Begin typing your search above and press return to search.
വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റുകള്‍ക്ക് ടിഡിഎസ്: ആര് എങ്ങനെ അടയ്ക്കണം?
ക്രിപ്‌റ്റോ കറന്‍സി ഉള്‍പ്പെടെയുള്ള അസറ്റുകളെയാണ് 2022 ഫിനാന്‍സ് ആക്ട്, വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് (വിഡിഎ) എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടുത്തിയത്. 2022 ജൂലൈ ഒന്നു മുതല്‍ അത്തരത്തിലുള്ള അസറ്റുകളുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് ഒരു പുതിയ ടിഡിഎസ് നില്‍വില്‍ വരികയാണ്. വകുപ്പ് 194S ആണ് പുതിയ ടിഡിഎസ്.
194S എന്ന വകുപ്പ് അനുസരിച്ച് വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് (വിഡിഎ) വാങ്ങിക്കുന്ന വ്യക്തിയാണ് 1% ടിഡിഎസ് ഈടാക്കി സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടത്. ഒരു വര്‍ഷം 50,000 രൂപയില്‍ കൂടുതല്‍ വിഡിഎ വാങ്ങിക്കുന്ന ഹിന്ദു അവിഭക്ത കുടുംബം (HUF) വും, വ്യക്തികളും (ചില നിബന്ധനകള്‍ക്ക് വിധേയമായി) 1% ടിഡിഎസ് ഈടാക്കി സര്‍ക്കാരിലേക്ക് അടയ്ക്കണം. മറ്റുള്ളവരുടെ സാഹചര്യത്തില്‍ ഈ പരിധി 10,000 രൂപ മാത്രമാണ്.
- വിഡിഎ ഇടപാടുകള്‍ ഒരു എക്‌സ്‌ചേഞ്ച് മുഖാന്തരം നടന്നാല്‍ ടിഡിഎസ് വേണമോ?
അവിടെയും ടിഡിഎസ് ഈടാക്കണം. ചില നിബന്ധനകള്‍ക്ക് വിധേയമായി ടിഡിഎസ് ഈടാക്കുന്നതിനുള്ള ചുമതല എക്‌സ്‌ചേഞ്ചുകള്‍ക്കും ബ്രോക്കര്‍മാര്‍ക്കുമാണ്.
- ക്യാഷ്/ ബാങ്ക് എന്നിവ ഒഴികെയുള്ള അസറ്റുകള്‍ നല്‍കിയിട്ട് വിഡിഎ കൈപ്പറ്റുകയാണെങ്കില്‍ ടിഡിഎസ് വരുമോ?
തീര്‍ച്ചയായും വരുന്നതാണ്. ഒരു വിഡിഎയ്ക്ക് പകരമായി മറ്റൊരു വിഡിഎ കൈപ്പറ്റുകയാണെങ്കില്‍, ആ ഇടപാടില്‍ ഉള്‍പ്പെട്ടിട്ടുള്ള രണ്ടു വ്യക്തികളും (വാങ്ങിച്ച വ്യക്തിയും വിറ്റ വ്യക്തിയും) 1% ടിഡിഎസ് തുകയ്ക്ക് തുല്യമായ വെര്‍ച്വല്‍ ഡിജിറ്റല്‍ അസറ്റ് കുറയ്ക്കുകയും, ആ അസറ്റിന് തുല്യമായ ഇന്ത്യന്‍ രൂപ സര്‍ക്കാരിലേക്ക് അടയ്ക്കുകയും വേണം.
മറ്റു പ്രധാനപ്പെട്ട കാര്യങ്ങള്‍
1. 194S അനുസരിച്ച് ടിഡിഎസ് ഈടാക്കിയാല്‍ 194Q അനുസരിച്ച് ടിഡിഎസ് വരുന്നതല്ല.
2. പേയ്‌മെന്റ് ഗേറ്റ്‌വേ അനുസരിച്ച് ഇടപാടുകള്‍ നടത്തുമ്പോള്‍ ടിഡിഎസ് ഈടാക്കുവാന്‍ ബാധ്യതയുള്ള വ്യക്തി ടിഡിഎസ് ഈടാക്കിയിട്ടുണ്ടെങ്കില്‍ വീണ്ടും പേയ്‌മെന്റ് ഗേറ്റ്‌വേ ടിഡിഎസ് ഈടാക്കുവാന്‍ പാടില്ല.
3. ജിഎസ്ടി ഒഴികെയുള്ള തുകയുടെ അടിസ്ഥാനത്തിലാണ് 194S അനുസരിച്ച് ടിഡിഎസ് ഈടാക്കി സര്‍ക്കാരിലേക്ക് അടയ്‌ക്കേണ്ടത്.
Next Story
Videos