അതിജീവനത്തിന്റെ ഒരു 'ബെസ്റ്റ്' കഥ
1981 ജൂണ്‍ 14. അമേരിക്കയിലെ മിനെസോട്ടയിലെ ചെറുപട്ടണമായ റോസ്‌വില്ലെയില്‍ അന്ന് ഉച്ച തിരിഞ്ഞ് വലിയ ഒരു ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചു. 26 മിനുട്ട് നേരം ആ ചെറുപട്ടണത്തെ കശക്കിയെറിഞ്ഞ ചുഴലിക്കാറ്റ് 'സൗണ്ട് ഓഫ് മ്യൂസിക്' എന്ന പേരിലുള്ള ഇലക്ട്രോണിക്‌സ് സ്‌റ്റോറിനെയും നശിപ്പിച്ചു.
ചുഴലിക്കാറ്റ് ശമിച്ച ശേഷം കടയിലെ ജീവനക്കാര്‍, സമീപപ്രദേശങ്ങളിലെല്ലാം ചിതറിപ്പോയ കടയിലെ സാധനങ്ങള്‍ പെറുക്കിയെടുക്കാന്‍ തുടങ്ങി. ഏതാണ്ടെല്ലാ സാധനങ്ങളെയും ചുഴലിക്കാറ്റ് തകര്‍ത്തിരുന്നു. ബാക്കി വന്ന സ്പീക്കര്‍, വിസിആര്‍ തുടങ്ങി മറ്റു സാധനങ്ങളെല്ലാം ബ്ലൂമിംഗ്ടണിലുള്ള വെയര്‍ഹൗസിലേക്ക് ജീവനക്കാര്‍ മാറ്റി.
തളരാതെ പുതിയ സാധ്യതകള്‍ തേടി പ്രകൃതി ദുരന്തം എല്ലാം തകര്‍ത്തതില്‍ നിരാശരായിരുന്നു ജീവനക്കാരെങ്കിലും അവര്‍, ടൊര്‍ണാഡോ സെയ്ല്‍ എന്ന പുതിയൊരു വില്‍പ്പന ആശയവുമായി രംഗത്തെത്തി.
കേടുവന്ന ഉപകരണങ്ങള്‍ അതേനിലയില്‍ തന്നെ വളരെ കുറഞ്ഞ വിലയ്ക്ക് വില്‍ക്കാനാവുമെന്ന് 'സൗണ്ട് ഓഫ് മ്യൂസിക്' ടീം കണക്കുകൂട്ടി. കേടുവന്ന ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ വാങ്ങാന്‍ വലിയ ആളുകളൊന്നും ഉണ്ടാകില്ലെന്ന് അവര്‍ക്ക് അറിയാമായിരുന്നു. അതിനാല്‍ കേടുവരാത്തതും എന്നാല്‍ മോഡല്‍ ഔട്ട് ആയതും ഓവര്‍സ്‌റ്റോക്ക് ആയതുമായ മറ്റു സാധനങ്ങള്‍ കൂടി ഈ വില്‍പ്പനയില്‍ ഉള്‍പ്പെടുത്താന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ തീരുമാനിച്ചു.
വില്‍പ്പന ത്വരിതപ്പെടുത്താന്‍ ചുഴലിക്കാറ്റ് വീശിയടിച്ച മേഖലകളില്‍ അടുത്ത ആറു ദിവസം ഇതേ വില്‍പ്പന തുടരാന്‍ തീരുമാനിച്ചു. ജീവനക്കാര്‍ ടൊര്‍ണാഡോ സെയ്ല്‍ എന്ന് എഴുതിയ ടീ ഷര്‍ട്ടുകള്‍ ധരിക്കുകയും ചുഴലിക്കാറ്റ് വരുത്തിയ കേടുപാടുകള്‍ കാണാന്‍ ആകാംക്ഷയോടെ എത്തിയ ഉപഭോക്താക്കളെ സ്വാഗതം ചെയ്യുകയും ചെയ്തു.
പെട്ടെന്നു തന്നെ ആളുകളുടെ എണ്ണം ഏറി വരികയും ആദ്യദിനം തന്നെ എല്ലാം വിറ്റുപോകുകയും ചെയ്തു. രണ്ടാം ദിവസം മറ്റു വെയര്‍ഹൗസുകളില്‍ നിന്നുള്ള സാധനങ്ങളും എത്തിച്ച് വില്‍പ്പനയ്ക്ക് വെയ്ക്കുകയും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത വിധത്തില്‍ വില്‍പ്പന തകൃതിയായി നടക്കുകയും ചെയ്തു.
ചുഴലിക്കാറ്റ് ദുരന്തം പുതിയൊരു സംരംഭത്തിലെ പുതിയൊരു മാതൃക അവര്‍ക്കു മുന്നില്‍ തുറന്നു. വില്‍പ്പനയിലേക്ക് ഉപഭോക്താക്കള്‍ കൂട്ടമായി എത്തുക മാത്രമല്ല, കമ്പനിയുടെ ജീവനക്കാരുമായി ഇടപഴകുമ്പോള്‍ അവരുടെ മനോഭാവം തന്നെ മാറി വരുന്നതായും അവര്‍ തിരിച്ചറിഞ്ഞു. ജീവനക്കാരാകട്ടെ കൂടുതല്‍ സൗഹൃദപരമായി പെരുമാറി. അവരില്‍ കൂടുതല്‍ ആശ്വാസം കണ്ടു.
