സ്റ്റാര്‍ട്ടപ്പുകളേ... നിങ്ങളും ബൈജൂസിന്റെയും പേയ്ടിഎമ്മിന്റെയും വഴിയിലാണോ? എന്നാലിത് ശ്രദ്ധിക്കുക

ധാരാളം ഉപയോക്താക്കളുള്ള, ലോകം മൊത്തമറിയുന്ന ബ്രാന്‍ഡിനെ പടുത്തുയര്‍ത്തുക ഓരോ സംരംഭകരുടെയും സ്വപ്നമാണ്. പക്ഷേ ഈ ലക്ഷ്യങ്ങളിലേക്കെത്താന്‍ വലിയ പരസ്യ കാമ്പെയ്നുകളിലേക്ക് മാത്രം ശ്രദ്ധകൊടുക്കുമ്പോള്‍ പലരും ഉത്പന്നങ്ങളെ മികച്ചതാക്കാനും ജീവനക്കാരെ പരിഗണിക്കാനും ഉപയോക്താക്കളോട് സത്യസന്ധത പാലിക്കാനുമൊക്കെ മറക്കും. വമ്പന്‍ സ്റ്റാര്‍ട്ടപ്പുകളായിരുന്ന ബൈജൂസിന്റെയും പേയ്ടിഎമ്മിന്റെയും ഭാരത്പേയുടേയുമൊക്ക അടുത്തിടെയുണ്ടായ തിരിച്ചടികള്‍ എല്ലാ സ്റ്റാര്‍ട്ടപ്പുകള്‍ക്കും വലിയ പാഠമാണ്.

ആന്തരിക മൂല്യം സൃഷ്ടിക്കുക, ഉൽപന്നത്തിലും ജീവനക്കാരിലും കസ്റ്റമേഴ്സിലും നിക്ഷേപിക്കുക

