ഫണ്ടിംഗ് വരളുമ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ എന്ത് ചെയ്യണം?

ആശയം മികച്ചതാണോ; ഫണ്ട് തേടിവരും. ഇതൊരു പഞ്ച് ലൈനായി നെഞ്ചേറ്റിയവരാണ് സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍. പക്ഷേ, അടുത്തിടെയായി സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് (Startup Funding) രംഗത്തെ ദേശീയ, രാജ്യാന്തരതലത്തില്‍ നിന്നുള്ള വാര്‍ത്തകള്‍ അത്ര സുഖകരമല്ല. സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് രംഗത്ത് 'സുദീര്‍ഘവും തീവ്രവുമായ മഞ്ഞുകാലം' വരുന്നുവെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗ് കുറയുന്നുവെന്നാല്‍ ഈ രംഗത്തെ തൊഴില്‍ നഷ്ടവും കൂടുമെന്നാണര്‍ത്ഥം.

രാജ്യത്തെ ഈ കണക്കുകള്‍ നോക്കൂ. 2021ല്‍ രാജ്യത്ത് പിറവിയെടുത്തത് 42 യൂണികോണുകളാണ് (അതായത് മൂല്യം 100 കോടി ഡോളറിലെത്തിയ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങള്‍). 2021 ഇക്കാര്യത്തിലിട്ടത് ഒരു പുത്തന്‍ റെക്കോര്‍ഡും. 2021ല്‍ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റവുമായി. ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് പ്രമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡിന്റെ കണക്ക് പ്രകാരം രാജ്യത്തെ 634 ജില്ലകളിലായി 59,000 സ്റ്റാര്‍ട്ടപ്പുകളാണ് 2021ലുണ്ടായത്. ദേശീയ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍, ഫെസിലിറ്റേഷന്‍ ഏജന്‍സിയായ ഇന്‍വെസ്റ്റ് ഇന്ത്യയുടെ കണക്ക് പ്രകാരം 2021ല്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തില്‍ നിക്ഷേപകരുടെ എണ്ണത്തില്‍ ഒന്‍പത് മടങ്ങ് വര്‍ധനയുണ്ടായി. ഇതേകാലയളവില്‍ സ്റ്റാര്‍ട്ടപ്പുകളിലേക്കുള്ള ഫണ്ടിംഗില്‍ ഏഴ് മടങ്ങ് വര്‍ധനയുമുണ്ടായി.

എന്നാല്‍ 2022 ജനുവരി മുതല്‍ മെയ് വരെയുള്ള കാലയളവെടുത്താല്‍ യൂണികോണ്‍ പദവിയിലെത്തുന്ന കമ്പനികളുടെ എണ്ണത്തിലും ഫണ്ടിംഗിലും വന്‍ കുറവ് സംഭവിച്ചതായി കാണാന്‍ കഴിയും. ഇക്കാലയളവില്‍ സ്റ്റാര്‍ട്ടപ്പുകള്‍ മൊത്തം സമാഹരിച്ചത് 16 ബില്യണ്‍ ഡോളറാണ്. 2021 ആഗസ്റ്റ് - ഡിസംബര്‍ കാലത്ത് ഇത് 20 ബില്യണ്‍ ഡോളറായിരുന്നു!

2022 ജനുവരി - മെയ് കാലയളവില്‍ യൂണികോണ്‍ ക്ലബില്‍ കയറിയത് 16 കമ്പനികളാണ്. അതിന് മുമ്പുള്ള അഞ്ചമാസക്കാലത്തില്‍ 26 കമ്പനികള്‍ യൂണികോണ്‍ ആയ സ്ഥാനത്താണിത്.
എന്താണ് സംഭവിക്കുന്നത്?
സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് രംഗത്ത് വന്‍ കുറവ് സംഭവിച്ചിരിക്കുന്നു. ഇത് കാരണങ്ങള്‍ പലതാണ്. നീണ്ടുപോകുന്ന ഉക്രൈന്‍ യുദ്ധം, കുതിച്ചുയരുന്ന നാണ്യപ്പെരുപ്പം, പലിശ നിരക്കുകളിലെ വര്‍ധന, ഓഹരി വിപണിയിലെ ടെക് കമ്പനികളുടെ ദയനീയ പ്രകടനം തുടങ്ങി നിരവധി ഘടകങ്ങള്‍ ഒരുമിച്ച് ചേര്‍ന്നതാണ് സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗ് രംഗത്ത് കരിനിഴല്‍ വീഴ്ത്തിയത്. ഇതെല്ലാം ചേര്‍ന്നു വന്നതോടെ വെഞ്ച്വര്‍ കാപ്പിറ്റലുകളുടെ നിക്ഷേപ നീക്കങ്ങള്‍ മന്ദീഭവിച്ചു.

