സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ അധിക നേട്ടം, സൗകര്യപ്രദം

വലിയ തുകകള്‍ ഒറ്റത്തവണയായി മ്യൂച്വല്‍ ഫണ്ടിലേക്ക് നിക്ഷേപിക്കുന്നതിന്റെ നഷ്ട സാധ്യത ഒഴിവാക്കാം

സമ്പത്തുണ്ടാക്കാനുള്ള ഏറ്റവും മികച്ച മാര്‍ഗങ്ങളിലൊന്നായാണ് മ്യൂച്വല്‍ ഫണ്ടുകളിലെ നിക്ഷേപത്തെ കണക്കാക്കുന്നത്. അടുത്തിടെ മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തില്‍ വലിയ വര്‍ധനവുണ്ടാകുന്നുണ്ട്. മാര്‍ച്ചില്‍ മാത്രം 20,500 കോടി രൂപയാണ് മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലേക്കെത്തിയത്. ഇതില്‍ നല്ലൊരു ഭാഗവും സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി) വഴിയായിരുന്നു.

ഓഹരി വിപണിയില്‍ താഴ്ന്ന നിലയില്‍ നിക്ഷേപം നടത്തുന്നതാണ് എപ്പോഴും നേട്ടം വര്‍ധിപ്പിക്കാനുള്ള മാര്‍ഗം. എന്നാല്‍ വിപണിയുടെ ഉയര്‍ച്ച, താഴ്ച്ചകള്‍ക്കനുസരിച്ച് കൃത്യമായി നിക്ഷേപിക്കുക എന്നത് ഈ മേഖലയിലെ വിദഗ്ധര്‍ക്കു പോലും സാധിച്ചെന്നു വരില്ല. അതുകൊണ്ടാണ് വിപണിയുടെ ചാഞ്ചാട്ടങ്ങള്‍ കണക്കിലെടുക്കാതെ നിക്ഷേപം ആസൂത്രണം ചെയ്യണമെന്ന് പറയുന്നത്. അതിന് സഹായിക്കുന്ന മാര്‍ഗമെന്ന നിലയിലാണ് കൂടുതല്‍ പേരും എസ്.ഐ.പിയെ ആശ്രയിക്കുന്നത്. അതുപോലെ പ്രയോജനപ്പെടുത്താവുന്ന മറ്റൊരു മാര്‍ഗമാണ് സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാന്‍ (എസ്.ടി.പി).
എന്താണ് എസ്.ടി.പി?
ഏകദേശം എസ്.ഐ.പിക്ക് സമാനമാണ് എസ്.ടി.പിയുടേയും പ്രവര്‍ത്തനം. എന്നാല്‍ എസ്.ഐ.പിയേക്കാള്‍ കുറച്ചുകൂടി ഫലപ്രദമായ നിക്ഷേപ രീതിയെന്ന്എസ്.ടി.പിയെ വിശേഷിപ്പിക്കാം. എസ്.ഐ.പിയില്‍ ബാങ്ക് അക്കൗണ്ടില്‍ നിന്ന് നിശ്ചിത തീയതിയില്‍ കൃത്യമായൊരു തുക മ്യൂച്വല്‍ ഫണ്ട് നിക്ഷേപത്തിലേക്ക് മാറ്റുന്നു. അതേസമയം സിസ്റ്റമാറ്റിക് ട്രാന്‍സ്ഫര്‍ പ്ലാനില്‍ പണം ഏതെങ്കിലും ഡെറ്റ് ഫണ്ടില്‍ നിക്ഷേപിക്കുകയും എസ്.ഐ.പിയിലേതു പോലെ ഈ ഡെറ്റ് ഫണ്ട് നിക്ഷേപത്തില്‍ നിന്നും നിശ്ചിത ഇടവേളകളില്‍ നിശ്ചിത തുക ഇക്വിറ്റി ഫണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയും ചെയ്യുന്നു. ഇതുവഴി ഡെറ്റ് ഫണ്ടില്‍ നിന്നുള്ള നേട്ടം കൂടി നിക്ഷേപകന് ലഭിക്കുന്നു.
