സ്റ്റാന്‍ഡേര്‍ഡ് ഫയര്‍ & സ്‌പെഷല്‍ പെറില്‍സ് പോളിസി ക്ലെയിം എന്തുകൊണ്ട് നിരസിക്കപ്പെടുന്നു?

കേരളത്തില്‍ വലിയ നാശം വിതച്ച് കടന്നുപോയ പ്രളയം നിരവധി ബിസിനസുകള്‍ക്കാണ് വലിയ സാമ്പത്തിക നഷ്ടം ഉണ്ടാക്കിയിട്ടുള്ളത്.

ആലുവ, അങ്കമാലി, ചാലക്കുടി ഭാഗങ്ങളിലെ ബിസിനസുകളെയാണ് ഇത് ഏറ്റവുമധികം ബാധിച്ചത്. തീപിടുത്തം, ഇടിമിന്നല്‍, പ്രകൃതിക്ഷോഭം, പ്രളയം തുടങ്ങിയവ മൂലം ഉണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്ന ഇന്‍ഷുറന്‍സ് പോളിസിയാണ് സ്റ്റാന്‍ഡേര്‍ഡ് ഫയര്‍ ആന്‍ഡ് സ്‌പെഷല്‍ പെറില്‍സ് പോളിസി. (ഇതില്‍ ഭൂമികുലുക്കം ഉള്‍പ്പെടുത്തിയിട്ടില്ല, അത് അധികപ്രീമിയത്തില്‍ ചേര്‍ക്കുകയാണ് വേണ്ടത്) എന്നാല്‍ ഈ പോളിസി എടുത്തിട്ടുള്ള പല സ്ഥാപനങ്ങളും ഇന്‍ഷുറന്‍സ് ക്ലെയിം ലഭിക്കാനായി അപേക്ഷിച്ചെങ്കിലും പലരുടെയും ക്ലെയിം നിരസിക്കപ്പെട്ടു. പല സ്ഥാപനങ്ങള്‍ക്കും അര്‍ഹിക്കുന്ന നഷ്ടപരിഹാരം കിട്ടിയില്ല.

കാരണങ്ങള്‍ എന്തൊക്കെ?

