സഹപാഠികള്‍ക്ക് പേനയും പെന്‍സിലും വിറ്റുനടന്ന പഠനവൈകല്യമുള്ള കുട്ടി ഒരു ബഹുരാഷ്ട്ര കമ്പനി കെട്ടിപ്പടുത്ത കഥ!

ലോകത്തിലെ ഏറ്റവും വലിയ ഫര്‍ണീച്ചര്‍ റീറ്റെയ്‌ലറായ ഐക്കിയയുടെ (IKEA ) വളര്‍ച്ചക്ക് കാരണമായത് ഇച്ഛാശക്തിയുള്ള അതിന്റെ സ്ഥാപകനാണ്. ഇന്ന് ലോകപ്രശസ്തമായിട്ടുള്ള ഏതൊരു സ്ഥാപനത്തിന്റെ പുറകിലും പ്രതിസന്ധികളെയും വെല്ലുവിളികളെയും സമര്‍ഥമായി നേരിട്ട വ്യക്തമായ കാഴ്ചപ്പാടുള്ള ഒരു വ്യക്തിയുടെ കരങ്ങള്‍ ഉണ്ട്. അവരുടെ ജീവിതം മനസിലാക്കി അതില്‍നിന്നും പാഠങ്ങള്‍ ഉള്‍കൊണ്ടാവണം നമ്മള്‍ പുതുതലമുറ സംരംഭകര്‍ മുന്നോട്ട് പോകേണ്ടത്.


Ingvar Kamprad


1926 മാര്‍ച്ച് മാസം 30 ന് സ്വീഡനിലെ ഒരു ഫാം ഹൗസില്‍ ഇങ്ക്വര്‍ ഫിയോഡോര്‍ കംപ്രഡ് (Ingvar Feodor Kamprad ) ജനിച്ചു. ദാരിദ്ര്യം നിറഞ്ഞ ഒരു ഗ്രാമമായിരുന്നു അത്. കൃഷി ആയിരുന്നു അവിടത്തെ ആളുകളുടെ വരുമാനമാര്‍ഗം, എന്നാല്‍ കൃഷിക്ക് പൂര്‍ണ്ണമായും അനുയോജ്യമായ ഭൂമി അല്ലാത്തതിനാല്‍ കൃഷി ചെയ്ത് കൂടുതല്‍ വരുമാനം ഉണ്ടാക്കാന്‍ സാധിച്ചിരുന്നില്ല. ആയതിനാല്‍ ഇങ്ക്വറിന്റെ മാതാവ് ഒരു ഗസ്റ്റ് ഹൗസും, പിതാവ് ഒരു കടയും നടത്തിപ്പോന്നു. ജീവിതനിലവാരം മോശമായതുകൊണ്ടുതന്നെ അതു തിരിച്ചറിഞ്ഞ ഇങ്ക്വര്‍ തന്റെ അഞ്ചാം വയസ്സില്‍ കച്ചവടം ചെയ്യാന്‍ ആരംഭിച്ചു. തീപ്പെട്ടിയും, പെന്‍സിലും, പുസ്തകങ്ങളും മൊത്തത്തില്‍ വാങ്ങി, കൂടെപഠിക്കുന്നവര്‍ക്ക് നല്‍കുന്നതായിരുന്നു ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നായ ഐക്കിയയുടെ സ്ഥാപകന്റെ ആദ്യ ബിസിനസ്.
കോളെജില്‍ പോയില്ല, കാരണം ഇതാണ്
പത്താം വയസ്സില്‍ കുറച്ചുകൂടെ മൂല്യമുള്ള ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ തുടങ്ങി. മീന്‍, ക്രിസ്മസ് ട്രീ അലങ്കാര വസ്തുക്കള്‍ തുടങ്ങി ഒത്തിരി ഉല്‍പ്പന്നങ്ങള്‍ മൊത്തത്തില്‍ എടുത്തു വില്‍ക്കാന്‍ ആരംഭിച്ചു. പഠന വൈകല്യം ഉള്ളതിനാല്‍ കോളേജ് വിദ്യാഭ്യാസം നടത്താന്‍ കഴിഞ്ഞില്ല പക്ഷെ നല്ലരീതിയില്‍ ബിസിനസ് മുന്നോട്ട് കൊണ്ടുപോകാന്‍ കഴിഞ്ഞു. തന്റെ സൈക്കിളും അടിയുറച്ച ആത്മവിശ്വാസവും മാത്രമായിരുന്നു കൂട്ടിനുണ്ടായിരുന്നത്. പതിനേഴാം വയസ്സില്‍ തന്റെ അച്ഛന്‍ പഠനാവശ്യത്തിനായി നല്‍കിയ തുക ബിസിനസ് ആരംഭിക്കാന്‍ ഉപയോഗിച്ചു. അങ്ങനെ ഐക്കിയ പിറന്നു. ഇങ്ക്വര്‍ കംപ്രദിന്റെ പേരിന്റെ ആദ്യ അക്ഷരങ്ങളും ജനിച്ച സ്ഥലത്തിന്റെയും ഫാമിന്റെയും ആദ്യ അക്ഷരങ്ങളും ചേര്‍ത്താണ് IKEA എന്ന പേരിട്ടത്.

