ആദായ നികുതി റിട്ടേണ്‍ പിഴയോടെ ഡിസംബര്‍ 31 വരെ സമർപ്പിക്കാം; ഇപ്പോള്‍ നിങ്ങള്‍ ചെയ്യേണ്ടത്?

വ്യക്തികള്‍ക്ക് ആദായനികുതി റിട്ടേണ്‍ പിഴ കൂടാതെ (2023-2024 അസെസ്‌മെന്റ് ഇയര്‍) സമര്‍പ്പിക്കുവാനുള്ള അവസാന തീയതി ജൂലൈ 31 ആയിരുന്നു. മേല്‍ സാഹചര്യത്തില്‍ ഇനിയുള്ള ദിവസങ്ങളില്‍ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത്?

(1) ഓഡിറ്റ് വേണ്ടാത്ത വ്യക്തികള്‍/ ഹിന്ദു അവിഭക്ത കുടുംബം/AOP/BO എന്നിവരുടെ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യുവാനുള്ള അവസാന തീയതി ജൂലൈ 31 ന് അവസാനിച്ച സ്ഥിതിക്ക് റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്ക് വൈകിയുള്ള റിട്ടേണ്‍ (Belated Return) സമര്‍പ്പിക്കാന്‍ കഴിയുന്നതാണ്. 2023 ഡിസംബര്‍ 31 വരെയാണ് വൈകിയുള്ള റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയുക.

എന്നാല്‍ വകുപ്പ് '234F' അനുസരിച്ച് വൈകി അടയ്ക്കുന്നവർക്കുള്ള പ്രത്യേക ഫീസ് അഥവാ 'latefees' അടച്ചാല്‍ മാത്രമാണ് വൈകിയുള്ള റിട്ടേൺ സമര്‍പ്പിക്കൽ സാധ്യമാകൂ.

(2) വകുപ്പ് '234F' അനുസരിച്ച് '5000' രൂപയാണ് Belated Return ഫയല്‍ ചെയ്യുന്നതിനുളള നിരക്ക്. എന്നാല്‍ താങ്കളുടെ മൊത്ത വരുമാനം (total income)500,000 രൂപയില്‍ താഴെയാണെങ്കില്‍ 1000 രൂപ മാത്രമാണ് വകുപ്പ് '234F'അനുസരിച്ച് അടയ്‌ക്കേണ്ടി വരുന്നത്.

(3) ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാല്‍ മാത്രം മതിയാവില്ല. റിട്ടേണ്‍ 'ഇ-വെരിഫൈ' ചെയ്യുകയും വേണം.

റിട്ടേണ്‍ 'ഇ-വേരിഫൈ' ചെയ്തിട്ടില്ലെങ്കില്‍ ഫയല്‍ ചെയ്തതായി പരിഗണിക്കുകയില്ല. 'ഇ-വെരിഫൈ' ചെയ്യാത്തവര്‍ 'ITR-V', 30 ദിവസത്തിനുള്ളില്‍ ആദായ നികുതി വകുപ്പിന്റെ ബാംഗ്ലൂര്‍ CPC (Centralized Processing Center) ഓഫീസിലേക്ക് സ്പീഡ് പോസ്റ്റില്‍ അയയ്ക്കണം.

(4) ആദായനികുതി ഡിപ്പാര്‍ട്ട്‌മെന്‌റിന്റിന്‌റെ ഓഫീസില്‍ നിന്നും സന്ദേശം (message), നോട്ടീസ് തുടങ്ങിയവ വന്നാല്‍ കൃത്യമായി മനസ്സിലാക്കി, വ്യക്തമായി മറുപടി കൊടുക്കണം.

(5) ആദായ നികുതി റിട്ടേണ്‍ ഫയല് ചെയ്ത സമയത്ത് ക്ലെയിം ചെയ്ത കിഴിവുകള്‍, ഇളവുകള്‍ (deductions and exemptions) എന്നിവയ്ക്ക് വ്യക്തമായ ഇന്‍വോയ്‌സ്/വൗച്ചര്‍/ മറ്റുസപ്പോര്‍ട്ടിംഗ് രേഖകള്‍ എന്നിവ സൂക്ഷിച്ചുവയ്ക്കണം.

