മല്ലിയും യുക്രെയ്‌നും തമ്മിലെന്ത്?

ഒരു രുചിയുള്ള കറി വയ്ക്കണമെങ്കില്‍ അല്‍പ്പം മല്ലി വേണം, മുളകും, കൂടാതെ മസാലക്കൂട്ടും... കുറച്ചു മാത്രമേ നാം ഇവ ഉപയോഗിക്കുന്നുള്ളൂവെങ്കിലും കറിയുടെയും ഭക്ഷണത്തിന്റെയും സ്വാദ് നിര്‍ണയിക്കുന്നത് ഈ കൂട്ടുകളായിരിക്കും. അതുപോലെ തന്നെയാണ് ഇവയുടെ ഇന്ത്യന്‍ വിപണിയും. ഏകദേശം 50,000 കോടി രൂപയിലധികമാണ് സ്‌പൈസസിന്റെ ഇന്ത്യന്‍ വിപണി. ഇവയില്‍ ബ്രാന്‍ഡഡ് ഉല്‍പ്പന്നങ്ങളുടെ പങ്ക് 24000 കോടി രൂപ മാത്രമാണ്. ഇതില്‍ തന്നെ മസാല ഉല്‍പ്പന്നങ്ങളുടെ വിപണി മൂല്യം 8000 കോടിയും.

ഇന്ത്യയില്‍ സുലഭമായി ഗുണമേന്മയുള്ള സ്‌പൈസസ് (Spices) ലഭിക്കുന്നതിനാല്‍ തന്നെ വിവിധതരം ഉല്‍പ്പന്നങ്ങള്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്, പ്രത്യേകിച്ച് ഗള്‍ഫ് രാജ്യങ്ങളിലേക്ക്. ഇന്ത്യയിലെ പ്രമുഖ ഗ്രൂപ്പായ സിന്തൈറ്റിന് കീഴിലുള്ള കിച്ചണ്‍ ട്രഷേഴ്‌സിന്റെ 20 ശതമാനം ഉല്‍പ്പന്നങ്ങളും വിദേശ രാജ്യങ്ങളിലേക്കാണ് അയക്കുന്നത്. ഇതില്‍ തന്നെ 75 ശതമാനവും ഗള്‍ഫ് രാജ്യങ്ങളിലേക്കാണെന്ന് കിച്ചന്‍ ട്രഷേഴ്‌സിന്റെ ഉല്‍പ്പാദകരായ ഇന്റര്‍ഗ്രോ ബ്രാന്‍ഡ്‌സ് പ്രൈവറ്റ് ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ അശോക് മാണി പറഞ്ഞു.
സംസ്ഥാനത്ത് തന്നെ പ്രദേശികമായും ചെറുകിടമായും ഉല്‍പ്പാദിപ്പിക്കുന്ന നിരവധി മസാല ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തുന്നുണ്ടെങ്കിലും ഗുണമേന്മയുള്ളവ വാങ്ങുക എന്ന ശീലം വര്‍ധിച്ചത് ബ്രാന്‍ഡഡ് ഉല്‍പ്പാദകരുടെ വില്‍പ്പന വര്‍ധിക്കാന്‍ കാരണമായിട്ടുണ്ട്. കൂടാതെ, പല മേഖലകളും കോവിഡ് കാലത്ത് (covid19) പ്രതിസന്ധികള്‍ നേരിട്ടപ്പോള്‍ സ്‌പൈസസ് നിര്‍മാതാക്കള്‍ക്ക് ആശങ്കപ്പെടേണ്ട സാഹചര്യമൊന്നുമുണ്ടായില്ലെന്നാണ് ഈ രംഗത്തുള്ളവര്‍ പറയുന്നത്. ''കോവിഡ് കാലത്ത് ആളുകളുടെ ഭക്ഷണരീതിയിലായിരുന്നു മാറ്റമുണ്ടായത്. ഭക്ഷണം ഓണ്‍ലൈനായി ഓര്‍ഡര്‍ ചെയ്യുന്നതും പുതിയ ഭക്ഷണങ്ങള്‍ പരീക്ഷിക്കുന്നതുമായ ശീലമുണ്ടായിരുന്നു. എന്നാ നിലവില്‍ പുറത്തുപോയി ഭക്ഷണം കഴിക്കുന്ന ശീലം വര്‍ധിച്ചു. ഇവിടെയൊന്നും സ്‌പൈസസ് കമ്പനികളെ ബാധിക്കുന്ന പ്രശ്‌നമുണ്ടായില്ല. സ്‌പൈസസ് വില്‍പ്പന കോവിഡ് കാലത്തും സ്ഥിരമായി തന്നെയാണ് തുടര്‍ന്നത്'' അശോക് മാണി ധനത്തോട് പറഞ്ഞു.
യുക്രെയ്ന്‍-റഷ്യ സംഘര്‍ഷം തിരിച്ചടിയായി
കോവിഡ് പ്രതിസന്ധി സൃഷ്ടിച്ചില്ലെങ്കിലും യുക്രെയ്ന്‍-റഷ്യ (Russia-Ukraine War) സംഘര്‍ഷവും ഇതിനെ തുടര്‍ന്നുണ്ടായ ഇന്ധനവില വര്‍ധനവും (Fuel Price Hike) ഈ രംഗത്തിന് തിരിച്ചടിയായിട്ടുണ്ട്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട മല്ലി കയറ്റുമതിക്കാരാണ് യുക്രെയ്ന്‍. സംഘര്‍ഷത്തിന്റെ ഫലമായി യുക്രെയ്‌നില്‍നിന്നുള്ള മല്ലി കയറ്റുമതി നിലച്ചതോടെ ആഗോളതലത്തില്‍ ഇവയുടെ ഡിമാന്റും കുത്തനെയാണ് ഉയര്‍ന്നത്. ഇന്ത്യയില്‍ മല്ലി ഉല്‍പ്പാദനം സജീവമാണെങ്കിലും ആഗോളതലത്തില്‍ ഡിമാന്റ് ഉയര്‍ന്നതോടെ ഇന്ത്യയില്‍ ആനുപാതികമായി ഇവയുടെ വിലയും വര്‍ധിച്ചു. ''ഞങ്ങള്‍ മല്ലി ഇറക്കുമതി ചെയ്യുന്നില്ല. ഇന്ത്യയില്‍നിന്ന് തന്നെയുള്ളവയാണ് ഉപയോഗിക്കുന്നത്. എന്നാല്‍ യുക്രെയ്‌നില്‍നിന്നുള്ള മല്ലി കയറ്റുമതി നിലച്ചതോടെ രാജ്യത്തെ മല്ലി വിലയും വര്‍ധിപ്പിക്കേണ്ടിവന്നു''രാജ്യത്ത് മല്ലി വില ഉയരാനുള്ള കാരണം അശോക് മാണി ചൂണ്ടിക്കാട്ടുന്നു.
ഇന്ധനവില വര്‍ധനവ് ഗതാഗതച്ചെലവ് വര്‍ധിപ്പിച്ചിന് പുറമെ, ഇതിന്റെ ഫലമായി പാക്കേജിംഗ് ചെലവും കുത്തനെ ഉയര്‍ത്തിയതായി അശോക് മാണി പറഞ്ഞു. ഈ അധികബാധ്യത നികത്താന്‍ സ്‌പൈസസ് ഉല്‍പ്പന്നങ്ങളില്‍ 18-20 ശതമാനം വര്‍ധനവാണ് സ്‌പൈസസ് നിര്‍മാതാക്കള്‍ നടപ്പാക്കിയത്.


Ibrahim Badsha
Ibrahim Badsha  
Next Story
Share it