ജിഎസ്ടി രണ്ടാം വര്‍ഷത്തിലേക്ക് കൂട്ടായി പരിശ്രമിച്ചാല്‍ വളര്‍ച്ച ഉറപ്പ്

ജിഎസ്ടി രണ്ടാം വര്‍ഷത്തിലേക്ക് കൂട്ടായി പരിശ്രമിച്ചാല്‍ വളര്‍ച്ച ഉറപ്പ്
Published on

2018 ജൂണ്‍ 30ന് ജിഎസ്ടി നിയമം നടപ്പിലായിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായി. ഈ സമയം ഏറ്റവും പ്രധാനമായ ചോദ്യം, ആദ്യവര്‍ഷം പിന്നിട്ടപ്പോള്‍ ജിഎസ്ടി എവിടെവരെയെത്തി എന്നതാണ്. ഒപ്പം ജിഎസ്ടിയുടെ ഏതെങ്കിലും ഗുണഫലങ്ങള്‍ സാധാരണ ജനങ്ങളില്‍ എത്തിയോ? ഭാരതത്തിന് ജിഎസ്ടികൊണ്ട് മൊത്തത്തില്‍ എന്തെങ്കിലും പ്രയോജനം ഉണ്ടായോ? ഇതുവരെ എന്താണ് പെട്രോളും ഡീസലും ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താത്തത്? തുടങ്ങി ചോദ്യങ്ങളുടെ പരമ്പര തന്നെ ബാക്കി നില്‍ക്കുന്നു.

ഇന്ത്യയില്‍ എല്ലാ സംസ്ഥാനത്തും ജിഎസ്ടി നടപ്പിലായി. എന്നാല്‍ ബിസിനസുകാരുടേയും ഉപഭോക്താക്കളുടെയും മറ്റ് ജനവിഭാഗങ്ങളുടെയും പ്രതീക്ഷയുടെ വളരെ കുറഞ്ഞ രീതിയില്‍ മാത്രമേ ഇതുവരെ നടപ്പിലായിട്ടുള്ളൂ. ഇനിയും ഏറെ പ്രതീക്ഷിക്കുന്നു എന്നതാണ് ആദ്യം ഇതേക്കുറിച്ച് പറയാനുള്ളത്.

പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ സമയമെടുക്കും

ബിസിനസുകാരന്‍ യഥാര്‍ത്ഥ വില രേഖപ്പെടുത്തി സാധനങ്ങളും സേവനങ്ങളും നല്‍കാനുള്ള പൂര്‍ണ മനസോടെ ബിസിനസ് ചെയ്യുകയും ഉപഭോക്താവ് ഇന്‍വോയ്‌സ് വാങ്ങി മാത്രമേ സാധനങ്ങളും സേവനങ്ങളും സ്വീകരിക്കുകയുള്ളൂവെന്ന് ഉപഭോക്താവ് തീരുമാനിക്കുകയും ചെയ്യുമ്പോഴേ ജിഎസ്ടിയുടെ ഗുണഫലങ്ങള്‍ സമൂഹത്തില്‍ പ്രതിഫലിക്കുകയുള്ളൂ.

വാങ്ങിയ ഇന്‍വോയ്‌സിന്റെ കോപ്പി ജിഎസ്ടിയുടെ ബന്ധപ്പെട്ട ഓഫീസിലേക്ക് ഇ-മെയ്ല്‍ ചെയ്ത് ഇന്‍വോയ്‌സ് പ്രകാരം കൊടുത്ത ജിഎസ്ടി സര്‍ക്കാരിന് ലഭ്യമായോ എന്നുകൂടി ഉപഭോക്താവ് പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ ഇന്‍വോയ്‌സ് ഇല്ലാത്ത കച്ചവടം ഉണ്ടാകില്ല. അത് സുതാര്യമായ സമ്പദ്‌വ്യവസ്ഥയിലേക്കും അഴിമതിയില്ലാത്ത അവസ്ഥയിലേക്കും രാജ്യത്തെ മാറ്റും. ഇന്‍വോയ്‌സില്‍ കൂടി മാത്രം കച്ചവടം നടക്കുമ്പോള്‍ കൂടുതലായുള്ള വിറ്റുവരവ് ഉണ്ടാകും. കൂടുതല്‍ വരുമാനം ഉണ്ടാകും. കൂടുതല്‍ ബാങ്ക് നിക്ഷേപം വരും. അത് സാമ്പത്തിക രംഗത്തെ യഥാര്‍ത്ഥ സ്ഥിതി പ്രതിഫലിപ്പിക്കും. കള്ളപ്പണം ഇല്ലാതായാല്‍ ലോകം പേടിക്കുന്ന തീവ്രവാദ പ്രവര്‍ത്തനഫണ്ട് ഇല്ലാതാകും. അഴിമതിയില്ലാത്ത വ്യവസ്ഥയ്ക്കായി ജിഎസ്ടി മാറണം. ചുരുക്കത്തില്‍ ജിഎസ്ടി എന്നത് കേവലം ഒരു നികുതി നിയമമല്ല മറിച്ച് രാജ്യത്തിന്റെ തന്നെയല്ല ലോകത്തിന്റെ സാമൂഹ്യമാറ്റത്തിനുള്ള ഒരു നിയമമാണ്.