IKEA യുടെ ആദ്യ ബിസിനസ് ഇന്നുകാണുന്നപോലെ ഫര്‍ണീച്ചറായിരുന്നില്ല, അന്ന് ഒത്തിരി ആവശ്യക്കാരുണ്ടായിരുന്ന പേനയായിരുന്നു ആദ്യ ബിസിനസ് ഉല്‍പ്പന്നം. കുറച്ച് പണം കടം വാങ്ങി പേന ഇറക്കുമതി ചെയ്തു. അതായിരുന്നു അദ്ദേഹത്തിന്റെ ആദ്യത്തെയും അവസാനത്തെയും കടം. ആളുകളെ തന്റെ കടയിലേക്ക് ആകര്‍ഷിക്കുന്നതിനായി, വരുന്നവര്‍ക്ക് സൗജന്യമായി ചായയും ബണ്ണും നല്‍കി. സ്വാഭാവികമായും ആളുകളുടെ വന്‍ തള്ളിക്കയറ്റം ഉണ്ടായി. ഈ ഒരു തന്ത്രം പിന്നീട് ഇന്നത്തെ കാലത്തുള്ള IKEA ലും അദ്ദേഹം പ്രയോഗിച്ചു. ഫര്‍ണീച്ചര്‍ ഷോറൂമിനകത്ത് ഒരു ഭക്ഷണശാല. കാരണം ഭക്ഷണം എന്നും ആളുകളുടെ ഹരമാണല്ലോ. പേനകച്ചവടത്തിന് വലിയ ഭാവി ഇല്ല എന്ന് മനസിലാക്കിയ ഇങ്ക്വര്‍ പേന കച്ചവടത്തില്‍ നിന്നും ഉണ്ടാക്കിയ ലാഭം ഉപയോഗിച്ച് പരീക്ഷണാടിസ്ഥാനത്തില്‍ മേശയും കസേരയും വില്‍ക്കാന്‍ ആരംഭിച്ചു. തന്റെ നഗരത്തില്‍ ഏറ്റവും വില കുറഞ്ഞു ഫര്‍ണിച്ചര്‍ നിര്‍മിക്കുന്ന ആളുകളില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങിയാണ് വിറ്റിരുന്നത്. അതും മറ്റാരും നല്‍കാത്ത വിലക്കുറവില്‍. മുമ്പ് സൂചിപ്പിച്ചപോലെ ഇങ്ക്വറിന് അക്ഷരങ്ങള്‍ കൂട്ടിവായിക്കാനുള്ള ബുദ്ധിമുട്ടുണ്ടായിരുന്നു. അതിനാല്‍ത്തന്നെ ഓരോ ഉല്‍പ്പന്നത്തിനും വ്യത്യസ്തമായ പേരുകളാണ് നല്‍കിയിരുന്നത്. ഉദാഹരണത്തിന് കോഫി ടേബിള്‍, ബുക്ക് ഷെല്‍ഫ് തുടങ്ങിയവക്കെല്ലാം സ്വീഡനിലെ സ്ഥലങ്ങളുടെ പേരും, ബാത്ത് റൂം ഉത്പന്നങ്ങള്‍ക്ക് സ്‌കാന്റിനേവിയന്‍ പുഴകളുടെ പേരും, കസേര, മേശ തുടങ്ങിയവക്ക് ആണ്‍കുട്ടികളുടെ പേരുമായിരുന്നു നല്‍കിയിരുന്നത്.
തളരാതെ മുന്നോട്ട്
1955 ല്‍ സ്വീഡനില്‍ ഒരു ചെറിയ കെട്ടിടം വാങ്ങി ഫര്‍ണിച്ചര്‍ നിര്‍മാണം ആരംഭിച്ചു. വളരെ വിലക്കുറവില്‍ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിനാല്‍ മറ്റ് ഫര്‍ണീച്ചര്‍ നിര്‍മാതാക്കള്‍ പ്രതിഷേധിക്കാന്‍ ആരംഭിച്ചു. സ്വീഡിഷ് ഫെഡറേഷന്‍ ഓഫ് വുഡ് ആന്‍ഡ് ഫര്‍ണീച്ചര്‍ ഇന്‍ഡസ്ട്രി ഫര്‍ണിച്ചര്‍ നിര്‍മാണ സാമഗ്രികള്‍ IKEA ക്ക് നല്‍കുന്നതില്‍ നിന്നും മറ്റ് സ്ഥാപനങ്ങളെ വിലക്കി. എന്നാല്‍ ഇതിലൊന്നും തളരാന്‍ ഒരുക്കമായിരുന്നില്ല ഇങ്ക്വര്‍. നിര്‍മാണ സാമഗ്രികള്‍ പോളണ്ടില്‍ നിന്നും ഇറക്കുമതിചെയ്യാന്‍ ആരംഭിച്ചു. തന്റെ മിഷന്‍, അതായത് ആര്‍ക്കും താങ്ങാനാവുന്ന വിലക്ക് ഫര്‍ണിച്ചര്‍ നല്‍കുക എന്നത് നടപ്പാക്കാന്‍ ഏതറ്റം വരെ പോവാനും അദ്ദേഹം ഒരുക്കമായിരുന്നു. 72000 ചതുരശ്ര അടിയുള്ള ഷോറൂം നിര്‍മിച്ച് പ്രതിഷേധക്കാരെ നേരിട്ടു.

