ഫ്‌ളാറ്റിനുള്ളില്‍ വേണം ഒരു ചെറു ഓഫീസ്, വീട് വാങ്ങുന്നവരുടെ താല്‍പ്പര്യം മാറുന്നു

കോവിഡിന് ശേഷം എല്ലാ മേഖലകളിലും മാറ്റങ്ങള്‍ അടിമുടിയാണ്. കൊറോണ വ്യാപനത്തിനുശേഷം ഉപഭോക്താക്കളുടെ അഭിരുചികളും ആവശ്യങ്ങളും വ്യത്യാസപ്പെട്ടിരിക്കുന്നതായി കേരളത്തിലെ റിയല്‍ എസ്‌റ്റേറ്റ് രംഗത്തുള്ളവരും പറയുന്നു. കുറഞ്ഞ ഭവനവായ്പ പലിശ നിരക്ക് ഫഌറ്റ് വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ മടിച്ചുനില്‍ക്കാതെ വിപണിയിലെത്തിക്കാന്‍ ഇപ്പോള്‍ പ്രേരിപ്പിക്കുന്നുണ്ട്. പുതുതായി ഫഌറ്റ് വാങ്ങാന്‍ മുന്നോട്ട് വരുന്നവരുടെ താല്‍പ്പര്യങ്ങളില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നാണ് ഭവന നിര്‍മാതാക്കള്‍ നല്‍കുന്ന സൂചന. സാധാരണ ഇന്റീരിയറുകളെക്കാള്‍ ഓഫീസ് സ്‌പേസും 'റിലാക്‌സിംഗ് സ്‌പേസും' ഉള്‍പ്പെടുന്ന വീടിനും ഫഌറ്റിനും ഡിമാന്‍ഡ് വര്‍ധിച്ചു.

'ഓഫീസ് ഇന്‍ ഫ്‌ളാറ്റ്
വര്‍ക്ക് ഫ്രം ഹോം കടന്നുവന്നതാണ് ഈ ട്രെന്‍ഡ് മാറ്റത്തിനും വഴിവെച്ചത്. പല കമ്പനികളും ജീവനക്കാര്‍ക്ക് സ്ഥിരമായും അല്ലാതെയും ഈ സൗകര്യം അനുവദിച്ചിട്ടുമുണ്ട്. അതിനായുള്ള സ്‌പേസ് കൂടെ ഉള്‍പ്പെടുത്തിക്കൊണ്ടാണ് പലരും പുതിയ അപ്പാര്‍ട്ടുകളും സ്വന്തമാക്കുന്നത്. 2 ബിഎച്ച്‌കെ ആവശ്യമായുള്ള കുടുംബങ്ങള്‍ പോലും രണ്ടര ബിഎച്ച്‌കെ (രണ്ട് ബെഡ്‌റൂം+ ഓഫീസ് സ്‌പേസ്, ലിവിംഗ് ഏരിയ, കിച്ചന്‍ ) എന്ന ആവശ്യവുമായി മുന്നോട്ടുവരികയാണ്. ഓഫീസ് ആവശ്യങ്ങള്‍ക്കായി മാത്രമായി ഉപയോഗിക്കാവുന്ന ഒരു സ്‌പേസ് ആണ് പലരും ആവശ്യപ്പെടുന്നതെന്ന് അസറ്റ് ഹോംസ് മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ കുമാര്‍ ചൂണ്ടിക്കാട്ടുന്നു.
പോക്കറ്റിനിണങ്ങുന്നത് മാത്രമല്ല ഘടകം
മുന്‍പ് ഫ്‌ളാറ്റും അപ്പാര്‍ട്ട്‌മെന്റുകളും തെരഞ്ഞെടുക്കുന്നതിലെ മാനദണ്ഡത്തില്‍ മുന്നില്‍ നിന്നത് ബജറ്റ് ആയിരുന്നുവെങ്കില്‍ ഇന്നത് ഫ്‌ളാറ്റിന്റെ ഗുണമേന്മ, ഏരിയ, ബ്രാന്‍ഡിന്റെ വിശ്വാസ്യത, വായ്പാ ലഭ്യത തുടങ്ങിയവയിലേക്കൊക്കെ മാറിയിരിക്കുന്നുവെന്ന് വീഗാലാന്‍ഡ് ഹോംസ് ചീഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ കുര്യന്‍ തോമസ് വ്യക്തമാക്കുന്നു. മികച്ച ഉപഭോക്തൃസേവനം കൂടി കണക്കിലെടുത്താണ് ആളുകള്‍ ബ്രാന്‍ഡുകള്‍ തെരഞ്ഞെടുക്കുന്നത്. കൂടാതെ സുരക്ഷിതത്വം, മികച്ച കണക്റ്റിവിറ്റി, നിര്‍മാണ സാമഗ്രികളുടെ ഗുണമേന്മ തുടങ്ങിയവയില്‍ പോലും അതീവ ശ്രദ്ധ കാണാം. നിക്ഷേപമെന്ന നിലയില്‍ ഫ്‌ളാറ്റ് വാങ്ങുന്നവരെക്കാള്‍ താമസിക്കാന്‍ വേണ്ടി ഫ്‌ളാറ്റ് സ്വന്തമാക്കുന്ന ഉപഭോക്താക്കളെയാണ് കൊറോണയ്ക്ക് ശേഷം കൂടുതല്‍ കാണുന്നതെന്നും കുര്യന്‍ തോമസ് പറയുന്നു.

