Begin typing your search above and press return to search.
ഇറക്കുമതി തീരുവ കുറയ്ക്കല്‍; റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ആശ്വാസമോ?
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില (Fuel Price) കുറച്ചതിന്റെ ചെറിയൊരു ആശ്വാസത്തിലാണ് എല്ലാവരും. എന്നാല്‍ അതോടൊപ്പം തന്നെ കേന്ദ്രം നടത്തിയ ഇറക്കുമതി തീരുവ കുറയ്ക്കല്‍ പ്രഖ്യാപനം റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് പുത്തനുണര്‍വേകുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്. കമ്പി, സ്റ്റീല്‍ എന്നിവയുടെ അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറയ്ക്കുന്നതോടൊപ്പം കയറ്റുമതി തീരുവ കൂട്ടുകയും ചെയ്യുമെന്ന പ്രഖ്യാപനമായിരുന്നു ധനമന്ത്രി നടത്തിയത്. ഇത് ആഭ്യന്തര വിപണിയില്‍ സ്റ്റീല്‍ ലഭ്യത വര്‍ധിപ്പിക്കാനും ഇതുവഴി സ്റ്റീല്‍ ഉല്‍പ്പന്നങ്ങളുടെ വില കുറയുമെന്നുമാണ് വിലയിരുത്തപ്പെടുന്നത്.
നിലവില്‍ കോവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലകപ്പെട്ട റിയല്‍ എസ്റ്റേറ്റ് (Real Estate) മേഖല തിരിച്ചുവരവിന്റെ പാതയിലാണ്. ഇതിനിടെ റഷ്യ-യുക്രെയ്ന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടതോടെ സ്റ്റീല്‍ അടക്കമുള്ള നിര്‍മാണ വസ്തുക്കളുടെ വില കുത്തനെ വര്‍ധിച്ചത് ഈ മേഖലയ്ക്ക് തിരിച്ചടിയായിട്ടുണ്ട്. സ്റ്റീല്‍, സിമന്റ് എന്നിവയുടെ ഇന്‍പുട്ട് ചെലവ് അടുത്ത കാലത്ത് 40-45 ശതമാനം വരെയാണ് വര്‍ധിച്ചത്. ഈ സാഹചര്യത്തില്‍ ഇറക്കുമതി തീരുവ കുറയ്ക്കുന്നത് ഈ രംഗത്ത് ആശ്വാസകരമാകും.
ഇരുമ്പയിര്, സ്റ്റീല്‍ ഇന്റര്‍മീഡിയറ്റുകള്‍ എന്നിവയുടെ ഇറക്കുമതി തീരുവ കുറച്ചത് ആഭ്യന്തരമായി അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത വര്‍ധിപ്പിക്കുമെന്നും വിലക്കയറ്റം തടയാന്‍ സഹായിക്കുമെന്നും ഉപഭോക്തൃ വികാരം ശക്തിപ്പെടുത്തുമെന്നും റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ പറയുന്നു.
''സ്റ്റീലിന്റെയും കമ്പിയുടെയും അസംസ്‌കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ കുറച്ച് കയറ്റുമതി തീരുവ വര്‍ധിച്ചപ്പിച്ചത് റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് നേരിയ ആശ്വാസമുണ്ടാക്കും. നിര്‍മാണച്ചെലവ് കുറയുമെന്നതിനാല്‍ ഉപഭോക്താക്കള്‍ക്ക് നല്ല ഡിസ്‌കൗണ്ടുകളും നല്‍കാന്‍ സാധിക്കും'' ക്രെഡായ് (The Confederation of Real Estate Developers' Associations of India) സംസ്ഥാന പ്രസിഡന്റ് രവി ജേക്കബ് ധനത്തോട് പറഞ്ഞു.
സംസ്ഥാനത്ത് നിര്‍മാണച്ചെലവ് വര്‍ധിച്ചതോടെ വീടുകളുടെ വിലയും കുത്തനെ ഉയര്‍ന്നിരുന്നു. നേരത്തെ 50-80 ലക്ഷമായിരുന്നു ഇടത്തരം വീടുകളുടെ വിലയെങ്കില്‍ ഇപ്പോള്‍ അത് 60 ലക്ഷം - ഒരു കോടി വരെയാണ് ഉയര്‍ന്നത്. ''കേന്ദ്രത്തിന്റെ ഈ നടപടി റിയല്‍ എസ്റ്റേറ്റ് രംഗത്തിന് അനുകൂലമായിരിക്കും. ഇത് ചെറിയ തോതില്‍ വില്‍പ്പന വര്‍ധിക്കാന്‍ സഹായമാകും'' രവി ജേക്കബ് പറഞ്ഞു.
കൂടാതെ, മെച്ചപ്പെട്ട ലോജിസ്റ്റിക്‌സിലൂടെ സിമന്റിന്റെ വില കുറയ്ക്കുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ട്വീറ്റിലൂടെ അറിയിച്ചിരുന്നു.
Next Story