പെട്രോളും ഡീസലും ജിഎസ്ടിക്കു വെളിയില്‍ തന്നെ

ജിഎസ്ടി നിയമങ്ങള്‍ക്കാധാരമായ 101-ാം ഭരണഘടനാ ഭേദഗതിയോടെ ഓരോ സംസ്ഥാനങ്ങളും കൈയടക്കി വെച്ചിരുന്ന പല നികുതി സ്രോതസുകളും സംസ്ഥാനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. ഒറ്റയടിക്ക് അവ നഷ്ടപ്പെടുമ്പോള്‍ ഭരണകൂടത്തിനുണ്ടാകുന്ന മനോരോഷം തണുപ്പിക്കാന്‍ വേണ്ടിയാണ് ചില സാധനങ്ങളുടെ നികുതി നിര്‍ണയാധികാരം സംസ്ഥാനങ്ങളില്‍ തന്നെ നിലനിര്‍ത്തിയിരിക്കുന്നത്.

ജിഎസ്ടിയില്‍ നികുതി നിരക്കുകള്‍ ഉള്‍പ്പടെയുള്ള കാര്യങ്ങളുടെ അധികാരം ജിഎസ്ടി കൗണ്‍സിലിനാണ്. സംസ്ഥാന ബജറ്റില്‍ നികുതി ഇളവ് നല്‍കി ഖജനാവ് വലുതാക്കാന്‍ ധനകാര്യ മന്ത്രിമാര്‍ക്ക് അവിടെ സാധ്യമല്ല.

3/6/2018 ലെ കണക്കൊന്നു ശ്രദ്ധിക്കാം. ഒരു ബാരല്‍ (159 ലിറ്റര്‍) ക്രൂഡോയ്ല്‍ 78 ഡോളറിനാണ് വിദേശത്തുനിന്നും ഇന്ത്യ വാങ്ങുന്നത്. അതായത് ഒരു ലിറ്റര്‍ ക്രൂഡോയ്‌ലിന്റെ വാങ്ങുന്ന വില 33 രൂപ മാത്രം. ഡീലര്‍ കമ്മീഷന്‍, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങിയ അംഗീകരിച്ച ചെലവുകള്‍ അനുസരിച്ച് ഒരു ലിറ്റര്‍ പെട്രോളിന് മൂന്ന് രൂപ 30 പൈസ. നികുതിക്കു മുമ്പുള്ള സകല ചെലവുകളും അടക്കം ആകെ ചെലവ് 38 രൂപ 30 പൈസ. എന്നാല്‍ പെട്രോളിന്റെ വില 78 രൂപ. അതായത് ഒരു ലിറ്റര്‍ പെട്രോള്‍ ഉപഭോക്താവ് വാങ്ങുമ്പോള്‍ ഗവണ്‍മെന്റിന് (കേന്ദ്രത്തിനും സംസ്ഥാനത്തിനും കൂടി) നികുതി ഇനത്തില്‍ ലഭിക്കുന്നത് 39 രൂപ 70 പൈസ. 104 ശതമാനം നികുതി! ഇത് ജിഎസ്ടിയിലെ പരമാവധി നികുതി നിരക്കായ 28 ശതമാനം ആയാല്‍ പെട്രോളിന്റെ വില 49 രൂപയായി കുറയും. (38.30 + 10). ഇതാണ് പെട്രോള്‍ ഉല്‍പ്പന്നങ്ങള്‍ ജിഎസ്ടിയുടെ പുറത്താക്കി നിര്‍ത്താന്‍ കാരണം.ഡീസലിന് ഇതിനേക്കാളും ലാഭമാണ് സര്‍ക്കാരിനു കിട്ടുന്നത്.

