സംസ്ഥാനത്ത് വീട് ഉയര്‍ത്തല്‍ സജീവം, ബിസിനസ് അവസരമാക്കി മലയാളികളും

''വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടുണ്ടാക്കിയ വീടാണ്, വെള്ളം കയറുമെന്ന് കരുതി പൊളിച്ചു പുതിയത് നിര്‍മിക്കാനുള്ള ശേഷിയില്ല.. എന്തുചെയ്യും?'' പ്രളയത്തിന് ശേഷം മധ്യകേരളത്തിലെ താഴ്ന്ന പ്രദേശങ്ങളിലെ മിക്കവരും ആലോചിച്ച കാര്യമാണിത്. വെള്ളക്കെട്ടില്‍നിന്ന് വീടിനെ സംരക്ഷിക്കണം, അധികം ചെലവഴിക്കാനുമാകില്ല. എന്നാല്‍ അധികം വൈകാതെ തന്നെ ഇതിനുള്ള ഉത്തരവും മലയാളികളെ തേടിയെത്തി. ഹൗസ് ലിഫ്റ്റിംഗ്, അതായത് ജാക്കിവെച്ച് വീട് ഉയര്‍ത്തുക. ആദ്യം കേള്‍ക്കുമ്പോള്‍ ആശങ്കപ്പെടുത്തുന്ന കാര്യമാണെങ്കിലും കഴിഞ്ഞ 3-4 വര്‍ഷത്തിനുള്ളില്‍ ഈ വിദ്യയിലൂടെ കേരളത്തില്‍ മാത്രം ഉയര്‍ത്തിയത് ആയിരത്തിലധികം വീടുകളാണ്. പ്രളയത്തിന് ശേഷം ഏറെ പ്രചാരമായ വീട് ഉയര്‍ത്തുന്ന സംഘങ്ങള്‍ 20 വര്‍ഷങ്ങള്‍ക്ക് മുമ്പേ കേരളത്തിലുണ്ടായിരുന്നുവെന്നതാണ് മറ്റൊരു കൗതുകം, അത് ഏറെ പ്രചാരമായത് പ്രളയാനന്തരവും.

