പാന്‍ കാര്‍ഡ് കയ്യിലില്ലേ, പകരമായി ഉപയോഗിക്കാം ഇവ

പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ ഒരു സാമ്പത്തിക ഇടപാടുകളും നടക്കാത്ത സ്ഥിതിയാണിപ്പോള്‍. ബാങ്ക് അക്കൗണ്ട് തുടങ്ങാനും ഇന്‍കം ടാക്സ് റിട്ടേണ്‍സ് ഫയല്‍ ചെയ്യാനും പാന്‍ നമ്പര്‍ നിര്‍ബന്ധമാണ്. ആദായ നികുതി നിയമത്തിലെ സെക്ഷന്‍ 139 എ പ്രകാരം നികുതി അടക്കേണ്ട വരുമാനമുള്ളവര്‍ക്കും വലിയ തുക ബാങ്കില്‍ നിക്ഷേപിക്കാനോ പിന്‍വലിക്കാനോ ഉള്ളവര്‍ക്കും പാന്‍ കാര്‍ഡ് കൂടിയേ തീരൂ.

എന്നാല്‍ പാന്‍ കാര്‍ഡ് ഇതുവരെ കിട്ടിയിട്ടില്ലാത്തവര്‍ക്കോ ഡ്യൂപ്ലിക്കേറ്റിന് അപേക്ഷിച്ചവര്‍ക്കോ മറ്റു മാര്‍ഗമുണ്ട്. പാന്‍ കാര്‍ഡിന് പകരമായി ആധാര്‍ കാര്‍ഡോ ഫോം 60 യോ ഉപയോഗിക്കാം. എന്തെങ്കിലും ആവശ്യത്തിന് പെട്ടെന്ന് പാന്‍ നമ്പര്‍ കയ്യിലില്ലെങ്കില്‍ ആധാര്‍ നമ്പര്‍ നല്‍കി പ്രശ്നം പരിഹരിക്കാവുന്നതാണ്. സെപ്റ്റംബറില്‍ നിലവില്‍ വന്ന പുതിയ നിയമപ്രകാരം ഇപ്പോള്‍ പാന്‍ നമ്പറിന് പകരമായി ആധാര്‍ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. പാന്‍ നമ്പര്‍ ഇല്ലാത്ത എന്നാല്‍ ആധാര്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ആധാര്‍ നമ്പര്‍ പകരമായി ഉപയോഗിക്കാം. ഇങ്ങനെയുള്ള കേസുകളില്‍ ആദായനികുതി വകുപ്പ് ആധാര്‍ നമ്പറുമായി ബന്ധപ്പെടുത്തി ഒരു പാന്‍ ഓട്ടോമാറ്റിക്കായി ഉണ്ടാക്കും.

ഇനി പാന്‍ ഉള്ളവര്‍ക്കും ആധാര്‍ നമ്പര്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍ രണ്ടും ലിങ്ക് ചെയ്തിരിക്കണം. അടുത്തയിടെ ബാങ്കുകളിലും മറ്റു സ്ഥാപനങ്ങളിലും പാന്‍ നമ്പര്‍ നിര്‍ബന്ധമാക്കിയ സാഹചര്യങ്ങളില്‍ പകരം ആധാര്‍ നല്‍കാമെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷണ്‍ പാണ്ഡെ വ്യക്തമാക്കിയിരുന്നു. പുതിയ ബാങ്ക് അക്കൗണ്ട് തുറക്കാനോ അമ്പതിനായിരത്തിലധികം രൂപയുടെ പണമിടപ്പാട് നടത്തുവാനോ ഇനി ആധാര്‍ നമ്പര്‍ നല്‍കിയാല്‍ മതിയാകും.

പാന്‍ കാര്‍ഡ് ഇല്ലെങ്കില്‍ ആദായനികുതി വകുപ്പ് നിയമപ്രകാരം ഫോം 60 പൂരിപ്പിക്കാന്‍ സാധിക്കും. നിങ്ങള്‍ക്ക് പാന്‍ കാര്‍ഡ് ഇല്ലെന്നും വരുമാനം നികുതി പരിധിക്ക് താഴെയാണെന്നും കാണിക്കുന്ന ഒപ്പിട്ട ഡിക്ലറേഷനാണത്. പാന്‍ കാര്‍ഡ് ഇല്ലാത്തവര്‍ മാത്രമേ ഇത് പൂരിപ്പിക്കാന്‍ പാടുള്ളു. അല്ലെങ്കില്‍ 10,000 രൂപ ഫൈന്‍ അടക്കേണ്ടതായി വരും.

ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it