റെറ വന്നതോട് കൂടി ഫഌറ്റ് വാങ്ങുന്നതിലെ നിയമ വശങ്ങളെക്കുറിച്ച് ജനങ്ങള്‍ ഏറെ ശ്രദ്ധാലുക്കളായിട്ടുണ്ടെന്ന് വര്‍മ ഹോംസ് മാനേജിംഗ് ഡയറക്റ്റര്‍ അനില്‍ വര്‍മ ചൂണ്ടിക്കാട്ടുന്നു. വിദേശത്തു നിന്നും മറ്റ് നഗരങ്ങളില്‍ നിന്നും വര്‍ക്ക് ഫ്രം ഹോം ആയും ജോലി ഉപേക്ഷിച്ചും നാട്ടിലേക്ക് വരുന്നവരുടെ എണ്ണം കൂടിയപ്പോള്‍ 3 ബിഎച്ച്‌കെ ഫ്‌ളാറ്റുകള്‍ക്കും ഡിമാന്‍ഡ് കൂടിയിട്ടുണ്ട്. വിദേശരാജ്യങ്ങളിലും മറ്റും ലഭ്യമായ സൗകര്യങ്ങളാണ് ഉപഭോക്താക്കള്‍ ഇവിടെയും പ്രതീക്ഷിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

നിര്‍മാണ സാമഗ്രികളുടെ വില ഉയരുന്നതിനാലും ജിഎസ്ടിയുടെ ഇന്‍പുട്ട് ക്രെഡിറ്റ് എടുത്തു കളഞ്ഞതും ഫ്‌ളാറ്റുകള്‍ക്ക് 15 മുതല്‍ 18 ശതമാനം വരെ വില ഉയരാനുള്ള സാധ്യത കൂട്ടുന്നു. ഈ വസ്തുത ഉപഭോക്താക്കളും തിരിച്ചറിയുന്നുണ്ട്.
ആര്‍കിടെക്ചറില്‍ ശ്രദ്ധ
കോവിഡിന് മുമ്പത്തെക്കാള്‍ ആര്‍കിടെക്ചറിന് ഇപ്പോള്‍ കുറച്ച് കൂടുതല്‍ ശ്രദ്ധ നല്‍കാന്‍ തുടങ്ങിയതായി അദൈ്വത് ശ്രീദേവ് ആര്‍കിടെക്റ്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ ബില്‍ഡേഴ്‌സിലെ പ്രിന്‍സിപ്പല്‍ ആര്‍കിടെക്റ്റ് ആയ എആര്‍ അദൈ്വത് ശ്രീദേവ് പറയുന്നു. പ്ലാനിംഗ് മുതല്‍ ഇന്റീരിയറിന്റെ അവസാന തലം വരെ ഉപഭോക്താക്കള്‍ ഇടപെടാന്‍ തുടങ്ങിയിട്ടുണ്ടെന്നതും പുതിയ മാറ്റമാണെന്ന് അദ്ദേഹം പറയുന്നു.

മിനിമലിസ്റ്റിക് ഡിസൈനില്‍ വീടും ഒപ്പം ഓഫീസ് സ്‌പേസും ബജറ്റില്‍ നിന്നുകൊണ്ട് എങ്ങനെ പൂര്‍ത്തിയാക്കാം എന്നാണ് പലരും ശ്രദ്ധിക്കുന്നതെന്നും അദൈ്വത് പറയുന്നു.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles
Next Story
Videos
Share it