സ്വര്‍ണവിലയില്‍ ഇന്ന് വമ്പൻ ഇടിവ്; ബുക്ക് ചെയ്യാന്‍ ഇത് സുവര്‍ണാവസരം, വെള്ളിവിലയും താഴ്ന്നു

ആഭരണപ്രിയര്‍ക്കും വിവാഹം ഉള്‍പ്പെടെ ആവശ്യങ്ങള്‍ക്കായി ആഭരണങ്ങള്‍ വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്കും വലിയ ആശ്വാസം പകര്‍ന്ന് സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. ഗ്രാമിന് ഇന്ന് ഒറ്റയടിക്ക് 100 രൂപ കുറഞ്ഞ് വില 6,730 രൂപയായി. പവന് 800 രൂപ കുറഞ്ഞ് വില 53,840 രൂപയിലുമെത്തി.
ലൈറ്റ്‌വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രധാനമായും ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 90 രൂപ ഇടിഞ്ഞ് 5,600 രൂപയായി. ഇന്നലെ ചരിത്രത്തിലാദ്യമായി ഗ്രാമിന് 100 രൂപയിലെത്തിയ വെള്ളിവില ഇന്ന് ഗ്രാമിന് മൂന്നുരൂപ താഴ്ന്ന് 97 രൂപയായി.
3 ദിവസം, കുറഞ്ഞത് 1,280 രൂപ
ഇക്കഴിഞ്ഞ തിങ്കളാഴ്ച സ്വര്‍ണവില പവന് ആദ്യമായി 55,000 രൂപയും ഭേദിച്ച് കേരളത്തില്‍ സര്‍വകാല റെക്കോഡ് കുറിച്ചിരുന്നു. അന്ന് പവന് 55,120 രൂപയും ഗ്രാമിന് 6,890 രൂപയുമായിരുന്നു വില.
തുടര്‍ന്ന് മൂന്നുദിവസത്തിനിടെ പവന് 1,280 രൂപയും ഗ്രാമിന് 160 രൂപയും കുറഞ്ഞു.
ബുക്ക് ചെയ്ത് നേടാം വലിയ നേട്ടം
തിങ്കളാഴ്ച പവന് 55,120 രൂപയായിരുന്നപ്പോള്‍ മൂന്ന് ശതമാനം ജി.എസ്.ടിയും 53.10 രൂപ ഹോള്‍മാര്‍ക്ക് ഫീസും ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്ത് ഒരു പവന്‍ ആഭരണത്തിന് മിനിമം വില 59,700 രൂപയിലെത്തിയിരുന്നു.
ഇന്ന് ഒരു പവന്‍ ആഭരണത്തിന് നികുതിയും പണിക്കൂലിയും ഹോള്‍മാര്‍ക്ക് ചാര്‍ജുമടക്കം ഏറ്റവും കുറഞ്ഞവില 58,300 രൂപയാണ്. അതായത് തിങ്കളാഴ്ച സ്വര്‍ണാഭരണം വാങ്ങിയവരെ അപേക്ഷിച്ച് ഇന്ന് വാങ്ങുന്നവര്‍ക്ക് പവന് 1,400 രൂപ വീതം ലാഭം.
സ്വര്‍ണവില കുറയുന്നത് എപ്പോഴും മുന്‍കൂര്‍ ബുക്ക് ചെയ്ത് നേട്ടം സ്വന്തമാക്കാന്‍ സുവര്‍ണാവസരമാണ്. വിവാഹ പാര്‍ട്ടികള്‍ക്കാണ് ഇത് കൂടുതല്‍ ഗുണം ചെയ്യുക. അതായത്, ബുക്ക് ചെയ്യുന്ന ദിവസത്തെ വില, ആഭരണങ്ങള്‍ വാങ്ങുന്ന ദിവസത്തെ വില എന്നിവ താരതമ്യം ചെയ്യും. ഏതാണോ ഏറ്റവും കുറവ് ആ വിലയ്ക്ക് സ്വര്‍ണാഭരണം സ്വന്തമാക്കാം.
