പ്രൊജക്റ്റ് മോണിറ്ററിംഗ് ശക്തിപ്പെടുത്തി കെ - റെറ: മികവുറ്റ പ്രവര്‍ത്തനവുമായി അഞ്ചാം വര്‍ഷത്തിലേക്ക്
കേരള റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ) കേരളത്തില്‍ വ്യവസ്ഥാപിതമായിട്ട് നാല് വര്‍ഷം പിന്നിട്ടിരിക്കുന്നു. 482 വിവിധ പ്രൊമോട്ടര്‍മാരിലൂടെ ഇതിനകം 1220 റിയല്‍ എസ്റ്റേറ്റ് പദ്ധതികളാണ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ 612 എണ്ണം പുതിയ പദ്ധതികളും 608 എണ്ണം നിലവില്‍ നടക്കുന്ന പദ്ധതികളുമാണ് (471 പദ്ധതികള്‍ പൂര്‍ത്തിയായി).
604 ഏജന്റുമാരാണ് അതോറിറ്റിയില്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തത്. 1760 പരാതികള്‍ രജിസ്റ്റര്‍ ചെയ്തതില്‍ 1447 എണ്ണം തീര്‍പ്പാക്കുകയും ചെയ്തു. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയെ നിയന്ത്രിക്കുന്ന സ്റ്റാറ്റിയൂട്ടറി ബോഡി എന്ന നിലയില്‍ അഭിമാനിക്കാനാവുന്ന നേട്ടമാണ് അതോറിറ്റി ഈ ചുരുങ്ങിയ കാലയളവില്‍ സ്വന്തമാക്കിയിട്ടുള്ളത്.
കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ രജിസ്റ്റര്‍ ചെയ്യിപ്പിക്കുന്നതിനോടൊപ്പം അവ കൃത്യമായി നിരീക്ഷിക്കുന്നു എന്നതാണ് സുതാര്യതയുടെ പ്രധാന ചുവടുവെയ്പായി കെ-റെറ കണക്കാക്കുന്നത്. രജിസ്‌ട്രേഷന്‍ കാലാവധി കഴിഞ്ഞിട്ടും പുതുക്കാതെ, അലോട്ടികളോടുള്ള ഉത്തരവാദിത്തം നിറവേറ്റാതെയിരിക്കുന്ന പ്രൊമോട്ടര്‍മാര്‍ക്ക് നോട്ടീസ് അയച്ച്, രജിസ്‌ട്രേഷന്‍ പുതുക്കാന്‍ അതാതു സമയങ്ങളില്‍ റെറ ആവശ്യപ്പെടുന്നുണ്ട്. ക്വാര്‍ട്ടര്‍ലി പ്രോഗ്രസ് റിപ്പോര്‍ട്ട് കൃത്യമായി സമര്‍പ്പിക്കാത്ത പ്രൊമോട്ടര്‍മാര്‍ക്ക് ഇക്കഴിഞ്ഞ രണ്ട് ക്വാര്‍ട്ടറുകളിലും പിഴയീടാക്കി.
ആര്‍ക്കിടെക്ട്‌സ് സര്‍ട്ടിഫിക്കറ്റ്, സാമ്പത്തിക കണക്കുകളുടെ വാര്‍ഷിക റിപ്പോര്‍ട്ട് എന്നിവ സമര്‍പ്പിക്കുന്നതില്‍ ആരൊക്കെ വീഴ്ച വരുത്തുന്നു എന്ന് ഞങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. റെറ രജിസ്‌ട്രേഷന്‍ നമ്പര്‍ പരസ്യത്തില്‍ കാണിക്കാത്ത ഒരുപാട് പേര്‍ക്ക് നോട്ടീസ് കൊടുക്കുകയും തിരുത്താത്തവര്‍ക്ക് പിഴയീടാക്കുകയും ചെയ്യുന്നുണ്ട്. ഏതു മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുന്ന പരസ്യമായാലും അവയിലെല്ലാം പ്രൊജക്റ്റിന്റെ വിശദാംശങ്ങളിലേക്ക് നയിക്കുന്ന ക്യൂആര്‍ കോഡ് പ്രദര്‍ശിപ്പിക്കണമെന്ന് നിര്‍ബന്ധമാണ്.