ലോകത്തെ പ്രമുഖ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങളെല്ലാം തന്നെ അവ നിക്ഷേപം നടത്തിയ കമ്പനികള്‍ക്ക് നല്‍കിയിരിക്കുന്നത് കര്‍ശനമായ മുന്‍കരുതല്‍ നിര്‍ദേശങ്ങളാണ്. ജാപ്പനീസ് വമ്പനായ സോഫ്റ്റ് ബാങ്ക് സ്റ്റാര്‍ട്ടപ്പ് നിക്ഷേപം പകുതിയായി കുറച്ചേക്കുമെന്ന് സൂചന ഇപ്പോള്‍ നല്‍കിയിട്ടുണ്ട്. ഏറ്റവും മോശമായ കാലത്തെ അഭിമുഖീകരിക്കാന്‍ സജ്ജമായിരിക്കണമെന്നാണ് സിലിക്കണ്‍ വാലി ആസ്ഥാനമായുള്ള സ്റ്റാര്‍ട്ടപ്പ് ആക്‌സിലേറ്റര്‍ വൈ കോബിനേറ്റര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ സ്ഥാപനങ്ങളായ സെക്വയയും ലൈറ്റ് സ്പീഡ് വെഞ്ച്വര്‍ പാര്‍ട്‌ണേഴ്‌സുമെല്ലാം സമാനമായ മുന്നറിയിപ്പുകളാണ് നല്‍കിയിരിക്കുന്നത്.

ഫണ്ട് വരള്‍ച്ച വന്നതോടെ യൂണികോണ്‍ പദവിയിലെത്തിയ സ്റ്റാര്‍ട്ടപ്പുകള്‍ വരെ കര്‍ശനമായ നടപടികളിലേക്ക് കടന്നിരിക്കുകയാണ്. രാജ്യത്തെ 24 ഓളം പ്രമുഖ സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ ഇതുവരെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടിട്ടുണ്ടെന്നാണ് ദേശീയ തലത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍. ഇതില്‍ മീശോ, അണ്‍അക്കാദമി, വേദാന്തു, കാര്‍സ്24 പോലെ മികച്ച ഫണ്ടിംഗ് ലഭിച്ചിട്ടുണ്ട കമ്പനികളും ഉള്‍പ്പെടുന്നു. ഈ വര്‍ഷമാദ്യം മുതലുള്ള കണക്കെടുത്താല്‍ ടെക് സ്റ്റാര്‍ട്ടപ്പുകളില്‍ ജോലി ചെയ്തിരുന്ന 10,000 ത്തോളം പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

