നെതര്‍ലന്‍ഡ്‌സില്‍ ഗവേഷക വിദ്യാര്‍ത്ഥികളായ രണ്ട് മലയാളികള്‍ എങ്ങനെയാണ് ഫോബ്‌സ് പട്ടികയില്‍ ഇടം നേടിയത്

2018ല്‍ പ്രളയം ഉണ്ടായ ശേഷം മലയാളികള്‍ കേട്ട ഒരു വാക്കാണ് നെതര്‍ലന്‍ഡ്‌സ് മാതൃക അഥവാ ഡച്ച് മാതൃക. കുട്ടനാട് ഉള്‍പ്പടെയുള്ള പ്രദേശങ്ങളിലെ പുനരധിവാസത്തിന് നെതര്‍ലന്‍ഡ്‌സിന്റെ അനുഭവ പാഠങ്ങള്‍ പിന്തുടരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് 'നെതര്‍ലന്‍ഡ്‌സ് മാതൃക' കേരളം ചര്‍ച്ച ചെയ്തത്. ഇപ്പോള്‍ ആ നെതര്‍ലന്‍ഡ്‌സില്‍ വെള്ളപ്പൊക്കെത്തെ അതിജീവിക്കുന്ന വീടുകളെക്കുറിച്ചും ഒഴുകുന്ന നഗരങ്ങളെക്കുറിച്ചും (amphibious and floating buildings) ഗവേഷണം നടത്തുന്ന രണ്ട് മലയാളികള്‍ "ഫോബ്‌സ് 30 അണ്ടര്‍ 30 ഏഷ്യ" ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ്.

നന്മ ഗിരീഷ്, ബെന്‍. കെ. ജോര്‍ജ് എന്നിവരാണ് ഇന്‍ഡസ്ട്രി, മാനുഫാക്ചറിംഗ് & എനര്‍ജി വിഭാഗത്തില്‍ മുപ്പ്ത് വയസിന് താഴെയുള്ളവരുടെ ഫോബ്‌സ് ഏഷ്യ പട്ടികയില്‍ ഇടം നേടിയത്. വെള്ളപ്പൊക്കത്തെ അതിജീവിക്കാന്‍ കെല്‍പ്പുള്ള വീടുകള്‍ നിര്‍മിക്കുന്ന നെസ്റ്റ് അബൈഡ് (nestabide) എന്ന സ്റ്റാര്‍ട്ടപ്പിന്റെ സ്ഥാപകരാണ് ഇവര്‍. വെള്ളപ്പൊക്കം ഉണ്ടായാല്‍ പൊങ്ങിക്കിടക്കുന്ന ആംഫിബിയസ് വീടുകളാണ് (Amphibious house) നെസ്റ്റ് അബൈഡ് നിര്‍മിക്കുന്നത്. ഉള്ള് പൊള്ളയായ കോണ്‍ക്രീറ്റ് ബോക്‌സ് തറയാണ് ഈ വീടുകളുടെ പ്രത്യേകത.

എംടെക്ക് പ്രോജക്ടിന്റെ ഭാഗമായി 2017ല്‍ ആണ് ആംഫിബിയസ് വീടുകളെക്കുറിച്ച് നന്മ പഠനം നടത്തുന്നത്. സിവില്‍ എഞ്ചിനീയറായ നന്മയുടെ പ്രോജക്ടിന്റെ ഇലക്ട്രിക് വശങ്ങള്‍ക്ക് സാഹായം ചെയ്തിരുന്നത് സഹപാഠിയും ഇലക്ട്രിക് എഞ്ചിനീയറും ആയിരുന്ന ബെന്‍. കെ. ജോര്‍ജ് ആണ്. 2018ല്‍ പ്രളയം ഉണ്ടായപ്പോഴാണ് കേരളത്തില്‍ ഇത്തരം വീടുകള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഇരുവര്‍ക്കും ബോധ്യപ്പെട്ടത്. അങ്ങനെയാണ് 2018ല്‍ തിരുവനന്തപുരം ആസ്ഥാനമായി നെസ്റ്റ് അബൈഡ് എന്ന സ്ഥാപനത്തിന് തുടക്കമിടുന്നത്.

