍ഡിന്റെ മാത്രം പദ്ധതിയല്ല. സമാനമായ പദ്ധതികള്‍ പല രാജ്യങ്ങളിലുമുണ്ട്. തക്്‌സിന്‍ ഷിനവത്രയ്ക്ക് ഈ ആശയം കിട്ടിയതു തന്നെ ജപ്പാന്റെ വണ്‍ വില്ലേജ് വണ്‍ പ്രോഡക്റ്റ് പദ്ധതിയില്‍ നിന്നാണ്. ചൈനയിലും ഫിലിപ്പീന്‍സിലും ജപ്പാനിലും സമാനമായ പദ്ധതികളുണ്ട്.
കേരളത്തിനും ഇന്ത്യയ്ക്കും വിജയകരമായി നടപ്പാക്കാന്‍ പറ്റുന്ന കാര്യം തന്നെയാണിത്. വിദേശത്തുനിന്ന് നല്ല മാതൃകകള്‍ പകര്‍ത്താന്‍ ശ്രമിക്കുന്ന ഭരണാധികാരികള്‍ തായ്‌ലന്‍ഡിന്റെ ഒടിഒപിയെ ഗൗരവമായി തന്നെ നോക്കണം. അധികം വരുമാനം നേടാന്‍ കഷ്ടപ്പെടുന്ന ഗ്രാമീണരെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാക്കാം. നമ്മുടെ നാടിന്റെ വൈവിധ്യത്തില്‍ നിന്ന് സ്വര്‍ണഖനി തന്നെയുണ്ടാക്കാം.
ഇവിടെ വരുന്ന സഞ്ചാരികള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നത് ഇവിടെ മാത്രം കിട്ടുന്ന വസ്തുക്കളാണ്. വിദേശ വിപണികള്‍ തേടുന്നതും അതേ തനിമ തന്നെ. നമ്മുടെ ഗ്രാമങ്ങളിലെ അറിയപ്പെടാത്ത കലാകാരന്മാരെയും അവരുടെ കരവിരുതിനെയും ഇന്ന് ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ ലോക വിപണിയിലെത്തിക്കാം. സുസ്ഥിരമായ വരുമാന മാര്‍ഗം ഇതിലൂടെ തുറക്കപ്പെടും. ഗ്രാമീണര്‍ക്ക് കൂടുതല്‍ വരുമാനം കിട്ടിയാല്‍, വികസന നായകര്‍ എന്ന വിശേഷണം അവര്‍ തന്നെ ഭരണാധികാരികള്‍ക്ക് ചാര്‍ത്തി കൊടുക്കും.
തായ്‌ലന്‍ഡ് ജനസംഖ്യയുടെ ഏതാണ്ട് 50 ശതമാനം ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. തക്‌സിന്‍ ഷിനവത്ര ഭരണത്തില്‍ നിന്ന് പുറത്താക്കപ്പെട്ടെങ്കിലും ഇപ്പോഴും ആ ഗ്രാമീണരുടെ മനസ്സില്‍ അദ്ദേഹം ജീവിക്കുന്നു. കാരണം ഒന്നേയുള്ളൂ. ഒടിഒപി.


Related Articles

Next Story

Videos

Share it