ഫണ്ടിന് പ്രയാസമില്ലാതിരുന്ന നാളുകളില്‍ ഭാവി വികസന പദ്ധതികള്‍ കൂടി പരിഗണിച്ച് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്ന പ്രവണത സ്റ്റാര്‍ട്ടപ്പുകള്‍ക്കുണ്ടായിരുന്നു. മികച്ച ജീവനക്കാരെ എങ്ങനെയും ടീമിലെത്തിക്കാനും ശ്രമം നടത്തിയിരുന്നു. വമ്പന്‍ വേതനവുമാണ് ജീവനക്കാര്‍ വാഗ്ദാനം ചെയ്തിരുന്നതും. എന്നാല്‍ ഫണ്ട് വരള്‍ച്ചാ സൂചന കിട്ടിയതോടെ സ്റ്റാര്‍ട്ടപ്പുകള്‍ ടീമിനെ പരമാവധി ചുരുക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
ലാഭക്ഷമത പുതിയ മന്ത്രം!
രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ ഭൂരിഭാഗവും മൂല്യത്തെ കുറിച്ച് ഉറക്കെ പറഞ്ഞിരുന്നെങ്കിലും ലാഭക്ഷമതയ്ക്ക് അതുപോലെ വലിയ പ്രാധാന്യം നല്‍കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍, ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന വമ്പന്മാര്‍ വരെ, ജീവനക്കാര്‍ക്ക് അയക്കുന്ന ഇന്റേണല്‍ മെയ്‌ലിലില്‍ കമ്പനി ലാഭക്ഷമത ആര്‍ജ്ജിക്കേണ്ടതിന്റെ പ്രാധാന്യം പറയാന്‍ തുടങ്ങി. ''ബഹുഭൂരിപക്ഷം സ്റ്റാര്‍ട്ടപ്പ് കമ്പനികളും ലാഭത്തിലല്ല. അതുകൊണ്ട് തന്നെ അവയുടെ വളര്‍ച്ചയ്ക്കായി സ്വന്തം ഫണ്ട് ചെലവിടാനുള്ള സാഹചര്യവുമില്ല. പുറമേ നിന്നു ലഭിച്ച പണം കൊണ്ടാണ് ഈ കമ്പനികള്‍ മുന്നോട്ട് പോകുന്നത്. ആ പണം വരവ് നില്‍ക്കുമ്പോള്‍ നിലനില്‍പ്പ് അവതാളത്തിലാകും. വളര്‍ച്ചയില്ലാതെ വന്നാല്‍ അടുത്ത ഘട്ട ഫണ്ടിംഗില്‍ നിക്ഷേപകരെ ആകര്‍ഷിക്കാനും പറ്റില്ല,'' സ്റ്റാര്‍ട്ടപ്പ് നിക്ഷേപകര്‍ അകപ്പെട്ടിരിക്കുന്ന അവസ്ഥയെ കുറിച്ച് ഒരു നിരീക്ഷകന്‍ പറയുന്നു.

സ്റ്റാര്‍ട്ടപ്പുകളെ പൊതുവില്‍ രണ്ടായി തിരിക്കാമെന്ന് ഈ രംഗത്തെ വിശകലനം ചെയ്യുന്നവര്‍ ചൂണ്ടിക്കാട്ടുന്നു. വരുമാനമുണ്ടാക്കാനുള്ള വഴികളെല്ലാം കണ്ടെത്തി കരുത്തുറ്റ അടിസ്ഥാനമുറപ്പിച്ച ശേഷം മുന്നോട്ട് പോകുന്നവരാണ് ഒരു കൂട്ടര്‍. രണ്ടാമത്തെ കൂട്ടര്‍ മികച്ച 'കഥപറച്ചിലു'കാരായിരിക്കും. അവരുടെ കഥയില്‍ ആകൃഷ്ടരായി ഏറെ നിക്ഷേപകരും മുന്നോട്ട് വന്നുകാണും. ഇവരുടെ ആശയം വ്യത്യസ്തമായിരിക്കുമെങ്കിലും വരുമാനത്തിനുള്ള മികച്ച വഴി കണ്ടേക്കില്ല. ഈ രണ്ടാമത്തെ കൂട്ടരാകും ഇപ്പോഴത്തെ ഫണ്ട് വരള്‍ച്ചാക്കാലത്ത് നിലനില്‍്പ്പിനായി കഷ്ടപ്പെടേണ്ടി വരുകയെന്ന് ഇവര്‍ വ്യക്തമാക്കുന്നു.

രാജ്യത്തെ വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടിംഗ് രീതി നോക്കിയാല്‍ ഇപ്പോള്‍ പ്രമുഖ കമ്പനികള്‍ മുന്‍പത്തേക്കാള്‍ കുറഞ്ഞ തുക, താരതമ്യേന പാകമാര്‍ജ്ജിച്ച സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കാനാണ് താല്‍പ്പര്യം കാണിക്കുന്നത്. മികച്ച കഥ പറഞ്ഞുകൊണ്ട് ഫണ്ട് ആകര്‍ഷിക്കാനാവില്ലെന്ന് ചുരുക്കം. ഓരോ ഘട്ട ഫണ്ടിംഗ് കഴിയുമ്പോഴും മൂല്യം പലമടങ്ങായി വര്‍ധിച്ചിരുന്ന സ്ഥിതിയും ഇപ്പോള്‍ മാറി. ഫണ്ടുകള്‍ മൂല്യത്തിന്റെ കാര്യത്തില്‍ അങ്ങേയറ്റം യാഥാസ്ഥിക വീക്ഷണമാണ് ഇപ്പോള്‍ പുലര്‍ത്തുന്നത്. ഫണ്ടിംഗ് നടപടികളും മുന്‍പെന്നത്തേക്കാള്‍ നീണ്ടുപോകുന്നുമുണ്ട്. ഇതെല്ലാം തന്നെ പല പ്രമുഖ സ്റ്റാര്‍ട്ടപ്പുകളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്.