ഉദാഹരണത്തിന്, നിങ്ങളുടെ കയ്യില്‍ 10 ലക്ഷം രൂപ നിക്ഷേപത്തിനായുണ്ടെന്ന് കരുതുക. ഓഹരി വിപണി വലിയ ഉയരത്തില്‍ നില്‍ക്കുന്ന ഈ സമയത്ത് ഇത്രയും തുക ഒരുമിച്ച് നിക്ഷേപിക്കുന്നത് വലിയ നഷ്ടമുണ്ടാക്കും. എന്നാല്‍ ഓരോ മാസവും ഒരു ലക്ഷം രൂപ വീതം എന്ന നിലയില്‍ 10 മാസം കൊണ്ട് ഈ പണം നിക്ഷേപിച്ചാല്‍ നഷ്ട സാധ്യത ഒരു പരിധി വരെ കുറയ്ക്കാം. ഇതിന് എസ്.ടി.പി നിങ്ങളെ സഹായിക്കും. കയ്യിലുള്ള തുക ഒറ്റത്തവണയായി ഏതെങ്കിലും ഡെറ്റ് ഫണ്ടില്‍ നിക്ഷേപിക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് എസ്.ടി.പി വഴി ഡെറ്റ് ഫണ്ടില്‍ നിന്ന് ഓരോ മാസവും നിശ്ചിത തുക വീതം ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടിലേക്ക് മാറ്റും. കടപ്പത്രങ്ങളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ ഫണ്ടുകളാണ് ഡെറ്റ് ഫണ്ടുകള്‍. ഡെറ്റ് ഫണ്ടുകളില്‍ തന്നെ ലിക്വിഡ് ഫണ്ടുകളോ അള്‍ട്രാ ഷോര്‍ട്ട് ടേം ഫണ്ടുകളോ തിരഞ്ഞെടുക്കാം. അതീവ ഹ്രസ്വകാലത്തേക്കുള്ള കടപ്പത്രങ്ങളിലാണ് ലിക്വിഡ് ഫണ്ടുകളും അള്‍ട്രാ ഷോട്ട് ടേം ഫണ്ടുകളും നിക്ഷേപം നടത്തുന്നത്.
ഏതു സമയത്തും തുടങ്ങാം
വിപണി ഉയര്‍ന്നു നില്‍ക്കുന്ന അവസരങ്ങളില്‍ സ്വീകരിക്കാവുന്ന ഒരു നിക്ഷേപ രീതിയാണ് എസ്.ടി.പിയെന്ന് ജിയോജിത്ത് ഇന്‍വെസ്റ്റ്‌മെന്റ് സ്ട്രാറ്റജിസ്റ്റ് വിജയശ്രീ കൈമള്‍ പറയുന്നു. ''വിപണി ഉയര്‍ന്നിരുന്നപ്പോള്‍ കൂടിയ വിലയ്ക്ക് യൂണിറ്റുകള്‍ വാങ്ങിയ നിക്ഷേപകരെ സംബന്ധിച്ച് കുറഞ്ഞ ചെലവില്‍ വാങ്ങാനും ശരാശരി നിക്ഷേപ ചെലവ് കുറയ്ക്കാനുമുള്ള അവസരമാണ് വിപണി ഇടിയുമ്പോള്‍ ലഭിക്കുന്നത്.