എഡ്‌ടെക് സ്ഥാപനമായ ബൈജൂസിന്റെ കാര്യമെടുത്താല്‍ വലിയ പ്രതിസന്ധികളിലേക്ക് നീങ്ങുന്നതിന് വളരെ മുമ്പുതന്നെ ഉപയോക്താക്കളുടെയും ജീവനക്കാരുടെയും ഭാഗത്ത് നിന്ന് കമ്പനിക്കെതിരെ നിരവധി ആക്ഷേപങ്ങളുയര്‍ന്നിരുന്നു. അതിതീവ്രമായ വ്യക്തിഗത മാര്‍ക്കറ്റിംഗ് കോളുകള്‍ കസ്റ്റമേഴ്സിനെ അസംതൃപ്തരാക്കി. (ഒരു ഉത്പന്നം വാങ്ങിയ ഉപഭോക്താവിനെ തിരിച്ചറിയാതെ വീണ്ടും അതേ ഉത്പന്നം വാങ്ങുന്നതിനായി അവർ നിരന്തരം വിളിക്കുമായിരുന്നു). എന്നാല്‍ ഉത്പന്നത്തിന്റെ ഗുണമേന്മ മെച്ചപ്പെടുത്താന്‍ ഒന്നും തന്നെ ചെയ്തില്ല (ആറാം ക്ലാസ്സിലെ കുട്ടിക്ക് പോലും ബൈജൂസിൻ്റെ കണ്ടൻ്റിലെ തെറ്റുകൾ ചൂണ്ടിക്കാണിക്കാൻ കഴിഞ്ഞിരുന്നു
). ജീവനക്കാരെയാകട്ടെ വലിയ ടാര്‍ഗറ്റുകള്‍ അടിച്ചേല്‍പ്പിച്ച് സമ്മര്‍ദ്ദത്തിലാക്കി. മാത്രമല്ല പുതിയ ആളുകളെ നിയമിച്ച് നിലവിലുള്ളവരെ പിരിച്ചുവിടുന്ന രീതി ജീവനക്കാരില്‍ അമര്‍ഷമുണ്ടാക്കുകയും ചെയ്തു.
യൂണികോണ്‍ കമ്പനിയെന്ന നിലയില്‍ ബൈജൂസ് നിക്ഷേപകര്‍ക്കിടയില്‍ ഉയര്‍ന്ന മൂല്യം നേടിയെടുക്കാന്‍ മാത്രമാണ് ശ്രദ്ധിച്ചത്. സ്വയം അവരുടെ ബ്രാന്‍ഡ് അംബാസഡര്‍മാരായി മാറിയേക്കാവുന്ന ഉപയോക്താക്കളെയും ജീവനക്കാരെയും നഷ്ടപ്പെടുത്തി.
സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഉള്‍പ്പെടെ എല്ലാ സംരംഭകര്‍ക്കും പിന്തുടരാവുന്ന ഒരു മാതൃക കാണിച്ച് മുന്നിലുള്ളത് ടാറ്റ ഗ്രൂപ്പാണ്. ജീവനക്കാരെയും
കസ്റ്റ
മേഴ്സിനെയും ഒപ്പം നിലനിര്‍ത്തുന്നതില്‍ അവര്‍ തലമുറകളായി തന്നെ ശ്രദ്ധ ചെലുത്തുന്നു. അതിനാല്‍ വളരെ കഠിനമേറിയ നാളുകളില്‍ പോലും ഈ രണ്ട് തൂണുകള്‍- അതായത് ജീവനക്കാരും ഉപയോക്താക്കളും അവര്‍ക്കൊപ്പം പൂര്‍ണ പിന്തുണയുമായി നിലകൊണ്ടു.
പയ്യെ പടുത്തുയര്‍ത്താം സുസ്ഥിരമായൊരു ബ്രാന്‍ഡ്
ക്ഷമയാണ് വിജയത്തിൻ്റെ പ്രധാന ഘടകമെന്ന് ബില്‍ ഗേറ്റ്‌സ് പറഞ്ഞിട്ടുണ്ട്. വലിയൊരു സാമ്രാജ്യം പടുത്തുയര്‍ത്തുമ്പോഴും നമ്മള്‍ മറ്റുള്ളവര്‍ക്ക് ചെവികൊടുക്കണം. വീ-ഗാര്‍ഡ്, വീഗാലാന്‍ഡ് എന്നീ കമ്പനികളുടെ സ്ഥാപകനായ കൊച്ചൗസേപ്പ് ചിറ്റിലപ്പിള്ളി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞത് ഇങ്ങനെയാണ്. ''വിജയിയായ ഒരു സംരംഭകനെന്ന നിലയില്‍ നിങ്ങള്‍ക്ക് എല്ലാവര്‍ക്കും എന്നെ അറിയാം.
എന്നാൽ ആരും അറിയുക പോലും ചെയ്യാത്ത ഒരുപാട് വർഷങ്ങൾക്ക് ശേഷമാണ് ഞാൻ ഇന്നിവിടെ എത്തി നിൽക്കുന്നത്.
ബിസിനസ് എന്നാല്‍ വളരെ സാവധാനത്തിലും സുസ്ഥിരമായും കെട്ടിപ്പടുക്കേണ്ട ഒന്നാണ്.''
ഇപ്പോള്‍ മിക്കവാറും സ്റ്റാര്‍ട്ടപ്പുകള്‍ യൂണികോണായി മാറാനും അതിവേഗം വളരാനും ശ്രമിക്കുമ്പോള്‍ പാതി വഴിയില്‍ കാലിടറി വീഴുകയാണ്. എത്രത്തോളം ഉയരത്തിലേക്കാണോ നിങ്ങള്‍ പോകുന്നത്, അത്രത്തോളം വലുതായിരിക്കും നിങ്ങളുടെ വീഴ്ചയും. എല്ലാതലത്തിലും അതിവേഗം വളരാനുള്ള ശ്രമമാണ് ബൈജൂസിന്റെ വീഴ്ചയ്ക്ക് കാരണമായാണ്. പെട്ടെന്ന് വളരാന്‍ കമ്പനി വന്‍ തുകകള്‍ മുടക്കി ഏറ്റെടുക്കലുകള്‍ നടത്തി.
