സുരക്ഷിതമാക്കാം വാര്‍ദ്ധക്യം; മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള മികച്ച നിക്ഷേപ പദ്ധതികള്‍, വിശദാംശങ്ങള്‍

വാര്‍ദ്ധക്യ കാലം കുടുംബത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന കാലമൊക്കെ മാറി. ഇപ്പോള്‍ ജോലിയില്‍ നിന്നു വിരമിക്കും മുമ്പ് തന്നെ വാര്‍ദ്ധക്യത്തിലേക്കുള്ള കരുതല്‍ ധനം കൂടെ കണക്കു കൂട്ടിയാല്‍ മാത്രമേ ശിഷ്ടകാലം അന്യരെ ആശ്രയിച്ചു കഴിയാതെ ഇരിക്കൂ. ഇതിന് വരുമാനമുള്ളപ്പോള്‍ തന്നെ വാര്‍ദ്ധത്യ കാലത്തേക്കു കൂടി ചെറിയ തുക മാറ്റി വയ്ക്കുന്ന ചെറു സമ്പാദ്യ പദ്ധതികളില്‍ ചേരണം. ഇനി ഈ തുക എടുത്ത് വിവിധ തരത്തില്‍ സമ്പത്തു വളര്‍ത്താനുള്ള നിക്ഷേപ പദ്ധതികളിലേക്ക് യഥാ സമയം മാറ്റുകയും വേണം. കയ്യിലുള്ള പണത്തെ ബുദ്ധിപൂര്‍വവും സൂക്ഷ്മവുമായി ചെലവഴിച്ചാല്‍ ജീവിതം സുരക്ഷിതമാക്കാം. സീനിയര്‍ സിറ്റിസണ്‍ സ്‌കീമുകളും വിവിധ സ്ഥിര നിക്ഷേപ പദ്ധതികളും ഇന്ത്യയിലെ ധനകാര്യ സ്ഥാപനങ്ങള്‍ ലഭ്യമാക്കിയിട്ടുണ്ട്. അവയില്‍ മികച്ച ചില നിക്ഷേപ പദ്ധതികളാണ് ഇവിടെ അവതരിപ്പിക്കുന്നത്.

1.സീനിയര്‍ സിറ്റിസണ്‍ ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍

സാധാരണക്കാര്‍ക്ക് നല്‍കുന്നതിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്കിലാണ് സീനിയര്‍ സിറ്റിസണ്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകള്‍ നമ്മുടെ ബാങ്കുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞയാഴ്ച ഇവര്‍ പുതുക്കിയ ഫിക്‌സഡ് ഡെപ്പോസിറ്റ് സ്‌കീമുകളും അവതരിപ്പിച്ചിട്ടുണ്ട്. അവയുടെ വിശദാംശങ്ങള്‍.

എസ്ബിഐ വി-കെയര്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് കൂടുതല്‍ പലിശ ലഭ്യമാകുന്ന പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എസ്ബിഐയുടെ 'എസ്ബിഐ വികെയര്‍'. 5 വര്‍ഷം മുതല്‍ 10 വരെയാണ് പദ്ധതിയുടെ കാലാവധി. പദ്ധതി പ്രകാരം മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന അരശതമാനം പലിശയ്ക്ക് പുറമെ 30 ബേസിസ് പോയിന്റിന്റെ (ബിപിഎസ്) അധിക പലിശയും ലഭിക്കുന്നതാണ്. അങ്ങനെ വരുമ്പോള്‍ മൊത്തം 0.80 ശതമാനം പലിശയാണ് കൂടുതലായി ലഭിക്കുക. അഞ്ചുവര്‍ഷമോ അതില്‍ താഴെയോ കാലാവധിയുള്ള സ്ഥിര നിക്ഷേപത്തിന് പദ്ധതി പ്രകാരം 50 ബേസിസ് പോയന്റ് കൂടുതല്‍ ലഭിക്കും. അഞ്ചുവര്‍ഷമോ അതിന് മുകളിലോ കാലാവധിയുള്ള സ്ഥിര നിക്ഷേപമാണെങ്കില്‍ പദ്ധതി പ്രകാരം 80 ബേസിസ് പോയിന്റാണ് കൂടുതല്‍ ലഭിക്കുക. കാലാവധിയെത്തും മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ അധികമായി നല്‍കുന്ന 30 ബേസിസ് പോയ്ന്റിന്റെ വര്‍ധന ലഭിക്കില്ല. നിലവില്‍ ഏഴ് ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധി പൂര്‍ത്തിയാക്കുന്ന സ്ഥിര നിക്ഷേപത്തിന് 4% മുതല്‍ 6.20% വരെ പലിശ നിരക്കാണ് ബാങ്ക് നല്‍കുന്നത്. പരമാവധി നിക്ഷേപ തുക 2 കോടി വരെയാണ്.

ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്‌സ് എഫ്ഡി'

'ഐസിഐസിഐ ബാങ്ക് ഗോള്‍ഡന്‍ ഇയേഴ്‌സ് എഫ്ഡി' പദ്ധതി മുതിര്‍ന്ന പൗരന്മാര്‍ക്ക് പ്രതിവര്‍ഷം 6.55 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നു. അഞ്ച് വര്‍ഷം മുതല്‍ 10 വര്‍ഷം വരെ കാലാവധിയില്‍ രണ്ട് കോടി രൂപ വരെയുള്ള നിക്ഷേപം പദ്ധതി പ്രകാരം നടത്താം. 2020 മെയ് 20 മുതല്‍ സെപ്റ്റംബര്‍ 30 വരെ പദ്ധതി ലഭ്യമാണ്. ഒരേ നിക്ഷേപ തുകയ്ക്കും ടെനറിനും മറ്റുള്ളവര്‍ക്ക്് ബാധകമാകുന്നതിനേക്കാള്‍ 80 ബേസിസ് പോയിന്റുകള്‍ (ബിപിഎസ്) ഇത് അധികം വാഗ്ദാനം ചെയ്യുന്നു. മുതിര്‍ന്ന പൗരന്മാര്‍ക്ക് പുതിയ എഫ്ഡികള്‍ക്കും പഴയ എഫ്ഡി പുതുക്കലിനുമായി ഈ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. റെസിഡന്റ് മുതിര്‍ന്ന പൗരന്മാര്‍ക്ക് എഫ്ഡിക്ക് ഉയര്‍ന്ന പലിശനിരക്ക് 5 വര്‍ഷം 1 ദിവസം മുതല്‍ 10 വര്‍ഷം വരെ കാലാവധിയില്‍ ഇത് ലഭിക്കും.
കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്പ് നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ പലിശ ഈടാക്കുന്നതാണ്. അതായത് 5 വര്‍ഷത്തിന് മുമ്പ് നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ 1 ശതമാനം പിഴ ഈടാക്കുന്നതാണ്. 5 വര്‍ഷത്തിന് ശേഷം പിന്‍വലിക്കുകയാണെങ്കില്‍ 1.30 ശതമാനമായിരിക്കും പിഴ ഈടാക്കുക.

എച്ച്ഡിഎഫ്‌സി സീനിയര്‍ സിറ്റിസണ്‍ കെയര്‍

മുതിര്‍ന്ന പൗരന്മാര്‍ക്ക് വേണ്ടി എച്ച്ഡിഎഫ്സി ബാങ്ക് അവതരിപ്പിച്ചിട്ടുള്ള പ്രത്യേക സ്ഥിര നിക്ഷേപ പദ്ധതിയാണ് എച്ച്ഡിഎഫ്സി സീനിയര്‍ സിറ്റിസണ്‍ കെയര്‍. മുതിര്‍ന്ന പൗരന്മാര്‍ ബാങ്കിന്റെ സീനിയര്‍ സിറ്റിസണ്‍ കെയര്‍ എഫ്ഡിയില്‍ സ്ഥിര നിക്ഷേപം നടത്തുമ്പോള്‍ 6.50 ശതമാനം വരെ പലിശ ലഭിക്കും. ബാങ്കിന്റെ മറ്റ് നിക്ഷേപങ്ങളെ അപേക്ഷിച്ച് ഈ പുതിയ പദ്ധതി വഴി മുതിര്‍ന്ന പൗരന്മാര്‍ക്ക് 25 ബിപിഎസ് അധികം ലഭിക്കുന്നതാണ്. കാലാവധി പൂര്‍ത്തിയാകുന്നതിന് മുന്‍പ് നിക്ഷേപം പിന്‍വലിക്കുകയാണെങ്കില്‍ അതായത് 5 വര്‍ഷമോ അതിനു മുമ്പോ ആണെങ്കില്‍ 1 ശതമാനം പിഴ ഈടാക്കുന്നതാണ്. 5 വര്‍ഷത്തിന് ശേഷമാണെങ്കില്‍ 1.25 ശതമാനമായിരിക്കും ഈടാക്കുക. പരമാവധി നിക്ഷേപ തുക 5 കോടി വരെയാണ്.

2. സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം ( എസ്സിഎസ്എസ്)

സീനിയര്‍ സിറ്റിസണ്‍ സേവിംഗ്‌സ് സ്‌കീം (എസ്സിഎസ്എസ്) 2004 ലാണ് സര്‍ക്കാര്‍ ആരംഭിച്ചത്. ഇതാണ് നമ്മുടെ രാജ്യത്ത് ഏറ്റവും പ്രചാരമുള്ള മുതിര്‍ന്ന പൗരന്മാരുടെ നിക്ഷേപ സ്‌കീം. സുരക്ഷിതമായ നിക്ഷേപത്തിലൂടെ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉറപ്പുള്ള വരുമാനം നല്‍കുന്നതാണിത്. ഈ പദ്ധതി മുതിര്‍ന്ന പൗരന് അപകടസാധ്യതയില്ലാത്ത നിക്ഷേപം വാഗ്ദാനം ചെയ്യുന്നു. 60 വയസ്സിനു മുകളിലുള്ളവര്‍ക്ക് സ്ഥിര വരുമാനം ലഭിക്കുന്നതിന് എസ്സിഎസ്എസില്‍ നിക്ഷേപിക്കാം. വാര്‍ദ്ധക്യത്തില്‍ സുരക്ഷ പ്രദാനം ചെയ്യുന്ന നല്ലൊരു ദീര്‍ഘകാല സംരക്ഷണ ഓപ്ഷനാണ് ഇത്. ഇന്ത്യയിലുടനീളമുള്ള ഏത് പോസ്റ്റോഫീസിലും സീനിയര്‍ സിറ്റിസണ്‍ സേവിംഗ് സ്‌കീം തുറക്കാന്‍ കഴിയും. എസ്സിഎസ്എസ് പദ്ധതിയുടെ നിക്ഷേപം സുഗമമാക്കുന്ന ചില ദേശീയ, സ്വകാര്യ ബാങ്കുകളും ഉണ്ട്.

3. പോസ്റ്റ് ഓഫീസ് മന്ത്‌ലി സേവിംഗ്‌സ് സ്‌കീം

പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് (MIS) പോസ്റ്റ് ഓഫീസ് എംഐഎസില്‍ ഒരു വ്യക്തി ഒരു പ്രത്യേക തുക നിക്ഷേപിക്കുകയും പലിശ രൂപത്തില്‍ ഒരു ഉറപ്പുള്ള പ്രതിമാസ വരുമാനം നേടുകയും ചെയ്യുന്നു. ഈ സ്‌കീമിന് കീഴില്‍, പ്രതിമാസ അടിസ്ഥാനത്തില്‍ (നിക്ഷേപ തീയതി മുതല്‍ ആരംഭിക്കുന്ന) പലിശ നിങ്ങളുടെ പോസ്റ്റ് ഓഫീസ് സേവിംഗ്‌സ് അക്കൗണ്ടില്‍ നിക്ഷേപിക്കും. പോസ്റ്റ് ഓഫീസ് എംഐഎസ് അക്കൗണ്ടിന്റെ നിലവിലെ പലിശ നിരക്ക് 7.6 ശതമാനമാണ്. ഈ പദ്ധതിയില്‍ നിക്ഷേപിക്കുന്നതിന് ആദായനികുതി ആനുകൂല്യങ്ങളൊന്നും ലഭ്യമല്ല. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ കാലാവധി 5 വര്‍ഷമാണ്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി അക്കൗണ്ട് ക്യാബ് ഒരു വര്‍ഷത്തിനുശേഷം അകാലത്തില്‍ അടയ്ക്കും. എന്നിരുന്നാലും, 1 വര്‍ഷം മുതല്‍ 3 വര്‍ഷം വരെ അക്കൗണ്ട് അടച്ചാല്‍ കിഴിവ് തുകയുടെ 2 ശതമാനം ഈടാക്കും. മൂന്ന് വര്‍ഷത്തിന് ശേഷം ഒരു ശതമാനം കുറയ്ക്കും.

