'കന്നി സെഞ്ച്വറി' അടിച്ച് വെള്ളിവില; മാറാതെ സ്വര്‍ണവില, രാജ്യാന്തരവിലയില്‍ ചാഞ്ചാട്ടം

കുതിപ്പിന് വിരാമമിട്ട് കേരളത്തില്‍ സ്വര്‍ണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. ഗ്രാമിന് 6,830 രൂപയിലും പവന് 54,640 രൂപയിലുമാണ് ഇന്ന് വ്യാപാരം. തിങ്കളാഴ്ച (May 20) ഗ്രാമിന് 50 രൂപയും പവന് 400 രൂപയും വര്‍ധിച്ച് വില കേരളത്തിലെ സര്‍വകാല റെക്കോഡ് കുറിച്ചിരുന്നു. അന്ന് പവന് ചരിത്രത്തിലാദ്യമായി 55,000 രൂപയും ഭേദിച്ചിരുന്നു. ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമായിരുന്നു അന്ന് വില. ഇന്നലെ വില ഗ്രാമിന് 60 രൂപ താഴ്ന്ന് 6,830 രൂപയിലും പവന് 480 രൂപ കുറഞ്ഞ് 56,640 രൂപയിലും എത്തുകയായിരുന്നു.
ചാഞ്ചാടുന്ന വില
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ അമേരിക്കയില്‍ അടിസ്ഥാന പലിശനിരക്കിന്റെ ദിശ എന്താകുമെന്നത് സംബന്ധിച്ച അവ്യക്തതകള്‍ സ്വര്‍ണവിലയെ ചാഞ്ചാട്ടത്തിലേക്ക് നയിക്കുകയാണ്. തിങ്കളാഴ്ച രാജ്യാന്തരവില ഔണ്‍സിന് 2,450 ഡോളറെന്ന റെക്കോഡ് കുറിച്ചത് അന്ന് കേരളത്തിലും വില കൂടാനിടയാക്കി.
ഇന്നലെ വില 2,414 ഡോളറിലേക്ക് താഴ്‌ന്നെങ്കിലും പിന്നീട് 2,421 ഡോളറിലേക്ക് ഉയര്‍ന്നു. ഇപ്പോള്‍ വില 2,415 ഡോളറാണ്. ഡോളറിനെതിരെ രൂപയുടെ മൂല്യം മെച്ചപ്പെട്ടതും ഇന്ത്യയില്‍ ആഭ്യന്തര സ്വര്‍ണവില താഴാനിടയാക്കിയിട്ടുണ്ട്.
വെള്ളിക്ക് 100ന്റെ തിളക്കം
കേരളത്തിന്റെ ചരിത്രത്തിലാദ്യമായി വെള്ളിവില ഗ്രാമിന് ഇന്ന് 100 രൂപ കടന്നു. സ്വര്‍ണവില കുറയുകയാണെങ്കിലും മികച്ച ഡിമാന്‍ഡിന്റെ പുറത്ത് വെള്ളിവില കൂടുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ വര്‍ധിച്ചു.
വില ഇനിയും കൂടുമെന്നും 'ഭാവിയിലെ സ്വര്‍ണ'മായി വെള്ളി മാറുമെന്നുമുള്ള നിരീക്ഷണങ്ങള്‍ സാമ്പത്തികലോകം നടത്തുന്നുണ്ട്. വെള്ളിയാഭരണങ്ങള്‍, പാത്രങ്ങള്‍, പൂജാസാമഗ്രികള്‍ തുടങ്ങിയവ വാങ്ങുന്നവര്‍ക്ക് വെള്ളിവില വര്‍ധന തിരിച്ചടിയാണ്.
കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണവിലയിലും മാറ്റമില്ല. ഗ്രാമിന് വില 5,690 രൂപ.
Anilkumar Sharma
Anilkumar Sharma  

Assistant Editor

Related Articles
Next Story
Videos
Share it