സംസ്ഥാനത്ത് ഒട്ടുമിക്ക പ്രമുഖ ജുവലറികളും അഡ്വാന്‍സ് ബുക്കിംഗ് ഓഫര്‍ നല്‍കുന്നുണ്ട്. വാങ്ങാനുദ്ദേശിക്കുന്ന സ്വര്‍ണാഭരണങ്ങളുടെ 5-10 ശതമാനം തുക മുന്‍കൂര്‍ അടച്ച് ബുക്ക് ചെയ്യാം.
കുത്തനെ ഇടിഞ്ഞ് രാജ്യാന്തരവില
തിങ്കളാഴ്ച ഔണ്‍സിന് 2,450 ഡോളറെന്ന റെക്കോഡിലെത്തിയ രാജ്യാന്തരവില 2,370 ഡോളറിലേക്ക് ഇടിഞ്ഞ പശ്ചാത്തലത്തിലാണ് കേരളത്തിലും വില ഇന്ന് താഴ്ന്നത്. ഇപ്പോള്‍ രാജ്യാന്തരവിലയുള്ളത് ഔണ്‍സിന് 2,373 ഡോളറിൽ.
അമേരിക്കയുടെ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ ധനനയ സമിതിയുടെ കഴിഞ്ഞ യോഗത്തിന്റെ മിനുട്‌സ് ഇന്ത്യന്‍ സമയം ഇന്നലെ രാത്രി പുറത്തുവന്നിരുന്നു. പണപ്പെരുപ്പം രണ്ട് ശതമാനത്തിലേക്ക് കുറയ്ക്കുകയെന്ന ലക്ഷ്യം കാണാൻ നിലവിലെ പലിശനയം കൂടുതല്‍ കര്‍ക്കശമാക്കണമെന്ന് യോഗത്തില്‍ ഒട്ടുമിക്ക അംഗങ്ങളും വാദിച്ചതായി മിനുട്‌സ് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിലവിൽ പണപ്പെരുപ്പം 3.4 ശതമാനമാണ്.
അതായത്, അടിസ്ഥാന പലിശനിരക്ക് കുറയാനല്ല, ഇനിയും കൂടുകയോ നിലവിലെ ഉയര്‍ന്ന നിരക്ക് ദീര്‍ഘകാലത്തേക്ക് തുടരുകയോ ചെയ്യാനുള്ള സാധ്യതയാണ് ഏറിയത്. പലിശനിരക്ക് കൂടി നില്‍ക്കുന്നത് സ്വര്‍ണത്തിന് ക്ഷീണമാണ്. മിനുട്‌സ് വന്നതിന് പിന്നാലെ അമേരിക്കന്‍ സര്‍ക്കാരിന്റെ കടപ്പത്രങ്ങളുടെ യീല്‍ഡ് 4.430 ശതമാനത്തിലേക്ക് കയറി. ഇതോടെ സ്വര്‍ണവില ഇടിയുകയായിരുന്നു.
ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെടുന്നതും ഇന്ത്യയിൽ സ്വർണവിലയെ താഴേക്ക് നയിക്കുന്നുണ്ട്. ഇറക്കുമതിച്ചെലവ് കുറയുമെന്നതാണ് നേട്ടം. കഴിഞ്ഞമാസം 83.6 വരെയായിരുന്ന രൂപയുടെ മൂല്യം ഇപ്പോൾ ഡോളറിനെതിരെ 83.28 നിലവാരത്തിലാണുള്ളത്.
ഇറാനിലെ പ്രതിസന്ധിയും പാലസ്തീനിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ച സ്‌പെയിൻ,​ അയ‌ർലൻഡ്,​ നോർവേ എന്നീ യൂറോപ്യൻ രാജ്യങ്ങളുടെ തീരുമാനം ഉയർത്തുന്ന ഭൗമരാഷ്ട്രീയ പ്രശ്നങ്ങളും സ്വ‌ർണവിലയെ സ്വാധീനിക്കുന്നുണ്ട്.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it