ബാങ്കിംഗ്, പ്രത്യക്ഷ നികുതി രംഗങ്ങളില്‍ ഏപ്രില്‍ ഒന്നുമുതലുള്ള മാറ്റങ്ങള്‍

2022 ഫെബ്രുവരി ഒന്നാം തീയതി ഇന്ത്യന്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച ഫിനാന്‍സ് ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ചാണ് 2022 ഏപ്രില്‍ ഒന്നുമുതല്‍ ആദായനികുതിയില്‍ മാറ്റം വരുന്നത്. പ്രധാനപ്പെട്ടവ താഴെ ചേര്‍ക്കുന്നു.

  • കഴിഞ്ഞവര്‍ഷത്തെ ആദായ നികുതി നിരക്കില്‍ മാറ്റമില്ല. പുതിയ രീതിയോ, പഴയ രീതിയോ അനുസരിച്ച് നികുതി കണക്ക് കൂട്ടുവാന്‍ സാധിക്കുന്നതാണ്.
  • വകുപ്പ് 194 P നിലനില്‍ക്കുന്നുണ്ട്.
  • വരുമാനം കാണിക്കുവാന്‍ വിട്ടുപോയിട്ടുണ്ടെങ്കില്‍ രണ്ട് വര്‍ഷത്തിനുള്ളില്‍ അപ്ഡേറ്റഡ് റിട്ടേണ്‍ ഫയല്‍ ചെയ്യുവാന്‍ കഴിയുമെന്ന് കരുതി വരുമാനം മന:പൂര്‍വം കാണിക്കാതെ സ്റ്റേറ്റ്മെന്റ് ഉണ്ടാക്കുകയും റിട്ടേണ്‍ ഫയല്‍ ചെയ്യുകയും ചെയ്താല്‍ വലിയ പിഴ തുകയായി അടയ്ക്കേണ്ടിവരും. അപ്ഡേറ്റഡ് റിട്ടേണ്‍ അനേകം വ്യവസ്ഥകള്‍ക്ക് വിധേയമാണ്.
  • വകുപ്പ് 80c, വകുപ്പ് 80CCD, വകുപ്പ് 80 CCB (1), വകുപ്പ് 80CCD (1B) എന്നിവ അനുസരിച്ചുള്ള കിഴിവ് ലഭ്യമാണ്. വകുപ്പ് 80CCD (2) അനുസരിച്ചുള്ള തൊഴിലുടമയുടെ വിഹിതം 14 ശതമാനം വരെ കേരള സംസ്ഥാന ജീവനക്കാര്‍ക്കും 2023-24 സാമ്പത്തിക വര്‍ഷത്തില്‍ അവകാശപ്പെടുവാന്‍ കഴിയുന്നതാണ്.
  • വകുപ്പ് 80DD അനുസരിച്ചുള്ള കിഴിവ് ഉദാരമാക്കി.
  • കോവിഡ് ചികിത്സയ്ക്കുവേണ്ടി തൊഴിലുടമയില്‍നിന്നും ലഭിച്ച തുക പെര്‍ക്വിസിറ്റായി കണക്കാക്കി നികുതി അടയ്ക്കേണ്ട ആവശ്യമില്ല.
  • വകുപ്പ് 206AB, 206CCA എന്നിവ അനുസരിച്ച് ഉയര്‍ന്ന നിരക്കിലുള്ള നികുതി ഈടാക്കുവാന്‍ വേണ്ടി കണക്കിലെടുക്കുന്ന ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാത്ത വര്‍ഷങ്ങളുടെ എണ്ണം രണ്ടില്‍നിന്ന് ഒന്നാക്കി മാറ്റി.
  • ക്രിപ്റ്റോകറന്‍സി നിയമവിധേയമാക്കിയിട്ടില്ല. എന്നാല്‍ വിര്‍ച്വല്‍ ഡിജിറ്റല്‍ ആസ്തികളില്‍നിന്നുള്ള മൂലധന നേട്ടത്തിന് 30 ശതമാനമാണ് നികുതിയായി അടയ്ക്കേണ്ടിവരുന്നത്.
