'സജീവന്റെ ആത്മഹത്യ കണ്ണുതുറപ്പിക്കുമോ?' ഭൂമി തരം മാറ്റത്തിന് കാത്തുകിടക്കുന്നത് ഒരുലക്ഷത്തിലേറെ അപേക്ഷകള്‍

കേരളത്തില്‍ ഭൂമിതരംമാറ്റത്തില്‍ തീരുമാനമാകാതെ നിലയില്ലാക്കയത്തിലാകുന്ന ജീവിതങ്ങള്‍ തുടര്‍ക്കഥയാകുകയാണ്. റവന്യൂ വകുപ്പിന്റെ അനാസ്ഥ മൂലം ഭൂമി തരംമാറ്റി ലഭിക്കാത്തതില്‍ മനംനൊന്ത് മത്സ്യത്തൊഴിലാളി ആത്മഹത്യ ചെയ്ത സംഭവത്തില്‍ അന്വേണത്തിന് ഉത്തരവിട്ടിരിക്കുകയാണ്. ആകെയുള്ള നാല് സെന്റ് ഭൂമി തരംമാറ്റി കിട്ടുന്നതിനായി വില്ലേജ് ഓഫീസ് മുതല്‍ ആര്‍ഡിഒ ഓഫീസ് വരെ ഒന്നര വര്‍ഷം കയറിയിറങ്ങിയിട്ടും തരംമാറ്റി കിട്ടാത്തതില്‍ മനംനൊന്താണ് ആത്മഹത്യയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