പ്രശ്‌നങ്ങള്‍ക്കൊന്നും ഇനിയും പരിഹാരമായില്ല

ജിഎസ്ടിയുടെ നടത്തിപ്പില്‍ ഏറ്റവും വലിയ പ്രശ്‌നമുണ്ടായത് ജിഎസ്ടി - നെറ്റ്‌വര്‍ക്ക് എന്ന ജിഎസ്ടിയുടെ വെബ് പോര്‍ട്ടലാണ്. ജിഎസ്ടി നെറ്റ്‌വര്‍ക്ക്

പോര്‍ട്ടല്‍ 2017 ജൂലൈ മുതല്‍ 2017 ഒക്‌റ്റോബര്‍ വരെ പ്രശ്‌ന കലുഷിതമായിരുന്നു. ഇതെഴുതുന്ന 2018 ജൂണ്‍ മാസം വരെ പോലും ജിഎസ്ടി നെറ്റ്‌വര്‍ക്കിന്റെ പ്രവര്‍ത്തനം നല്ല നിലവാരത്തിലേക്ക് ഉയര്‍ന്നിട്ടില്ല.

പ്രൊഫഷണലുകള്‍ക്കുപോലും മനസിലാക്കാനാകാത്ത വിധം വളരെ സങ്കീര്‍ണമാണ് ജിഎസ്ടി നിയമങ്ങള്‍ എന്നതാണ് മറ്റൊരു പ്രധാന കാര്യം. മൂന്നും നാലും വ്യാഖ്യാനങ്ങള്‍ക്കിടവരുത്തുന്ന തരത്തിലാണ് ജിഎസ്ടി ആക്റ്റ്, SGST ആക്റ്റ്, UT GST ആക്റ്റ്, IGST ആക്റ്റ് എന്നിങ്ങനെയുള്ള ഓരോ നിയമങ്ങളും. കൂടാതെ ഇന്നുവരെ ഇറക്കിയിട്ടുള്ള നോട്ടിഫിക്കേഷനുകള്‍, സര്‍ക്കുലറുകള്‍, ക്ലാരിഫിക്കേഷന്‍ തുടങ്ങിയ മറ്റ് അനുബന്ധ ഉത്തരവുകള്‍ എന്നിവയൊക്കെ കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.

ജിഎസ്ടി ആക്റ്റില്‍ മാത്രം ഇതെഴുതുന്ന സമയം വരെ 233 നോട്ടിഫിക്കേഷനുകളും അനുബന്ധ ഉത്തരവുകളും ഉണ്ട്. ഈ അവസ്ഥ മാറ്റിയെടുക്കുവാനുള്ള ഒരു നടപടിയും ഒരു വര്‍ഷമായിട്ടും കണ്ടിട്ടില്ലയെന്നത് ജിഎസ്ടി ലളിതമല്ല എന്ന തോന്നലിലേക്ക് സമൂഹത്തെ എത്തിച്ചിരിക്കുന്നു.

ഇനിയും ഏറെ കാര്യങ്ങള്‍ ഒരു വര്‍ഷത്തെ ജിഎസ്ടിയുടെ പ്രവര്‍ത്തനത്തില്‍ സൂചിപ്പിക്കാനുണ്ടെങ്കിലും, ഒറ്റ നിര്‍ദേശത്തോടെ ഈ ലേഖനം അവസാനിപ്പിക്കുന്നു. നമ്മുടെ നാട്ടിലെ റെസിഡന്റ്‌സ് അസോസിയേഷന്‍, കണ്‍സ്യൂമര്‍ ഫോറങ്ങള്‍, സാംസ്‌കാരിക പ്രവര്‍ത്തന മേഖലകളായ ക്ലബുകള്‍, സാമൂഹ്യപ്രവര്‍ത്തകര്‍, പഞ്ചായത്ത്, മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാര്‍ തുടങ്ങി സമൂഹത്തിലെ എല്ലാ ഘടകങ്ങളെയും ജിഎസ്ടിയുടെ പ്രാധാന്യത്തെ ബോധ്യപ്പെടുത്തി ഇന്‍വോയ്‌സില്ലാത്ത കച്ചവടം അഴിമതിയുടെ ചങ്ങലയിലെ ഒരു കണ്ണിയാണെന്നുള്ള ശരിയായ ബോധവല്‍ക്കരണം നടത്താന്‍ തയാറായാല്‍ അത് ജിഎസ്ടിയുടെ വിജയമാണ്. ഈ നാടിന്റെ നിലനില്‍പ്പിനായുള്ള, അഴിമതിക്കെതിരെയുള്ള നിയമമായി ജിഎസ്ടി മാറട്ടെ.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com