ആദായ നികുതിയില്‍ ഇളവ് വരും; സ്ലാബുകള്‍ 5 ആകും

വിപണി ഉത്തേജനത്തിന് കോര്‍പ്പറേറ്റ് നികുതി കുറച്ചതിനു പിന്നാലെ കേന്ദ്ര ധനമന്ത്രി തയ്യാറെടുക്കുന്നത് ആദായ നികുതി ഇളവ് പ്രഖ്യാപനത്തിനെന്ന നിഗമനം സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ വ്യാപകം. നികുതി പരിഷ്‌കാരം സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സ് അംഗം അഖിലേഷ് രഞ്ജന്‍ അധ്യക്ഷനായി നിയോഗിക്കപ്പെട്ടിരുന്ന ഉന്നത സമിതി കഴിഞ്ഞ മാസം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയാവും പുതിയ പ്രഖ്യാപനമെന്നാണ് സൂചന.

ഇടത്തരക്കാര്‍ക്ക് ഗുണകരമാകുന്ന പ്രഖ്യാപനങ്ങളാണ് ഇനി രാജ്യം നിര്‍മ്മല സീതാരാമനില്‍ നിന്നു പ്രതീക്ഷിക്കുന്നത്. നികുതി സ്ലാബുകള്‍ പരിഷ്‌കരിക്കുന്നതിന്റെ ഗുണം ഇടത്തരക്കാര്‍ക്ക് ലഭിച്ചാല്‍ വിപണിയിലേക്ക് കൂടുതല്‍ പണമെത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. നികുതി സ്ലാബുകള്‍ മൂന്നില്‍ നിന്ന് അഞ്ചാക്കണമെന്ന നിര്‍ദ്ദേശം അഖിലേഷ് രഞ്ജന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്.

അഞ്ച് സ്ലാബുകളാകുന്നതോടെ അഞ്ചു ലക്ഷം മുതല്‍ പത്തു ലക്ഷം വരെ വരുമാനമുള്ളവര്‍ പത്തു ശതമാനം നികുതി നല്‍കിയാല്‍ മതിയാകും. നിലവില്‍ ഇരുപത് ശതമാനമാണ്. പത്തു ലക്ഷം മുതല്‍ ഇരുപത് ലക്ഷം വരെ വരുമാന പരിധിയിലുള്ളവര്‍ 20 ശതമാനം നികുതി നല്‍കിയാല്‍ മതിയെന്നതാണ് മറ്റൊരു ശുപാര്‍ശ. 20 ലക്ഷം മുതല്‍ രണ്ടു കോടി വരെ വരുമാനപരിധിയിലുള്ളവര്‍ 30 ശതമാനവും. രണ്ടു കോടിക്ക് മുകളിലുള്ളവര്‍ 35 ശതമാനം നികുതി നല്‍കണമെന്നും പ്രഖ്യാപിച്ചേക്കും.

സാമ്പത്തിക മാന്ദ്യം രൂക്ഷമായ സാഹചര്യത്തില്‍ വിപണി ഉത്തേജനത്തിന് പ്രഖ്യാപിച്ച സര്‍ക്കാരിന്റെ നാലാമത്തെ ഉത്തേജന പാക്കേജിന്റെ ഗുണഭോക്താക്കള്‍ കോര്‍പ്പറേറ്റ് മേഖല മാത്രമാണ്. വര്‍ഷം 1.45 ലക്ഷം കോടിയുടെ നികുതി ഇളവാണ് ഈ പാക്കേജിലൂടെ പ്രഖ്യാപിച്ചത്.

Related Articles
Next Story
Videos
Share it