(6) ആദായ നികുതി വകുപ്പ് താങ്കളുടെ രജിസ്റ്റേഡ് ഇ-മെയിലിലേക്കാണ് നോട്ടീസുകള്‍ അയയ്ക്കുന്നത്. ആയതിനാല്‍ ഇ-മെയില്‍ ഇടയ്ക്കിടയ്ക്ക് പരിശോധിക്കണം. നോട്ടീസുകള്‍ക്ക് കൃത്യസമയത്ത് മറുപടി നല്‍കിയിരിക്കണം. അല്ലാത്ത പക്ഷം കൂടുതല്‍ നിയമ പ്രശ്‌നങ്ങളിലേക്ക് പോകുന്നതാണ്.

(7) അസെസ്‌മെന്റ് ഇയര്‍ 2024-2025 ലേക്കുള്ള ആദായ നികുതി ആസൂത്രണം (Tax Planning) ഇപ്പോള്‍ തന്നെ തുടങ്ങുക.

(8) ആദായ നികുതിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും തെളിവുകളും ഒരു പ്രത്യേക ഫയലില്‍ സൂക്ഷിച്ചു വയ്ക്കുക.

(9) 2024-2025 അസെസ്‌മെന്റ് ഇയറിലെ TDS/Advance Tax കൃത്യസമയത്ത് തന്നെ അടയ്ക്കുക. അല്ലാത്ത പക്ഷം പലിശയിനത്തില്‍ നല്ലൊരു തുക ആദായ നികുതി അടയ്‌ക്കേണ്ടതായി വരുന്നതാണ്.

(10) ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തതിനു ശേഷം വകുപ്പിന്റെ നോട്ടീസ് ലഭിച്ചാല് ടാക്‌സ് വിദഗ്ധനെ (income tax professional) സമീപിക്കുന്നതാണ് നല്ലത്.

(11) താങ്കളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ശരിയാണെങ്കില്‍ കൃത്യമായി റീഫണ്ട് ലഭിക്കുന്നതാണ്.

(12) ആധാര്‍ കാര്‍ഡ്, മൊബൈല്‍ നമ്പറുമായി ലിങ്ക് ചെയ്യാത്തവര്‍ എത്രയും പെട്ടെന്ന് ലിങ്ക് ചെയ്യുക. എങ്കില്‍ ഇ-വേരിഫിക്കേഷന്‍ പ്രക്രിയ എളുപ്പമായിരിക്കുന്നതാണ്.

(13) 2024-2025 അസെസ്‌മെന്റ് ഇയറില്‍ പുതിയ രീതിയാണ് (new regime)ബാധകമായിട്ടുള്ളത്. പഴയ രീതി വേണമെങ്കില്‍ 2024 ജൂലൈ 31 ന് മുമ്പ് താങ്കള്‍ തീരുമാനിച്ചിരിക്കണം. പുതിയ രീതിയിലെ ആദായ നികുതി വിവരങ്ങള്‍ താഴെ ചേര്‍ക്കുന്നു.

പുതിയ രീതി അനുസരിച്ച് മൊത്ത വരുമാനം 700,000 രൂപ വരെ (റിബേറ്റ് ഉള്‍പ്പെടെ) ഉള്ളവര്‍ ആദായ നികുതി അടയ്‌ക്കേണ്ട ആവശ്യമില്ല.

മൊത്ത വരുമാനം 700,000 രൂപയില്‍ കൂടിയാല്‍ താഴെപ്പറയും പ്രകാരം ആദായ നികുതി ബാധ്യത വരുന്നതാണ്:-

1. 3 ലക്ഷം രൂപവരെ - നികുതി ഇല്ല

2. 3 ലക്ഷം മുതല്‍ 6 ലക്ഷം വരെ - 5%

3. 6 ലക്ഷം മുതല്‍ 9 ലക്ഷം വരെ - 10%

4. 9 ലക്ഷം മുതല്‍ 12 ലക്ഷം വരെ - 15%

5. 12 ലക്ഷം മുതല്‍ 15 ലക്ഷം വരെ - 20%

6. 15 ലക്ഷത്തിനു മുകളില്‍ - 30%


Related Articles

Next Story

Videos

Share it