വെള്ളക്കെട്ടുകളില്‍നിന്നുള്ള സംരക്ഷണം മാത്രമല്ല, അടിത്തറ ബലപ്പെടുത്താനും, കെട്ടിടങ്ങളോ വീടുകളോ ചെരിഞ്ഞാല്‍ ഇവ ശരിയായ രീതിയിലാക്കാനും ഈ വിദ്യഉപയോഗിക്കുന്നുണ്ട്. പൊതുവെ, റോഡുകളേക്കാള്‍ താഴ്ന്ന നിലയിലുള്ള വീടുകളാണ് ഈ മാര്‍ഗത്തിലൂടെ കൂടുതലായും ഉയര്‍ത്തുന്നത്.''തൊഴിലാളികള്‍ക്ക് പ്രത്യേക പരിശീലനങ്ങള്‍ നല്‍കിയാണ് ഉപയോഗിക്കുന്നത്. വെള്ളക്കെട്ടുളില്‍നിന്ന് വീടുകളെ സംരക്ഷിക്കുന്നതിന് പുറമെ കൂടുതല്‍ നിലകള്‍ എടുക്കുന്നതിന് ഫൗണ്ടേഷന്‍ ഉറപ്പിക്കാനും ചെരിഞ്ഞ കെട്ടിടങ്ങള്‍ ശരിയായ രീതിയിലാക്കാനും കെട്ടിടങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പരമാവധി ഏഴ് നിലവരെയുള്ള കെട്ടിടങ്ങള്‍ ഇതുവഴി ഉയര്‍ത്താന്‍ സാധിക്കും. സ്‌ക്വയര്‍ ഫീറ്റിന് 250 രൂപയാണ് കൂലിയായി ഈടാക്കുന്നത്.'' വര്‍ഷങ്ങളായി ഹൗസ് ലിസ്റ്റിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ഒപ്റ്റിമോ ഹൗസ് ബില്‍ഡേഴ്‌സിന്റെ ഉടമയായ ആഷിഖ് ഇബ്രാഹിം ധനത്തോട് പറഞ്ഞു. കൂടാതെ, എത്ര പഴകിയ വീടുകള്‍ പോലും ഉയര്‍ത്താന്‍ സാധിക്കുമെന്നും ഇതുവരെ 500 ലധികം വീടുകള്‍ ഉയര്‍ത്തിയതായും ഇതില്‍ 130 വര്‍ഷം പഴക്കമുള്ള വീട് വരെയുണ്ടെന്നും അദ്ദേഹം പറയുന്നു.
നേരത്തെ, വിരളമായിരുന്നെങ്കിലും ഇതരസംസ്ഥാനക്കാരുടെ നേതൃത്വത്തില്‍ തന്നെയായിരുന്നു കേരളത്തില്‍ വീടുകളും കെട്ടിടങ്ങളും ഉയര്‍ത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ ഈ വിദ്യ ബിസിനസ് അവസരമാക്കി മലയാളികളും രംഗത്തെത്തിയിട്ടുണ്ട്. പരിശീലനം നേടിയ തൊഴിലാളികളെ ഹരിയാനയടക്കമുള്ള ഇതരസംസ്ഥാനങ്ങില്‍നിന്ന് കൊണ്ടുവന്നാണ് മലയാളികള്‍ ഹൗസ് ലിഫ്റ്റിംഗ് ബിസിനസുമായി മുന്നോട്ടുപോകുന്നത്.
ഈ രംഗത്ത് കൂടുതല്‍ ആളുകള്‍ കടന്നുവരാന്‍ തുടങ്ങിയതോടെ കെട്ടിടം ഉയര്‍ത്തുന്ന ചെലവും കുറഞ്ഞിട്ടുണ്ട്. ഇത് വീടുകള്‍ ഉയര്‍ത്തുന്നവരുടെ എണ്ണവും വര്‍ധിപ്പിച്ചു. തുടക്കത്തില്‍ ഏതാനും വീടുകള്‍ മാത്രമായിരുന്നു ഉയര്‍ത്തിയിരുന്നെങ്കില്‍ ഒരു വര്‍ഷത്തിനിടെ 20-30 ശതമാനത്തോളം വര്‍ധിച്ചതായാണ് 20 വര്‍ഷങ്ങള്‍ക്ക് മുമ്പേ ഹൗസ് ലിഫ്റ്റിംഗുമായി കേരളത്തിലെത്തിയ ഹരിയാന സ്വദേശിയും ആശിര്‍വാദ് ബില്‍ഡിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റ് കമ്പനിയുടെ ഡയറക്ടറുമായ ശ്യാം കുമാര്‍ പറയുന്നത്. 20 വര്‍ഷങ്ങള്‍ കൊണ്ട് രണ്ടായിരത്തിലധികം വീടുകളാണ് ഉയര്‍ത്തിയതെന്നും അദ്ദേഹം ധനത്തോട് പറഞ്ഞു. പ്രളയത്തിന് ശേഷം മാത്രം നാല് വര്‍ഷം കൊണ്ട് ഏകദേശം ആയിരത്തിലധികം വീടുകള്‍ ആശിര്‍വാദ് ബില്‍ഡിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉയര്‍ത്തിയിട്ടുണ്ട്. ഒരു സ്‌ക്വയര്‍ ഫീറ്റിന് 200 രൂപയാണ് ഈ കമ്പനി ഈടാക്കുന്നത്.
കെട്ടിടം ഉയര്‍ത്തുന്നതിങ്ങനെവീടിന്റെയോ കെട്ടിടത്തിന്റെയോ അടിത്തറയ്ക്കു താഴെ ഓരോന്നായി ഇരുമ്പ് ജാക്ക് വെച്ച് വീട് മുഴുവനായി ജാക്കിക്ക് മുകളിലാക്കി ഒരേ അളവില്‍ ജാക്ക് തിരിച്ച് വീട് ഉയര്‍ത്തിയശേഷം കട്ടകെട്ടി ബലപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ സമയത്ത് ജനാലകളും വാതിലുകളും പൂര്‍ണമായും കട്ട വെച്ച് അടയ്ക്കും. 1500 സ്‌ക്വയര്‍ ഫീറ്റുള്ള വീട് ഉയര്‍ത്താന്‍ 250-350 ജാക്കികളാണ് ആവശ്യമായി വരുന്നത്. 30 ഓഴം തൊഴിലാളികളുടെ പരിശ്രമത്തിലൂടെ ഒന്നരമാസം കൊണ്ട് ഈ പ്രവൃത്തി പൂര്‍ത്തിയാക്കാന്‍ സാധിക്കും. ഇങ്ങനെ ഉയര്‍ത്തുമ്പോള്‍ പ്ലംബിങ്ങോ വയറിങ്ങോ മാറ്റി ചെയ്യേണ്ടിവകരുന്നില്ല.