വ്യത്യസ്തമായ ആശയങ്ങള്‍ മുന്നോട്ട് വെച്ചതുകൊണ്ടോ ആരെയും ആകര്‍ഷിക്കുന്ന കഥ പറഞ്ഞതുകൊണ്ടോ ഇനി സ്റ്റാര്‍ട്ടപ്പുകളിലേക്ക് എളുപ്പത്തില്‍ പണം വരില്ല. നിക്ഷേപകര്‍ക്ക് മുന്നില്‍ കൃത്യമായ റവന്യു മോഡല്‍ തന്നെ വെയ്‌ക്കേണ്ടി വരും. ഊതിപ്പെരുപ്പിച്ച മൂല്യത്തിന്റെ കാലത്തിന് തല്‍ക്കാലത്തേക്കെങ്കിലും തിരശ്ശീല വീഴുകയാണ്. ബിസിനസിന്റെ അടിസ്ഥാനഘടകങ്ങള്‍ വീണ്ടും വീണ്ടും പരിശോധിച്ചുറപ്പിച്ച് ഓരോ ചുവടും മുന്നോട്ട് വെയ്ക്കുന്ന സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് മാത്രമേ പിടിച്ചുനില്‍ക്കാനാവൂ. വരുന്ന 12-18 മാസങ്ങള്‍ ഫണ്ടിംഗ് വരള്‍ച്ചാകാലമായിരിക്കുമെന്നാണ് പ്രമുഖ കണ്‍സള്‍ട്ടിംഗ് സ്ഥാപനങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. കോവിഡ് കാലത്ത് ഏറെ കുതിച്ചുമുന്നേറിയ എഡ്‌ടെക്, ഗെയിമിംഗ് കമ്പനികള്‍ക്കെല്ലാം തന്നെ ഇനി വരും ദിനങ്ങള്‍ പരീക്ഷണകാലമായിരിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. ചരിത്രത്തില്‍ ഇതാദ്യമായല്ല സ്റ്റാര്‍ട്ടപ്പ് ഫണ്ടിംഗിന്റെ കാര്യത്തില്‍ വരള്‍ച്ച വരുന്നത്. പക്ഷേ ഈ ഘട്ടം പിടിച്ചുനിന്ന് മുന്നോട്ട് പോവുകയെന്നതാണ് പ്രധാനം.

BOX

സ്റ്റാര്‍ട്ടപ്പുകള്‍ എന്ത് ചെയ്യണം?

