ലോക്ക്ഡൗണ്‍ കാരണം നാട്ടില്‍ പെട്ടുപോയ പ്രവാസികള്‍ നികുതി കുരുക്കില്‍

കോവിഡ് പൊട്ടിപ്പുറപ്പെടുന്നതിന് മുമ്പ് ഇന്ത്യ സന്ദര്‍ശിക്കാന്‍ വന്ന പ്രവാസി ഇന്ത്യക്കാര്‍ രാജ്യവ്യാപകമായി നടപ്പാക്കിയ ലോക്ക്ഡൗണില്‍ പെട്ട് രാജ്യത്ത് കുടുങ്ങിപ്പോയതും നിലവിലെ സാമ്പത്തിക വര്‍ഷം മുഴുവന്‍ കോവിഡുമായി ബന്ധപ്പെട്ട മറ്റ് നിയന്ത്രണങ്ങളും കാരണം ഇന്ത്യയില്‍ നികുതി നല്‍കേണ്ടി വരും എന്ന അവസ്ഥയിലാണ്.

1961 ലെ ആദായനികുതി നിയമത്തിലെ ആറാം വകുപ്പ് പ്രകാരം ഇങ്ങനെ ലോക്ക് ഡൗണില്‍ പെട്ട് 120 ദിവസത്തിലധികം രാജ്യത്ത് തുടരുന്നതിനാല്‍ ഇവര്‍ 2020 - 21 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയില്‍ നികുതി അടയ്‌ക്കേണ്ട സ്ഥിതിയാണ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരും നികുതി രംഗം കൈകാര്യം ചെയ്യുന്ന അഭിഭാഷകരും ഈ സ്ഥിതിവിശേഷത്തെ ഒരു പ്രതിസന്ധിയായിട്ടാണ് വിശേഷിപ്പിക്കുന്നത്. അമേരിക്കയിലും മറ്റും ബിസിനസ് നടത്തുന്ന പലരും ഇത്തരം പ്രതിസന്ധിയില്‍ പെട്ടിരിക്കുകയാണ്. ഇവര്‍ക്കൊക്കെ അമേരിക്കയില്‍ കൊടുക്കുന്ന നികുതി കൂടാതെ ഏഴ് ശതമാനം വരെ അധിക നികുതി ഇന്ത്യയിലും കൊടുക്കേണ്ടി വരികയാണ്.

2019 ന് മുമ്പ് വരെ, 1961 ലെ ആദായനികുതി നിയമത്തിലെ ആറാം വകുപ്പ് പ്രകാരമുള്ള ടാക്‌സ് റെസിഡന്‍സി നിയമപ്രകാരം, ഇന്ത്യ സന്ദര്‍ശിക്കാന്‍ വരുന്ന ഇന്ത്യന്‍ വംശജനായ ഒരാള്‍ നികുതിയുടെ കാര്യത്തില്‍ ഇന്ത്യയില്‍ ഒരു പ്രവാസി ആയി കണക്കാക്കപ്പെട്ടിരുന്നു. ഇയാള്‍ 182 ദിവസത്തില്‍ താഴെ ഇന്ത്യയില്‍ താമസിക്കുകയാണെങ്കില്‍ മാത്രം. ഈ കാലയളവിനപ്പുറമുള്ള ഏതൊരു താമസവും വ്യക്തിയെ ഇന്ത്യയില്‍ നികുതി അടയ്ക്കാന്‍ ബാധ്യസ്ഥനാക്കുന്നു. ഈ നിയമം 2019- 20 സാമ്പത്തിക വര്‍ഷം വരെ ബാധകമായിരുന്നു.

കഴിഞ്ഞ വര്‍ഷം മെയ് എട്ടിന് പ്രസിദ്ധീകരിച്ച സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് സര്‍ക്കുലര്‍ പ്രകാരം ലോക്ക്ഡൗണ്‍ കാരണം രാജ്യത്ത് നിന്ന് പോകാന്‍ കഴിയാതിരിക്കുന്നവരെ മാര്‍ച്ച് 22 നും മാര്‍ച്ച് 31 നും ഇടയിലുള്ള കാലയളവില്‍ റെസിഡന്‍സി നിയമങ്ങളില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഈ സര്‍ക്കുലര്‍ അനുസരിച്ച്, മാര്‍ച്ച് 31 ന് മുമ്പുള്ള കാലയളവില്‍ ക്വാറന്റൈന്‍ ചെയ്യപ്പെട്ടവരും മാര്‍ച്ച് 31 ന് മുമ്പായി പോകാന്‍ കഴിയാത്തവരുമായ എല്ലാവരെയും റെസിഡന്‍സി നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

