ഓണ്‍ലൈന്‍ ആപ്പുകളുടെ ചതിയില്‍ വീഴരുത്; ലോണ്‍ എടുക്കും മുമ്പ് നിങ്ങളറിയേണ്ട കാര്യങ്ങള്‍

ഓണ്‍ലൈന്‍ വായ്പയെടുത്ത് ഗാഡ്ജറ്റ് വാങ്ങുന്നവരും വണ്ടി വാങ്ങുന്നവരും ടൂര്‍ പോകുന്നവരും വരെ കൂടി വരികയാണ്. ഫോണിലൂടെ കെവൈസി വിവരങ്ങള്‍ നല്‍കിയാല്‍ പെട്ടെന്നു ലോണ്‍ കിട്ടുമെന്നതിനാല്‍ ഇത്തരം ആപ്ലിക്കേഷനുകള്‍ പെട്ടെന്നാണ് ഉപയോക്താക്കളിലേക്ക് എത്തുന്നത്. ഓണ്‍ലൈന്‍ ചൂതാട്ട, വാതുവെപ്പ് ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവരും അടിയന്തിരമായി പണം ആവശ്യമായിട്ടുള്ളവരുമാണ് ഇത്തരം ആപ്പുകളുടെ വലയിലാവുന്നത്. ഈ അവസരത്തില്‍ ഓണ്‍ലൈന്‍ ആപ്പിന്റെ ചതിക്കുഴികള്‍ അറിയാം.

