വാങ്ങാനുദ്ദേശിക്കുന്ന സ്ഥലം കരഭൂമിയാണെന്ന് എങ്ങനെ ഉറപ്പാക്കാം?

ചോദ്യം:ഞാന്‍ 15 സെന്റ് സ്ഥലവും വീടും വാങ്ങാന്‍ ആഗ്രഹിക്കുന്നു. കാഴ്ചയില്‍ കരഭൂമിയാണ്. കരഭൂമിയാണ് എന്ന് ഉറപ്പ് വരുത്താന്‍ എന്ത് ചെയ്യണം?

(മാത്യു, കലൂര്‍)

ഉത്തരം:ന്യായവില രജിസ്റ്റര്‍, സെറ്റില്‍മെന്റ് രജിസ്റ്റര്‍, അടിസ്ഥാന നികുതി രജിസ്റ്റര്‍(ബി.ടി.ആര്‍), തണ്ടപ്പേര്‍ രജിസ്റ്റര്‍, ഡാറ്റാ ബാങ്ക് എന്നിവ പരിശോധിച്ച് വാങ്ങാന്‍ ഉദ്ദേശിക്കുന്നത് കരഭൂമിയാണോ എന്ന് ഉറപ്പ് വരുത്താം. അടിസ്ഥാന നികുതി രജിസ്റ്റ(ബി.ടി.ആര്‍)റില്‍ നിലമാണെങ്കില്‍ കരഭൂമിയായി ഉപയോഗിക്കാനുള്ള അനുവാദം ലഭിച്ചിട്ടുണ്ടോയെന്ന് നോക്കണം. വേണമെങ്കില്‍ സാറ്റലൈറ്റ് മാപ്പും പരിശോധിക്കാം.
ഡാറ്റ ബാങ്കിലെ നികത്ത് ഭൂമി എങ്ങനെ പുരയിടമാക്കാം?
ചോദ്യം: ഞാന്‍ 25 വര്‍ഷം മുന്‍പ് 30 സെന്റ് സ്ഥലം തീറാധാര പ്രകാരം വാങ്ങിയിരുന്നു. ആധാരത്തില്‍ സ്ഥലം എന്നാണ് എഴുതിയിരുന്നത്. എല്ലാ വര്‍ഷവും നികുതി അടച്ച് രസീത് കൈപ്പറ്റിയിരുന്നു. അതില്‍ തണ്ടപ്പേര്‍ നമ്പറും, സര്‍വ്വെ നമ്പറും, വിസ്തീര്‍ണ്ണവും, ഉടമയുടെ പേരും, നികുതിയും മാത്രമെ കാണിച്ചിരുന്നുള്ളു. ഈ വര്‍ഷം നികുതി അടച്ചപ്പോള്‍ കമ്പ്യൂട്ടറൈസ്ഡ് രസീതാണ് ലഭിച്ചത്. അതില്‍ നിലം എന്നാണ് കാണിച്ചിരിക്കുന്നത്. ഡാറ്റാ ബാങ്കില്‍ നികത്ത് ഭൂമി എന്നാണ് എഴുതിയിരിക്കുന്നത്. അത് പുരയിടമാക്കി മാറ്റാന്‍ എന്തു ചെയ്യണം?
(ചന്ദ്രമോഹന്‍, പാലാരിവട്ടം)
ഉത്തരം: മൂന്ന് ഘട്ടമായി നികത്ത് ഭൂമി പുരയിടമാക്കി മാറ്റാം. ആദ്യമേ തന്നെ ഡാറ്റാ ബാങ്കില്‍ നിന്ന് ഭൂമി ഒഴിവാക്കാനുള്ള അപേക്ഷ കൃഷി ഓഫീസര്‍ക്ക് കൊടുക്കുക. അതിന് ശേഷം കരഭൂമിയായി ഉപയോഗിക്കാന്‍ റവന്യു ഡിവിഷണല്‍ ഓഫീസില്‍ അപേക്ഷ നല്‍കാം. പിന്നീട് റവന്യു രേഖകളില്‍ പുരയിടമാക്കി മാറ്റാനുള്ള അപേക്ഷയുമായി തഹസില്‍ദാറെ സമീപിക്കുക.
ഡാറ്റ ബാങ്കിലെ തെറ്റ് എങ്ങനെ പരിഹരിക്കാം?
ചോദ്യം: എന്റെ ഭൂമി ഡാറ്റാ ബാങ്കില്‍ തെറ്റായി രേഖപ്പെടുത്തിരിക്കുന്നു. അത് ഒഴിവാക്കാന്‍ അഗ്രിക്കള്‍ച്ചര്‍ ഫീല്‍ഡ് ഓഫീസറെ സമീപിച്ചു. റവന്യു ഡിവിഷണല്‍ ഓഫീസറെ സമീപിക്കാനാണ് അവിടെ നിന്ന് ലഭിച്ച നിര്‍ദേശം. ഏതാണ് ശരിയായ വഴി?
(അഭിലാഷ് കെ. ജെ, കോതമംഗലം)
ഉത്തരം: ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാത്തിടത്ത് ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മറ്റി കണ്‍വീനര്‍ കൂടിയായ കൃഷി ഓഫീസര്‍ക്ക് മാത്രമാണ് അധികാരം. ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിച്ചിടത്ത് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ ചട്ടത്തിന്റെ 4 (6) പ്രകാരം ലോക്കല്‍ ലെവല്‍ മോണിറ്ററിംഗ് കമ്മറ്റി കണ്‍വീനര്‍ കൂടിയായ കൃഷി ഓഫീസര്‍ക്ക് അപേക്ഷ കൊടുക്കാം. ഡാറ്റാബാങ്ക് പ്രിസിദ്ധീകരിച്ചിടത്ത് നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ ചട്ടത്തിന്റെ 4 (4ഡി) പ്രകാരം റവന്യു ഡിവിഷണല്‍ ഓഫീസര്‍ക്ക് അപേക്ഷ കൊടുക്കാം. അപേക്ഷയോടൊപ്പം വില്ലേജില്‍ നിന്ന് ലഭിക്കുന്ന ഫീല്‍ഡ് മെഷര്‍മെന്റ് ബുക്കിന്റെ പകര്‍പ്പും സാറ്റലെറ്റ് മാപ്പിനും റിപ്പോര്‍ട്ടിനുമായി 1,500 രൂപ ഫീസ് ട്രഷറിയില്‍ അടച്ചതിന്റെ രസീതും ഭൂമിയുടെ പ്രമാണം, ഭൂനികുതി അടച്ച രസീത് എന്നിവയുടെ പകര്‍പ്പും സമര്‍പ്പിക്കണം.


(ഹൈക്കോടതിയിലെ അഭിഭാഷകനായ അഡ്വ. അവനീഷ് കോയിക്കര സൈക്കോളജിസ്റ്റും, കോര്‍പ്പറേറ്റ് സ്ട്രാറ്റജിസ്റ്റും, മാസ്റ്റര്‍മൈന്‍ഡ് ട്രെയിനറുമാണ്. ഫോണ്‍: 96334 62465, 90610 62465)


Related Articles

Next Story

Videos

Share it