ഇന്ത്യയിലെ തന്നെ ആദ്യ കോണ്‍ക്രീറ്റ് ആംഫിബിയസ് പ്രോട്ടോടൈപ്പ് വീട് നിര്‍മിച്ചത് നെസ്റ്റ് അബൈഡ് ആണ്. ഒരു ആംഫിബിയസ് വീട് എങ്ങനെ ആയിരിക്കും എന്ന് കണ്ട് മനസിലാക്കാനുള്ള അവസരമാണ് കോട്ടയം കുറവിലങ്ങാടുള്ള പ്രോട്ടോടൈപ്പ് കൊണ്ട് ഇവര്‍ ലക്ഷ്യമിടുന്നത്. ഇപ്പോള്‍ ധാരാളം പേരാണ് ആംഫിബിയസ് വീടിനോട് താല്‍പ്പര്യം അറിയിച്ച് എത്തുന്നത്. നിലവില്‍ ലൈഫ് പദ്ധതി, കെ-ഡിസ്‌ക് (kerala development and innovative strategic council) എന്നിവയുമായി ചേര്‍ന്ന് കുട്ടനാട്ടിലും മണ്‍റോ തുരുത്തിലും ആംഫിബിയസ് വീടുകള്‍ നിര്‍മിക്കാനുള്ള തയ്യാറെടുപ്പിലാണെന്ന് നന്മ അറിയിച്ചു. വീടിന് അര്‍ഹരായവരുടെ ലിസ്റ്റ് തയ്യാറാക്കുകയാണ് നിലവില്‍. ഇത്തരം നടപടികള്‍ പൂര്‍ത്തിയായാല്‍ കുട്ടനാട്ടിലും മണ്‍റോ തുരുത്തിലുമെല്ലാം വെള്ളം വന്നാല്‍ പൊങ്ങുന്ന വീടുകളുടെ നിര്‍മാണം നെസ്റ്റ് അബൈഡ് ആരംഭിക്കും.

2019ല്‍ പോളണ്ടില്‍ നടന്ന ഗ്ലോബല്‍ ആംഫിബിയസ് പോളിസി സിമ്പോസിയത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചത് നന്മ ഗിരീഷ് ആയിരുന്നു. യൂണിവേഴ്‌സിറ്റി ഓഫ് വാട്ടര്‍ലൂ, ബൂയന്റ് ഫൗണ്ടേഷന്‍ പ്രോജക്ട് എന്നിവയുമായി സഹകരിക്കുന്നതിന്റെ ഭാഗമായി 2020ല്‍ കാനഡ സര്‍ക്കാരിന്റെ സാമ്പത്തിക സഹായവും നെസ്റ്റ് അബൈഡിന് ലഭിച്ചിട്ടുണ്ട്.

സാധാരണ രീതിയില്‍ മൂന്ന് നിലവരെയുള്ള വീടുകള്‍ ആംഫിബിയസ് രീതിയില്‍ നിര്‍മിക്കാമെന്നാണ് നന്മ പറയുന്നത്. സ്‌ക്വയര്‍ഫീറ്റിന് 2300 രൂപവരെ ആണ് ചെലവ് വരുന്നത്. ഒരു വീട് എന്നതില്‍ കവിഞ്ഞ് ഒരു ഗ്രാമം മൊത്തമായി തന്നെ ആംഫിബിയസ് രീതിയില്‍ നിര്‍മിക്കാന്‍ സാധിക്കും. വെള്ളപ്പൊക്ക ഭീക്ഷണി നേരിടുന്ന കേരളത്തിലെ പ്രദേശങ്ങള്‍ക്ക് ഏറ്റവും അനുയോജ്യമായ രീതിയായി ആണ് ആംഫിബിയസ് വിലയിരുത്തപ്പെടുന്നത്.

Amal S
Amal S  

Sub Editor

Related Articles

Next Story

Videos

Share it