സ്റ്റാര്‍ട്ടപ്പിനായി ഫണ്ട് സമാഹരിക്കാന്‍ ലക്ഷ്യമിടുകയാണോ? സംരംഭകര്‍ക്ക് മുന്നില്‍ നിരവധി മാര്‍ഗങ്ങള്‍

സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിക്കാന്‍ ശ്രമിക്കുന്നവര്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ കുറിച്ച് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമായി 'ധനംഓണ്‍ലൈന്‍' ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് ഗൈഡിന്റെ ആറാം അദ്ധ്യായമാണിത്. ഈ സീരീസിലെ മുഴുവന്‍ ലേഖനങ്ങളും കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം.


ഒരു സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ചയ്ക്ക് വേണ്ട ഫണ്ട് സമാഹരിക്കാന്‍ സംരംഭകർക്ക്‌ മുന്നിൽ വഴികള്‍ പലതുണ്ട്. ഇവയില്‍ സീരീസ് ഫണ്ടിംഗ്, ക്രൗഡ് ഫണ്ടിംഗ്, വായ്പകള്‍, വെഞ്ച്വര്‍ ക്യാപ്പിറ്റല്‍, ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ് എന്നിവയാണ് ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന മാര്‍ഗങ്ങള്‍.

ഫണ്ട് റെയ്‌സിംഗിന്റെ വിവിധ സാധ്യതകളെക്കുറിച്ച് കൂടുതല്‍ വിശദമായി അറിയാം.
1. സീരീസ് ഫണ്ടിംഗ്
പലതവണയായുള്ള ഫണ്ട് സമാഹരണമാണ് സീരീസ് ഫണ്ടിംഗ്. ഇതിലെ ഓരോ റൗണ്ട് ഫണ്ട് സമാഹരണവും ബിസിനസിന്റെ മൂല്യം വര്‍ദ്ധിപ്പിക്കും.
സാധാരണയായി എ, ബി, സി എന്നിങ്ങനെയാണ് സീരീസുകള്‍ അറിയപ്പെടുന്നത്. ഇതില്‍ ഓരോന്നും ബിസിനസ് വളര്‍ച്ചയുടെയും ഫണ്ടിംഗിന്റെയും വ്യത്യസ്ത തലങ്ങളാണ് സൂചിപ്പിക്കുന്നത്.
2. ക്രൗഡ് ഫണ്ടിംഗ്
ഒരുപാടുപേരില്‍ നിന്ന് ചെറിയ തുകകള്‍ വീതം സമാഹരിച്ച് മൂലധനം കണ്ടെത്തുന്ന ഈ രീതി ഇപ്പോള്‍ ഏറെ ശ്രദ്ധേയമാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ വഴിയാണ് ഈ ഫണ്ടിംഗ് കൂടുതലായും നടക്കുന്നത്.
സംഭാവനകളായും കടമായും പണം വാങ്ങാം. കമ്പനിയുടെ ഓഹരികള്‍, ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ പോലുള്ള പ്രതിഫലം എന്നിങ്ങനെ പല നേട്ടങ്ങളും നിക്ഷേപകര്‍ക്ക് നല്‍കാറുണ്ട്.
3. വായ്പകള്‍
പരമ്പരാഗതമായ രീതിയിലുള്ള പണം കടം വാങ്ങല്‍ മാര്‍ഗമാണിത്. പക്ഷേ, വേണ്ടത്ര നിക്ഷേപമോ ഈട് നല്‍കാനുള്ള വസ്തുവകകളോ ഇല്ലാത്ത പല സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഇത് എളുപ്പമല്ല.
ചെറുകിട ബിസിനസുകള്‍ക്കുള്ള ലോണുകള്‍, എസ്.ബി.എ (സ്‌മോള്‍ ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍) ലോണുകള്‍, മറ്റ് വായ്പകള്‍ എന്നീ മാര്‍ഗങ്ങളിലൂടെയും ഫണ്ട് സമാഹരിക്കാം.
4. വെഞ്ച്വര്‍ ക്യാപ്പിറ്റല്‍