സഹതാപം ഉള്ളതിനാല്‍ വില്‍പ്പനയില്‍ കൂടുതല്‍ കടുപ്പത്തിലൊന്നും ആര്‍ക്കും സംസാരിക്കേണ്ടി വന്നില്ല. ഉപഭോക്താക്കള്‍ക്ക് മികച്ച ഡീല്‍ തന്നെ ലഭിച്ചു. അടുത്ത വര്‍ഷം ചുഴലിക്കാറ്റൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സൗണ്ട് ഓഫ് മ്യൂസിക് തങ്ങളുടെ ടൊര്‍ണാടോ സെയ്ല്‍ തുടര്‍ന്നു.
രണ്ടു വര്‍ഷത്തിനു ശേഷം സൗണ്ട് ഓഫ് മ്യൂസിക്, ബെസ്റ്റ് ബൈ (Best Buy) എന്ന് പേരു മാറ്റി. പ്രകൃതി ദുരന്തത്തില്‍ നിന്ന് ഉയിര്‍ത്തെഴുന്നേറ്റ ബെസ്റ്റ് ബൈ പിന്നീട് ലോകത്തിലെ തന്നെ ഏറ്റവും വലിയ മള്‍ട്ടിനാഷണല്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് റീറ്റെയ്ല്‍മാരിലൊന്നായി മാറി. ഏറ്റവും മോശമായി സംഭവിച്ചത് അവരുടെ ബിസിനസിനെ സംബന്ധിച്ചിടത്തോളം ഏറ്റവും മികച്ചതായി മാറി.
അവസരങ്ങള്‍ അനവധി
മനുഷ്യ ജീവിതം തന്നെ മാറ്റിമറിക്കുന്നതിനുള്ള കഴിവ് ഇത്തരം ദുരന്തങ്ങള്‍ക്കുണ്ട്. ചാള്‍സ് ഡിക്കന്‍സിന്റെ പ്രസിദ്ധമായ 'ദ് ടെയ്ല്‍ ഓഫ് ടു സിറ്റീസ്' എന്ന നോവല്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്; 'അത് ഏറ്റവും മികച്ച സമയമായിരുന്നു, അതുതന്നെയായിരുന്നു ഏറ്റവും മോശപ്പെട്ട സമയവും...' നെപ്പോളിയന്‍ ഹില്ലിന്റെ പ്രസിദ്ധമായ വാക്കുകള്‍ ഇങ്ങനെയാണ്; ഓരോ പ്രതികൂലാവസ്ഥയിലും ഓരോ തോല്‍വിയിലും ഓരോ ഹൃദയവേദനയിലും അവയ്ക്ക് തുല്യമായതോ അതല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലായോ ഉള്ള നേട്ടങ്ങളുടെ വിത്ത് അടങ്ങിയിരിക്കുന്നു.
പലപ്പോഴും, സംഭവിച്ച ഏറ്റവും മോശപ്പെട്ട കാര്യത്തിന് ഏറ്റവും മികച്ചതായി നിര്‍വചിക്കാനുള്ള നിമിഷമായി സ്വയം പരിണമിക്കാനാകും
ദുരന്തങ്ങള്‍ക്കും നാശങ്ങള്‍ക്കും നമ്മുടെ ഉള്ളിലെ മികവിനെ പുറത്തു കൊണ്ടുവരാനാകുമെന്ന് ചരിത്രം തെളിയിച്ചിട്ടുള്ളതാണ്.
സഹതാപം, പരോപകാരശീലം, അനുകമ്പ, സഹകരണം തുടങ്ങിയവയും സാമൂഹ്യ സുരക്ഷയുടെ മൂല്യവുമൊക്കെ ദുരന്തങ്ങള്‍ നേരിടേണ്ടി വരുമ്പോള്‍ നമ്മള്‍ പഠിക്കുന്നു.
പ്രകൃതി ദുരന്തങ്ങള്‍ മനുഷ്യനെ ഒന്നാക്കുന്നു. ഓരോരുത്തരിലുമുള്ള വിശ്വാസം നമ്മള്‍ ഊട്ടിയുറപ്പിക്കുകയും ഇത് വിഭജിക്കപ്പെട്ട സമുദായങ്ങളെയും അയല്‍ക്കാരെയും അടുപ്പിക്കുകയും ചെയ്യുന്നു.
ഇതില്‍ നിന്ന് നിര്‍മിക്കപ്പെടുന്ന കമ്മ്യൂണിറ്റികള്‍ മികച്ച സമൂഹത്തെ വാര്‍ത്തെടുക്കുന്നു. കേരളം നേരിട്ട വെല്ലുവിളികളില്‍ നിന്ന് മുക്തമാകുമെന്ന കാര്യത്തില്‍ സംശയമില്ല. പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സമൂഹമാണ് കേരളത്തിന്റേതെന്നും പുറത്തു നിന്നുള്ള ഒരു ശക്തിക്കും അതിന്റെ ഏകീകൃത സ്വഭാവത്തെ മാറ്റാനാവില്ലെന്നും പ്രളയം നമ്മെ പഠിപ്പിച്ചു. ഏത് അസന്തുലിതാവസ്ഥയെയും മറികടക്കാനുള്ള ഇച്ഛാശക്തി മലയാളികള്‍ക്ക് ഉണ്ടെന്നും അത് പഠിപ്പിച്ചു.