ബ്ലോക്ക് ചെയ്ന്‍ കര്‍ഷകരുടെ വരുമാനവും കൂട്ടൂം!

പൊള്ളുന്ന വില കൊടുത്ത് പച്ചക്കറി വാങ്ങുമ്പോള്‍ നിങ്ങള്‍ ഓര്‍ക്കാറുണ്ടോ അതുണ്ടാക്കിയ കര്‍ഷകന് എന്ത് വില കിട്ടിക്കാണുമെന്ന്? ഇനി അങ്ങനെ ചിന്തിച്ചാല്‍ തന്നെ കര്‍ഷകന് ലഭിച്ച വില കൃത്യമായി അറിയാന്‍ സുതാര്യമായ രീതിയൊന്നും നമ്മുടെ നാട്ടില്‍ അത്ര വ്യാപകമല്ല. വന്‍കിടക്കാര്‍ നേട്ടം കൊയ്യുന്ന ഇപ്പോഴത്തെ വിപണി സാഹചര്യങ്ങളില്‍ ചെറുകിട വ്യാപാരികള്‍ക്കും കര്‍ഷകര്‍ക്കുമെല്ലാം ന്യായമായ വില കിട്ടാനും ഉപഭോക്താവിന് തങ്ങള്‍ വാങ്ങുന്ന കാര്‍ഷികോല്‍പ്പന്നത്തിന്റെ ശരിയായ വില അറിയാനുമെല്ലാം ബ്ലോക്ക്‌ചെയ്ന്‍ ടെക്‌നോളജി ഏറെ സഹായിക്കും. വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ തന്നെ ഏറെ വ്യാപകമാണിത്.

ബ്ലോക്ക്‌ചെയ്ന്‍ എന്ന് കേള്‍ക്കുമ്പോള്‍ ക്രിപ്‌റ്റോ (ഗൂഢ) കറന്‍സികളെ കുറിച്ചാവും പലരും ചിന്തിക്കുക. സ്വകാര്യ കറന്‍സി (ബിറ്റ് കോയ്ന്‍ പോലെ), ആരോഗ്യം, ഇന്‍ഷുറന്‍സ്, ഗാംബ്ലിംഗ്, റിയല്‍ എസ്‌റ്റേറ്റ് വിനിമയങ്ങള്‍ എന്നിവയിലെല്ലാം ബ്ലോക്ക്‌ചെയ്ന്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നുണ്ട്. ഓരോ വിനിമയവും (ട്രാന്‍സാക്ഷന്‍) പരസ്പരം ബന്ധിപ്പിച്ച് എല്ലാവര്‍ക്കും കാണുവാന്‍ സാധിക്കുന്ന പൊതു ലെഡ്ജര്‍ എഴുതുന്നതിനുള്ള ടെക്‌നോളജിയാണ് ബ്ലോക്ക്‌ചെയ്ന്‍ ടെക്‌നോളജി. ഈ ലെഡ്ജറിന്റെ കോപ്പി എല്ലാ കംപ്യൂട്ടറുകളിലും ലഭിക്കും. സത്യസന്ധതയില്ലാത്ത വിനിമയങ്ങള്‍ ഇതിലൂടെ സാധ്യമല്ല.

കാര്‍ഷിക രംഗത്തെ കാര്യമെടുത്താല്‍, രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ ചിതറികിടക്കുന്ന കര്‍ഷകര്‍ക്കും മൊത്തവ്യാപാരികള്‍ക്കും ചില്ലറ വ്യാപാരികള്‍ക്കും ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനികള്‍ക്കും എന്നുവേണ്ട, ഈ ശൃംഖലയിലെ എല്ലാവര്‍ക്കും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ബ്ലോക്ക്‌ചെയ്ന്‍ ടെക്‌നോളജിയിലൂടെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ സാധിക്കും.

