ഫുഡ്‌ടെക് ഫണ്ടിംഗ്: ഒന്നാംസ്ഥാനത്ത് മലയാളി സംരംഭം ഫ്രഷ് ടു ഹോം

ഈ കലണ്ടര്‍ വര്‍ഷത്തെ (2023) ആദ്യപാദമായ ജനുവരി-മാര്‍ച്ചില്‍ രാജ്യത്ത് ഭക്ഷ്യ ടെക്‌നോളജി (ഫുഡ്‌ടെക്/Foodtech) സ്റ്റാര്‍ട്ടപ്പ് കമ്പനികളുടെ വിഭാഗത്തില്‍ ഏറ്റവുമധികം നിക്ഷേപം (ഫണ്ടിംഗ്/Funding) സ്വന്തമാക്കിയത് മലയാളി സംരംഭമായ ഫ്രഷ് ടു ഹോം. നാസ്‌കോം (Nasscom) പുറത്തുവിട്ട 'ക്വാര്‍ട്ടേര്‍ലി ഇന്‍വെസ്റ്റ്‌മെന്റ് ഫാക്ട്ബുക്ക് - ഡീല്‍ അനാലിസിസ്' റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്തെ ആദ്യ ഓണ്‍ലൈന്‍ മീന്‍ വില്‍പന പ്ലാറ്റ്‌ഫോം കൂടിയായ ഫ്രഷ് ടു ഹോം ആമസോണ്‍ അടക്കമുള്ള വന്‍കിട കമ്പനികളില്‍ നിന്ന് 10.4 കോടി ഡോളര്‍ (ഏകദേശം 862 കോടി രൂപ) നിക്ഷേപമാണ് കഴിഞ്ഞപാദത്തില്‍ നേടിയത്.
സീരീസ് ഡി (നാലാം റൗണ്ട്) ഫണ്ടിംഗില്‍ ആമസോണിന് കീഴിലെ ആമസോണ്‍ സംഭവ് വെഞ്ച്വര്‍ ഫണ്ടിന് പുറമേ അയണ്‍ പില്ലര്‍, ഇന്‍വെസ്റ്റ്‌കോര്‍പ്പ്, ഇന്‍വെസ്റ്റ്മെന്റ് കോര്‍പ്പറേഷന്‍ ഒഫ് ദുബായ്, അസറ്റ് കാപിറ്റല്‍, ഇ20 ഇന്‍വെസ്റ്റ്‌മെന്റ്, മൗണ്ട് ജൂഡി വെഞ്ച്വേഴ്‌സ്, ദല്ലാഹ് അല്‍ ബറാക്ക എന്നിവയാണ് ഫ്രഷ് ടു ഹോമില്‍ നിക്ഷേപം നടത്തിയത്.
റെസ്റ്റോറന്റ് മാനേജ്‌മെന്റ് ക്ലൗഡ് സൊല്യൂഷന്‍സ് വിഭാഗം സ്റ്റാര്‍ട്ടപ്പായ ബ്ലൂ ടോക്കയ് കോഫിയാണ് മൂന്ന് കോടി ഡോളര്‍ (240 കോടി രൂപ) നിക്ഷേപവുമായി രണ്ടാംസ്ഥാനത്തെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കി. ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ കമ്പനിയായ ദ ഹോള്‍ ട്രൂത്ത് ആണ് മൂന്നാംസ്ഥാനത്ത്; നേടിയ നിക്ഷേപം 1.5 കോടി ഡോളര്‍ (120 കോടി രൂപ).
മികവിന്റെ സ്റ്റാര്‍ട്ടപ്പ്
2020ല്‍ സീരീസ് സി (മൂന്നാം റൗണ്ട്) ഫണ്ടിംഗിലൂടെ അമേരിക്കന്‍ സര്‍ക്കാരിന്റെ ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനില്‍ (ഡി.എഫ്.സി) നിന്നുള്‍പ്പെടെ 12.1 കോടി ഡോളര്‍ (860 കോടി രൂപ) നിക്ഷേപവും ഫ്രഷ് ടു ഹോം നേടിയിരുന്നു. ഗൂഗിള്‍, മൈക്രോസോഫ്റ്റ് ഫേസ്ബുക്ക് തുടങ്ങിയവയും നേരത്തേ ഫ്രഷ് ടു ഹോമില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.
മലയാളി കമ്പനി
മലയാളികളായ മാത്യു ജോസഫ്, ഷാന്‍ കടവില്‍ എന്നിവര്‍ ചേര്‍ന്ന് 2015ലാണ് ഫ്രഷ് ടു ഹോമിന് തുടക്കമിട്ടത്. മത്സ്യ, മാംസ ഉത്പന്നങ്ങളും പാല്‍, പാലുത്പന്നങ്ങള്‍, ധാന്യങ്ങള്‍, പച്ചക്കറി തുടങ്ങിയവയും ഇപ്പോള്‍ ഫ്രഷ് ടു ഹോം ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നുണ്ട്.
നിലവില്‍ ഇന്ത്യയിലും യു.എ.ഇയിലുമായി 160ലേറെ നഗരങ്ങളിലാണ് സാന്നിദ്ധ്യം. വൈകാതെ ഖത്തര്‍, സൗദി അറേബ്യ എന്നിവിടങ്ങളിലുമെത്തും. കേരളത്തില്‍ രണ്ടുള്‍പ്പെടെ ഇന്ത്യയില്‍ ഏഴും യു.എ.ഇയില്‍ ഒന്നും ഫാക്ടറിയുണ്ട്. 35 ലക്ഷത്തിലേറെയാണ് ഉപഭോക്താക്കള്‍. 17,000ഓളം പേര്‍ക്ക് തൊഴിലും നല്‍കുന്നു. വൈകാതെ സമുദ്രോത്പന്ന കയറ്റുമതിയും ലക്ഷ്യമിടുന്നതായി കമ്പനി വ്യക്തമാക്കിയിരുന്നു.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it