വ്യക്തിഗത നികുതി കുറച്ച് ആഭ്യന്തര ഡിമാന്‍ഡ് കൂട്ടിയ അമേരിക്കന്‍ പാഠവുമായി ഐ.എം.എഫ്

കോര്‍പ്പറേറ്റ് നികുതി കുറയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനത്തിനു പിന്നില്‍ അമേരിക്കയില്‍ നിന്ന് പഠിച്ച പാഠമുണ്ടായിരുന്നെങ്കിലും സാമ്പത്തിക ഉത്തേജനം ലക്ഷ്യമാക്കി ആഭ്യന്തര ഡിമാന്‍ഡ് ഉണര്‍ത്തിയ അമേരിക്കന്‍ അനുഭവം കൂടി ഇന്ത്യ മനസിലാക്കേണ്ടിയിരിക്കുന്നുവെന്ന് വിദഗ്ധര്‍. വ്യക്തിഗത നികുതി വെട്ടിക്കുറയ്ക്കുന്നത് സംബന്ധിച്ച് ഇന്ത്യ തീരുമാനമെടുത്തിട്ടില്ലെന്ന ധനമന്ത്രി നിര്‍മ്മല സീതാരാമന്റെ പ്രസ്താവന പുറത്തവന്നതോടെ ഇതു സംബന്ധിച്ച സംവാദം വ്യാപകമായിട്ടുണ്ട്.

2017 ല്‍ നികുതികള്‍ വെട്ടിക്കുറയ്ക്കുകയും പുതിയ തൊഴില്‍ നിയമം പാസാക്കുകയും ചെയ്തശേഷം അമേരിക്കയിലെ ബിസിനസ്സ് നിക്ഷേപം ഗണ്യമായി ഉയരുകയുണ്ടായി. കോര്‍പ്പറേറ്റ് നികുതി നിരക്ക് 35 ശതമാനത്തില്‍ നിന്ന് 21 ശതമാനമായാണ് കുറച്ചത്. തുടര്‍ന്ന് ബിസിനസ് രംഗത്ത് നല്ല സൂചനകള്‍ ദൃശ്യമായി. നിക്ഷേപം വര്‍ദ്ധിച്ചുവന്നു. ഇതു പക്ഷേ, മുഖ്യമായും വ്യക്തിഗത നികുതി കുറച്ചതിന്റെയും സര്‍ക്കാര്‍ ചെലവുകള്‍ ഉയര്‍ത്തിയതിന്റെയും ചുവടുപിടിച്ച് ആഭ്യന്തര ഡിമാന്‍ഡ് വര്‍ദ്ധിച്ചതിനാലാണെന്ന് അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍ പറയുന്നു. അതേസമയം, കോര്‍പ്പറേറ്റ് നികുതിയില്‍ വെട്ടിക്കുറവു വന്നതോടെ ഇന്ത്യയിലെ കമ്പനികള്‍ ഉല്‍പ്പന്ന, സേവന വിലകള്‍ കുറച്ചുകൊണ്ട് ഉപഭോക്താക്കളെ ആകര്‍ഷിക്കണമെന്നും ഡിമാന്‍ഡിലെ ഇടിവ് ഇതുവഴി പരിഹരിക്കണമെന്നുമാണ് ധനമന്ത്രി വാശിപിടിക്കുന്നത്.

ഉപഭോക്തൃ ഉല്‍പ്പന്ന നിര്‍മ്മാതാക്കള്‍ പോലുള്ള ചില തരം സ്ഥാപനങ്ങള്‍ അങ്ങനെ ചെയ്യുമെങ്കിലും, ലിസ്റ്റു ചെയ്ത കമ്പനികളില്‍ ഭൂരിഭാഗവും വ്യത്യസ്തമായി ചിന്തിക്കാനാണു സാധ്യതയെന്ന് രാജ്യാന്തര റേറ്റിംഗ് ഏജന്‍സിയായ ക്രെഡിറ്റ് സ്യൂസിലെ ഇന്ത്യ സ്ട്രാറ്റജിസ്റ്റ് നീല്‍കാന്ത് മിശ്ര പറഞ്ഞു. പുതിയ ഫാക്ടറികള്‍ നിര്‍മ്മിക്കുന്നതിനേക്കാളും തൊഴിലാളികളെ നിയമിക്കുന്നതിനേക്കാളും കടം കുറയ്ക്കുന്നതിനാണ് കൂടുതലായി അവര്‍ താല്‍പ്പര്യപ്പെടുക. അതേസമയം, യു.എസ് കമ്പനികളുടെ അതേ സ്വഭാവമാകണമെന്നില്ല ഇന്ത്യന്‍ കമ്പനികള്‍ക്ക്. എങ്കില്‍ പോലും പുതിയ നിക്ഷേപങ്ങള്‍ക്ക് സമയമെടുക്കുമെന്ന് ഗ്ലാക്‌സോ സ്മിത്ത്‌ക്ലൈന്‍ ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ എ. വൈധീഷ് അഭിപ്രായപ്പെട്ടു.

