Begin typing your search above and press return to search.
നടപടികള്‍ക്ക് വേഗംകൂട്ടി കമ്പനികള്‍; കേരളം സിറ്റി ഗ്യാസിലേക്ക്
വീടുകളില്‍ പാചകാവശ്യത്തിനായി പ്രകൃതിവാതകം (നാച്ചുറല്‍ ഗ്യാസ്) പൈപ്പിലൂടെ ലഭ്യമാക്കുന്ന സിറ്റി ഗ്യാസ് പദ്ധതിക്ക് വേഗം കൂട്ടി കമ്പനികള്‍. കേരളത്തില്‍ മൂന്ന് മേഖലകളിലായി മൂന്ന് കമ്പനികളാണ് സിറ്റി ഗ്യാസ് പദ്ധതി നടപ്പാക്കുന്നത്. പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് അഥവാ പി.എന്‍.ജിയാണ് പൈപ്പിലൂടെ വീടുകളില്‍ ലഭ്യമാക്കുന്നത്. എറണാകുളം ഇടപ്പള്ളിയില്‍ മാത്രം കഴിഞ്ഞവാരം പുതുതായി നല്‍കിയത് 2,000ഓളം കണക്ഷനുകളാണ്. മറ്റ് ജില്ലകളിലും പദ്ധതി പുരോഗമിക്കുന്നു.
തെക്കന്‍ ജില്ലകള്‍
ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പി.എന്‍.ജി വിതരണത്തിന്റെ ചുമതലയുള്ള അറ്റ്‌ലാന്റിക് ഗള്‍ഫ് ആന്‍ഡ് പസഫിക് (എ.ജി ആന്‍ഡ് പി) പ്രഥം ചേര്‍ത്തലയിലെ തങ്കി കവലയിലും തിരുവനന്തപുരം കൊച്ചുവേളിയിലും ഗ്യാസ് സ്റ്റേഷനുകള്‍ സ്ഥാപിച്ച് കണക്ഷനുകള്‍ നല്‍കി, ഗ്യാസ് വിതരണം ആരംഭിച്ച് കഴിഞ്ഞു. നിലവില്‍ ചേര്‍ത്തലയിലെ വയലാറില്‍ 800ഓളം വീടുകളില്‍ പി.എന്‍.ജി എത്തിക്കഴിഞ്ഞു. വൈകാതെ ചേര്‍ത്തല, കഞ്ഞിക്കുഴി, ചേര്‍ത്ത തെക്ക് പഞ്ചായത്ത്, മാരാരിക്കുളം, മണ്ണഞ്ചേരി, ആലപ്പുഴ ടൗണ്‍ ഭാഗങ്ങളിലേക്കും പി.എന്‍.ജി എത്തും.
തിരുവനന്തപുരത്ത് 2,500 ഓളം വീടുകളില്‍ പി.എന്‍.ജി നിലവില്‍ ലഭിക്കുന്നു. കൊല്ലത്ത് കരുനാഗപ്പള്ളിയില്‍ വൈകാതെ തുടക്കമാകുമെന്ന് എ.ജി ആന്‍ഡ് പി അധികൃതര്‍ പറഞ്ഞു. മൂന്ന് ജില്ലകളിലും പൈപ്പിടല്‍ ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്.
വടക്കന്‍ കേരളം
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെയും അദാനി ഗ്രൂപ്പിന്റെയും സംയുക്ത സംരംഭമായ ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡാണ് എറണാകുളം മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളിലും മാഹിയിലും വിതരണം നടത്തുന്നത്. പൈപ്പിടലും ഗ്യാസ് സ്റ്റേഷന്‍ സ്ഥാപിക്കലും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് അതിവേഗം പുരോഗമിക്കുകയാണ്. നിരവധിയിടങ്ങളില്‍ വിതരണവും ആരംഭിച്ചു.
എറണാകുളത്ത് ആദ്യഘട്ടത്തില്‍ കളമശേരിയില്‍ ഏതാനും വീടുകളിലാണ് പി.എന്‍.ജി കണക്ഷനുണ്ടായിരുന്നത്. ഇപ്പോള്‍ ഇടപ്പള്ളി കുന്നുംപുറത്തെ 2,000ലധികം വീടുകളിലും ലഭ്യമായി തുടങ്ങി. വൈകാതെ തൃക്കാക്കര, വൈറ്റില, മരട്, കൊച്ചി കോര്‍പ്പറേഷന്റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കുമെന്ന് ഇന്ത്യന്‍ ഓയില്‍ അദാനി ഗ്യാസ് പ്രൈവറ്റ് ലിമിറ്റഡ് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അജയ് പിള്ള പറഞ്ഞു.