  • പലരും ബിസിനസിനായി പ്രീമിയം കുറയ്ക്കാനായി സ്റ്റാന്‍ഡേര്‍ഡ് ഫയര്‍ & സ്‌പെഷല്‍ പെറില്‍സ് പോളിസി എടുത്തിട്ടുണ്ടെങ്കിലും പ്രീമിയം കുറയ്ക്കാനായി സ്‌റ്റോം, ടെമ്പസ്റ്റ്, ഫ്‌ളഡ് ഇന്‍ഡേഷന്‍ എന്ന ഓപ്ഷന്‍ വേണ്ടെന്ന് വെച്ചിട്ടുണ്ടാകും. ഇങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ കൊടുങ്കാറ്റ്, പ്രളയം എന്നിവ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ക്ക് ക്ലെയിം ലഭിക്കില്ല. രാജ്യത്തിന്റെ പലയിടത്തും പ്രകൃതിദുരന്തങ്ങള്‍ അടിക്കടി സംഭവിക്കുമ്പോള്‍ കേരളത്തില്‍ അത് അത്ര സാധാരണം അല്ലാത്തതാകാം ഇത്തരമൊരു മനോഭാവത്തിന് കാരണം. പക്ഷെ ഇവ എപ്പോഴും എവിടെയും സംഭവിക്കാം എന്നോര്‍ക്കുക. മനപ്പൂര്‍വം അല്ലാതെ അജ്ഞത കൊണ്ടും പോളിസിയില്‍ നിന്ന് ഓപ്ഷന്‍ മാറ്റുന്ന സാഹചര്യവുമുണ്ട്.
  • എന്തൊക്കെയാണ് ഇന്‍ഷുറന്‍സില്‍ കവര്‍ ചെയ്തിരിക്കുന്നതെന്നും എന്തൊക്കെയാണ് ഒഴിവാക്കിയിരിക്കുന്നതെന്നും വ്യക്തമായി മനസിലാക്കാതെയാണ് പലരും ഇന്‍ഷുറന്‍സ് എടുക്കുന്നത്. ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ എന്തൊക്കെ പോളിസിയില്‍ കവര്‍ ചെയ്യണം എന്നുള്ളതും അവയുടെ മൂല്യവും ഷെഡ്യുള്‍ ആക്കി തയാറാക്കി അത് ഇന്‍ഷുറന്‍സ് കമ്പനിക്ക് നല്‍കണം. ഷെഡ്യൂളിന്റെ പകര്‍പ്പ് ഇന്‍ഷുറന്‍സ് കമ്പനിയില്‍ നിന്ന് എന്‍ഡോഴ്‌സ് ചെയ്തു വാങ്ങണം. ഇത് ചെയ്യാതിരുന്നാല്‍ ക്ലെയിം വരുമ്പോള്‍ ബുദ്ധിമുട്ടുകളും അവ്യക്തതയും ഉണ്ടാകും. ഇക്കാര്യത്തില്‍ ഒരു കണ്‍സള്‍ട്ടന്റിന്റെ സഹായം തേടാം.
  • ചില സ്റ്റോക്കുകള്‍ തുറസായ സ്ഥലങ്ങളിലാകാം സൂക്ഷിക്കുന്നത് (ഉദാഹരണം: വാഹനങ്ങള്‍). ഇവയ്ക്ക് റിസ്‌ക് കൂടുതലാണ്. അവയെ 'ഗുസ്ഡ് ഇന്‍ ഓപ്പണ്‍' എന്ന വിഭാഗത്തില്‍ ഇന്‍ഷുറന്‍സില്‍ പ്രത്യേകമായി ഉള്‍ക്കൊള്ളിച്ചിട്ടുണ്ടാകണം. കൂടുതല്‍ പ്രീമിയം അടച്ച് അവ ഇന്‍ഷുര്‍ ചെയ്തില്ലെങ്കില്‍ അത്തരം സ്റ്റോക്കുകള്‍ക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ ബുദ്ധിമുട്ടുണ്ടാകും.
  • ഒരു കമ്പനിയുടെ കീഴില്‍ പല കെട്ടിടങ്ങള്‍ ഉണ്ടാകാം. ഇതില്‍ ഏതൊക്കെ കെട്ടിടങ്ങളുടെ ഡോര്‍ നമ്പറുകളാണോ ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് അവയ്ക്ക് മാത്രമേ ക്ലെയിം ലഭിക്കുകയുള്ളു. ഡോര്‍ നമ്പറുകള്‍ കൃത്യമാണെന്നും അതില്‍ എല്ലാ കെട്ടിടങ്ങളുടെയും ഡോര്‍ നമ്പറുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ഉറപ്പു വരുത്തുക.
  • ഓഫീസിന്റെ റിസ്‌ക് കോഡിലാണ് ഇന്‍ഷുറന്‍സ് എടുത്തിരിക്കുന്നത് എങ്കില്‍ സ്‌റ്റോക്കുകള്‍ക്ക് ക്ലെയിം ലഭിക്കില്ല. ഈ സാഹചര്യത്തില്‍ സ്‌റ്റോക്കിന്റെ റിസ്‌ക് കോഡില്‍ ഓഫീസ് ഉള്‍പ്പെടുത്തുകയാണ് വേണ്ടത്. എങ്കില്‍ രണ്ടും കവര്‍ ചെയ്യും.
  • നമ്മുടെ സ്ഥാപനങ്ങളില്‍ നമ്മുടെ സ്റ്റോക്ക് മാത്രമായിരിക്കില്ല ഉണ്ടാകുന്നത്. 'ഗുഡ്‌സ് ഇന്‍ ട്രസ്റ്റ്' എന്ന വിഭാഗത്തില്‍പ്പെട്ട സ്റ്റോക്കുകളും ഉണ്ടാകും. റിപ്പയര്‍ ചെയ്യാനായി കൊണ്ടുവന്ന വാഹനമോ മറ്റ് ഉപകരണങ്ങളോ പണയവസ്തുക്കളോ തുടങ്ങി നമ്മുടേതല്ലാത്ത എന്നാല്‍ നമ്മുടെ ഉത്തരവാദിത്തത്തിലുള്ള ഉല്‍പ്പന്നങ്ങളാണ് 'ഗുഡ്‌സ് ഇന്‍ ട്രസ്റ്റ്' എന്ന വിഭാഗത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. എന്തൊക്കെ തരത്തിലുള്ള ഇത്തരം സ്‌റ്റോക്കുകളാണ് നമ്മുടെ സ്ഥാപനത്തിലുണ്ടാവുകയെന്നത് ഇന്‍ഷുറന്‍സില്‍ ഉള്‍പ്പെടുത്തിയിരിക്കണം. എങ്കില്‍ മാത്രമേ അവയ്ക്ക് നഷ്ടപരിഹാരം ലഭിക്കുകയുള്ളു.

രേഖകള്‍ നഷ്ടപ്പെട്ടാല്‍

ഇന്‍ഷുറന്‍സ് പോളിസി എടുത്തതിന്റെ രേഖകള്‍ നഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്ക് പോളിസി തന്ന ഏജന്റിനെയോ ഇന്‍ഷുറന്‍സ് കമ്പനിയെയോ സമീപിക്കുക. പോ

ളിസി നമ്പര്‍ ഉണ്ടെങ്കില്‍ കാര്യങ്ങള്‍ എളുപ്പമാകും. ഇല്ലെങ്കിലും നിങ്ങളുടെ പാന്‍ നമ്പറോ ഫോണ്‍ നമ്പറോ വഴി കമ്പനിക്ക് അത് കണ്ടെത്താനാകും.