എസ്.ടി.പി വഴി വിവിധ ഘട്ടങ്ങളിലാണ് വിപണിയിലേക്ക് പ്രവേശിക്കുന്നത്. ഓഹരി നിക്ഷേപത്തിനു പുറമേ ഡെറ്റ് നിക്ഷേപത്തില്‍ നിന്നും റിട്ടേണും ലഭിക്കും. നിലവില്‍ 6-7 ശതമാനം വരെയൊക്കെ ശരാശരി വാര്‍ഷിക റിട്ടേണ്‍ ലിക്വിഡ് ഫണ്ടുകള്‍ നല്‍കുന്നുണ്ട്. സേവിംഗ്‌സ് ബാങ്ക് നിക്ഷേപത്തിന് ലഭിക്കുന്ന പലിശയേക്കാള്‍ കൂടുതലാണിത്.''ഒരേ ഫണ്ട് ഹൗസിന്റെ ഡെറ്റ് ഫണ്ടുകളില്‍ നിന്നാണ് ഇക്വിറ്റി ഫണ്ടുകളിലേക്ക് മാറ്റാനാകുക. അതായത് ആക്‌സിസ് ബാങ്കിന്റെ ഡെറ്റ് ഫണ്ടിലാണ്
നിക്ഷേപിക്കുന്നതെങ്കില്‍ റിലയന്‍സിന്റെ ഇക്വിറ്റി ഫണ്ടിലേക്ക് നിക്ഷേപം മാറ്റാനാകില്ല. എന്നാല്‍ ആക്‌സിസ് ബാങ്കിന്റെ തന്നെ ഏതെങ്കിലും ഇക്വിറ്റി ഫണ്ടിലേക്ക് നിക്ഷേപം മാറ്റാം. നിങ്ങള്‍ക്കിഷ്ടപ്പെട്ട ഡെറ്റ് ഫണ്ട് തിര ഞ്ഞടുത്തു കഴിഞ്ഞാല്‍ പിന്നെ ഏത് ഇക്വിറ്റി ഫണ്ടിലേക്കാണ് പണം നിക്ഷേപിക്കേണ്ടതെന്നും എത്ര തുക വീതം മാറ്റണമെന്നും ഫണ്ട് ഹൗസിനെ അറിയിക്കണം. ആഴ്ച്ചയിലോ മാസത്തിലോ ത്രൈമാസത്തിലോ എസ്.ടി.പി വഴി നിക്ഷേപം മാറ്റാനാകും.
വലിയ നിക്ഷേപങ്ങള്‍ക്ക് അനുയോജ്യം
വലിയ തുക ഒരുമിച്ച് നിക്ഷേപിക്കാന്‍ കഴിയുന്നവര്‍ക്കാണ് എസ്.ടി.പി ഉചിതമാകുക. സ്ഥിര വരുമാനത്തില്‍ നിന്ന് നിക്ഷേപം നടത്താനുദ്ദേശിക്കുന്നവര്‍ എസ്.ഐ.പി തന്നെ തിരഞ്ഞെടുത്താല്‍ മതിയാകും. റിസ്‌ക് എടുക്കാനുള്ള ശേഷിയും സാമ്പത്തിക ലക്ഷ്യങ്ങളും കണക്കിലെടുത്ത് വേണം ഇക്വിറ്റി ഫണ്ടുകള്‍ തിരഞ്ഞെടുക്കാന്‍. അധികം റിസ്‌ക് എടുക്കാനാകാത്തവരാണെങ്കില്‍ താരതമ്യേന സുരക്ഷിതമായ ലാര്‍ജ് ക്യാപ് ഫണ്ടുകളോ ഇന്‍ഡെക്‌സ് ഫണ്ടുകളോ പരിഗണിക്കാം. അതേസമയം,
റിസ്‌കെടുക്കാന്‍ തയാറാണെങ്കില്‍ സ്‌മോള്‍ ക്യാപ് ഫണ്ടുകളും ലാര്‍ജ് ക്യാപ് ഫണ്ടുകളും സെക്ടര്‍ ഫണ്ടുകളും ഉള്‍പ്പെടുത്തി പോര്‍ട്ട്‌ഫോളിയോ വിപുലപ്പെടുത്താം.
ലിക്വിഡ് ഫണ്ടുകളില്‍ നിന്നും അള്‍ട്രാ ഷോര്‍ട്ട് ടേം ഫണ്ടുകളില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നതിന് പ്രത്യേകം ചാര്‍ജുകള്‍ നല്‍കേണ്ടതില്ല. ഡെറ്റ് ഫണ്ടുകളില്‍ നിന്നും ഒരു വര്‍ഷത്തിനുള്ളില്‍ പണം പിന്‍വലിച്ചാല്‍ എക്‌സിറ്റ് ലോഡ് ബാധകമാണെങ്കിലും ലിക്വിഡ്, അള്‍ട്രാ ലിക്വിഡ് ഫണ്ടുകള്‍ക്ക് ഇത് ബാധകമല്ല.
Related Articles
Next Story
Videos
Share it