വീടിന്റെ കട്ടിളയും ജനലും തടിയില്‍ നിന്ന് ഇരുമ്പിലേക്ക് മാറുന്ന കാലം

വീടിനകത്ത് കൂടുതല്‍ വെളിച്ചവും വായുസഞ്ചാരവും വേണം. അത് മലയാളിക്ക് നിര്‍ബന്ധം. പുതിയ വീട് നിര്‍മിക്കുമ്പോള്‍ ആവശ്യത്തിന് ജനലുകള്‍ ഉണ്ടെന്ന് ഉറപ്പാക്കും. വാതിലുകളും ആവശ്യത്തിന് വീതിയുള്ളതും ഉറപ്പുള്ളതുമാകണം. അതേസമയം, ഇതെല്ലാം വീടുണ്ടാക്കുന്നവരുടെ ബഡ്ജറ്റില്‍ ഒതുങ്ങുകയും വേണം. ഉറപ്പും ഭംഗിയുമുള്ള ഫ്രെയിമുകളോടു കൂടിയ വാതിലുകളും ജനലുകളും കേരളത്തിലെ പരമ്പരാഗത രീതിയാണ്. ഒരു കാലത്ത് വാതിലുകളും ജനലുകളും നിര്‍മ്മിക്കാന്‍ മരത്തടികളെ മാത്രം ആശ്രയിച്ചിരുന്ന നമുക്കു മുന്നില്‍ ഇപ്പോള്‍ ഒട്ടേറെ പുതിയ സാധ്യതകള്‍ തുറന്നു വന്നിട്ടുണ്ട്. സിമന്റ് ഫ്രെയിമുകള്‍ കുറെ കാലം സാധാരണക്കാര്‍ക്കിടയില്‍ മരത്തിന് ബദലായി മാറി. ഇപ്പോള്‍ സ്റ്റീല്‍ ഫ്രെയിമുകളുടെ കൂടി കാലമാണ്. മധ്യവര്‍ഗത്തിനിടയില്‍ ഇതിന് ഏറെ പ്രചാരം ലഭിച്ചു വരുന്നു. ഒട്ടേറെ ചെറുതും വലുതുമായ ബ്രാന്റുകള്‍ ഈ രംഗത്തുണ്ട്. കൊമേഴ്‌സ്യല്‍ കെട്ടിട സമുച്ചയങ്ങളില്‍ ഏറെ കാലമായി ഉപയോഗിക്കുന്ന സ്റ്റീല്‍ ഡോറുകളും ജനലുകളും ഇപ്പോള്‍ വീടു നിര്‍മ്മാണത്തിനും തെരഞ്ഞെടുക്കുന്നുണ്ട്. അതേസമയം, മരത്തിന്റെ ഉപയോഗം മലയാളികള്‍ കൈവിടുന്നുമില്ല. പ്രീമിയം വീടുകളുടെ നിര്‍മ്മാണത്തില്‍ ഇപ്പോഴും പ്രിയപ്പെട്ടത് മരത്തടികള്‍ തന്നെ.

പരമ്പരാഗത രീതി

വീട് നിര്‍മ്മിക്കുന്നതിന് മുമ്പു തന്നെ മരം തേടി നടക്കുന്നതാണ് മലയാളിയുടെ പരമ്പരാഗത രീതി. ജനലുകളുടെയും വാതിലുകളുടെയും നിര്‍മ്മാണത്തിന് ഏറെ സമയമെടുക്കുമെന്നതിനാല്‍ വീടിന് തറ കെട്ടുന്നതിന് മുമ്പു തന്നെ മര ഉരുപ്പടികളുടെ നിര്‍മ്മാണം തുടങ്ങുന്ന പതിവുണ്ടായിരുന്നു. മാത്രമല്ല, നല്ല മരം അന്വേഷിച്ച് കണ്ടെത്തേണ്ടതുമുണ്ട്. തേക്ക്, ആഞ്ഞിലി, ഇരൂള്‍, വീട്ടി, പ്ലാവ് തുടങ്ങിയവയാണ് വീടു നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന പ്രധാനമരങ്ങള്‍. വിവിധ ജില്ലകളില്‍ വിവിധ തരം മരങ്ങളോടാണ് പ്രിയം. ഫോറസ്റ്റ് തേക്കിന് കേരളത്തില്‍ പൊതുവില്‍ ഡിമാന്റ് കൂടുതലാണ്; വിലയും. മലേഷ്യ പോലുള്ള രാജ്യങ്ങളില്‍ നിന്ന് മരങ്ങള്‍ വ്യാപകമായി എത്തിയതോടെ പുതിയ സാധ്യതകളും വര്‍ധിച്ചു. അതിനിടെ, മരത്തിന് ബദലായി സ്റ്റീല്‍ ഉപയോഗിക്കുന്നതിന്റെ സാധ്യതകള്‍ തെളിഞ്ഞു വന്നതോടെ ചിത്രം മാറുകയാണ്. നേരത്തെ വീടിന് മുന്‍വശത്തും പിന്‍ഭാഗത്തും സുരക്ഷക്കായി ഗ്രില്ലുകള്‍ നിര്‍മ്മിക്കാനാണ് ഇരുമ്പിനെ ആശ്രയിച്ചിരുന്നത്. എന്നാല്‍ സ്റ്റീല്‍ ഉപയോഗിച്ചുള്ള പുത്തന്‍ മോഡലുകള്‍ വന്നതോടെ പ്രധാന വാതിലുകളും സ്റ്റീലിലേക്ക് മാറുകയാണ്. ഭംഗിയുള്ളതും വേറിട്ടതുമായി സ്റ്റീല്‍ ഡോറുകളാണ് ഇന്ന് വിപണിയില്‍ ഉള്ളത്.