പ്രൊഫഷണലായി നിക്ഷേപം നടത്തുന്ന വ്യക്തികളില്‍ നിന്നോ സ്ഥാപനങ്ങളില്‍ നിന്നോ ഫണ്ട് സമാഹരിക്കുന്ന രീതിയാണിത്. കമ്പനികളുടെ ഓഹരികളാണ് ഇവര്‍ക്ക് പകരം നല്‍കുന്നത്. മികച്ച വികസന സാധ്യതയുള്ള ബിസിനസുകളുടെ ആദ്യ ഘട്ടത്തിലാണ് പലപ്പോഴും ഈ ഫണ്ട് ലഭ്യമാകുന്നത്. ഫണ്ട് നേടുന്നതിനോടൊപ്പം സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ചയെ സഹായിക്കാന്‍ വെഞ്ച്വര്‍ ക്യാപ്പിറ്റലിസ്റ്റുകളുടെ പ്രവര്‍ത്തന വൈദഗ്ദ്യവും മാര്‍ഗനിര്‍ദ്ദേശങ്ങളും ഉപയോഗപ്പെടുത്താം.
5. ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ്
കമ്പനിയില്‍ ഉടമസ്ഥാവകാശമുള്ള ഓഹരികള്‍ക്കോ ഓഹരിയായി മാറ്റാവുന്ന വായ്പകള്‍ക്കോ പകരമായി പണം നിക്ഷേപിക്കുന്ന വ്യക്തികളാണ് ഏഞ്ചല്‍ ഇന്‍വെസ്റ്റേഴ്‌സ്.
മൂലധനത്തിനോടൊപ്പം ഇവരുടെ മാര്‍ഗനിര്‍ദ്ദേശങ്ങളും പ്രധാനപ്പെട്ട ഇന്‍ഡസ്ട്രി ബന്ധങ്ങളും സ്റ്റാര്‍ട്ടപ്പിന് ലഭിക്കും.
6. വെഞ്ച്വര്‍ ഡെറ്റ്
വെഞ്ച്വര്‍ ഇക്വിറ്റിയുടെ പിന്തുണയുള്ള കമ്പനികള്‍ക്ക് നേടാവുന്ന ഒരു വായ്പാ രീതിയാണിത്. സാധാരണ ബാങ്ക് വായ്പകള്‍ക്ക് പകരമായി ഉപയോഗിക്കാം.
നിലവിലുള്ള ഓഹരി ഉടമസ്ഥാവകാശം കുറയ്ക്കാതെ, ഫണ്ട് കയ്യിലുള്ള കാലയളവ് (ക്യാഷ് റണ്‍വേ) നീട്ടിക്കൊണ്ടുപോകാന്‍ ഈ വായ്പയിലൂടെ സ്റ്റാര്‍ട്ടപ്പിന് കഴിയും
7. ഇക്വിറ്റി ക്രൗഡ് ഫണ്ടിംഗ്
പൊതുജനങ്ങളില്‍ നിന്നുള്ള ഫണ്ട് സമാഹരണ രീതി. പകരം അവര്‍ക്ക് നല്‍കുന്നത് ഓഹരികളാണ്. ഈ ഫണ്ട് റെയ്‌സിംഗും ഓണ്‍ലൈന്‍ പ്ലാറ്റ് ഫോമുകളിലൂടെയാണ് നടക്കുന്നത്. ഇതിലൂടെ ഒട്ടേറെ ആളുകള്‍ക്ക് കമ്പനിയുടെ ഓഹരിയുടമകളാകാന്‍ കഴിയും.
ഏത് രീതിയിലുള്ള ഫണ്ട് സമാഹരണം വേണമെന്ന തീരുമാനമെടുക്കുന്നതിനുമുന്‍പ് സംരംഭകര്‍ ലഭ്യമായ എല്ലാ മാര്‍ഗങ്ങളും സൂക്ഷ്മമായി പരിശോധിക്കേണ്ടത് വളരെ പ്രധാനമാണ്. സ്റ്റാര്‍ട്ടപ്പിന്റെ വളര്‍ച്ചയുടെ തലം, ഫണ്ടിന്റെ ആവശ്യകത, ദീര്‍ഘകാല ബിസിനസ് ലക്ഷ്യങ്ങള്‍ എന്നിവ അടിസ്ഥാനമാക്കിയാണ് ഫണ്ടിംഗ് രീതി തിരഞ്ഞെടുക്കേണ്ടത്. ഫണ്ട് സമാഹരണത്തിന്റെ ഓരോ മാര്‍ഗവും കമ്പനിയുടെ ഉടമസ്ഥാവകാശം, നിയന്ത്രണം, ഭാവിയിലെ ഫൈനാന്‍സിംഗ് എന്നിങ്ങനെയുള്ള കാര്യങ്ങളെ പലതരത്തില്‍ ബാധിക്കും. അതുകൊണ്ട് ഫണ്ട് റെയ്‌സിംഗിന്റെ ഗുണങ്ങളും ദോഷങ്ങളും നന്നായി മനസ്സിലാക്കുക - മികച്ച തീരുമാനമെടുക്കുന്നതില്‍ ഏറ്റവും പ്രധാന ഘടകം ഇതാണ്.
Abhijit Preman
Abhijit Preman  

Related Articles

Next Story

Videos

Share it