മൂലധന നേട്ടത്തിന്മേലുള്ള ആദായ നികുതിക്ക് മാറ്റങ്ങള്‍ വരുന്നു

മൂലധന നേട്ടത്തിനുമേല്‍ ഈടാക്കുന്ന ആദായ നികുതിയില്‍ ഗവണ്‍മെന്റ് ഓഫ് ഇന്ത്യ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നു. ബജറ്റിനോട് അനുബന്ധിച്ചാണ് ഈ മാറ്റങ്ങള്‍ വരികയെന്ന് പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവിലുള്ള ഹ്രസ്വകാല മൂലധന നേട്ട നികുതി (Short Term Capital Gain Tax), ദീര്‍ഘകാല മൂലധന നേട്ട നികുതി (Long Term Capital Gain Tax) എന്നിവ സംബന്ധിച്ച വ്യവസ്ഥകള്‍ താഴെ ചേര്‍ക്കുന്നു.

1. അംഗീകൃത സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത ഇക്വിറ്റി ഷെയറുകള്‍, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ യൂണിറ്റുകള്‍, ഇക്വിറ്റി ഓറിയന്റഡ് മ്യൂച്വല്‍ ഫണ്ട്, സീറോ കൂപ്പണ്‍ ബോണ്ടുകള്‍ എന്നിവ 12 മാസത്തില്‍ അധികം കൈവശം വച്ചാല്‍ ദീര്‍ഘകാല മൂലധന ആസ്തിയായി കണക്കാക്കും. റിയല്‍ എസ്‌റ്റേറ്റിന്റെ കാര്യത്തില്‍ പ്രസ്തുത കാലയളവ് രണ്ട് വര്‍ഷം അഥവാ 24 മാസമാണ്.

2. ആഭരണം(Jewels), Debt Oriented Mutual Funds എന്നിവ മൂന്നു വര്‍ഷം അഥവാ 36 മാസത്തില്‍ കൂടുതല്‍ കൈവശം വച്ചാല്‍ അത് ദീര്‍ഘകാല മൂലധന ആസ്തിയായിരിക്കും.

3. വകുപ്പ് 111 A യിലെ വ്യവസ്ഥകള്‍ പാലിച്ചിട്ട് നടക്കുന്ന ഹ്രസ്വകാലമൂലധന ആസ്തിയുടെ ട്രാന്‍സ്ഫറിന്റെ മുകളില്‍ 15% ആണ് ആദായ നികുതി നിരക്ക്. മറ്റുള്ള ഹ്രസ്വകാല മൂലധന നേട്ടത്തിന് മേലുള്ള നികുതി നിരക്ക് ആദായ നികുതി നിയമത്തിന്റെ സാധാരണ വ്യവസ്ഥകള്‍ക്കനുസരിച്ചായിരിക്കും.

4. വകുപ്പ് 112 A അനുസരിച്ച് ഇക്വിറ്റി ഷെയറുകള്‍, ഇക്വിറ്റി ഓറിയന്റഡ് മ്യൂച്വല്‍ഫണ്ട് യൂണിറ്റുകള്‍ എന്നിവയുടെ മേലുള്ള ദീര്‍ഘകാല മൂലധന നികുതി നിരക്ക് (ഒരു ലക്ഷത്തിന് മുകളില്‍) 10% ആണ്.

5. സാധാരാണ ദീര്‍ഘകാല മൂലധന നേട്ട നികുതി നിരക്ക് 20% ആണ്.

താഴേ ചേര്‍ക്കുന്ന മാറ്റങ്ങളാണ് ഗവണ്‍മെന്റ് വരുത്താന്‍ ഉദ്ദേശിക്കുന്നത്:-

a. നികുതി നിരക്ക്

b. കൈവശം വയ്ക്കുന്ന ദിവസത്തിന്റെ എണ്ണം (ഹ്രസ്വകാലമൂലധന ആസ്തി, ദീര്‍ഘകാല മൂലധന ആസ്്തി എന്നിവ കണ്ടുപിടിക്കുന്നതിന് വേണ്ടി)

c. ആസ്തികളുടെ വര്‍ഗീകരണത്തില്‍ കൂടുതല്‍ ലളിതമായ നികുതി സമ്പ്രദായമാണ് ഗവണ്‍മെന്റ് ഉദ്ദേശിക്കുന്നത്.

(കോസ്റ്റ് & മാനേജ്‌മെന്റ് അക്കൗണ്ടന്റും നികുതികാര്യ വിദഗ്ധനുമാണ് ലേഖകന്‍)

Related Articles

Next Story

Videos

Share it