Begin typing your search above and press return to search.
ഡെറ്റ് ഫണ്ട് റെയ്‌സിംഗ്; സ്റ്റാര്‍ട്ടപ്പുകള്‍ക്കിത് എത്രത്തോളം പ്രയോജനപ്പെടുത്താം?
ബാങ്ക് വായ്പകളെടുത്തും നിക്ഷേപകര്‍ക്കോ പണം കടം നല്‍കുന്നവര്‍ക്കോ ബോണ്ടുകള്‍ നല്‍കിയും ഫണ്ട് സമാഹരിക്കുന്ന രീതിയാണ് ഡെറ്റ് ഫണ്ട്‌റെയ്‌സിംഗ്. പലിശ നല്‍കുകയും വായ്പ തിരിച്ചടക്കുകയും ചെയ്യാമെന്ന് കമ്പനി ഉറപ്പുനല്‍കും. ബിസിനസില്‍ വലിയ തുകയുടെ ചെലവുകള്‍ വരുമ്പോഴും പ്രവര്‍ത്തന മൂലധനം വര്‍ദ്ധിപ്പിക്കേണ്ട ആവശ്യമുള്ളപ്പോഴുമാണ് കമ്പനികള്‍ ഈ മാര്‍ഗം തിരഞ്ഞെടുക്കുന്നത്.
മികച്ച സെയില്‍സും ഈടായി നല്‍കാന്‍ വസ്തുവകകളും ലാഭസാധ്യതയുമുള്ള, വിപണിയില്‍ സ്ഥാനമുറപ്പിച്ച കമ്പനികള്‍ക്ക് പ്രിയപ്പെട്ട ഫണ്ട് സമാഹരണ മാര്‍ഗമാണിത്. കടം നല്‍കുന്നവര്‍ക്ക് സ്ഥാപനത്തിന്റെ മേല്‍ നിയന്ത്രണങ്ങള്‍ ഒന്നുമില്ല എന്നതാണ് ഡെറ്റ് ഫിനാന്‍സിംഗിന് അനുകൂലമായ ഒരു കാര്യം. വായ്പയുടെ പലിശയ്ക്ക് നികുതി ഇളവും ലഭിക്കും. എങ്കിലും ഇതിന് കോട്ടങ്ങളും പലതുണ്ട് - പലിശ സഹിതം വായ്പ തിരിച്ചടക്കണം എന്ന ഉടമ്പടിയും സാമ്പത്തിക ബാധ്യതയും ഉള്‍പ്പെടെ. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട മൂലധനത്തിലുണ്ടാകുന്ന വര്‍ദ്ധനയം മറ്റൊരു പ്രതികൂലഘടകമാണ്. കമ്പനിയുടെ മൂല്യം കുറയ്ക്കാന്‍ ഇത് കാരണമാകും.
ഫണ്ട് സ്വരൂപിക്കാന്‍ ഡെറ്റ് ഫിനാന്‍സിംഗ് വിവിധ രീതിയില്‍ ഉപയോഗപ്പെടുത്താം.
1. ബാങ്ക് വായ്പകള്‍
കമ്പനികള്‍ക്ക് ബാങ്കുകളില്‍ നിന്ന് വായ്പ നേടാം. ഒരു നിശ്ചിത കാലയളവിനുള്ളില്‍ ഇത് പലിശ സഹിതം തിരിച്ചടയ്ക്കണം.
2. ബോണ്ടുകള്‍
നിക്ഷേപകര്‍ക്ക് ബോണ്ടുകള്‍ നല്‍കി പണം കടം വാങ്ങാന്‍ കമ്പനികള്‍ക്ക് കഴിയും. ഈ വായ്പയ്ക്ക് പലിശ നല്‍കണം, ബോണ്ടിന്റെ കാലാവധി തീരുമ്പോള്‍ തുക തിരിച്ചുനല്‍കുകയും വേണം.
3. പ്രൈവറ്റ് പ്ലേസ്‌മെന്റ്
പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ) ഇല്ലാതെ, നിക്ഷേപങ്ങള്‍ നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് ബോണ്ടുകള്‍ നേരിട്ട് വില്‍ക്കുന്ന രീതി.
4. കണ്‍വെര്‍ട്ടിബിള്‍ ഡെറ്റ്
നല്‍കുന്ന വായ്പ പിന്നീട് ഓഹരികളായി മാറ്റാന്‍ കഴിയുന്ന ഫിനാന്‍സിംഗ് മാര്‍ഗം. കമ്പനിക്കും നിക്ഷേപകര്‍ക്കും ഒരുപോലെ സൗകര്യപ്രദമാണിത്.
ഡെറ്റ് ഫിനാന്‍സിംഗ് സ്വീകരിക്കാന്‍ താത്പര്യമുള്ള ഒരു കമ്പനിക്ക് മികച്ച ക്രെഡിറ്റ് പ്രൊഫൈല്‍ വേണം, വായ്പാ തിരിച്ചടവിനെക്കുറിച്ചുള്ള വ്യക്തമായ പ്ലാനും. അതോടൊപ്പം ഇതിന് ബാധകമായ പലിശനിരക്കുകളും കരാറുകളും കൃത്യമായി മനസ്സിലാക്കണം. വായ്പയുടെ നടപടിക്രമങ്ങള്‍ക്ക് രൂപം നല്‍കാനും ഇതുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും നിയമ-സാമ്പത്തിക വിദഗ്ദരുടെ സഹായവും ആവശ്യമായി വരും.