വലയിലാക്കുന്നതിങ്ങനെ
ഓണ്‍ലൈന്‍ റമ്മി ആപ്ലിക്കേഷനുകളെ പോലെ നിരവധി ചൂതാട്ട വെബ്സൈറ്റുകളും ആപ്പുകളും നിലവിലുണ്ട്. ഗൂഗിളില്‍ പേഴ്‌സണല്‍ ലോണ്‍ തിരയുന്നവരുടെ വിവരങ്ങളില്‍ നിന്നും സെര്‍ച്ച് എന്‍ജിന്‍ വഴി എത്തുന്ന പരസ്യങ്ങളാകാം. ഇവയില്‍ പണം നഷ്ടപ്പെടുന്ന ഉപയോക്താക്കളിലേക്ക് പണം കടം തരാമെന്ന വാഗ്ദാനവുമായി ഇത്തരം ആപ്ലിക്കേഷനുകള്‍ രംഗപ്രവേശം ചെയ്യും. ചിലപ്പോള്‍ ചൂതാട്ട വാതുവെപ്പ് ആപ്ലിക്കേഷനുകളുമായി നേരിട്ട് ബന്ധമുള്ളവയായിരിക്കാം ഈ ലോണ്‍ ആപ്പുകള്‍. ഓണ്‍ലൈന്‍ പരസ്യങ്ങള്‍, എസ്എംഎസ്, ഇമെയില്‍, പോലുള്ള മാര്‍ഗങ്ങളിലൂടെയും മോഹവാഗ്ദാനങ്ങളിലൂടെ ഇവര്‍ ഇരകളെ കണ്ടെത്തും.
ബാങ്കില്‍ കയറിയിറങ്ങാതെ മറ്റുള്ളവരുടെ കാലുപിടിക്കാതെ പണം ലഭിക്കും എന്നതാണ് ഇത്തരം ആപ്ലിക്കേഷനുകളിലേക്ക് ആളുകളെ ആകര്‍ഷിക്കപ്പെടാനുള്ള മുഖ്യ കാരണങ്ങളിലൊന്ന്. ഇങ്ങനെ പണമെടുക്കുന്നവര്‍ വലിയ പലിശ നിരക്കിനെ വകവെക്കാറുമില്ല. എന്നാല്‍ നാട്ടിലെ ബ്ലേഡ് പലിശക്കാരെ പോലെ കഴുത്തറുപ്പന്‍ പലിശ ചുമത്തിക്കൊണ്ടാണ് ഈ ആപ്പുകളില്‍ പലതും ലോണ്‍ നല്‍കുന്നത്. കൃത്യമായി അടയ്ക്കാന്‍ സാധിച്ചാല്‍ എളുപ്പം രക്ഷപ്പെടാം എന്നാല്‍ വീഴ്ച വന്നാല്‍ കളിമാറും.
നിയമവിരുദ്ധമായവര്‍ കൂടുതല്‍ അപകടകാരികള്‍
റിസര്‍വ് ബാങ്കിന്റെ അംഗീകാരമുള്ള ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും മാത്രമേ വായ്പ ആപ്പുകളും ഓണ്‍ലൈന്‍ സേവനങ്ങളും ഉപയോഗിച്ച് പണം നല്‍കാനാവൂ. പലിശയും അത് ഈടാക്കുന്ന രീതികളും റിസര്‍വ് ബാങ്ക് നിര്‍ദേശിച്ച ചട്ടങ്ങള്‍ അനുസരിച്ചേ പാടുള്ളൂ. എന്നാല്‍ റിസര്‍വ് ബാങ്ക് ഉള്‍പ്പടെയുള്ള രാജ്യത്തെ ഒരു നിയന്ത്രണാധികാര കേന്ദ്രങ്ങളെയും വകവെക്കാതെ തീര്‍ത്തും അനധികൃതമായും നിയമവിരുദ്ധമായുമാണ് പല ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകളും പ്രവര്‍ത്തിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ തന്നെ ഇവയില്‍ നിന്നും നേരിടേണ്ടി വരുന്ന പ്രശ്‌നങ്ങള്‍ക്ക് പരിഹാരം നല്‍കാന്‍ നിയമത്തിന് നിങ്ങളെ സഹായിക്കാനാകില്ല.
കെണി സൂക്ഷിക്കുക
നിലവില്‍ ഫോണില്‍ ഉപയോഗിക്കുന്ന മറ്റ് ആപ്ലിക്കേഷനുകള്‍ ശേഖരിച്ച വിവരങ്ങളില്‍ നിന്നുമാണ് ഒരാളുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഇവര്‍ ശേഖരിക്കുന്നത്. ആമസോണിലും ഫെയ്സ്ബുക്കിലുമെല്ലാം വ്യക്തിഗത പരസ്യങ്ങള്‍ കാണുന്നില്ലേ അതുപോലെ.
ഈ ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കില്‍ അവ അനധികൃതമായി ഫോണില്‍ നിന്നും ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചോര്‍ത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍വ്യക്തമാക്കുന്നത്. സ്വകാര്യ ചിത്രങ്ങളും മറ്റും ഈ രീതിയില്‍ ചോര്‍ന്നു പോയേക്കാം. ക്യാമറയും മൈക്കും ഈ ആപ്പുകള്‍ക്ക് അനധികൃതമായി ദൂരെ നിന്നും പ്രവര്‍ത്തിപ്പിക്കാന്‍ സാധിച്ചേക്കാം. മറ്റുള്ളവരെ സന്ദേശം അയച്ച് അറിയിക്കുന്നത് ഒരു പക്ഷെ സഹിക്കാനായേക്കാം. എന്നാല്‍ ചിത്രങ്ങളും വീഡിയോകളും ദുരുപയോഗം ചെയ്യപ്പെട്ടാല്‍ കൈകാര്യം ചെയ്യാന്‍ സാധിച്ചെന്ന് വരില്ല.
ചെയ്യേണ്ട കാര്യങ്ങള്‍
  • ഫോണില്‍ എപ്പോഴും ലോണിനായി തിരച്ചില്‍ നടത്താതെ ഇരിക്കുക
  • അംഗീകാരമില്ലാത്ത ബാങ്കുകളുടെ ആപ്പുകള്‍ ഇന്‍സ്‌റ്റോള്‍ ചെയ്യാതിരിക്കുക
  • ആവശ്യമില്ലാത്ത ആപ്പുകളില്‍ കയറി ഗെയിം കളിക്കാതിരിക്കുക
  • നിങ്ങളുടെ നിക്ഷേപ ആപ്പില്‍ പൊങ്ങിവരുന്ന പരസ്യങ്ങള്‍ സന്ദര്‍ശിക്കാതിരിക്കുക
  • നിക്ഷേപം ആയാലും ലോണ്‍ ആയാലും അധികൃത ബാങ്കുകളിലൂടെയും ധനകാര്യ സ്ഥാപനങ്ങളിലൂടെയും എടുക്കുക


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it