Begin typing your search above and press return to search.
സ്വര്‍ണവില വീണ്ടും മേലോട്ട്; ജി.എസ്.ടി അടക്കം ഇന്നത്തെ വില ഇങ്ങനെ
ഒരിടവേളയ്ക്ക് ശേഷം സ്വര്‍ണവില വീണ്ടും മേലോട്ട്. സംസ്ഥാനത്ത് ഇന്ന് ഗ്രാമിന് 25 രൂപ വര്‍ധിച്ച് വില 6,665 രൂപയായി. 200 രൂപ ഉയര്‍ന്ന് 53,320 രൂപയാണ് പവന്‍വില.
കഴിഞ്ഞവാരം അവസാന 5 പ്രവൃത്തിദിനങ്ങളിലായി പവന് 2,000 രൂപയും ഗ്രാമിന് 250 രൂപയും ഇടിഞ്ഞശേഷമാണ് ഇന്ന് വീണ്ടും വില കൂടിയത്.
18 കാരറ്റും വെള്ളിയും
കനംകുറഞ്ഞ (ലൈറ്റ്‌വെയ്റ്റ്) ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രധാനമായും പ്രയോജനപ്പെടുത്തുന്ന 18 കാരറ്റ് സ്വര്‍ണവില ഇന്ന് ഗ്രാമിന് 20 രൂപ വര്‍ധിച്ച് 5,540 രൂപയിലെത്തി.
വെള്ളിവിലയും വീണ്ടും ഉയര്‍ന്നുതുടങ്ങിയിട്ടുണ്ട്. ഇന്ന് ഗ്രാമിന് ഒരു രൂപ ഉയര്‍ന്ന് 97 രൂപയായി. പാദസരം, അരഞ്ഞാണം, പുരുഷന്മാര്‍ ധരിക്കുന്ന വള, പൂജാപാത്രം, പൂജാസാമഗ്രികള്‍ എന്നിങ്ങനെ വെള്ളിയില്‍ തീര്‍ത്ത ഉത്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്ക് വില വര്‍ധന തിരിച്ചടിയാണ്.
അമേരിക്കയിലേക്ക് കണ്ണുംനട്ട്
അമേരിക്കയുടെ കഴിഞ്ഞമാസത്തെ റീറ്റെയ്ല്‍ പണപ്പെരുപ്പക്കണക്ക് ഈയാഴ്ച പുറത്തുവരും. പണപ്പെരുപ്പം താഴ്‌ന്നേക്കുമെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.
പണപ്പെരുപ്പം കുറഞ്ഞാല്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വ് അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാനുള്ള നിലപാടിലേക്ക് നീങ്ങും. ഇത് സ്വര്‍ണത്തിന് നേട്ടമാകും. കാരണം, അടിസ്ഥാന പലിശനിരക്ക് കുറയുന്നതിന് ആനുപാതികമായി ബോണ്ടുകളുടെ ആദായനിരക്കും (ട്രഷറി ബോണ്ട് യീല്‍ഡ്) താഴും.
ഇത് ബോണ്ടുകളെ അനാകര്‍ഷകമാക്കും. ഫലത്തില്‍, സ്വര്‍ണനിക്ഷേപങ്ങള്‍ക്ക് പ്രിയമേറും; വിലയും കൂടും. കഴിഞ്ഞയാഴ്ച ഔണ്‍സിന് 2,330 ഡോളറിന് താഴെവരെ എത്തിയ രാജ്യാന്തരവില ഇപ്പോഴുള്ളത് 2,342 ഡോളറിലാണ്.
ഒരു പവന്‍ ആഭരണത്തിന് ഇന്നത്തെ വില
53,320 രൂപയാണ് ഇന്നൊരു പവന്റെ വില. ഈ വില കൊടുത്താല്‍ ഒരു പവന്‍ ആഭരണം വാങ്ങാനാവില്ല. സ്വര്‍ണത്തിന് മൂന്ന് ശതമാനമാണ് ജി.എസ്.ടി. കൂടാതെ എച്ച്.യു.ഐ.ഡി ഫീസും കൊടുക്കണം. ഇത് 45 രൂപയും അതിന്റെ 18 ശതമാനം ജി.എസ്.ടിയും ചേരുന്നതാണ്. അതായത്, 53.10 രൂപ.
ഒട്ടുമിക്ക ജുവലറികളും ആഭരണത്തിന് പണിക്കൂലിയും ഈടാക്കുന്നുണ്ട്. 5 ശതമാനമാണ് പൊതുവേ ഏറ്റവും കുറഞ്ഞ പണിക്കൂലി. ഇത് ബ്രാന്‍ഡഡ് ജുവലറികള്‍ക്ക് 20-30 ശതമാനം വരെയുമാകാം.
ഏറ്റവും കുറഞ്ഞത് 5 ശതമാനം പണിക്കൂലി കണക്കാക്കിയാല്‍, ജി.എസ്.ടിയും ഹോള്‍മാര്‍ക്ക് ഫീസും ഉള്‍പ്പെടെ ഇന്ന് മിനിമം 57,725 രൂപ കൊടുത്താലേ ഒരു പവന്‍ സ്വര്‍ണാഭരണം വാങ്ങാനാകൂ. അതായത് കൈയില്‍ 4,400 രൂപ അധികം കരുതണം.
Next Story
Videos