4. നികുതി രഹിത ബോണ്ടുകള്‍

സ്ഥിരവരുമാനം ലഭിക്കുന്ന നിക്ഷേപങ്ങള്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് പ്രത്യേകിച്ച് മുതിര്‍ന്ന പൗരന്മാര്‍ക്ക് നികുതി രഹിത ബോണ്ടുകള്‍ ഒരു നല്ല ഓപ്ഷനാണ്. ഈ ബോണ്ടുകള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ നല്‍കുന്നതിനാല്‍ അപകടസാധ്യതകള്‍ കുറവാണ്. 10, 15, 20 വര്‍ഷകാലയളവായിരിക്കും ബോണ്ടുകള്‍ക്കുണ്ടാകുക. അതിനാല്‍ ഒരു നിശ്ചിത വരുമാനം നിങ്ങള്‍ക്ക് ദീര്‍ഘകാലത്തേക്ക് ഉറപ്പുനല്‍കും. സ്റ്റോക്ക് എക്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്നതിനാല്‍ പണത്തിന് അത്യാവശ്യം വന്നാല്‍ കാലാവധി എത്തുന്നതിനുമുമ്പ് അവിടെ വിറ്റ് പണമാക്കാനും അവസരമുണ്ട്. 1961-ലെ ഐടി ആക്റ്റ് സെക്ഷന്‍ 80 സിസിഎഫ് പ്രകാരം ഈ ബോണ്ടുകളിലെ നിക്ഷേപം ആദായനികുതി കിഴിവ് നേടാന്‍ യോഗ്യമാണ്. ഈ ബോണ്ടുകള്‍ വാങ്ങുമ്പോള്‍ വ്യക്തികള്‍ക്ക് 20,000 രൂപ വരെയുള്ള നികുതി കിഴിവ് ലഭിക്കും.

നികുതി ലാഭിക്കുന്ന ബോണ്ടുകളുടെ കാലയളവ് 10 വര്‍ഷമാണെങ്കിലും അഞ്ച് വര്‍ഷമാണ് ലോക്ക്-ഇന്‍ പിരീഡ്. 5,000 രൂപയുടെ ഗുണിതങ്ങളായി നിക്ഷേപം നടത്താമെങ്കിലും ഒരു സാമ്പത്തിക വര്‍ഷത്തില്‍ കിഴിവായി അവകാശപ്പെടാവുന്നത് 20,000 രൂപയ്ക്ക് മാത്രമാണ്. ലോക്ക്-ഇന്‍ പിരീഡിനു ശേഷം പണമായി മാറ്റുകയോ പണയം വെയ്ക്കുകയോ ആവാം. ഡീ മാറ്റ് അക്കൗണ്ട് വഴിയും നിക്ഷേപം നടത്താവുന്നതാണ്. പലിശയ്ക്ക് നികുതി ബാധ്യതയുണ്ട്. 7.75 ശതമാനമാണ് ഇപ്പോഴത്തെ നിരക്ക്. ഇങ്ങനെയുള്ള ബോണ്ടുകളില്‍ വ്യക്തികള്‍, ഹിന്ദു അവിഭക്ത കുടുംബങ്ങള്‍ എന്നീ ഗണങ്ങളില്‍പെട്ട നികുതിദായകര്‍ക്ക് നിക്ഷേപം നടത്താം. നിക്ഷേപങ്ങളിലൂടെ ആദായനികുതിബാധ്യത കുറയ്ക്കാമെന്നതാണ് നികുതി ലാഭിക്കല്‍ ബോണ്ടുകളുടെ പ്രത്യേകത.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it