  • ഭവന വായ്പയുടെ ആദായനികുതിയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ മാറ്റമില്ല.
  • 2022 ഏപ്രില്‍ ഒന്നുമുതല്‍ 2023 മാര്‍ച്ച് 31 വരെ യഥാസമയം നികുതി അടച്ചിരിക്കണം (നികുതി ബാധ്യതയുള്ളവര്‍). അല്ലാത്തപക്ഷം പലിശ അടയ്ക്കേണ്ട സാഹചര്യം വരുന്നതാണ്.
  • ദീര്‍ഘകാല മൂലധന നേട്ടത്തിന്റെ മുകളിലുള്ള എഫക്ടീവ് ടാക്സ് റേറ്റ് 28.5 ശതമാനത്തില്‍നിന്ന് 23.92 ശതമാനം എന്ന സംഖ്യയിലേക്ക് ചുരുക്കുന്നതാണ്.
  • വകുപ്പ് 68 അനുസരിച്ചുള്ള നികുതിദായകന്റെ ഉത്തരവാദിത്വം കൂടുന്നു. നിങ്ങള്‍ക്ക് പണം നല്‍കിയ ആളുടെ വരുമാനത്തിന്റെ ഉറവിടം നിങ്ങള്‍ മനസിലാക്കിയിരിക്കണം.
ആദായനികുതി പോലെ തന്നെ പ്രധാനപ്പെട്ടതാണ് രാജ്യത്തിന്റെ ബാങ്കിംഗ് മേഖല. 2022 ഏപ്രില്‍ ഒന്നുമുതല്‍ ബാങ്കിംഗ് മേഖലയില്‍ താഴെ പറയുന്ന മാറ്റങ്ങള്‍ പ്രകടമാകുന്നതാണ്.
  • 2022 മാര്‍ച്ച് 31ന് മുമ്പ് പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിരിക്കണം. അല്ലാത്തപക്ഷം ഏപ്രില്‍ ഒന്നുമുതല്‍ എസ്ബിഐയുടെ സേവനങ്ങള്‍ തടസപ്പെടുമെന്ന് ബാങ്ക് അറിയിച്ചിട്ടുണ്ട്.
  • രാജ്യത്തെ പ്രധാനപ്പെട്ട വാണിജ്യ ബാങ്കുകള്‍ 75 ഡിജിറ്റല്‍ ബാങ്കിംഗ് യൂണിറ്റുകള്‍ 75 ജില്ലകളില്‍ ആരംഭിക്കുന്നതാണ്. കൂടുതല്‍ വായ്പകള്‍ ടൂറിസവും അനുബന്ധമേഖലകള്‍ക്കും ലഭിക്കുന്നതാണ്.
  • 2022-23 വര്‍ഷത്തില്‍ പെട്ടെന്നുള്ള ബാങ്ക് സ്വകാര്യവല്‍ക്കരണം ഉണ്ടാവാനുള്ള സാധ്യതകള്‍ ഒന്നും കാണുന്നില്ല. നീതി ആയോഗിന്റെ ചില ശുപാര്‍ശകള്‍ ഉണ്ടെങ്കിലും ബജറ്റില്‍ പരാമര്‍ശം ഇല്ല.
  • വരുന്ന സാമ്പത്തികവര്‍ഷത്തില്‍ ആര്‍ബിഐ ഡിജിറ്റല്‍ റുപ്പി ഇറക്കുവാനുള്ള സാധ്യതയുണ്ട്.
  • മുഴുവന്‍ പോസ്റ്റ് ഓഫീസുകളും കോര്‍ ബാങ്കിംഗ് സംവിധാനത്തിലേക്ക് വരുന്ന വര്‍ഷമാണ് 2022-23.
  • ഈ വര്‍ഷം ബാങ്കുകളുടെ മൂലധനത്തിലേക്ക് കേന്ദ്രഗവണ്‍മെന്റിന്റെ പങ്ക് ഉണ്ടായിരിക്കുന്നതല്ല.
  • പോസിറ്റീവ് പേ സിസ്റ്റം ബാങ്കുകളില്‍ തുടരുന്നു.


Related Articles

Next Story

Videos

Share it