ആവശ്യമായ തെളിവുകള്‍

ക്ലെയിം വന്നാല്‍ രണ്ട് തെളിവുകളാണ് നാം കൊടുക്കേണ്ടത്. എത്രമാത്രം നാശനഷ്ടമുണ്ടായി എന്നതാണ് ആദ്യത്തെ തെളിവ്. ഇന്‍ഷുറന്‍സ് എടുത്ത സ്ഥാപനത്തിന് അല്ലെങ്കില്‍ വ്യക്തിക്ക് തന്നെയാണ് നാശനഷ്ടമുണ്ടായതെന്നതിന്റെ തെളിവാണ് അടുത്തതായി ഹാജരാക്കേണ്ടത്.

എന്താണ് വഴി?

ദുരന്തം സംഭവിക്കുന്ന സമയത്ത് എത്രമാത്രം സ്റ്റോക്ക് ഉണ്ടായിരുന്നു എന്ന് തെളിയിക്കുക അത്ര എളുപ്പമല്ല. തീപിടുത്തമാണ് നടന്നതെങ്കില്‍ അതിന്റെ ചാരം വെച്ച് ഏകദേശം കണക്കാക്കാനാകും. എന്നാല്‍ പ്രളയത്തില്‍ സ്റ്റോക്ക് ഒഴുകിപ്പോയിട്ടുണ്ടെങ്കില്‍ ഇത് കണ്ടെത്തുക എളുപ്പമല്ല. എക്കൗണ്ട് ബുക്കും മറ്റും രേഖകളും നഷ്ടപ്പെട്ടിട്ടുണ്ടാകാം. അത്തരം സാഹചര്യങ്ങളില്‍ സ്റ്റോക്ക് വാങ്ങിയ വെന്‍ഡേഴ്‌സില്‍ നിന്ന് സ്‌റ്റേറ്റ്‌മെന്റ് എടുക്കാം. എന്നാല്‍ അങ്കമാലി, ആലുവ, ചാലക്കുടി ഭാഗങ്ങളിലെ പല ബിസിനസുകാര്‍ക്കും സംഭവിച്ചത് വെന്‍ഡേഴ്‌സിനും പ്രളയത്തില്‍ രേഖകള്‍ നഷ്ടമായി എന്നതാണ്. മറ്റൊരു മാര്‍ഗം ജിഎസ്ടി അടച്ച രേഖകള്‍ സര്‍ക്കാരില്‍ നിന്ന് ലഭ്യമാക്കുക എന്നതാണ്.

ഭാവിയില്‍ എന്തു ചെയ്യണം?

ഇപ്പോള്‍ സംഭവിച്ചതുപോലെയുള്ള പ്രകൃതിക്ഷോഭങ്ങളും അപ്രതീക്ഷിത ദുരന്തങ്ങളും നാം എപ്പോഴും പ്രതീക്ഷിക്കണം. അതിനായി ഒരുങ്ങിയിരിക്കണം. ഇന്‍ഷുറന്‍സ് പോളിസികള്‍ എടുത്തിട്ടില്ലാത്തവര്‍ എത്രയും വേഗം അത് എടുക്കുക. വര്‍ഷാവര്‍ഷം പ്രീമിയം അടയ്ക്കുന്നത് ബിസിനസിന്റെ ചെലവുകളുടെ ഭാഗമായി കരുതണം. ആ ചെലവ് കണക്കാക്കി വേണം ഉല്‍പ്പന്നത്തിനും സേവനത്തിനും വില ഈടാക്കുന്നതുപോലും. ഇന്‍ഷുറന്‍സ് എടുക്കുമ്പോള്‍ നിങ്ങളുടെ ഫോണ്‍ നമ്പറും ഇ-മെയ്ല്‍ ഐഡിയും നല്‍കണം. അതുപോലെ എക്കൗണ്ട് ബുക്ക് പോലെയുള്ള എല്ലാ രേഖകളും ഡിജിറ്റല്‍ ആയി സൂക്ഷിക്കണം. ലാപ്‌ടോപ്പിലോ എക്‌സ്‌റ്റേണല്‍ ഹാര്‍ഡ്‌വെയറിലോ മാത്രമാക്കാതെ ക്ലൗഡില്‍ സൂക്ഷിക്കുക. ഗൂഗിള്‍ ഡ്രൈവ് നല്ലൊരു ഓപ്ഷനാണ്. ക്ലൗഡില്‍ സൂക്ഷിക്കുന്ന രേഖകള്‍ കൃത്യമായി അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണം.

(ലേഖകന്‍ എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് പ്രൈവറ്റ്

ലിമിറ്റഡിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജറാണ്. ഫോണ്‍: 95620 22600)

Shinin Sunny
Shinin Sunny  

ലേഖകന്‍ എയിംസ് ഇന്‍ഷുറന്‍സ് ബ്രോക്കിംഗ് പ്രൈവറ്റ് ലിമിറ്റഡിന്റെ അസിസ്റ്റന്റ് ജനറല്‍ മാനേജറാണ്.

Related Articles

Next Story

Videos

Share it