അമളി പറ്റല്ലേ, ഇന്‍ഷുറന്‍സിന്റെ ഫോം പൂരിപ്പിക്കുന്നതിലുമുണ്ട് ചില കാര്യങ്ങള്‍

ഇന്‍ഷുറന്‍സ് ഫോം പൂരിപ്പിക്കുന്നതിലെ പാളിച്ചകള്‍ ഇന്‍ഷുറന്‍സില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന നേട്ടം കുറച്ചേക്കാം. നിബന്ധനകള്‍ വായിച്ച് നോക്കുന്നതില്‍ പോലുമുണ്ട് പ്രാധാന്യം. അതിനാല്‍ ഇന്‍ഷുറന്‍സ് എടുക്കുമ്പോളും പുതുക്കുമ്പോളും ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിരിക്കണം.

ഇന്‍ഷുറന്‍സ് ഒരു കരാര്‍ ആയതിനാല്‍ പ്രൊപ്പോസല്‍ ഫോം വളരെ ശ്രദ്ധയോടെ പൂരിപ്പിക്കണം. വിവിധ തരം പോളിസികള്‍ക്ക് വ്യത്യസ്തങ്ങളായ പ്രൊപ്പോസല്‍ ഫോമുകളാണുള്ളത്. അടിസ്ഥാന രേഖയായ പ്രൊപ്പോസല്‍ ഫോമില്‍ എഴുതിയ കാര്യങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ക്ലെയിം തീര്‍പ്പാക്കുന്നത്.
ലൈഫ് ഇന്‍ഷുറന്‍സില്‍ ഒരു വ്യക്തിയുടെ കാര്യങ്ങള്‍ക്കാണ് കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. അതായത് വയസ്സ്, നിലവിലുള്ള അസുഖങ്ങള്‍, മുന്‍പ് ഉണ്ടായിട്ടുള്ള അസുഖങ്ങള്‍, ചികിത്സകള്‍, നിലവിലുള്ള പോളിസികള്‍, വരുമാനം, മദ്യപാനശീലം, പുകവലി, കുടുംബ ത്തിലെ അടുത്ത ബന്ധുക്കളുടെ വിവരങ്ങള്‍ എന്നിങ്ങനെ പട്ടിക നീണ്ടു പോകുന്നു.
ഭാവിയില്‍ ഇന്‍ഷുര്‍ ചെയ്യുന്ന വ്യക്തിക്കോ, കുടുംബാംഗങ്ങള്‍ക്കോ ആശയകുഴപ്പം ഉണ്ടാകാതിരിക്കാന്‍ എല്ലാ ചോദ്യങ്ങള്‍ക്കും സത്യസന്ധമായി ഉത്തരം നല്‍കിയിരിക്കണം.
പ്രീമിയം അലോക്കേഷന്‍, വിവിധയിനം ചാര്‍ജുകള്‍, ആനുകൂല്യങ്ങള്‍ എന്നിവയുടെ വിശദ വിവരങ്ങള്‍ ഇന്‍ഷുര്‍ ചെയ്യുന്ന വ്യക്തി സശ്രദ്ധം പൂരിപ്പിച്ച് ഒപ്പിട്ടു നല്‍കേണ്ടതാണ്. കൂടുതല്‍ സുതാര്യത ഉറപ്പുവരുത്താന്‍ ഇത് സഹായകരമാകും. പരസ്പരവിശ്വാസം ഏതുതരം കോണ്‍ട്രാക്ടിനും അനിവാര്യമാണെന്ന് പറയേണ്ടതില്ലല്ലോ.