വളരുന്ന സ്റ്റീല്‍ ഫ്രെയിം വ്യവസായം

കേരളത്തില്‍ എം.എസ്.എം.ഇ മേഖലയില്‍ വേഗത്തില്‍ വളരുന്ന മേഖലകളിലൊന്നാണ് സ്റ്റീല്‍ ഫ്രെയിം വ്യവസായം. ചെറുകിട യൂണിറ്റുകള്‍ മുതല്‍ അത്യാധുനിക ടെക്നോളജി ഉപയോഗപ്പെടുത്തുന്ന വമ്പന്‍ ഫാക്ടറികള്‍ വരെ ഈ മേഖലയില്‍ ഇന്നുണ്ട്. ചെറിയ വെല്‍ഡിംഗ് യൂണിറ്റുകള്‍ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായാണ് വീടുകള്‍ക്കുള്ള സ്റ്റീല്‍ ഫ്രെയിമുകള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. ഇന്ന് അതുമാത്രം നിര്‍മ്മിക്കുന്ന നിരവധി വ്യവസായ യൂണിറ്റുകളാണ് സംസ്ഥാനത്തുള്ളത്. കോടികളുടെ നിക്ഷേപമുള്ള മേഖലയുമായി മാറിക്കഴിഞ്ഞു. ആയിരക്കണക്കിന് ജീവനക്കാര്‍ ഈ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നു. ടാറ്റ പോലുള്ള വന്‍കിട കമ്പനികളും ഈ മേഖലയില്‍ ശ്രദ്ധേയമായ സാന്നിധ്യമാണ്.
ഇരുമ്പില്‍ നിര്‍മ്മിച്ച വാതിലുകള്‍ക്കും ജനലുകള്‍ക്കും കേരളത്തില്‍ സ്വീകാര്യത വര്‍ധിച്ചു വരുന്നതായി മലപ്പുറം കോട്ടക്കലിലെ സ്റ്റീല്‍ ഫ്രെയിം നിര്‍മ്മാണ കമ്പനിയായ ഫെര്‍ടെക് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക് മാനേജിംഗ് ഡയരക്ടര്‍ ഉസ്മാന്‍ കരിമ്പനാല്‍ പറയുന്നു. സ്റ്റീല്‍ ഫ്രെയിമുകളുടെ നിര്‍മ്മാണ രീതികളില്‍ മാറ്റങ്ങള്‍ വരുന്നുണ്ട്. യഥാര്‍ത്ഥ ജി.ഐയില്‍ സിങ്ക് കോട്ടിംഗ് നടത്തിയ ശേഷം കോര്‍ണര്‍ ലോക്കിംഗ് സംവിധാനത്തിലാണ് ഫെര്‍ടെക് ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നത്. ആജീവനാന്ത സര്‍വ്വീസ് വാറണ്ടിയാണ് കമ്പനി നല്‍കുന്നതെന്ന് ഉസ്മാന്‍ കരിമ്പനാല്‍ പറഞ്ഞു. മൂന്ന് ഏക്കറിലായി 50 കോടിയിലേറെ മൂല്യമുള്ള കമ്പനിയാണ് ഫെര്‍ടെക്. ഇത്തരത്തിലുള്ള ചെറുതും വലുതുമായ ഒട്ടേറെ കമ്പനികളാണ് ഈ മേഖലയില്‍ വളര്‍ന്നു വരുന്നത്.

കൂടുതല്‍ ഉറപ്പ്, വിലയിലെ അന്തരം

മരത്തിന് പകരം സ്റ്റീല്‍ ഫ്രെയിമുകള്‍ തെരഞ്ഞെടുക്കാന്‍ വീട് നിര്‍മ്മിക്കുന്നവര്‍ക്ക് നിരവധി കാരണങ്ങളുണ്ട്. കൂടുതല്‍ സുരക്ഷിതമാണെന്നതാണ് പ്രധാനം. കാലാവസ്ഥക്കനുസരിച്ച് മരത്തടികളില്‍ മാറ്റങ്ങള്‍ വരാറുണ്ട്. ഇരുമ്പു ഫ്രെയിമുകളെ ഇത് ബാധിക്കുന്നില്ല. ഈര്‍പ്പം കൂടുതലുള്ള സ്ഥലങ്ങളില്‍ ചിതല്‍ശല്യം കൂടുന്നത് മര ഉരുപ്പടികള്‍ പെട്ടെന്ന് നശിക്കാന്‍ കാരണമാകുന്നു. സാധാരണ മരം ഉപയോഗിച്ചുള്ള ഉരുപ്പടികളെക്കാള്‍ 30 ശതമാനം വരെ വിലക്കുറവാണ് ഇരുമ്പു ഫ്രെയിമുകള്‍ക്ക് വരുന്നത്. ഇതും കൂടുതല്‍ പേരെ മരം ഉപേക്ഷിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്.
Subair VM
Subair VM - Special Correspondent  
Related Articles
Next Story
Videos
Share it