സെയ്ല്‍സ് സ്റ്റാഫില്ലാത്ത സൂപ്പര്‍മാര്‍ക്കറ്റ്, യന്ത്രമനുഷ്യന്‍ വിളമ്പും ഹോട്ടല്‍
ഡാറ്റ അനലിറ്റിക്‌സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്റ്‌സ്് (എ.ഐ), റോബോട്ടിക്‌സ് എന്നീ സങ്കേതങ്ങള്‍ സംയോജിപ്പിക്കുന്നതിലൂടെ വമ്പന്‍ സാധ്യതകളാണ് രൂപംകൊള്ളുന്നത്.
റീറ്റെയ്ല്‍ സ്റ്റോര്‍ മാനേജ്‌മെന്റില്‍ ഡാറ്റ അനലിറ്റിക്‌സും എ.ഐയും വന്‍ മാറ്റങ്ങളാണ് വരുത്തുന്നത്്. വില്‍പ്പനക്കാരോ കാഷ് കൗണ്ടറോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യത്തെ സൂപ്പര്‍മാര്‍ക്കറ്റായ വാട്ട്-എ-സെയില്‍ കഴിഞ്ഞ മാസം കൊച്ചിയില്‍ ആരംഭിച്ചത് ഇതിനൊരു ഉദാഹരണമാണ്. റോബോട്ടുകള്‍ ഭക്ഷണം വിളമ്പുന്ന ഹോട്ടലുകള്‍ രാജ്യത്താദ്യമായി ചെന്നൈയിലും കോയമ്പത്തൂരും നിലവില്‍ വന്നുകഴിഞ്ഞു. ആഗോള വാര്‍ത്താ ശൃംഖലയായ അസോസിയേറ്റഡ് പ്രസ് വിവിധ കമ്പനികളുടെ സാമ്പത്തിക റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നത് റോബോട്ടുകളെ ഉപയോഗിച്ചാണ്. ആദ്യകാലത്തെ റോബോട്ടുകളെ അപേക്ഷിച്ച് ഇന്നത്തെ റോബോട്ടുകള്‍ മള്‍ട്ടിപ്പിള്‍ ടാസ്‌ക് ചെയ്യാന്‍ കഴിവുള്ളവയാണ്്. വ്യവസായങ്ങളിലും ബാങ്കിംഗിലുമുള്‍പ്പെടെ റോബോട്ടിക് സാങ്കേതികവിദ്യ കരുത്താര്‍ജിക്കുകയാണ്. എ.ഐ, റോബോട്ടിക്‌സ് എന്നിവ അടുത്തതലത്തിലേക്ക് വളര്‍ന്നു വികസിച്ചു കഴിഞ്ഞു.
കൃഷിയിടങ്ങളില്‍ വളവും കീടനാശിനികളും സ്‌പ്രേ ചെയ്യുന്നതിനും വിളകളുടെ ആരോഗ്യം പരിശോധിക്കുന്നതിനും സഹായകരമായ ഡ്രോണുകളെ ചാലക്കുടിയിലെ ട്രെക്കോനിക് എന്ന സ്റ്റാര്‍ട്ടപ് സംരംഭം വികസിപ്പിച്ചിരിക്കുകയാണ്. സുരക്ഷാ നിരീക്ഷണത്തിനായി കാമറ ഘടിപ്പിച്ച ഡ്രോണുകളെ കേരള പോലീസും ഉപയോഗിക്കുന്നുണ്ട്. കാടുകളിലെ അനധികൃത മരംവെട്ട് തടയാന്‍ ഡീപ് ലേണിംഗ്്, ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതികവിദ്യകളുള്ള പ്രത്യേകതരം ഡ്രോണുകളെ വികസിപ്പിക്കുകയാണ് തലസ്ഥാനത്തെ അജ്‌നയെന്ന സ്റ്റാര്‍ട്ടപ്. ഡി.ആര്‍.ഡി.ഒക്ക് വേണ്ടി വികസിപ്പിച്ച രാജ്യത്തെ ആദ്യത്തെ അണ്ടര്‍വാട്ടര്‍ ഡ്രോണ്‍ കൊച്ചിയിലെ ഐറോവ് ടെക്‌നോളജീസ് ഏതാനും ദിവസം മുന്‍പാണ് കൈമാറിയത്.
വന്യജീവികളുടെ നിരീക്ഷണം, അനധികൃത ക്വാറികളെ കണ്ടെത്തല്‍ എന്നിവയ്ക്കും ഡ്രോണുകളെ ഉപയോഗിക്കാനാകും. വൈദ്യുതി ലൈനിലെ തകരാറുകള്‍, ട്രാഫിക്കിന്റെ തീവ്രത അനുസരിച്ചുള്ള സിഗ്നലിന്റെ മാറ്റം എന്നിവയ്ക്ക് പുറമേ വിദ്യാഭ്യാസം, ആരോഗ്യം, റീറ്റെയ്ല്‍ തുടങ്ങിയ അനേകം മേഖലകളില്‍ എ.ഐക്ക് വന്‍ സാദ്ധ്യതകളുണ്ടെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
എല്ലാവര്‍ക്കും കിട്ടുന്നത് ഒരേ ഡാറ്റയാണെങ്കിലും ഏത് കമ്പനിയാണോ അതിനെ ഫലപ്രദമായി വിശകലനം ചെയ്ത് അതില്‍ നിന്നും ഇന്റലിജന്റ്‌സ് ബില്‍ഡ് ചെയ്യുന്നത് അവര്‍ക്കായിരിക്കും വിപണിയില്‍ നേട്ടമുണ്ടാക്കാനാകുകയെന്ന് ഡോ.സജി ഗോപിനാഥ് അഭിപ്രായപ്പെട്ടു.