ഒരു സ്റ്റാര്‍ട്ടപ്പ് അറിയണം വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍, അതിനനുസരിച്ച് മെനയാം തന്ത്രങ്ങള്‍

വരുമാനം നേടുന്നതിന് മുന്‍പുള്ള ഘട്ടം, വരുമാനകാലം, ബിസിനസ് വിപുലമാക്കുന്ന ഘട്ടം. ഈ മൂന്ന് ഘട്ടങ്ങളും ഒരു സ്റ്റാര്‍ട്ടപ്പിന്റെ കാലയളവിനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്. ഇവയുടെ പ്രത്യേകതകള്‍ എന്തെല്ലാമാണെന്ന് നോക്കാം.

1. ഐഡിയേഷന്‍ സ്റ്റേജ് (ആശയവല്‍ക്കരണ ഘട്ടം)
ഒരു സ്റ്റാര്‍ട്ടപ്പിന്റെ തുടക്കമാണിത്. സംരംഭത്തിന്റെ ആശയം ഉടലെടുക്കുന്ന സമയം. സ്ഥാപകര്‍ കൂടിയാലോചനകളും ഗവേഷണവും നടത്തി ബിസിനസ് ആശയം വികസിപ്പിക്കുന്നത് ഈ ഘട്ടത്തിലാണ്. ആശയക്ഷമത ഉറപ്പുവരുത്തുക, വിപണി നന്നായി മനസിലാക്കുക, ബിസിനസിന്റെ സാധ്യതകള്‍ വിശകലനം ചെയ്യുക എന്നിവയെല്ലാം നടക്കുന്ന സമയമാണിത്.
2. പ്രീ-റെവന്യു സ്റ്റേജ് (വരുമാനം നേടുന്നതിന് മുന്‍പുള്ള ഘട്ടം)
ഒരു സ്റ്റാര്‍ട്ടപ്പ് വിപണിയിലെത്തിക്കുന്ന ഉല്‍പ്പന്നമോ സേവനമോ വികസിപ്പിക്കുന്ന സമയമാണിത്. പ്രോട്ടോടൈപ്പിംഗ്, ബീറ്റ ടെസ്റ്റിംഗ് എന്നിവയ്‌ക്കൊപ്പം ഉല്‍പ്പന്നത്തെ/സേവനത്തെ കുറിച്ചുള്ള ഫീഡ്ബാക്ക് അനുസരിച്ച് അത് കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യും. വളര്‍ച്ചാ സാധ്യതയുള്ള, മികവുറ്റ ഒരു പ്രൊഡക്ടിന്റെ നിര്‍മ്മാണത്തിലും അതിനെ വിപണിയിലെത്തിക്കാനുള്ള തയ്യാറെടുപ്പുകളിലുമാണ് ഈ ഘട്ടത്തില്‍ സരംഭകരുടെ ശ്രദ്ധ. വലിയ വരുമാനമൊന്നും നേടിത്തുടങ്ങിയിട്ടുമില്ല. സ്ഥാപകര്‍, സുഹൃത്തുക്കള്‍, കുടുംബാംഗങ്ങള്‍, ആദ്യകാല നിക്ഷേപകര്‍ എന്നിവരില്‍ നിന്നുമാണ് സാധാരണയായി സ്റ്റാര്‍ട്ടപ്പിന് ഈ സമയത്ത് ഫണ്ടിംഗ് ലഭിക്കുന്നത്.
3. റെവന്യു സ്റ്റേജ് (വരുമാനം ലഭിച്ചുതുടങ്ങുന്ന ഘട്ടം)
വില്‍പ്പനയുടെയും വരുമാനലഭ്യതയുടെയും തുടക്കം കുറിക്കുന്ന സമയം. സ്റ്റാര്‍ട്ടപ്പിന്റെ ഉല്‍പ്പന്നം/സേവനം വിപണിയിലെത്തിക്കഴിഞ്ഞു, ഉപഭോക്താക്കളെ നേടുക, തുടര്‍ച്ചയായ വരുമാനം ഉറപ്പുവരുത്തുക എന്നിവയിലേക്ക്‌ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഘട്ടം ഇതാണ്. ലാഭവളര്‍ച്ചയ്ക്ക് വേണ്ടി ബിസിനസ് മോഡലും മാര്‍ക്കറ്റിംഗും വില്‍പ്പനയുടെ തന്ത്രങ്ങളും കൂടുതല്‍ മെച്ചപ്പെടുത്തുന്നതും ഈ കാലയളവിലാണ്.
4. സ്‌കേല്‍-അപ്പ് സ്റ്റേജ് (ബിസിനസ് വിപുലമാക്കുന്ന കാലം)
വളരെ വേഗത്തിലുള്ള വളര്‍ച്ചയാണ് ഈ സമയത്ത് സ്റ്റാര്‍ട്ടപ്പിനുള്ളത്. സംരംഭത്തെ കൂടുതല്‍ ഉയരങ്ങളിലേക്ക്‌ എത്തിക്കുന്നതിലാണ് സ്ഥാപകരുടെ ശ്രദ്ധ. പുതിയ വിപണികളിലേക്ക് ബിസിനസ് വ്യാപിപ്പിക്കുക, കൂടുതല്‍ ഉപഭോക്താക്കളെ നേടുക, ഉല്‍പ്പന്നശ്രേണി വിപുലമാക്കുക, ബിസിനസ് പ്രവര്‍ത്തനങ്ങള്‍ വിശാലമാക്കുക എന്നിവയെല്ലാം ഈ ഘട്ടത്തില്‍ നടക്കും. ഈ കാലയളവിലെ ഫണ്ടുകള്‍ ഏറെയും വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ അല്ലെങ്കില്‍ ഐ.പി.ഒ വഴിയാണ് ലഭിക്കുന്നത്. ഉയര്‍ന്ന വരുമാനം, മികച്ച വിപണി സാന്നിധ്യം എന്നിവയാണ് ഈ ഘട്ടത്തിന്റെ പ്രധാന സവിശേഷതകള്‍.
ഈ ഘട്ടങ്ങളില്‍ ഓരോന്നിലും വ്യത്യസ്തമായ വെല്ലുവിളികളാണ് സ്റ്റാര്‍ട്ടപ്പിന് നേരിടേണ്ടി വരുന്നത്. അവ തരണം ചെയ്യാന്‍ വേറിട്ട തന്ത്രങ്ങളും മാര്‍ഗങ്ങളും വേണം. ഒരു ഘട്ടത്തില്‍ നിന്ന് അടുത്തതിലേക്കുള്ള മാറ്റം ഒരു സ്റ്റാര്‍ട്ടപ്പിന്റെ വഴിയിലെ വളര്‍ച്ചയെയും മുന്നേറ്റത്തെയുമാണ് സൂചിപ്പിക്കുന്നത്.
Abhijith Preman
Abhijith Preman is a Founder & Designated Partner, Abhijith Preman & Co. LLP Chartered Accountants  

He specialises in fundraising and strategic deals for startups. He also manages their bookkeeping, taxation, and compliance to enable founders to concentrate on growth.

Related Articles

Next Story

Videos

Share it