ഇന്‍ഷുര്‍ ചെയ്യുന്നത് വസ്തുവഹകളുടെ പേരിലായാലും വ്യക്തിയുടെ പേരിലായാലും, ഇന്‍ഷുറന്‍സ് കമ്പനിയെ സത്യസന്ധമായും വസ്തുനിഷ്ഠമായും കാര്യങ്ങള്‍ അറിയിക്കേണ്ടത് ഉപഭോക്താവിന്റെ കടമയാണ്. എങ്കില്‍ മാത്രമേ റിസ്‌കിനെക്കുറിച്ച് വിശദമായി അറിയാനും, അതിനര്‍ഹമായ പ്രീമിയം തുക നിശ്ചയിക്കാനും കഴിയുകയുള്ളു. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികള്‍ പോ ളി സി യോ ടൊപ്പം പ്രൊപ്പോസല്‍ ഫോമിന്റെ കോപ്പിയും ഉപഭോക്താവിന് നല്‍കുന്നത് സാധാരണയാണ്.
ജനറല്‍ ഇന്‍ഷുറന്‍സില്‍, ഇന്‍ഷുര്‍ ചെയ്യുന്ന തുക, ഇന്‍ഷുര്‍ ചെയ്യുന്ന വസ്തുവിന്റെ ഉപയോഗം, കാലപ്പഴക്കം, മുന്‍പ് ഉണ്ടായ ക്ലെയിം അഥവാ നാശനഷ്ടങ്ങളുടെ കണക്കുകള്‍ എന്നിവയ്ക്കു പുറമെ, ഉപയോഗിക്കുന്ന വസ്തുക്കളുടെ വിശദ വിവരങ്ങളും നല്‍കിയിരിക്കണം. മെഡിക്ലെയിം പോളിസിയില്‍ പ്രായം, നിലവിലുള്ള അസുഖങ്ങള്‍ എന്നിവയ്ക്കാണു പ്രാധാന്യം കൊടുക്കുന്നതെങ്കില്‍, വ്യക്തിഗത അപകട ഇന്‍ഷുറന്‍സില്‍ വരുമാനത്തിനും, ജോലി അഥവാ പ്രവൃത്തിക്കുമാണു പ്രാധാന്യം നല്‍കുന്നത്.
പ്രൊപ്പോസല്‍ ഫോം ശ്രദ്ധയോടെ വായിച്ചു മനസ്സിലാക്കി, പൂരിപ്പിച്ചശേഷം ഒപ്പും, തീയതിയും ഇട്ട് കമ്പനിയെ ഏല്‍പ്പിക്കുക, പ്രീമിയം തുക ഇന്‍ഷുറന്‍സ് കമ്പനിയുടെ അക്കൗണ്ടില്‍ നിക്ഷേപിക്കണം.
പ്രൊപ്പോസല്‍ ഫോമിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പോളിസി ഡോക്യുമെന്റ് തയ്യാറാക്കുന്നത്. ഒരു ക്ലെയിം വരുന്ന സമയത്തായിരിക്കും പലപ്പോഴും ഏതെല്ലാം റിസ്‌കുകളാണ് ഇന്‍ഷുര്‍ ചെയ്തിരിക്കുന്നതെന്നു പലരും പരിശോധിക്കുക. ഇന്‍ഷുറന്‍സ് കമ്പനിയും ഉപഭോക്താ വിനോട് ബാധ്യതയുള്ളവരാണ്.
പോളിസിയുടെ വിശദ വിവരങ്ങള്‍, കവര്‍ ചെയ്യുന്ന റിസ്‌കുകള്‍, അനുബന്ധ ചാര്‍ജ്ജുകള്‍, പ്രീമിയം നിരക്ക്, കവര്‍ ചെയ്യാത്ത റിസ്‌കുകള്‍, പോളിസി എക്‌സസ് തുടങ്ങിയ കാര്യങ്ങള്‍ ഉപഭോക്താക്കള്‍ക്ക് വിവരിച്ചു കൊടുക്കേണ്ടത് കമ്പനിയുടെ ഉത്തരവാദിത്വമാണ്. ഒരു കാരണ വശാലും തെറ്റായ വിവരങ്ങള്‍ ഉപഭോക്താവിന് നല്‍കാന്‍ പാടുള്ളതല്ല.

'ഇന്‍ഷുറന്‍സ് - അറിയേണ്ടതെല്ലാം' എന്ന വിശ്വനാഥന്‍ ഓടാട്ടിന്റെ പുസ്തകത്തില്‍ പ്രസിദ്ധീകരിച്ച വിവരങ്ങള്‍

Viswanathan Odatt
Viswanathan Odatt  

Insurance Expert&MD, AIMS Insurance Broking

Related Articles
Next Story
Videos
Share it