സാമ്പത്തിക സുരക്ഷിതത്വത്തിന് ജോലി ലഭിക്കുമ്പോള്‍ തന്നെ ഇക്കാര്യങ്ങള്‍ ചെയ്തിരിക്കണം!

സ്ഥിരവരുമാനത്തിലെത്തുമ്പോള്‍ യുവതലമുറ പലപ്പോഴും തങ്ങളുടെ സാമ്പത്തിക സുരക്ഷിതത്വത്തെക്കുറിച്ച് ആലോചിയ്ക്കാറില്ല. ജീവിതം എത്രത്തോളം ആസ്വദിക്കാമോ അത് മാത്രമാകും അപ്പോള്‍ പലരും ചിന്തിക്കുക. എന്നാല്‍ പെട്ടെന്നൊരു കോവിഡ് ലോക്ഡൗണ്‍ വന്നപ്പോള്‍, അതുമല്ലെങ്കില്‍ കുടുംബത്തിലെ മറ്റൊരാളുടെ വരുമാനം കുറഞ്ഞപ്പോഴൊക്കെ മിക്കവരും ചിന്തിച്ചത് എന്താണ് കുറച്ചെങ്കിലും കരുതല്‍ ധനം തങ്ങള്‍ക്കില്ലാതെ പോയത് എന്നാണ്.

സ്ഥിരവരുമാനം ആയതിനുശേഷവും കുടുംബത്തിന് വേണ്ടി ഇന്‍ഷുറന്‍സ് പരിരക്ഷയുടെ ചെലവുകള്‍ പോലും പലപ്പോഴും മടി കൊണ്ട് മാറ്റി വയ്ക്കാറുമുണ്ട്. എന്നാല്‍ ഇതിന് മാറ്റം വരുത്തുകയും സമ്പാദ്യത്തിനായും ഇന്‍ഷുറന്‍സ് പരിരക്ഷയ്ക്കായും അധിക തുക കണ്ടെത്തുകയും വേണം. കൂടാതെ സാമ്പത്തിക അച്ചടക്കവും വേണം.
സമ്പാദ്യം എങ്ങനെ സുരക്ഷിതമാക്കാം?
വരവ് ചെലവ് / സമ്പാദ്യ അനുപാതം ആണ് ആദ്യം മനസ്സിലാക്കേണ്ടത്. ആദ്യം ചെലവുകള്‍ ബാക്കി വരുന്നത് സമ്പാദ്യം എന്നത് തെറ്റായ ധാരണയാണ്. ഇത് നേരെ എതിര്‍ദിശയിലേക്കാകും കാര്യങ്ങളെ കൊണ്ടെത്തിക്കുക. ആദ്യം സമ്പാദ്യത്തിനായി ഒരു തുക മാറ്റി വയ്ക്കണം, പിന്നീട് ചെലവ് എന്നതാകണം രീതി. എന്നാല്‍ വാടകയും വാഹന ഇഎംഐയും പോലുള്ളവ നിങ്ങളെ അലോസരപ്പെടുത്തിയേക്കാം. അതിനായി ചെലവു കുറഞ്ഞ ജീവിത രീതിയിലേക്ക് മാറാം. ശമ്പളവര്‍ധനവ് വരുമ്പോള്‍ മാത്രം കൂടുതല്‍ സൗകര്യങ്ങളെക്കുറിച്ച് ചിന്തിക്കാം. 1000 രൂപയുടെയെങ്കിലും എസ്‌ഐപി നിക്ഷേപം തുടങ്ങാം, ആര്‍ഡി പോലുള്ള നിക്ഷേപ സ്‌കീമുകളും വേണം.
വേണം എമര്‍ജന്‍സി ഫണ്ട്
നിക്ഷേപം വേണം എന്നതു പോലെ തന്നെ അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിയ്ക്കാന്‍ ഒരു ഫണ്ട് എപ്പോഴും കരുതാം. ബാക്കി തുക മതി നിക്ഷപത്തിന്. അല്ലെങ്കില്‍ ഈ തുക സുരക്ഷിതമായ നിക്ഷേപ മാര്‍ഗങ്ങളില്‍ നിക്ഷേപിയ്ക്കുകയും ആകാം. ലിക്വിഡിറ്റി,ഡെറ്റ് ഫണ്ടുകളോ, റിക്കറിങ് ഡിപ്പോസിറ്റോ ഒക്കെ ഇതിനായി ഉപയോഗിയ്ക്കാം.