100 ശതമാനം ഉറപ്പ്
ജാക്കി വെച്ച് വീടുകളും കെട്ടിടങ്ങളും ഉയര്‍ത്തുന്നതിന് 100 ശതമാനം ഗ്യാരണ്ടി ലഭിക്കുന്നുവെന്നതാണ് ഹൗസ് ലിഫ്റ്റിംഗ് വ്യാപകമാകാന്‍ കാരണം. ''വീട് പൂര്‍ണമായും ഇന്‍ഷുറന്‍സ് ചെയ്തതിന് ശേഷം മാത്രം ജോലി ആരംഭിക്കുകയുള്ളൂ. മാത്രമല്ല അതി വിദഗ്ധരായ തൊഴിലാളികളെയാണ് ഉയോഗിക്കുക'' അതേസമയം 2018 ല്‍ പ്രളയം ഏറെ ബാധിച്ച മേഖലകളില്‍ കൂടുതല്‍ വീടുകള്‍ ഉയര്‍ത്തിയിട്ടില്ലെന്നാണ് ഇദ്ദേഹം പറയുന്നത്. ''പ്രളയം ഏറെ ബാധിച്ച ആലുവ പോലുള്ള ഭാഗങ്ങളില്‍ കൂടുതല്‍ വീടുകള്‍ ഉയര്‍ത്തിയിട്ടില്ല. അവിടങ്ങളിലൊക്കെ ഒരു നിലയോളം വെള്ളം ഉയര്‍ന്നിരുന്നു. അത്രത്തോളം ഉയരത്തില്‍ വീട് എത്തിക്കുന്നത് നഷ്ടമായിരിക്കും. അതാണ്, പ്രളയം ഏറെ ബാധിച്ച സ്ഥലങ്ങളില്‍ വീടുകള്‍ ഉയര്‍ത്താന്‍ ആളുകള്‍ താല്‍പ്പര്യപ്പെടാത്തത്'' അദ്ദേഹം പറഞ്ഞു.
മധ്യകേരളത്തിന് പുറമെ മലബാറിലും വീടുകള്‍ ഉയര്‍ത്തുന്നത് വ്യാപകമായിട്ടുണ്ട്. കഴിഞ്ഞവര്‍ഷങ്ങളില്‍ ആശിര്‍വാദ് ബില്‍ഡിംഗ് ആന്റ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഏറ്റവും കൂടുതല്‍ വീടുകള്‍ ഉയര്‍ത്തിയത് കോഴിക്കോടായിരുന്നു. ആലപ്പുഴ, ഇടുക്കി, എറണാകുളം, കോട്ടയം എന്നിവിടങ്ങളിലും വീട് ഉയര്‍ത്തുന്നത് സജീവമാണെന്ന് ഉടമ ആഷിഖ് ഇബ്രാഹിം പറഞ്ഞു.
Ibrahim Badsha
Ibrahim Badsha  

Related Articles

Next Story
Share it