പേയ്ടിഎമ്മിന് സംഭവിച്ചതാകട്ടെ അവരുടെ പ്രധാന ബിസിനസായ പേയ്മെന്റ് ആപ്പില്‍ പൂര്‍ണ ശ്രദ്ധ നല്‍കാതെ ധനകാര്യ മേഖലയിലെ എല്ലാ വിഭാഗങ്ങളിലേക്കും കടക്കാന്‍ ശ്രമിച്ചതാണ്.
ഈ കമ്പനികളൊക്കെ ഒരുപക്ഷെ തിരിച്ചുയര്‍ന്നു വന്നേക്കാം, പക്ഷെ അവരുടെ വീഴ്ചകള്‍ക്ക് വലിയ വില നല്‍കേണ്ടി വരും. സ്റ്റാര്‍ട്ടപ്പുകളും സംരംഭകരും ക്ഷമയുടെ മൂല്യം കൂടി അറിയണം. ബ്രാന്‍ഡുകളെ വളരെ സാവധാനത്തിലും സുസ്ഥിരമായും എല്ലാ ഭൗതിക, സാമ്പത്തിക സൗകര്യങ്ങളുമൊരുക്കി വളര്‍ത്താന്‍ ഇതു സഹായിക്കും.
മറക്കരുത് നിയമങ്ങള്‍
ഏതൊരു ബിസിനസും ദീര്‍ഘകാലത്തില്‍ നിലനിറുത്തണമെങ്കില്‍ പ്രധാനം അത് പ്രവര്‍ത്തിക്കുന്ന രാജ്യത്തെ നിയമം പാലിക്കുക എന്നതാണ്. ഉയര്‍ന്ന മൂല്യം (Valuation) സൃഷ്ടിക്കുന്നതിലൂടെയും ഉയര്‍ന്ന നിക്ഷേപം ആകര്‍ഷിക്കുന്നതിലൂടെയും ഒരിക്കലും നിങ്ങളുടെ ബിസിനസ് ദീര്‍ഘകാലത്തേക്ക് നിലനില്‍ക്കണമെന്നില്ല.
രാജ്യത്തെ പല നിയമങ്ങളും ലംഘിച്ചത് മൂലം ബൈജൂസിന് പല തവണ താക്കീത് കിട്ടി. അതേപോലെ ആര്‍.ബി.ഐയുടെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിന്റെ പേരിലാണ് പേയ്ടിഎം ഇപ്പോള്‍ പ്രശ്നങ്ങള്‍ നേരിടുന്നത്. സാമ്പത്തിക നിയമങ്ങള്‍ ലംഘിച്ചതാണ് ഭാരത്‌പേയെ പ്രശ്‌നങ്ങളിലെത്തിച്ചത്.
വന്‍തോതില്‍ പരസ്യങ്ങള്‍ക്കായി ചെലവഴിച്ച് നിങ്ങള്‍ക്ക് ഹ്രസ്വകാലത്തേക്ക് ഒരു ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ കഴിയും, എന്നാല്‍ ദീര്‍ഘകാലത്തില്‍ അത് സജീവമായി നിലനിറുത്തേണ്ടത് രാജ്യത്തിന്റെ നിയമങ്ങള്‍ പാലിച്ചായിരിക്കണം.
ഏതൊരു ബ്രാന്‍ഡിന്റെയും ഏത് ഉല്‍പ്പന്നത്തിന്റെയും അല്ലെങ്കില്‍ ഏത് സാങ്കേതികവിദ്യയുടെയും വിജയം രാജ്യത്തെ നിയമത്തെ ആശ്രയിച്ചിരിക്കുന്നുവെന്ന് മികച്ച ബിസിനസ് ചിന്തകര്‍ എപ്പോഴും പറയാറുണ്ട്. പ്രത്യേകിച്ചും നിങ്ങള്‍ ഒരു സ്റ്റാര്‍ട്ടപ്പ് ആയിരിക്കുമ്പോള്‍ നിയമങ്ങള്‍ അറിയുകയും നിയമങ്ങളിലെ മാറ്റങ്ങളെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യുകയും അവ സ്ഥിരമായി പാലിക്കുകയും വേണം. വലിയ കമ്പനികളില്‍ നിന്ന് വ്യത്യസ്തമായി ഒരു ചെറിയ കമ്പനിക്ക് നിയമപരമായ പ്രശ്നങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ ഉണ്ടായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ കഴിഞ്ഞെന്നു വരില്ല.
Pradeep Menon M
Pradeep Menon M  

Co-founder, Branding & Strategy Head of Black Swan (India) Ideations

Related Articles

Next Story

Videos

Share it