സ്വര്‍ണവിലയില്‍ ഇടിവ്; ഹോള്‍മാര്‍ക്ക് ഫീസടക്കം ഇന്നത്തെ വില ഇങ്ങനെ

ആഭരണപ്രിയര്‍ക്ക് ആശ്വാസം സമ്മാനിച്ച് സ്വര്‍ണവില തുടര്‍ച്ചയായി താഴുന്നു. ഇന്ന് കേരളത്തില്‍ ഗ്രാമിന് 40 രൂപ കുറഞ്ഞ് 6,610 രൂപയായി. 320 രൂപ താഴ്ന്ന് പവന്‍വില 52,880 രൂപയിലെത്തി.
കഴിഞ്ഞ മേയ് 30 മുതല്‍ ഇതിനകം പവന് 800 രൂപയും ഗ്രാമിന് 100 രൂപയുമാണ് കുറഞ്ഞത്. ആനുപാതികമായി നികുതിഭാരവും കുറയുമെന്നതിനാല്‍ ഈ വിലക്കുറവ് സ്വര്‍ണം വാങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക് വലിയ ആശ്വാസമാണ്.
കഴിഞ്ഞമാസം 20ന് (May 20) കുറിച്ച ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്നവില. അന്ന് ജി.എസ്.ടിയും (3%) ഹോള്‍മാര്‍ക്ക് ഫീസും (45 രൂപ+18% ജി.എസ്.ടി) ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലിയും ചേര്‍ത്ത് മിനിമം 59,700 രൂപ കൊടുത്താലായിരുന്നു ഒരു പവന്‍ ആഭരണം കിട്ടുമായിരുന്നത്.
വില പിന്നീട് വന്‍തോതില്‍ കുറഞ്ഞതോടെ വാങ്ങല്‍ച്ചെലവും ഗണ്യമായി താഴ്ന്നിട്ടുണ്ട്. ഇന്ന് നികുതികളും മിനിമം 5 ശതമാനം പണിക്കൂലിയുമടക്കം 57,245 രൂപ ഒരു പവന്‍ ആഭരണത്തിന് കൊടുത്താല്‍ മതി. അതായത്, മേയ് 20ലെ വിലയെ അപേക്ഷിച്ച് 2,455 രൂപയുടെ കുറവ്.
വെള്ളിയും 18 കാരറ്റും
18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 30 രൂപ താഴ്ന്ന് 5,495 രൂപയായി. ലൈറ്റ്‌വെയ്റ്റ് (കനംകുറഞ്ഞ) ആഭരണങ്ങള്‍ നിര്‍മ്മിക്കാനാണ് പ്രധാനമായും 18 കാരറ്റ് സ്വര്‍ണം ഉപയോഗിക്കുന്നത്. ഇന്ന് വെള്ളിവിലയില്‍ മാറ്റമില്ല, വില ഗ്രാമിന് 97 രൂപ.
അമേരിക്കയിലേക്ക് കണ്ണുംനട്ട്
അമേരിക്കയില്‍ പണപ്പെരുപ്പം ഏപ്രിലില്‍ കാര്യമായ ഭീഷണി ഉയര്‍ത്താതിരുന്നതിനാല്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് താഴ്ത്തിയേക്കുമെന്ന വിലയിരുത്തല്‍ ശക്തമാണ്. അതേസമയം, കഴിഞ്ഞമാസത്തെ തൊഴില്‍ക്കണക്കുകള്‍ കൂടി അറിഞ്ഞശേഷമായിരിക്കും ഇതിലൊരു തീരുമാനത്തിലേക്ക് ഫെഡറല്‍ റിസര്‍വ് കടന്നേക്കുക.
ഈ വര്‍ഷം സെപ്റ്റംബറോടെ പലിശനയത്തില്‍ മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് നിരീക്ഷകര്‍ വാദിക്കുന്നത്. ഈയാഴ്ച അവസാനമാണ് അമേരിക്കയിലെ തൊഴില്‍ക്കണക്ക് പുറത്തുവരുക. ഈ സാഹചര്യത്തില്‍ അന്താരാഷ്ട്ര സ്വര്‍ണവിലയിലും കുതിപ്പ് അപ്രത്യക്ഷമായിട്ടുണ്ട്. വില ഇന്നുള്ളത് ഔണ്‍സിന് 5 ഡോളര്‍ താഴ്ന്ന് 2,321 ഡോളറിലുമാണ്.
എക്‌സിറ്റ് പോളുകള്‍ എന്‍.ഡി.എയ്ക്ക് ഭരണത്തുടര്‍ച്ച പ്രവചിച്ച പശ്ചാത്തലത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്ന് മികച്ച നേട്ടവുമായി കത്തിക്കയറിയിട്ടുണ്ട്. ഇത് ഊര്‍ജ്ജമാക്കി ഡോളറിനെതിരെ രൂപയും മുന്നേറി. നിലവില്‍ 42 പൈസ ഉയര്‍ന്ന് 83ലാണ് രൂപയുടെ മൂല്യമുള്ളത്. ഡോളര്‍ ദുര്‍ബലമായതും സ്വര്‍ണവില താഴേക്ക് നീങ്ങാന്‍ വഴിയൊരുക്കി.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles

Next Story

Videos

Share it