ഫണ്ടിന് ക്ഷാമം വരുന്ന കാലത്ത് സ്റ്റാര്‍ട്ടപ്പുകള്‍ ചെയ്യേണ്ട കാര്യങ്ങള്‍ പ്രധാനമായും ഇവയൊക്കെയാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു
  • സ്റ്റാര്‍ട്ടപ്പുകള്‍ അവയുടെ ബിസിനസ് മോഡലുകള്‍ പുനരവലോകനം ചെയ്ത് അത് കരുത്തുറ്റതാണെന്ന് ഉറപ്പുവരുത്തുക. വിപണിയില്‍ അവര്‍ക്ക് സാധ്യമായത്ര രീതിയില്‍ ഇറങ്ങി ചെന്നിട്ടുണ്ടെന്ന കാര്യവും ഉറപ്പാക്കുക. അതിന് ശേഷം നിലവില്‍ നിക്ഷേപം നടത്തിയവരെ തന്നെ സമീപിച്ച് ഏത് വിധേനയും കമ്പനി മുന്നോട്ട് കൊണ്ടുപോകാനുള്ള വഴികള്‍ നോക്കുക.
  • പുതുതായി ഫണ്ട് ലഭിക്കാന്‍ വഴിയുണ്ടെങ്കിലും ഇല്ലെങ്കിലും ചെലവ് പരമാവധി കുറയ്ക്കുക. സാധ്യമായത്ര 'മെലിഞ്ഞ' ഫോര്‍മാറ്റിലേക്ക് കമ്പനിയെ കൊണ്ടുവരുക. പണം പരമാവധി സംരക്ഷിച്ചു നിര്‍ത്തുക. ഏറ്റവും അനുയോജ്യമായവരെ അത്യാവശ്യത്തിന് നിയമിക്കുക.
  • ഇതോടൊപ്പം വരുമാനം അടിസ്ഥാനമാക്കിയുള്ള ഫിനാന്‍സിംഗ് രീതികള്‍ പോലെ ബദല്‍ ഫണ്ടിംഗ് രീതികളും സ്റ്റാര്‍ട്ടപ്പ് സംരംഭകര്‍ നോക്കണം.
  • കോവിഡ് കാലത്ത് പ്രതിസന്ധി നേരിട്ട മേഖലകളിലെ കമ്പനികള്‍ സ്വീകരിച്ച രീതികള്‍ ഇപ്പോള്‍ സ്റ്റാര്‍ട്ടപ്പുകള്‍ അനുകരിക്കുന്നത് നല്ലതാകും. ചെലവ് ചുരുക്കുക, പ്രവര്‍ത്തനം ഏകീകരിക്കുക, കോര്‍ ബിസിനസില്‍ അങ്ങേയറ്റം ശ്രദ്ധ കൊടുക്കുക, ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങള്‍ക്ക് മാത്രം മുന്‍തൂക്കം നല്‍കുക, റിസ്‌കിയായ കാര്യങ്ങളില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കുക.


BOX

യൂണികോണ്‍ ജനിക്കാത്ത ഏപ്രില്‍!
ഒരുവര്‍ഷത്തിലേറെക്കാലമായി രാജ്യത്ത് എല്ലാ മാസവും പുതിയ യൂണികോണുകള്‍ പിറവിയെടുത്തിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ ഒറ്റ യൂണികോണുകളും പിറന്നില്ല!

ഈ വര്‍ഷത്തെ കണക്കുകള്‍

മാസം എണ്ണം

ജനുവരി 4
ഫെബ്രുവരി 7
മാര്‍ച്ച് 5
ഏപ്രില്‍ 0
മെയ് 1


BOX

പ്രതീക്ഷയ്ക്ക് വകയുണ്ട്
നിലവിലെ സ്ഥിതി കുറച്ചുനാള്‍ നീണ്ടുനിന്നേക്കുമെങ്കിലും രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് മേഖലയുടെ ഭാവി ശോഭനമാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ചൈനയില്‍ ഭരണകൂടം നടപ്പാക്കിയിരിക്കുന്ന കര്‍ശനമായ ചട്ടങ്ങളും മറ്റ് ജിയോപൊളിറ്റിക്കല്‍ റിസ്‌കുകളും ആഗോള നിക്ഷേപകര്‍ക്ക് മുന്നില്‍ ഇന്ത്യയെ ആകര്‍ഷകമായ രാജ്യമാക്കും. മാത്രമല്ല, ലോക സമ്പദ് വ്യവസ്ഥ മോശം പ്രകടനം കാഴ്ചവെക്കുമ്പോഴും ഇന്ത്യയുടെ ഡിജിറ്റല്‍ ജിഡിപി മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തുന്നത്.

രാജ്യത്തിന്റെ മുക്കിലും മൂലയിലും ഇന്റര്‍നെറ്റ് സേവനം ലഭിക്കുന്നതും ജനങ്ങളുടെ ക്രയശേഷി കൂടുന്നതും ഇന്ത്യയുടെ ഡിജിറ്റല്‍ ജിഡിപി വളര്‍ത്താന്‍ സഹായിക്കും. 2030 ഓടെ ഇന്ത്യയുടെ ഡിജിറ്റല്‍ ഇക്കോണമി 800 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അടുത്തിടെ നടത്തിയ പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ഇത്രയും വിശാലമായ ഡിജിറ്റല്‍ ഇക്കോണമി ആഗോളതലത്തിലുള്ള നിക്ഷേപകരെ ആകര്‍ഷിക്കുക തന്നെ ചെയ്യുമെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു.


T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it