ഭൂമി ന്യായവില വര്‍ധിപ്പിക്കുന്നത് തിരിച്ചടിയാകും, വരുമാനച്ചോര്‍ച്ചയ്ക്കും കാരണമായേക്കുമെന്ന് വിലയിരുത്തല്‍

വരുമാനം വര്‍ധിപ്പിക്കാന്‍ ഭൂമി ന്യായവില കൂട്ടുമെന്ന ബജറ്റിലെ ധനമന്ത്രിയുടെ പ്രഖ്യാപനം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് തിരിച്ചടിയാകും. വരുമാനം വര്‍ധിപ്പിക്കുന്നതിന് സര്‍ക്കാര്‍ തെരഞ്ഞെടുത്ത ഈ മാര്‍ഗം വരുമാന ചോര്‍ച്ചയ്ക്ക് തന്നെ കാരണമാകുമെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ഭൂനികുതി പരിഷ്‌കരിക്കുന്നതോടൊപ്പം, ഭൂമി ന്യായവില 10 ശതമാനം വര്‍ധിപ്പിക്കുമെന്നാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കിയത്. ''നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ഭൂമി രജിസ്‌ട്രേഷന്‍ നിരക്ക് കേരളത്തിലാണ്.

മറ്റ് സംസ്ഥാനങ്ങള്‍ ഭൂമി ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിന്, ഭൂമി രജിസ്‌ട്രേഷന്‍ നിരക്ക് വര്‍ധിപ്പിച്ചപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇതിനിടയിലാണ് ഭൂമിയുടെ ന്യായവില 10 ശതമാനം വര്‍ധിപ്പിക്കുന്ന പ്രഖ്യാപനം. ഇത് ഭൂമി രജിസ്‌ട്രേഷനുകളുടെ എണ്ണം കുറയ്ക്കും. സര്‍ക്കാരിന്റെ വരുമാനചോര്‍ച്ചയ്ക്ക് തന്നെ കാരണമാകും'' ക്രെഡായ് ഭാരവാഹി രവി ജേക്കബ് ധനത്തോട് പറഞ്ഞു. ഭൂമി ഇടപാടുകള്‍ കുറയുമ്പോള്‍ ഈ മേഖലയിലെ മറ്റ് പ്രവര്‍ത്തനങ്ങളെയും ബാധിക്കും. ന്യായവിലയും ഭൂമി രജിസ്‌ട്രേഷന്‍ നിരക്കും കുറച്ച് ഭൂമി ക്രയവിക്രയം കൂട്ടാനുള്ള തീരുമാനമായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കേണ്ടത് - അദ്ദേഹം പറഞ്ഞു.

ഭൂമി ന്യായവില വര്‍ധനവ് ഭൂമി ക്രയവിക്രയങ്ങളെ സാരമായി ബാധിക്കുമെന്നാണ് സ്മാള്‍ സ്‌കെയില്‍ ബില്‍ഡിംഗ് ഓണേഴ്സ് അസോസിയേഷന്‍ രക്ഷാധികാരിയും ഹോളിലാന്‍ഡ് പില്‍ഗ്രിം സൊസൈറ്റി ചെയര്‍മാനുമായ കോഴിക്കോട്ടെ ഷെവലിയാര്‍ ചാക്കുണ്ണി പറയുന്നത്. കോവിഡ് കാരണം ഏറെ പ്രതിസന്ധി നേരിട്ട മേഖലയാണ് റിയല്‍ എസ്റ്റേറ്റ്. ഭൂമി ഇടപാടുകളില്‍ വലിയ കുറവാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായുള്ളത്. ഭൂമി ന്യായവില വര്‍ധിപ്പിച്ചാല്‍ ഭൂമി ഇടപാടുകള്‍ക്ക് കുത്തനെ കുറയും - അദ്ദേഹം പറഞ്ഞു.

ഗ്രാമം, നഗരം എന്നിവയെ മാനദണ്ഡമാക്കിയാണ് ഭൂമിയുടെ ന്യായവില നിശ്ചയിക്കുന്നത്. എന്നാല്‍, വികസന പ്രവര്‍ത്തനങ്ങള്‍ എവിടെയാണോ, അതിനെ അടിസ്ഥാനമാക്കിയാണ് ഭൂമിയുടെ വില ഉയരുന്നതും കുറയുന്നതും. ഉദാഹരണത്തിന് ഒരു ഗ്രാമപ്രദേശത്ത് കൂടി ദേശീയപാത കടന്നുപോകുന്നുണ്ടെങ്കില്‍ അതിന്റെ സമീപ പ്രദേശങ്ങളില്‍ ഭൂമി വില ഉയരും. നഗരങ്ങളില്‍ വഴികളില്ലാത്ത സ്ഥലങ്ങളിലെ വില കുറയും. ഭൂമി ന്യായവില നിശ്ചയിക്കുന്ന മാനദണ്ഡം തന്നെ തെറ്റാണ്. ഇത് സംസ്ഥാന സര്‍ക്കാര്‍ മനസിലാക്കുന്നില്ലെന്നും ചാക്കുണ്ണി പറഞ്ഞു.

ഭൂമിയുടെ ന്യായവില വര്‍ധിപ്പിക്കുന്നതിലൂടെ 200 കോടി രൂപയുടെ അധിക വരുമാനം നേടാനാകുമെന്നാണ് ധനമന്ത്രി ബജറ്റ് അവതരണത്തില്‍ പറഞ്ഞത്. എന്നാല്‍, ഇത് ഭൂമി രജിസ്‌ട്രേഷന്‍ കുറയ്ക്കുമെന്നും അതുവഴി സംസ്ഥാനത്തിന്റെ വരുമാന ചോര്‍ച്ചയ്ക്ക് കാരണമാകുമെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.

Related Articles
Next Story
Videos
Share it