IKEA യുടെ തുടക്ക കാലത്ത് പാല്‍ വണ്ടിയിലായിരുന്നു ഫര്‍ണിച്ചര്‍ ഡെലിവറി ചെയ്തിരുന്നത്. ഡെലിവറി ചെലവ് പരമാവധി കുറക്കാന്‍ പല ശ്രമങ്ങളും ചെയ്തു നോക്കി. അങ്ങനെ ഒരിക്കല്‍ അമേരിക്ക സന്ദര്‍ശനത്തില്‍ ക്യാഷ് ആന്‍ഡ് കാരി എന്ന രീതി പരിചയപെട്ടു. അതു ഫര്‍ണിച്ചര്‍ മേഖലയിലും പരീക്ഷിച്ചു. ആളുകള്‍ കടയില്‍ വന്ന് ഫര്‍ണിച്ചര്‍ തിരഞ്ഞെടുത്തു പണം നല്‍കി അവരുടെ വാഹനത്തില്‍ തന്നെ കൊണ്ടുപോകുന്ന രീതി. അതിനായി വലിയ വിസ്തീര്‍ണമുള്ള പാര്‍ക്കിങ് സൗകര്യം ഒരുക്കി. അതിനാല്‍ തന്നെ IKEA യുടെ ഷോ റൂമുകള്‍ പട്ടണത്തില്‍ നിന്നും മാറി തിരക്കുകുറഞ്ഞ പ്രദേശത്താണ് സ്ഥാപിക്കാറ്. ആളുകള്‍ കിലോമീറ്ററുകള്‍ യാത്രചെയ്താണ് IKEA ലേക്ക് എത്തുന്നത്. ഫര്‍ണീച്ചറുകളുടെ വലിപ്പം പലപ്പോഴും യാത്രക്ക് ബുദ്ധിമുട്ട് സൃഷ്ട്ടിക്കാറുണ്ട്. അതിനൊരു പരിഹാരമായി ഫ്‌ലാറ്റ്- പാക്ക് ഫര്‍ണിച്ചര്‍ നിര്‍മിക്കാന്‍ തുടങ്ങി. ഫര്‍ണിച്ചറിന്റെ ഓരോ ഭാഗങ്ങള്‍ അഴിച്ചുമാറ്റാന്‍ കഴിയുന്ന രീതില്‍ അതിനെ മാറ്റി. ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കൊണ്ട് നടക്കാം ഒപ്പം തന്നെ വളരെ എളുപ്പത്തില്‍ അവര്‍ക്ക് അസംബിള്‍ ചെയ്യാം. അത്തരത്തില്‍ അവര്‍ റെഡി ടു അസംബിള്‍ ഫര്‍ണിച്ചറുകള്‍ നിര്‍മിക്കാനും വില്‍ക്കാനും ആരംഭിച്ചു.
കുറഞ്ഞ ചെലവിന്റെ പ്രവാചകന്‍!
1963 ല്‍ IKEA നോര്‍വേയില്‍ സ്ഥാപനം സ്ഥാപിച്ചു. അടുത്ത 60 വര്‍ഷം കൊണ്ട് ലോകമെമ്പാടും 400 ല്‍ അധികം സ്റ്റോറുകള്‍ ആരംഭിച്ചു. തൊണ്ണൂറ്റിയൊന്നാം വയസ്സില്‍ പഠന വൈകല്യമുള്ള ഇങ്ക്വര്‍ അന്തരിക്കുമ്പോള്‍ ലോകത്തിലെ അതിസമ്പന്നരില്‍ ഒരാളായി മാറി; IKEA ഏറ്റവും വലിയ ഫര്‍ണിച്ചര്‍ റീറ്റെയ്ല്‍ ശ്യംഖലയും. രസകരമായ കാര്യം, വളരെ ചെലവ് ചുരുക്കിയാണ് അദ്ദേഹം ജീവിച്ചിരുന്നത് എന്നതാണ്. വില കുറഞ്ഞ കാര്‍, ഇക്കോണമി ക്ലാസ്സിലെ വിമാന യാത്ര, ചെലവ് ചുരുങ്ങിയ ഹോട്ടല്‍ മുറികള്‍ ഇതൊക്കെയായിരുന്നു അദ്ദേഹത്തിന്റെ രീതി.