നിലവില്‍ എറണാകുളത്ത് മാത്രം 40,700ഓളം വീടുകളില്‍ പി.എന്‍.ജി കണക്ഷന്‍ നല്‍കിക്കഴിഞ്ഞു. മറ്റ് വടക്കന്‍ ജില്ലകളില്‍ നല്‍കിയത് 3,000ഓളവും. അടിസ്ഥാന സൗകര്യമൊരുക്കുന്ന ജോലികള്‍ അതിവേഗം നടക്കുകയാണെന്നും കൂടുതല്‍ മേഖലകളിലേക്ക് വൈകാതെ പദ്ധതിയെത്തുമെന്നും അദ്ദേഹം പറഞ്ഞു.
മദ്ധ്യകേരളം
കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ സിറ്റി ഗ്യാസ് വിതരണത്തിന്റെ ചുമതല ഷോലോ ഗ്യാസ്‌കോ കമ്പനിക്കാണ്. 2016ല്‍ തന്നെ സിറ്റി ഗ്യാസിന്റെ ഭൂപടത്തില്‍ എറണാകുളം ജില്ല ഇടംപിടിച്ചിരുന്നു. എന്നാല്‍ കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പദ്ധതിയുടെ അനുമതി ലഭിച്ചത് തന്നെ 2021 ആഗസ്റ്റിലാണ്. ഈ ജില്ലകളിലും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നേറുന്നുണ്ട്.
നേട്ടങ്ങള്‍ നിരവധി
എല്‍.പി.ജിയേക്കാള്‍ കൂടുതല്‍ സുരക്ഷിതവും സൗകര്യപ്രദവുമാണ് പൈപ്പ്ഡ് നാച്ചുറല്‍ ഗ്യാസ് (പി.എന്‍.ജി). തീപിടിത്തം, പൊട്ടിത്തെറി എന്നിവയുണ്ടാകില്ലെന്നതാണ് ഏറ്റവും പ്രധാന ഗുണം. ചോര്‍ന്നാലും തീപിടിത്തമോ പൊട്ടിത്തെറിയോ സംഭവിക്കില്ല.
പൈപ്പിലൂടെ 24 മണിക്കൂറും ലഭിക്കുമെന്നതാണ് മറ്റൊരു നേട്ടം. ഗ്യാസ് തീരുമെന്ന ഭയം വേണ്ട. മറ്റൊന്ന്, എല്‍.പി.ജിയേക്കാള്‍ 30 ശതമാനം വരെ ചെലവ് കുറവാണെന്നതാണ്. ഇത് അടുക്കള ബജറ്റില്‍ വലിയ ആശ്വാസം നല്‍കും.
വെല്ലുവിളികള്‍
സിറ്റി ഗ്യാസ് പദ്ധതി സംസ്ഥാനത്ത് വ്യാപകമാക്കണമെങ്കില്‍ നാടൊട്ടുക്കും പൈപ്പ്‌ലൈന്‍ സ്ഥാപിക്കണം. ഇതിന് നേരിടുന്ന കാലതാമസമാണ് പദ്ധതിയെ മന്ദഗതിയിലാക്കുന്നത്. എന്നാല്‍, പലയിടത്തും ചര്‍ച്ചകളിലൂടെ തടസങ്ങള്‍ നീക്കി പദ്ധതിക്ക് വേഗം കൂട്ടാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതിന്റെ ഭാഗമായാണ് കളമശേരിയില്‍ മാത്രം ഒതുങ്ങിനിന്ന പദ്ധതി എറണാകുളത്തെ തന്നെ മറ്റ് ഭാഗങ്ങളിലേക്കും മറ്റ് ജില്ലകളിലേക്കും എത്തിയത്.
സിറ്റി ഗ്യാസിനെ ഭയത്തോടെ കാണുന്ന സമീപനവും മാറണമെന്ന് കമ്പനികള്‍ ചൂണ്ടിക്കാട്ടുന്നു. എല്‍.പി.ജിയേക്കാള്‍ സുരക്ഷിതമാണ്, പ്രകൃതിവാതകമാണ്, ചെലവും കുറവാണ്. ഇക്കാര്യം ജനങ്ങള്‍ മനസിലാക്കണമെന്നും കമ്പനികള്‍ പറയുന്നു.
Next Story
Videos