ഇന്‍ഷുറന്‍സ് പരിരക്ഷ മറക്കരുത്
ജീവിതത്തിനും സമ്പത്തിനും ഒക്കെ മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ആവശ്യമാണ്. വരുമാനത്തിന്റെ 17 - 20 ശതമാനം എങ്കിലും സമ്പാദ്യത്തിനായി മാറ്റി വയ്ക്കുകയും മികച്ച ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുകയും വേണം. സമ്പാദ്യത്തിന് 12 ശതമാനം എങ്കിലും വളര്‍ച്ച ഉറപ്പ് വരുത്തുന്നതാണ് ആരോഗ്യകരം. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് എടുത്താല്‍ അതാണ് ഏറ്റവും ഉചിതം. പ്രീമിയം കുറയുമെന്ന് മാത്രമല്ല, മികച്ച പരിരക്ഷയും കൂടുതല്‍ മെച്യുരിറ്റി കാലാവധിയും ലഭിക്കും. ടേം ഇന്‍ഷുറന്‍സിന്റെ കാര്യവും ഇങ്ങനെ തന്നെ. കുടുംബത്തിന് മുഴുവനായും പരിരക്ഷ ലഭിക്കുന്ന ഫാമിലി ഫ്‌ളോട്ടര്‍ പോളിസി കുടുംബാംഗങ്ങള്‍ക്കു വന്നേക്കാവുന്ന ചികിത്സാ ചെലവുകളുടെ ഭാരം നിങ്ങള്‍ക്ക് ബാധ്യതയാവില്ല.
റിട്ടയര്‍മെന്റ് പ്ലാനിംഗ്
നമ്മളില്‍ പലരും റിട്ടയര്‍മെന്റ് പ്ലാനിംഗിന്റെ കാര്യത്തില്‍ അലംഭാവം കാണിക്കാറുണ്ട്. വയസ്സാകുമ്പോള്‍ കുട്ടികള്‍ കാര്യങ്ങള്‍ നോക്കുമെന്ന വിശ്വാസമൊക്കെയാകും പലരെയും ഇതിന് പ്രേരിപ്പിക്കുന്നത്. അങ്ങനെ സംഭവിച്ചാലും സ്വന്തം സാമ്പത്തിക ആവശ്യങ്ങള്‍ക്ക് ആരുടെ മുന്നിലും കൈനീട്ടാതെ ആത്മാഭിമാനത്തോടെ നില്‍ക്കാനും റിട്ടയര്‍മെന്റ് പ്ലാനിംഗ് കൂടിയേ തീരു. 22 - 25 വയസ്സില്‍ തന്നെ ജോലിയില്‍ പ്രവേശിക്കുന്ന യുവതലമുറ ഇപ്പോള്‍ തന്നെ നല്ലൊരു തുക റിട്ടയര്‍മെന്റ് കാലത്തെ ജീവിതത്തിനായി മാറ്റിവെയ്ക്കണം. ഈ പ്രായക്കാര്‍ക്ക് ഇപ്പോള്‍ സാമ്പത്തിക ബാധ്യതകള്‍ കുറവായിരിക്കും. പ്രാരാബ്ദങ്ങള്‍ കാണില്ല.
ആകെ എത്രശതമാനം സമ്പാദ്യത്തിനായി മാറ്റി വയ്ക്കണം?
പത്തുശതമാനമെങ്കിലും സമ്പാദ്യമായി മാറ്റിവയ്ക്കണം. എന്നാല്‍ വിദഗ്ധര്‍ പറയുന്നത് 50:30:20 എന്ന കണക്കിനാണ്. ആദ്യ 50 വാടകയും ഇഎംഐളും ഉള്‍പ്പെടുന്ന അത്യാവശ്യ ചെലവുകള്‍, 30 ശതമാനം ആവശ്യങ്ങള്‍ക്കും മരുന്നു പോലുള്ളവയ്ക്കും. 20 ശതമാനം ജീവിതം സുരക്ഷിതമാക്കാന്‍ നാളേക്കുള്ള കരുതല്‍ സമ്പാദ്യത്തിന്.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it