ഇപ്പോഴും കെ-റെറ അതിന്റെ പ്രധാന സ്റ്റേക്ക്ഹോള്‍ഡര്‍മാരായ പ്രൊമോട്ടര്‍മാര്‍, ഉപഭോക്താക്കള്‍, ഏജന്റുമാര്‍ എന്നിവരെ ബോധവല്‍ക്കരിക്കുന്നുണ്ട്. അതിന്റെ ഫലമായി പാര്‍പ്പിട വാണിജ്യ വ്യവസായ ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള കൂടുതല്‍ റിയല്‍ എസ്റ്റേറ്റ് പദ്ധതികള്‍ അതോറിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നു. പോസ്റ്റ് രജിസ്‌ട്രേഷന്‍ റെറ കംപ്ലയന്‍സിനെക്കുറിച്ചും കെ-റെറ പ്രൊമോട്ടര്‍മാര്‍ക്ക് നിരന്തരം അവബോധം നല്‍കിക്കൊണ്ടിരിക്കുന്നുണ്ട്.
പ്ലോട്ട് രജിസ്ട്രേഷനുകള്‍ വര്‍ധിച്ചു
വലിയ ഒരു ഭൂമി ചെറു പ്ലോട്ടുകളാക്കി വിഭജിച്ച് വാസയോഗ്യമായ പ്ലോട്ടുകളാക്കി വില്‍ക്കുന്നത് റെറയില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതായ റിയല്‍ എസ്റ്റേറ്റ് പദ്ധതിയാണ്. കെ-റെറയുടെ തുടക്കകാലത്ത് ഫ്ളാറ്റുകളും വില്ലകളും മാത്രമായിരുന്നു കൂടുതലും രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് പ്ലോട്ട് പദ്ധതികളുടെ രജിസ്ട്രേഷന്‍ മുന്‍ വര്‍ഷങ്ങളിലേതിനേക്കാള്‍ വര്‍ധിച്ചു എന്നു കാണാം. 2022ല്‍ ഏഴ് പ്ലോട്ട് പദ്ധതികള്‍ മാത്രം രജിസ്റ്റര്‍ ചെയ്തപ്പോള്‍ 2023ല്‍ 24 പ്ലോട്ട് പദ്ധതികളാണ് രജിസ്റ്റര്‍ ചെയ്തത്.
രജിസ്റ്റര്‍ ചെയ്യാത്ത പ്ലോട്ട് പദ്ധതികള്‍ കേന്ദ്രീകരിച്ച് കെ-റെറ നടത്തിയ വിശദമായ ഔദ്യോഗിക പരിശോധനകളും അതിനെത്തുടര്‍ന്ന് നിരവധി പദ്ധതികള്‍ക്ക് അയച്ചിട്ടുള്ള കാരണം കാണിക്കല്‍ നോട്ടീസുകളും പ്ലോട്ട് പദ്ധതികളുടെ രജിസ്ട്രേഷന്‍ വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്.
ഫ്ളാറ്റുകളുടെയും വില്ലകളുടെയും ആധാര രജിസ്ട്രേഷന്‍ സമയത്ത് ആധാരത്തോടൊപ്പം പദ്ധതികളുടെ റെറ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പും റെറ നിഷ്‌കര്‍ഷിക്കുന്ന രജിസ്റ്റേര്‍ഡ് എഗ്രിമെന്റ് ഫോര്‍ സെയിലിന്റെ പകര്‍പ്പും ഹാജരാക്കണമെന്ന് ഈയിടെ ഉത്തരവിറങ്ങിയിരുന്നു.
പരാതി പരിഹാരം
കാലതാമസം നേരിടാതെയുള്ള പരാതി പരിഹാര സംവിധാനമാണ് കെ-റെറയുടെ പ്രത്യേകത. രജിസ്റ്റര്‍ ചെയ്തിട്ടുള്ള ആകെ പരാതികളുടെ 82 ശതമാനവും തീര്‍പ്പാക്കാന്‍ കഴിഞ്ഞു എന്നത് മേല്‍പ്പറഞ്ഞതിന് തെളിവാണ്. മറ്റ് സംസ്ഥാനങ്ങളിലെ റെഗുലേറ്ററി അതോറിറ്റികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇതൊരു മികച്ച നിരക്കു തന്നെയാണ്.
കേരള റിയല്‍ എസ്റ്റേറ്റ് റെഗുലറ്ററി അതോറിറ്റിയുടെ (കെ-റെറ) പബ്ലിക് റിലേഷന്‍സ് കണ്‍സള്‍ട്ടന്റാണ് ലേഖകന്‍
(ജൂലൈ 15 ലക്കം ധനം മാഗസിനില്‍ പ്രസിദ്ധീകരിച്ചത്)