മാന്ദ്യം മറികടക്കാന്‍ തുടര്‍ നീക്കങ്ങള്‍: കോര്‍പ്പറേറ്റ് നികുതിയില്‍ വന്‍ ഇളവ്

ഇന്ത്യന്‍ കമ്പനികളുടെ കോര്‍പ്പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി കുറച്ചു. സര്‍ചാര്‍ജുകള്‍ അടക്കം ഇനി 25.17 ശതമാനം നികുതി അടച്ചാല്‍ മതിയാകുമെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അറിയിച്ചു. രാജ്യത്തെ വ്യാവസായിക മേഖലയിലെ മാന്ദ്യം മറികടക്കാനുള്ള നടപടികളുടെ ഭാഗമായുള്ളതാണ് പുതിയ ഇളവുകള്‍. ഒരു ലക്ഷത്തി നാല്‍പ്പത്തിയ്യായിരം കോടി രൂപയുടെ ആനുകൂല്യമാണ് കോര്‍പ്പറേറ്റ് നികുതിയില്‍ പ്രഖ്യാപിക്കപ്പെട്ടത്.

ഗോവയില്‍ ജിഎസ്ടി കൗണ്‍സില്‍ യോഗത്തിനു മുന്നോടിയായി നടത്തിയ വാര്‍ത്താസമ്മേളനത്തിലുണ്ടായ പ്രഖ്യാപനത്തെ തുടര്‍ന്ന് ഓഹരി വിപണി സൂചികകള്‍ വന്‍ മുന്നേറ്റം രേഖപ്പെടുത്തി.സെന്‍സെക്സ് പെട്ടെന്നു തന്നെ 1500 പോയിന്റും നിഫ്റ്റി 345 പോയിന്റും ഉയര്‍ന്നു. സാമ്പത്തിക ഉത്തേജനത്തിനു വേണ്ടി രാജ്യമാകെ വായ്പാമേള നടത്താന്‍ പൊതുമേഖലാ ബാങ്കുകള്‍ക്കു നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് പുതിയ പ്രഖ്യാപനമുണ്ടായത്.നികുതി കുറയ്ക്കാനുള്ള സര്‍ക്കാര്‍ നീക്കം ധീരമാണെന്ന് റിസര്‍വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ ശക്തികാന്ത ദാസ് പ്രതികരിച്ചു.

'മെയ്ക്ക് ഇന്‍ ഇന്ത്യ' ആശയത്തെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നു മുതല്‍ പുതിയ ഉത്പ്പാദക കമ്പനികള്‍ 15 ശതമാനം നികുതി അടച്ചാല്‍ മതി. 10 ശതമാനമാണ് ഇളവ്.ഇവ 2023 ഒക്ടോബറിനു മുമ്പ് ഉത്പാദനം തുടങ്ങണമെന്നതാണ് നിബന്ധന. 2019 ജൂലൈ 5നു മുന്‍പു ഷെയര്‍ ബൈബാക്ക് പ്രഖ്യാപനം നടത്തിയിട്ടുള്ള ലിസ്റ്റഡ് കമ്പനികള്‍, തിരികെ വാങ്ങുന്ന ഓഹരികള്‍ക്ക് നികുതി അടയ്‌ക്കേണ്ടതില്ല.മറ്റാനുകൂല്യങ്ങള്‍ പറ്റാത്ത ആഭ്യന്തര കമ്പനികള്‍ ആള്‍ട്ടര്‍നേറ്റ് ടാക്‌സ്, മാറ്റ് എന്നിവ നല്‍കേണ്ടതില്ല.പൊതു യൂണിവേഴ്‌സിറ്റികളിലും ഐഐടികളിലും, പൊതു ശാസ്ത്ര ഗവേഷണ സ്ഥാപനങ്ങളിലും സിഎസ്ആര്‍ ഫണ്ട് ചെലവഴിക്കാം.നികുതി നിയമഭേദഗതിക്ക് ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.

സാമ്പത്തിക മാന്ദ്യം നേരിടാനുള്ള നടപടികളുടെ ഭാഗമായി മൂന്നാഴ്ചയ്ക്കിടെ നിരവധി പ്രഖ്യാപനങ്ങളാണു ധനമന്ത്രാലയം നടത്തിയത്. കയറ്റുമതി മേഖലയ്ക്ക് 50,000 കോടിയുടെയും റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് 20,000 കോടിയുടെയും പാക്കേജുകളാണു പ്രഖ്യാപിച്ചത്. ബാങ്ക് ലയനം ഉള്‍പ്പെടെയുള്ള ഉത്തേജന പരിപാടികളും നടപ്പാക്കിത്തുടങ്ങി.വായ്പാ തിരിച്ചടവ് മുടങ്ങിയ ചെറുകിട വ്യവസായങ്ങള്‍ക്കെതിരെ ഉടന്‍ നടപടി പാടില്ലെന്നും ധനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളെയും പങ്കെടുപ്പിച്ചു മേളകള്‍ നടത്തി വായ്പകള്‍ നല്‍കാനാണ് ഡല്‍ഹിയില്‍ ചേര്‍ന്ന പൊതുമേഖലാ ബാങ്ക് മേധാവികളുടെ യോഗത്തില്‍ നിര്‍മല സീതാരാമന്‍ ആവശ്യപ്പെട്ടത്. ഇതിനായി രണ്ടു ഘട്ടമായി 400 ജില്ലകളില്‍ വായ്പമേള നടത്തും. ഈമാസം 24നും 29നും ഇടയിലാകും 200 ജില്ലകളില്‍ ആദ്യഘട്ട മേള. അടുത്തമാസം 10നും 15നും 200 ജില്ലകളില്‍ കൂടി പരിപാടി സംഘടിപ്പിക്കും. ഭവന, കാര്‍ഷിക വായ്പകള്‍ക്കു പ്രാധാന്യം നല്‍കണം. ദീപാവലി അടക്കം ഉല്‍സവ സീസണുകളില്‍ പരമാവധി വായ്പ ലഭ്യമാക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it