ഡെറ്റ് ഫിനാന്‍സിംഗ് - ഗുണങ്ങള്‍
1. ഉടമസ്ഥാവകാശം നഷ്ടമാകുന്നില്ല
ഇക്വിറ്റി ഫിനാന്‍സിംഗില്‍ നിന്ന് വ്യത്യസ്തമായി, കമ്പനിയുടെ ഭാഗികമായ ഉടമസ്ഥാവകാശമോ നിയന്ത്രണമോ വിട്ടുകൊടുക്കേണ്ടതില്ല.
2. പലിശയില്‍ നികുതിയിളവ്
വായ്പയ്ക്ക് നല്‍കുന്ന പലിശയ്ക്ക് നികുതിയിളവുകള്‍ ബാധകമാണ്. ഇത് കമ്പനിയുടെ നികുതി ബാധ്യത കുറയ്ക്കാന്‍ സഹായിക്കും.
3. നിശ്ചിതമായ പേയ്‌മെന്റുകള്‍
ഡെറ്റ് ഫിനാന്‍സിംഗിലൂടെ നേടുന്ന വായ്പയുടെ പലിശനിരക്ക് നിശ്ചിതമായിരിക്കും. മാസം നല്‍കേണ്ട തുകയും കൃത്യമായിരിക്കും. അതുകൊണ്ട് എത്ര ചെലവുവരുമെന്ന് കണക്കുകൂട്ടാന്‍ കമ്പനികള്‍ക്ക് എളുപ്പമാണ്.
4. നിയന്ത്രണം തുടരാം
ബിസിനസ് പ്രവര്‍ത്തനങ്ങളായാലും കമ്പനിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളായാലും അവ നിയന്ത്രിക്കുന്നത് സംരംഭകര്‍ തന്നെയായിരിക്കും.
5. മൂലധനം സ്വന്തമാകും
ഡെറ്റ് ഫിനാന്‍സിംഗിലൂടെ വളരെ പെട്ടെന്ന് മൂലധനം സ്വന്തമാക്കാന്‍ കമ്പനികള്‍ക്ക് കഴിയും. ബിസിനസിന്റെ വളര്‍ച്ചയ്ക്ക് ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഫണ്ട് ഉപയോഗപ്പെടുത്താനും സാധിക്കും.
ഗുണങ്ങള്‍ പോലെ പല ദോഷങ്ങളും ഡെറ്റ് ഫിനാന്‍സിംഗിനുണ്ട്. പലിശ സഹിതം വായ്പ തിരിച്ചടയ്‌ക്കേണ്ട ബാധ്യതയും സാമ്പത്തിക ഞെരുക്കവും കുടിശ്ശികയുണ്ടാകാനുള്ള സാധ്യതയും ഇവയില്‍ ചിലതാണ്.
ഡെറ്റ് ഫിനാന്‍സിംഗ്-ദോഷങ്ങള്‍
1. വ്യക്തിഗത ബാധ്യതകളുണ്ടാകാനുള്ള സാധ്യത
വായ്പ തിരിച്ചടക്കാന്‍ സംരംഭത്തിന് കഴിഞ്ഞില്ലെങ്കില്‍ അത് ഉടമകളുടെ വ്യക്തിഗത ബാധ്യതയാകും, സ്ഥാപകരുടെ സ്വകാര്യ സ്വത്തുക്കള്‍ക്ക് പ്രശ്‌നം സൃഷ്ടിക്കും.
2. ഉയര്‍ന്ന പലിശ നിരക്ക്
സാധാരണയായി ഇക്വിറ്റിയേക്കാള്‍ ഉയര്‍ന്നതാണ് ഡെറ്റ് ഫിനാന്‍സിംഗിന്റെ പലിശ. ബിസിനസിന്റെ പ്രവര്‍ത്തനച്ചെലവുകള്‍ വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും.
3. ഈട് വേണം എന്ന നിബന്ധന
ബിസിനസുകള്‍ക്ക് വായ്പ നല്‍കുമ്പോള്‍ ഈട് വേണമെന്ന് പലരും ആവശ്യപ്പെടാറുണ്ട്. ഭൂമിയോ ഉപകരണങ്ങളോ ആണ് സെക്യൂരിറ്റിയായി നല്‍കേണ്ടത്. വായ്പ തിരിച്ചടക്കുന്നതില്‍ മുടക്കം വന്നാല്‍ പണം കടം തന്നവര്‍ക്ക് ഈടായി നല്‍കിയതെല്ലാം പിടിച്ചെടുക്കാം.
4. തിരിച്ചടവിന്റെ നിബന്ധനകള്‍
ബിസിനസില്‍ നിന്നുള്ള വരുമാനം എന്തുതന്നെയായാലും തിരിച്ചടവ് കൃത്യമായിരിക്കണം. ചെറുകിട സംരംഭങ്ങള്‍ക്കും സ്ഥിരമായ ക്യാഷ് ഫ്േളാ ഇല്ലാത്ത പുതിയ ബിസിനസുകള്‍ക്കും ഇത് പ്രശ്‌നം സൃഷ്ടിക്കും.
5. കെഡിറ്റ് റേറ്റിംഗ് മോശമാകും
തിരിച്ചടവ് വൈകിയാലോ മുടങ്ങിയാലോ കമ്പനിയുടെ ക്രഡിറ്റ് റേറ്റിംഗിനെ അത് മോശമായി ബാധിക്കും, ഭാവിയിലെ ഫണ്ട് സമാഹരണത്തിന് ബുദ്ധിമുട്ട് സൃഷ്ടിക്കും.
Next Story
Videos