എന്നാല്‍ 182 ദിവസത്തില്‍ താഴെ രാജ്യത്ത് തങ്ങിയവര്‍ പോലും 2019 - 20 സാമ്പത്തിക വര്‍ഷത്തെ നികുതി അടക്കേണ്ടി വന്നു. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ഈ പരിധി 182 ദിവസത്തില്‍ നിന്ന് 120 ദിവസമായി നിലവിലെ സാമ്പത്തിക വര്‍ഷത്തില്‍ കുറച്ചിട്ടുണ്ട് എന്നതാണ് കാരണം. എന്നാല്‍, ബജറ്റിന് ശേഷം, കോവിഡ് വന്ന ഉടനെ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി. പല പ്രവാസികള്‍ക്കും തിരിച്ചു പോകാന്‍ കഴിഞ്ഞില്ല. അതോടെ അവര്‍ എന്‍ ആര്‍ ഐ ആയിട്ടു കൂടി രാജ്യത്ത് നികുതി കൊടുക്കണമെന്ന അവസ്ഥ വന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഒരു വിശദീകരണം പുറത്തു വിടാത്ത പക്ഷം ഇവര്‍ നികുതി ഒടുക്കേണ്ടി വരും. വിദേശത്താണ് ബിസിനസ് എന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല.

ഈ പ്രത്യേക പരിതസ്ഥിതി പരിഹരിക്കാന്‍ സര്‍ക്കാര്‍ ചില നടപടികള്‍ കൈക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ദ്ധര്‍ പറയുന്നു. ലോകമെമ്പാടുമുള്ള വിവിധ സര്‍ക്കാരുകള്‍ ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഇന്ത്യയും ഒരു പരിധിവരെ ചെയ്തിട്ടുണ്ട്. കോവിഡുമായി ബന്ധപ്പെട്ട ബുദ്ധിമുട്ടുകള്‍ കാരണം ഇത്തരത്തിലുള്ള കേസുകള്‍ പരിഹരിക്കുന്നതിന് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ ഇളവ് നല്‍കാതിരിക്കാന്‍ ഒരു കാരണവുമില്ല എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. നിരവധിപേര്‍ ഇക്കാര്യത്തില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാരെ സമീപിച്ചു കൊണ്ടിരിക്കുകയാണ്. വളരെയധികം ആശയക്കുഴപ്പമുണ്ട്. ഈ സാമ്പത്തിക വര്‍ഷത്തില്‍ കോവിഡ് മഹാമാരി മൂലം തങ്ങള്‍ക്ക് നിശ്ചയിക്കപ്പെട്ടിട്ടുള്ള താമസപരിധി കഴിഞ്ഞു പോയതിനാല്‍ ഇന്ത്യയില്‍ നികുതി ഈടാക്കുമോയെന്ന് പല പ്രവാസികളും സംശയിക്കുന്നു.

പക്ഷെ, സര്‍ക്കാര്‍ വ്യക്തത വരുത്തുന്നതിനുമുമ്പ് ആലോചിക്കേണ്ടത് ഇനിയും കുറെ പേര്‍ കുറച്ച് മാസത്തേക്ക് യാത്രാ റിസ്‌ക് എടുക്കാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. ഏതെങ്കിലും ഇളവ് നല്‍കുമ്പോള്‍ ഇതും കൂടി കണക്കിലെടുക്കേണ്ടതുണ്ട്. കോവിഡ് കാരണം 2019 - 20 സാമ്പത്തിക വര്‍ഷത്തില്‍ ഒരാളുടെ റെസിഡന്‍ഷ്യല്‍ സ്റ്റാറ്റസ് നിര്‍ണ്ണയിക്കുമ്പോള്‍ ദീര്‍ഘകാലം രാജ്യത്ത് താമസിക്കുന്നത് കണക്കാക്കില്ലെന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കിക്കൊണ്ട് ആശ്വാസം നല്‍കിയിരുന്നു. ഈ സാമ്പത്തിക വര്‍ഷവും നികുതിദായകര്‍ ഇത്തരം ചില വ്യക്തത സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിക്കുന്നു.


Related Articles
Next Story
Videos
Share it