EP 20- കൊച്ചിക്കും പറയാനുണ്ട് ഒരു സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ കഥ
1980കളുടെ തുടക്കം, മട്ടാഞ്ചേരി ശ്രീകൃഷ്ണ കഫേയുടെ മുകളിലെ നിലയില്‍ കുറെ ആളുകള്‍ കൂടിയിരിക്കുകയാണ്. രാജ്യത്തെ വിവിധ സ്റ്റോക് എക്സ്ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഓഹരികള്‍, പരസ്പരം വിലപേശി വില്‍ക്കുകയായിരുന്നു അവരവിടെ.ഇങ്ങനെയും സ്റ്റോക്കുകള്‍ വിറ്റിരുന്ന ഒരു കാലം കേരളത്തലുണ്ടായിരുന്നു. ഈ മട്ടാഞ്ചേരിക്കഥയും തൃശൂരും കോട്ടയത്തും തിരുവനന്തപുരത്തും ഒക്കെ നിയമ വിരുദ്ധമായി പ്രവര്‍ത്തിച്ചിരുന്ന സാമാന്തര സ്റ്റോക്ക് എക്സ്ചേഞ്ചുകളെ കുറിച്ചുമൊക്കെ ഞാനറിയുന്നത് കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ തുടക്കം അന്വേഷിച്ച് പോയപ്പോഴാണ്. ഇത്തവണ ഫിന്‍സ്റ്റോറി സംസാരിക്കുന്നത് കൊച്ചിന്‍ സ്റ്റോക്ക് എക്സ്ചേഞ്ചിനെ കുറിച്ചാണ്.
1978ല്‍ ആണ് ടിഡി റോഡില്‍ കൊച്ചിന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ച് പ്രവര്‍ത്തനം തുടങ്ങുന്നത്. ആദ്യകാലത്ത് 14 അംഗങ്ങള്‍ അഥവാ ബ്രോക്കര്‍മാര്‍ ആണ് എക്‌സ്‌ചേഞ്ചിന് ഉണ്ടായിരുന്നത്. ലിസ്റ്റ് ചെയ്തിരുന്നതാകട്ടെ അഞ്ചോളം കമ്പനികളും. സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ മെമ്പര്‍ഷിപ്പ് അഥവാ ബ്രക്കിംഗ് ലൈസന്‍സ് കിട്ടാന്‍ 2000 രൂപയായിരുന്നു തുടക്കകാലത്തെ ഫീസ്. ഒരു ക്ലബ് പോലെ ആയിരുന്നു എക്സ്ചേഞ്ചിന്റെ പ്രവര്‍ത്തനം. അതുകൊണ്ട് തന്നെ ഈ ബ്രോക്കിംഗ് ലൈസന്‍സ് എക്സ്ചേഞ്ച് എക്സ്പാന്‍ഡ് ചെയ്യുമ്പള്‍ മാത്രമാണ് നല്‍കിയിരുന്നത്. . എക്സ്ചേഞ്ചിന്റെ പ്രതാപ കാലത്ത് 30-40 ലക്ഷം രൂപയ്ക്ക് വരെ ഈ ലൈസന്‍സ് മറിച്ച് വിറ്റവരുണ്ട്.
അന്നത്തെ നിയമം അനുസരിച്ച് ബോംബെ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്യുന്ന എല്ലാ കമ്പനികളും അതാത് മേഖലകളിലെ പ്രാദേശിക സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കൂടി ലിസ്റ്റ് ചെയ്യണമായിരുന്നു. ഈ ഒരു നിയമം കാരണം സ്വാഭാവികമായും കേരളത്തില്‍ നിന്നുള്ള എല്ലാ കമ്പനികളും കൊച്ചിന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലും ലിസ്റ്റ് ചെയ്യപ്പെട്ടു. ഏകദേശം 500 ബ്രോക്കര്‍മാരും അവരുടെ സഹായികളും ഇടപാടുകാരുമൊക്കെയായി 2500ല്‍ അധികം ആളുകള്‍ ഒരു ദിവസം വ്യാപാരത്തിനെത്തിയിരുന്ന സ്ഥലമായിരുന്നു കൊച്ചിയിലെ ഈ എക്‌സ്‌ചേഞ്ച്. 1997ലെ കണക്കുകള്‍ അനുസരിച്ച് റിലയന്‍സ് അടക്കം ഏകദേശം 240 ഓളം കമ്പനികളാണ് കൊച്ചിയില്‍ ലിസ്റ്റ് ചെയ്തിരുന്നത്.