കഥ ഇവിടെ തീരുന്നില്ല, IKEA യുടെ ബിസിനസ് മോഡലും, നികുതി അധികം നല്‍കാതെയുള്ള ബിസിനസ് രീതിയും അങ്ങനെ ഒത്തിരി രസകരമായ കാര്യങ്ങളുണ്ട്. അത് അടുത്ത കോളത്തില്‍ വായിക്കാം.

തുടരും...


(ലേഖകന്‍ BRANDisam LLP യുടെ ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റാണ്. ഫോണ്‍: +91 8281868299
)


Siju Rajan
Siju Rajan  

ബിസിനസ് ബ്രാന്‍ഡിംഗ് സ്ട്രാറ്റജിസ്റ്റും ഓര്‍ഗനൈസേഷന്‍ ഡെവലപ്‌മെന്റ് വിദഗ്ധനും എച്ച്ആര്‍ഡി ട്രെയ്‌നറുമായ സിജു രാജന്‍ ബ്രാന്‍ഡ് ഐഡന്റിറ്റി, ബ്രാന്‍ഡ് സ്ട്രാറ്റജി, ട്രെയ്‌നിംഗ്, റിസര്‍ച്ച് എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന BRANDisam ത്തിന്റെ ചീഫ് സ്ട്രാറ്റജിസ്റ്റാണ്

Related Articles

Next Story

Videos

Share it