ആഭ്യന്തര വിപണിയില്‍ ആവശ്യക്കാരേറുന്നു, മാറ്റങ്ങളില്‍ ഉയര്‍ന്ന് സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖല

പുതുതായി പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്ന യുവാക്കളുടെ പ്രതിനിധ്യം ഉയര്‍ന്നതായും ഈ രംഗത്തുള്ളവര്‍ പറയുന്നു

സംസ്ഥാനത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തനുണര്‍വേകി ആഭ്യന്തര ഉപഭോക്താക്കാള്‍. ഒരു കാലത്ത് വിദേശ ഇന്ത്യക്കാരായിരുന്നു സംസ്ഥാനത്ത് വീടുകളും ഫ്‌ളാറ്റുകളും വാങ്ങാന്‍ മുന്‍നിരയിലുണ്ടായിരുന്നതെങ്കില്‍ ഇന്ന് ഇവരുടെ പങ്കാളിത്തം കുത്തനെ കുറഞ്ഞു. സംസ്ഥാനത്ത് പ്രത്യേകിച്ച് തിരുവനന്തപുരത്താണ് പുതുതായി ഫ്‌ളാറ്റ് വാങ്ങുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ന്നത്. നേരത്തെ, മുതിര്‍ന്നവരായിരുന്നു ഫ്‌ളാറ്റുകളും വീടുകളും സ്വന്തമാക്കുന്നതില്‍ മുന്‍നിരയിലുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 35-50 വയസിന് ഇടയില്‍ പ്രായമുള്ളവരാണ് പ്രോപ്പര്‍ട്ടികള്‍ വാങ്ങുന്നതെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. ഇവിടങ്ങളില്‍ ഐടി കമ്പനികളും മറ്റും കൂടുതലായി എത്തുന്നതും മികച്ച ശമ്പളത്തോടെയുള്ള ജോലികള്‍ ലഭിക്കുന്നതുമാണ് റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ ഈ മാറ്റത്തിന് കാരണം.

''വര്‍ഷങ്ങള്‍ക്ക് മുമ്പ് പുതുതായി വീട്, ഫ്‌ളാറ്റ് എന്നിവ വാങ്ങുന്നവരില്‍ 90 ശതമാനവും വിദേശ ഇന്ത്യക്കാരായിരുന്നു. വെറും 10 ശതമാനം മാത്രമായിരുന്നു നാട്ടില്‍ തന്നെ താമസിക്കുന്നവരുടെ പങ്കാളിത്തം. എന്നാല്‍ ഇപ്പോള്‍ പുതുതായി വീടും ഫ്‌ളാറ്റും വാങ്ങുന്നവരില്‍ 70 ശതമാനമാണ് നാട്ടിലുള്ളവരുടെ പങ്കാളിത്തം'' എസ്‌ഐ പ്രോപ്പര്‍ട്ടീസ് മാനേജിംഗ് ജയറക്ടറും ക്രെഡായ് കണ്‍വീനിയന്റ് ജനറലുമായ രഘുചന്ദ്രന്‍ നായര്‍ ധനത്തോട് പറഞ്ഞു.
നിലവില്‍ തിരുവനന്തപുരത്തെ റിയല്‍ എസ്റ്റേറ്റ് വിപണി മികച്ച മുന്നോട്ടുപോകുന്നത്. കൂടുതല്‍ വികസനം വരുന്നതോടെ ഈ മേഖല ഇനിയും വളരും. കോവിഡിന് മുമ്പുള്ളതിനേക്കാള്‍ 15-25 ശതമാനം വളര്‍ച്ച തിരുവനന്തപുരത്തെ റിയല്‍ എസ്റ്റേറ്റ് രംഗത്ത് ഇപ്പോഴുണ്ട് - തിരുവനന്തപുരത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയുടെ വളര്‍ച്ചയെ കുറിച്ച് രഘുചന്ദ്രന്‍ നായര്‍ ചൂണ്ടിക്കാട്ടി.
ആവശ്യക്കാരുടെ ഇഷ്ടങ്ങള്‍ക്കനുസരിച്ച് സൗകര്യങ്ങളോട് കൂടി, സ്‌ക്വയര്‍ഫീറ്റിന് 3500-13,000 രൂപ വരെയുള്ള ഫ്‌ളാറ്റുകളാണ് തിരുവനന്തപുരത്തുള്ളത്. ഇതില്‍ തന്നെ പ്രീമിയം സെഗ്മെന്റിന് ആവശ്യക്കാരും ഏറെയുണ്ട്. കൊച്ചിയുമായി താരതമ്യം ചെയ്യുമ്പോള്‍ തിരുവനന്തപുരത്ത് മികച്ച ഡിമാന്റാണെന്ന് അദ്ദേഹം പറയുന്നു. ''തിരുവനന്തപുരത്ത് ലഭ്യത കുറവാണ്, പക്ഷേ ഡിമാന്റ് കുത്തനെ ഉയര്‍ന്നു. എന്നാല്‍ കൊച്ചിയില്‍ ആവശ്യക്കാരുണ്ടെങ്കിലും പ്രോപ്പര്‍ട്ടികള്‍ക്ക് ക്ഷാമമില്ല'' രഘുചന്ദ്രന്‍ നായര്‍ പറയുന്നു.
ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിച്ചു
റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിയുടെ വരവോടെ ഉപഭോക്താക്കളുടെ ആത്മവിശ്വാസം വര്‍ധിച്ചതായാണ് രഘുചന്ദ്രന്‍ നായര്‍ പറയുന്നത്. ''നേരത്തെ ആര്‍ക്കുവേണമെങ്കിലും നിര്‍മിച്ച് വില്‍ക്കാമെന്ന രീതിയായിരുന്നു. ഇതുവഴി പലരും കബളിക്കപ്പെട്ടു. എന്നാല്‍ റെറയുടെ വരവോടെ പുതിയ പ്രോപ്പര്‍ട്ടി ലോഞ്ച് ചെയ്യണമെങ്കില്‍ രജിസ്‌ട്രേഷന്‍ വേണം. ഇത് ഉപഭോക്താക്കളുടെ ആത്മവിശ്വാസമാണ് വര്‍ധിപ്പിച്ചത്. ഇത് ഈ രംഗത്തിന് പ്രചോദനമായിട്ടുണ്ട്'' അദ്ദേഹം പറഞ്ഞു.
ഇതിന്റെ ഫലമായി വാങ്ങിക്കുന്നവരുടെ ആത്മവിശ്വാസം വര്‍ധിച്ചതോടൊപ്പം ബാങ്കുകള്‍ കൂടുതലായി വായ്പകളും അനുവദിച്ച് തുടങ്ങിയതായും രഘുചന്ദ്രന്‍ നായര്‍ പറഞ്ഞു.


Related Articles
Next Story
Videos
Share it