'നിലവിലെ മാന്ദ്യം 2012-13 ലെ മാന്ദ്യത്തില്‍ നിന്ന് വ്യത്യസ്തമാണ്, കാരണം ഉപഭോഗ ഡിമാന്‍ഡും ഏറെ താഴേക്കു പോന്നിരിക്കുന്നു' എഡല്‍വെയിസ് സെക്യൂരിറ്റീസ് ലിമിറ്റഡിലെ സാമ്പത്തിക വിദഗ്ധന്‍ മാധവി അറോറ പറഞ്ഞു.'അതിനാല്‍ എല്ലാ സാമ്പത്തിക മേഖലകളെയും ഉള്‍ക്കൊള്ളുന്ന വിശാലമായ നികുതി വെട്ടിക്കുറവ് രാജ്യത്തെ സംബന്ധിച്ചിടത്തോളം ആത്യന്തികമായി മെച്ചപ്പെട്ട സാമ്പത്തിക നേട്ടത്തിനിടയാക്കുക തന്നെ ചെയ്യും.'

രാജ്യത്തെ എഫ്.എം.സി.ജി മേഖല കഴിഞ്ഞ 15 വര്‍ഷത്തെ ഏറ്റവും മോശം അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് ക്രെഡിറ്റ് സ്യൂസ് ചൂണ്ടിക്കാട്ടിയിരുന്നു. 2016ല്‍ തുടങ്ങിയ പ്രതിസന്ധി ഏറ്റവും രൂക്ഷമായ അവസ്ഥയിലേക്ക് നീങ്ങിക്കഴിഞ്ഞു.എഫ്.എം.സി.ജി കമ്പനികളുടെ വരുമാനത്തില്‍ ഗണ്യമായ കുറവാണ് ക്രെഡിറ്റ് സ്യൂസ് പ്രവചിക്കുന്നത്. കാര്‍ഷിക മേഖലയുടെ തകര്‍ച്ചയും , പണലഭ്യതയിലെ കുറവും, തൊഴില്‍ മേഖലയിലെ പ്രശ്‌നങ്ങളുമാണ് ഇതിന് കാരണം.

കഴിഞ്ഞ 15 വര്‍ഷത്തെ ഏറ്റവും മോശം സാഹചര്യമാണ് എഫ്എംസിജി മേഖല അഭിമുഖീകരിച്ചുവരുന്നത്. കാര്‍ഷികമേഖലയിലെ മൊത്ത ആഭ്യന്തര ഉല്‍പാദനം 15 വര്‍ഷത്തെ താഴ്ന്ന നിലയിലാണ്.ജി.എസ്.ടി വന്നതിന് ശേഷം ചെറുകിട ഇടത്തരം സംരംഭങള്‍ പൂട്ടിപ്പോയത് തൊഴിലില്ലായ്മ കൂടാനിടയാക്കി. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് നേരിട്ട് പണം ലഭ്യമാക്കുന്ന പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ നടത്തിപ്പ് വളരെ മന്ദഗതിയിലാണ്. അതിദ്രുത ഉപഭോക്തൃ ഉല്‍പ്പന്ന വിപണിയെ ഇതെല്ലാം ബാധിച്ചതായി ക്രെഡിറ്റ് സ്യൂസ് അഭിപ്രായപ്പെട്ടു.

സാമ്പത്തിക വര്‍ഷത്തിലെ മൂന്നാം പാദത്തിലും ഉല്‍പ്പന്നങ്ങളുടെ വില്‍പന കുറയും. നിലവിലെ സാഹചര്യത്തില്‍ ബ്രിട്ടാനിയ, പിഡിലൈറ്റ് തുടങ്ങിയ പ്രധാന എഫ്.എം.സി.ജി സ്ഥാപനങ്ങളുടെ റേറ്റിംഗ് ക്രെഡിറ്റ് സ്യൂസ് കുറച്ചു. ഇതേ തുടര്‍ന്ന് ഇവയുടെ ഓഹരി വിലയിലും ഇടിവുണ്ടായി.

Related Articles

Next Story

Videos

Share it