കൃഷിയും ഭക്ഷണവിതരണശൃംഖലയും വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന മേഖലയാണ്. ഈ മേഖലയില്‍ ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയുടെ വാര്‍ഷികവളര്‍ച്ച നിരക്ക് ലോകത്തില്‍ പ്രതീക്ഷിക്കുന്നത് 87 ശതമാനമാണ്. 2016 അഗ്രിഡിജിറ്റല്‍ എന്ന കമ്പനിയാണ് ലോകത്ത് ആദ്യമായി കൃഷിക്കു വേണ്ടി ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി ഉപയോഗിച്ചു ഭക്ഷ്യധാന്യം ശേഖരിച്ചു വില്‍പ്പന നടത്തി ശ്രദ്ധയാകര്‍ഷിച്ചത്. തുടര്‍ന്ന് കോടിക്കണക്കിന് ഡോളറുകളുടെ വിനിമയമാണ് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജിയുടെയും ക്ലൗഡ് കമ്പ്യൂട്ടര്‍മേഖലയുടെയും സഹായത്തോടെ ധാന്യവിപണനരംഗത്ത് കൃഷിഭക്ഷണവ്യാപാരമേഖലയില്‍ സംഭവിച്ചിരിക്കുന്നത്.

ആവര്‍ത്തിച്ചുള്ള പരിശോധനകളും മാനുവല്‍ പരിശോധനകളും ഒഴിവാക്കാമെന്ന് മാത്രമല്ല, ഓഫീസുകളിലെ ഡോക്യൂമെന്റേഷന് പ്രവര്‍ത്തനങ്ങള്‍ അഞ്ചിലൊന്നായി ചുരുക്കികൊണ്ട് ഓട്ടോമേഷന്‍ വേഗത്തില്‍ നടത്തുന്നതിന് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി സഹായിക്കുന്നുണ്ട്.
ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി അടിസ്ഥാനമാക്കി കാര്‍ഷികഭക്ഷ്യവിപണന വിതരണശൃംഖലയുടെ അംഗങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ളഡയഗ്രം ഇതോടൊപ്പം ചേര്‍ക്കുന്നു.

ആ ഡയഗ്രത്തില്‍ ശൃംഖലയിലെ ഓരോഘട്ടത്തിലും ഡിജിറ്റലായി വിവരങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നത് കാണാം. ക്യുആര്‍ കോഡ്, ആര്‍എഫ്‌ഐഡി., ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കേഷന്‍, ഡിജിറ്റല്‍ സിഗ്‌നേച്ചര്‍, സെന്‍സറുകള്‍, മൊബൈല്‍ഫോണ്‍ തുടങ്ങിയവയിലൂടെ അടയാളപ്പെടുത്തുന്ന വിവരങ്ങള്‍ ടെക്‌നോളജിയുടെ സഹായത്താല്‍ എല്ലാവര്‍ക്കും അറിയുന്നതിനും മറ്റ് വ്യാപാരികള്‍ക്ക് പരിശോധിക്കുന്നതിനും പരസ്പരം സഹകരിച്ച് മുന്നോട്ട് പോകുന്നതിനും സഹായിക്കുന്നു. പരിശോധിച്ച് ബ്ലോക്ക്‌ചെയിന്‍ ശൃംഖലയില്‍ ചേര്‍ക്കപ്പെടുന്ന വിവരങ്ങള്‍ ഒരു കാരണവശാലും മാറ്റുവാന്‍ സാധിക്കുകയില്ല എന്നതാണ് ഈ ടെക്‌നോളജിയുടെ പ്രത്യേകത.
മെച്ചങ്ങള്‍ ഏറെ

ഭക്ഷ്യവ്യാപാരശൃംഖലയില്‍ ബ്ലോക്ക് ചെയ്ന്‍ നടപ്പാക്കുന്നത് കൊണ്ടുള്ള പ്രധാന നേട്ടങ്ങള്‍ ഇവയൊക്കെയാണ്.

$ കാര്‍ഷിക മേഖലയിലെ അസംഘടിത തൊഴിലാളികള്‍ക്ക് ശരിയായ വരുമാനം ലഭിക്കുന്നുണ്ടോയെന്ന് പരിശോധിക്കാം.

