പേഴ്‌സണല്‍ ലോണ്‍ എടുക്കാന്‍ ഉദ്ദേശിക്കുന്നുണ്ടോ? എന്നാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കൂ

നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വായ്പകള്‍ കണ്ടെത്താന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കൂ

approved loan
-Ad-

നിങ്ങള്‍ക്ക് രണ്ടു ലക്ഷം രൂപ പ്രീ അപ്രൂവ്ഡ് വായ്പ അനുവദിച്ചിരിക്കുന്നു! ബാങ്കില്‍ നിന്നോ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നോ ആഴ്ചയിലൊരിക്കലെങ്കിലും ഇത്തരത്തിലൊരു സന്ദേശം ലഭിക്കാത്തവര്‍ കുറവായിരിക്കും. കുറഞ്ഞ പലിശ നിരക്ക്, ഇന്‍സ്റ്റന്റ് അപ്രൂവല്‍, നോ കോസ്റ്റ് ഇ എംഐ എന്നൊക്കെ ഈ സന്ദേശത്തിലുണ്ടാകും. അത്ര അത്യാവശ്യമില്ലെങ്കിലും ഇതുകാണുമ്പോള്‍ ഒരു ലോണ്‍ എടുത്തേക്കാമെന്നു വിചാരിക്കുന്നവര്‍ കുറവല്ല. അതു തന്നെയാണ് ഇത്തരം മാര്‍ക്കറ്റിംഗ് തന്ത്രങ്ങളുടെ ഉദ്ദേശ്യവും.

എന്തിനും ഏതിനും പേഴ്‌സണല്‍ വായ്പകള്‍ ലഭിക്കുന്ന കാലമാണിത്. വെക്കേഷന്‍ അടിച്ചു പൊളിക്കാന്‍ തുടങ്ങി ഫോണ്‍ വാങ്ങാനും മരുന്നു വാങ്ങാനും വരെ വായ്പ അനുവദിക്കുന്നു. എന്നാല്‍ എളുപ്പത്തില്‍ കിട്ടുമെന്നതിനാല്‍ അത്യാവശ്യമല്ലാത്ത കാര്യങ്ങള്‍ക്കായി പേഴ്‌സണല്‍ വായ്പയെടുക്കുന്നത് അത്ര നല്ലതല്ലെന്നാണ് സാമ്പത്തിക ഉപദേശകര്‍ പറയുന്നത്. അടിയന്തര സാഹചര്യങ്ങളില്‍ മാത്രമാണ് പേഴ്‌സണല്‍ വായ്പകളെആശ്രയിക്കേണ്ടത് എന്നാണ് അവര്‍ നല്‍കുന്ന ഉപദേശം. ഇനി അത്തരം സന്ദര്‍ഭങ്ങളിലാണെങ്കില്‍ തന്നെ ഏതെങ്കിലും ഒരു വായ്പ തരപ്പെടുത്താനായിരിക്കരുത് നോക്കേണ്ടത്. നിങ്ങളുടെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായ വായ്പകള്‍ കണ്ടെത്താന്‍ ഇക്കാര്യങ്ങള്‍ ഒന്നു ശ്രദ്ധിക്കൂ. 

വിവിധ വായ്പകള്‍ താരതമ്യം ചെയ്യുക

ഏതെങ്കിലും ഒരു ബാങ്കിനെ സമീപിച്ച് വായ്പ നേടുകയല്ല, പകരം പല ബാങ്കുകളുടേയും വായ്പാ നിരക്കുകളും മറ്റും താരതമ്യം ചെയ്യണം. ഏറ്റവും കുറഞ്ഞ നിരക്കില്‍ നിങ്ങളുടെ ആവശ്യങ്ങള്‍ക്കിണങ്ങുന്ന വായ്പ കണ്ടെത്തി മുന്നോട്ടു പോകാം. 

-Ad-
പലിശയായി പോകുന്ന തുക കണ്ടെത്തുക

പലരും വായ്പയുടെ കാലാവധിക്കനുസരിച്ചാണ് അവരുടെ മൊത്തം പലിശ തുക കണക്കുകൂട്ടുന്നത്. എന്നാല്‍ അത് ശരിയല്ല. ഉദാഹരണത്തിന് 6-6.5 ശതമാനം ഫ്‌ളാറ്റ് റേറ്റുള്ള വായ്പ മൂന്നു വര്‍ഷത്തേക്ക് നോക്കുകയാണെങ്കില്‍ ആകര്‍ഷകമായി തോന്നും. എന്നാല്‍ യഥാര്‍ത്ഥത്തില്‍ പലിശ തുക വളരെ കൂടുതലായിരിക്കും. റെഡ്യൂസിംഗ് ബാലന്‍സിനനുസരിച്ച് പലിശ കണക്കുകൂട്ടുന്നതാണ് നല്ലത്. 

മുന്‍കൂര്‍ അടയ്ക്കല്‍ ചാര്‍ജുകള്‍

ഭവന വായ്പകള്‍ മുന്‍കൂട്ടി അടയ്ക്കുന്നതിന് ഈടാക്കിയിരുന്ന ചാര്‍ജുകള്‍ റിസര്‍വ് ബാങ്ക് കുറച്ചെങ്കിലും വ്യക്തിഗത വായ്പകള്‍ക്ക് ഇത് ബാധകമല്ല. മിക്ക ധനകാര്യ സ്ഥാപനങ്ങളും ബാങ്കുകളും പേഴ്‌സണല്‍ വായ്പകള്‍ക്ക് രണ്ട് ശതമാനം മുതല്‍ അഞ്ച് ശതമാനം വരെ ഫോര്‍ക്ലോഷര്‍ ചാര്‍ജ് ഈടാക്കാറുണ്ട്. 
മുഴുവന്‍ വായാപ തുകയും അടയ്ക്കുകയാണെങ്കില്‍ ചില വായാപാദാതാക്കള്‍ മുന്‍കൂര്‍ അടയക്കല്‍ ചാര്‍ജ് ഈടാക്കില്ല. അതിനാല്‍ മുന്‍കൂര്‍ അടയ്ക്കല്‍ അനുവദിക്കുമെന്ന് വായാപാദാതാക്കള്‍ പറഞ്ഞാല്‍ അവരുടെ നിബന്ധന എന്താണെന്ന് കൃത്യമായി വായിച്ചു മനസിലാക്കിയിരിക്കണം. 

ക്രെഡിറ്റ് സ്‌കോറിനെ ബാധിക്കാതെ നോക്കുക

നിങ്ങളുടെ ഓരോ മാസത്തേയും തിരിച്ചടവു ശേഷി മനസിലാക്കി ഇഎംഐ ഓപ്ഷന്‍ തെരഞ്ഞെടുക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. കാരണം ഇഎംഐയില്‍ വീഴ്ച വന്നാല്‍ അത് ക്രെഡിറ്റ് സ്‌കോറിനെ മോശമായി ബാധിക്കും. ബാങ്കുമായി എപ്പോഴും നല്ല ബന്ധം സൂക്ഷിക്കാനും ശ്രമിക്കണം. കാരണം മുന്നോട്ടു പോകുമ്പോള്‍ അത് നിങ്ങളുടെ ക്രെഡിറ്റ് സ്‌കോറില്‍ പ്രതിഫലിക്കും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

LEAVE A REPLY

Please enter your comment!
Please enter your name here