മരിച്ച സജീവന്‍ എന്നയാളുടെ മൃതദേഹത്തിന്റെ വസ്ത്രത്തിലുണ്ടായിരുന്ന കത്തിലും ഇത്തരത്തില്‍ പരാമര്‍ശമുണ്ടായിരുന്നു. സ്വകാര്യ ചിട്ടി കമ്പനിയില്‍ വീടിന്റെ ആധാരം പണയപ്പെടുത്തി പണം എടുത്തിരുന്നു. അവിടത്തെ കാലാവധി കഴിയാറായപ്പോള്‍ വായ്പയ്ക്ക് മറ്റൊരു ബാങ്കില്‍ അപേക്ഷിക്കാന്‍ തീരുമാനിച്ചു.
പലരില്‍ നിന്നും കടം വാങ്ങി ചിട്ടി കമ്പനിയില്‍ അടച്ച് ആധാരം തിരികെ വാങ്ങി. ആധാരം ബാങ്കില്‍ പണയത്തിനായി നല്‍കിയപ്പോഴാണ് ഡേറ്റാ ബാങ്കില്‍ നാല് സെന്റ് നിലമായാണ് കിടക്കുന്നതെന്നു കണ്ടത്. നിലം പുരയിടമാക്കി കിട്ടാന്‍ മൂത്തകുന്നം വില്ലേജ് ഓഫീസ് മുതല്‍ പറവൂര്‍ താലൂക്ക് ഓഫീസും ഫോര്‍ട്ട്‌കൊച്ചി ആര്‍ഡിഒ. ഓഫീസും പലവട്ടം കയറിയിറങ്ങി. ഇത് കേരളത്തില്‍ ആദ്യ സംഭവമല്ല. ഭൂമി തരംമാറ്റത്തിന് കാത്തുകിടക്കുന്നത് നിരവധി അപേക്ഷകളാണ്.
'മേപ്പടിയാന്‍'മാരുടെ കേരളം
ഒരു മെക്കാനിക് ഷോപ്പ് നടത്തി ജീവിക്കുന്ന സാധാരണക്കാരനായ ജയകൃഷ്ണന്റെ കഥ പറഞ്ഞ വിഷ്ണുമോഹന്‍ സംവിധാനം ചെയ്ത മേപ്പടിയാന്‍ എന്ന സിനിമ കൈകാര്യം ചെയ്തത് കേരളത്തിലെ ഭൂമികൈമാറ്റവും അനുബന്ധമായി അനുഭവിക്കേണ്ടി വരുന്ന തലവേദനകളുമാണെന്ന് തന്നെ പറയാം. ചിത്രത്തില്‍ ഉണ്ണിമുകുന്ദന്‍ അവതരിപ്പിക്കുന്ന ജയകൃഷ്ണന്‍ കഥാവസാനം വരെ പോരാടുന്നത് സാധാരണക്കാരന്റെ നീതിക്കു വേണ്ടിയാണ്. സ്വന്തം ഭൂമി വില്‍ക്കാനോ പണയം വയ്ക്കാനോ കഴിയാതെ പെട്ടുപോകുന്ന നിരവധി സാധാരണക്കാരുടെ പ്രശ്‌നങ്ങളിലേക്കാണ് സിനിമ വെളിച്ചം വീശുന്നത്.
നമ്മുടെ സര്‍ക്കാര്‍ സംവിധാനങ്ങളിലെ കെടുകാര്യസ്ഥതയും അഴിമതിയുമെല്ലാം ചിത്രത്തില്‍ വിഷയമാകുന്നുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങിയിട്ടുള്ളവര്‍ക്കെല്ലാം ചിത്രം വളരെയേറെ റിലേറ്റ് ചെയ്യാന്‍ സാധിക്കും. ദൈനംദിന ജീവിതത്തില്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നുള്ള നടപടികള്‍ക്ക് എപ്പോഴെങ്കിലും കാലതാമസം നേരിട്ടിട്ടില്ലാത്തവരും ചുരുക്കമായിരിക്കും.
ചുവപ്പുനാടയുടെ കെട്ടുകളഴിയണം !
ഭൂമി തരംമാറ്റത്തിനായി സംസ്ഥാനത്തെ 27 റവന്യു ഡിവിഷന്‍ ഓഫിസുകളിലായി കാത്തുകിടക്കുന്നത് ഒന്നര ലക്ഷത്തോളം അപേക്ഷകള്‍. വരുംദിവസങ്ങളില്‍ അപേക്ഷ വര്‍ധിക്കുമെന്നാണു റവന്യു അധികൃതര്‍ സൂചനയും നല്‍കുന്നു. കാരണം അത്രയേറെ അപേക്ഷകളാണ് ഡിജിറ്റല്‍ ആയി വന്ന് കുന്നു കൂടുന്നത്. നേരിട്ട് ആര്‍ ഡി ഓഫീസുകളില്‍ സമര്‍പ്പിക്കപ്പെടുന്ന അപേക്ഷകളിലെ പ്രശ്‌നപരിഹാരത്തില്‍ ക്രമക്കേടുകള്‍ക്ക് ഉണ്ടെന്ന പരാതികളെത്തുടര്‍ന്നാണ് പിന്നീട് ഡിജിറ്റല്‍ സംവിധാനങ്ങളിലേക്ക് മാറിയത്.
അപേക്ഷകള്‍ പരിശോധിക്കുന്നതും തീര്‍പ്പാക്കുന്നതും ഉള്‍പ്പെടെ നടപടികള്‍ ഒരാഴ്ച മുന്‍പാണ് പൂര്‍ണമായും ഓണ്‍ലൈനായത്. അതിനാല്‍ തന്നെ എത്രത്തോളം അവ സാധാരണക്കാര്‍ക്ക് സ്വീകാര്യമായി വരുന്നുണ്ടെന്നത് പരിശോധിക്കേണ്ടിയിരിക്കുന്നു.
അതേസമയം റവന്യു വകുപ്പിലേക്ക് നേരിട്ട് എത്തിയ അപേക്ഷകളില്‍ ഒരു ലക്ഷത്തോളം തീര്‍പ്പാക്കാനുണ്ടായിരുന്നതില്‍ 65% അദാലത്തുകള്‍ വഴി പരിഹരിച്ചെന്നാണു അധികൃതരുടെ നിലപാട്. നിലവില്‍ കേരളത്തില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമാണ് അപേക്ഷകള്‍ സ്വീകരിക്കുക.
ഡേറ്റാബാങ്കില്‍ നിലം എന്നു തെറ്റായി രേഖപ്പെടുത്തിയതു തിരുത്തുക, 50 സെന്റില്‍ കുറവുള്ള വസ്തുവിന്റെ തരംമാറ്റം, 50 സെന്റില്‍ കൂടുതലുള്ള വസ്തുവിന്റെ തരംമാറ്റം, 1967 ജൂലൈയ്ക്കു മുന്‍പു നികത്തിയ ഭൂമിയുടെ തരംമാറ്റം എന്നിവയ്ക്കായി 5,6,7,9 എന്നീ നാലു തരം ഫോമുകളാണുള്ളത്.
ഈ അപേക്ഷകള്‍ 25 സെന്റ് വരെയുള്ള ഭൂമിക്കാണെങ്കില്‍ സൗജന്യമായും അതിനു മുകളിലേക്ക് 1000 രൂപ ഫീസോടെ സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വില്ലേജ്, കൃഷി ഓഫിസര്‍മാരില്‍ നിന്നും തഹസില്‍ദാര്‍മാരില്‍ നിന്നും റിപ്പോര്‍ട്ട് തേടിയ ശേഷം അതിന്റെ അടിസ്ഥാനത്തിലാണു തരംമാറ്റം അനുവദിക്കുന്നത്. ഈ റിപ്പോര്‍ട്ടുകള്‍ വൈകുന്നതായും ചിലര്‍ വെളിപ്പെടുത്തുന്നു. സര്‍ക്കാര്‍ ഓഫീസ് സംവിധാനങ്ങള്‍ ജനകീയമാകണമെന്ന തരത്തിലാണ് ജനങ്ങളുടെ പ്രതികരണങ്ങള്‍.


Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it