$ കൃഷിയില്‍ ഉപയോഗിക്കുന്ന വിത്തുകള്‍, വളങ്ങള്‍, കൃഷിരീതി, കീടനാശിനി, കാലാവസ്ഥവ്യതിയാനങ്ങള്‍ , വ്യാപാരം തുടങ്ങിയ വിവരങ്ങള്‍ കൃഷിക്കാരന് ്പങ്കുവെയ്ക്കാന്‍ സാധിക്കുന്നു.

$ കാര്‍ഷികവിളകളുടെ വില കര്‍ഷകനും ആവശ്യക്കാരനും മുന്‍കൂട്ടി അറിയാന്‍ സാധിക്കും.

$ ഭക്ഷ്യോല്‍പ്പന്ന ഫാക്ടറിയിലെ വിവരങ്ങള്‍ അറിയാന്‍ സാധിക്കും.

$ വിതരണ സമ്പ്രദായത്തിലെ എല്ലാ വിവരങ്ങളും ലഭിക്കും.

$ റീറ്റെയ്ല്‍ വ്യാപാരിക്ക് വിപണന വസ്തുവിനെ കുറിച്ചുള്ള സര്‍വ്വവിവരങ്ങളും ലഭിക്കും.

$ ഉപഭോക്താവിന് മൊബീല്‍ ഫോണ്‍ ഉപയോഗിച്ച് ക്യുആര്‍ കോഡ് പരിശോധിച്ച് ഉല്‍പ്പന്നത്തിന്റെ തുടക്കം മുതല്‍ അവസാനം വരെയുള്ള വിവരങ്ങള്‍ പരിശോധിക്കാം.



ബ്ലോക്ക്‌ചെയ്ന്‍ ടെക്‌നോളജിയും ഐ ഒ ടിയും ഒരുമിച്ച് ഉപയോഗിച്ചാല്‍ ഇനിയും ഒട്ടേറെ കാര്യങ്ങള്‍ കാര്‍ഷികമേഖലയില്‍ നടപ്പാക്കാന്‍ സാധിക്കും. ബ്ലോക്ക്‌ചെയിനില്‍ ഇന്ന് ഏറ്റവും ഉപയോഗിക്കുന്ന ടെക്‌നോളജി ഇത്തിരിയം ടെക്‌നോളജിയാണ്. ഹൈപ്പര്‍ ലെഡ്ജര്‍ ഫാബ്രിക് എന്ന ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി വികസിച്ചു കൊണ്ടിരിക്കുന്നു.

ബ്‌ളോക്ക്‌ചെയിനുകള്‍ ഗവണ്‍മെന്റ് ത്തരവാദിത്വത്തിലും നേതൃത്വത്തിലും നടപ്പാക്കിയാല്‍ മാത്രമേ സാധാരണ ജനത്തിന് ഇത്തരം ടെക്‌നോളജികള്‍ വിശ്വാസത്തില്‍ എടുക്കുന്നതിന് സാധിക്കുകയുള്ളൂ. സ്വകാര്യ മേഖലയിലും ബ്ലോക്ക്‌ചെയ്ന്‍ ടെക്‌നോളജിക്ക ്അനന്തസാധ്യതകള്‍ ഉണ്ട്. ഇന്റര്‍നെറ്റ് വിപ്ലവത്തിന് ശേഷം വരുന്ന പുതുയുഗമാണ് ബ്ലോക്ക്‌ചെയിന്‍ ടെക്‌നോളജി. കേരള ഗവണ്‍മെന്റ ്‌കേരള ബ്ലോക്ക്‌ചെയിന്‍ അക്കാദമി സ്ഥാപിച്ചു ബ്ലോക്ക്‌ചെയിന്‍ കോഴ്‌സുകള്‍ പരിചയപ്പെടുത്തികൊണ്ടിരിക്കുകയാണ്.

(അങ്കമാലി ഫിസാറ്റിലെ കംപ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ് പ്രൊഫസറാണ് ലേഖകന്‍. ഫോണ്‍: 99954 19343)


Related Articles
Next Story
Videos
Share it