ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലൂടെ ഉപഭോക്താക്കള്‍ക്കരികിലേക്കെത്താം; ശ്രദ്ധിക്കണം ഈ കാര്യങ്ങള്‍

ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എങ്ങനെ മികച്ച രീതിയില്‍ ഉപയോഗിക്കാം, അതിലൂടെ എങ്ങനെ കസ്റ്റമേഴ്‌സിലേക്ക് കൂടുതല്‍ അടുക്കാം എന്ന കാര്യങ്ങള്‍ ഇന്ന് മുന്‍പെന്നത്തേക്കാള്‍ നന്നായി അറിഞ്ഞിരിക്കണം. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിനെ വെള്ളിവെളിച്ചത്തിലേക്ക് കൂടുതല്‍ മാറ്റി നിര്‍ത്തിയ വര്‍ഷമാണ് 2020.

എന്താണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്?
ഇന്റര്‍നെറ്റ് എന്നതിനെ ജീവനാഡിയാക്കി കുതിച്ചുമുന്നേറുന്ന ഡിജിറ്റല്‍ സംവിധാനമാണിത്. ലളിതമായ വാക്കുകളില്‍ പറഞ്ഞാല്‍, ഡിജിറ്റല്‍ ചാനലുകളുടെ സഹായത്താല്‍ നിങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും മാര്‍ക്കറ്റ് ചെയ്യുന്നതാണ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്.
ഏതൊക്കെയാണ് ഡിജിറ്റല്‍ ചാനലുകള്‍?
പ്രധാനമായും ഏഴ് ഡിജിറ്റല്‍ ചാനലുകളാണുള്ളത്.
$ വെബ്‌സൈറ്റ് - നിങ്ങളുടെ വെര്‍ച്വല്‍ ഓഫീസായി 24/7 പ്രവര്‍ത്തിക്കും. വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് സവിശേഷമായൊരു അനുഭവം അതിലൂടെ പകരാനാകും.
$ കണ്ടന്റ് മാര്‍ക്കറ്റിംഗ്- നിങ്ങളുടെ ബ്രാന്‍ഡിന് വ്യക്തിത്വവും തനിമയും സൃഷ്ടിക്കും
$ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് - നിങ്ങളുടെ ബിസിനസിന്റെ വിസിബിലിറ്റി കൂട്ടാന്‍ സഹായിക്കും കൂടുതല്‍ ഇന്ററാക്ടീവ് ആകും.
$ സെര്‍ച്ച് എന്‍ജിന്‍ ഒപ്റ്റിമൈസേഷന്‍ (SEO): നിങ്ങളുടെ ബിസിനസ് വിസിബിലിറ്റി കൂട്ടുന്നതിനൊപ്പം സെര്‍ച്ചബിലിറ്റിയും വര്‍ധിപ്പിക്കും.
$ ഡിസ്‌പ്ലേ & വീഡിയോ അഡ്വര്‍ടൈസിംഗ്: നിങ്ങള്‍ ലക്ഷ്യമിടുന്ന കസ്റ്റമേഴ്‌സിലേക്കുള്ള ലീഡ്‌സും ട്രാഫിക്കും കൂട്ടും.
$ പെയ്ഡ് സെര്‍ച്ച് (പേ - പെര്‍ - ക്ലിക്ക്): താല്‍പ്പര്യമുള്ള ആളുകളെ നിങ്ങളുടെ സൈറ്റിലേക്ക് ആകര്‍ഷിക്കും.
$ ഇ മെയ്ല്‍ മാര്‍ക്കറ്റിംഗ്: നിങ്ങളുടെ കണ്ടന്റുകള്‍ ശറിയായ സമയത്ത് കസ്റ്റമേഴ്‌സിലേക്കെത്തും.
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗില്‍ നിന്ന് പ്രതീക്ഷിക്കുന്ന നേട്ടം ലഭിക്കാന്‍ ഈ ഏഴ് രീതികളും കൃത്യമായി ഉപയോഗിക്കുന്നതാണ് ഉചിതം. ഈ ഡിജിറ്റല്‍ ചാനലുകളില്‍ മിക്ക ബിസിനസുകള്‍ക്കും സ്വന്തമായൊരു വെബ്‌സൈറ്റുണ്ടാകും. സോഷ്യല്‍ മീഡിയയില്‍ സാന്നിധ്യവും കാണും. വെബ്‌സൈറ്റ് നിങ്ങളുടെ ബിസിനസിന് ഓണ്‍ലൈന്‍ ഐഡന്റിറ്റി നല്‍കുമ്പോള്‍ സോഷ്യല്‍ മീഡിയ അത് കൂടുതല്‍ പേരിലേക്ക് എത്തിക്കാനും സഹായിക്കുന്നു.
മീഡിയ ചാനലുകള്‍ മൂന്ന്
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിന്റെ ഭാഗമായി മൂന്ന് വ്യത്യസ്ത ചാനലുകള്‍ നിങ്ങള്‍ മാനേജ് ചെയ്യേണ്ടതായിരിക്കുന്നു.
$ സ്വന്തം മീഡിയ: ഉദാഹരണത്തിന് നിങ്ങളുടെ വെബ്‌സൈറ്റ്, മൊബീല്‍ ആപ്പ്, ബ്ലോഗ്, സോഷ്യല്‍ മീഡിയ, ന്യൂസ് ലെറ്റര്‍ തുടങ്ങിയവ. ഇത് നിങ്ങള്‍, നിങ്ങള്‍ക്കുവേണ്ടി തന്നെ സൃഷ്ടിച്ചവയാണ്. അതിന്റെ പൂര്‍ണ നിയന്ത്രണം നിങ്ങള്‍ക്കു തന്നെയാണ്. നിങ്ങളുടെ ബ്രാന്‍ഡിന്റെ വ്യക്തിത്വം വളര്‍ത്തിയെടുക്കാനും വിശ്വാസ്യതയും നിയമസാധുതയും കാലക്രമേണ വളര്‍ത്തിയെടുക്കാന്‍ സഹായിക്കും.
$ പെയ്ഡ് മീഡിയ: നിങ്ങളുടെ വെബ്‌സൈറ്റിലേക്കുള്ള ട്രാഫിക്ക് കൂട്ടാനും നിങ്ങളുടെ ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ കൂടുതല്‍ പേരിലേക്കെത്താനും വേണ്ടി നിങ്ങള്‍ പണം ചെലവിട്ട് ചെയ്യുന്ന പരസ്യമോ മീഡിയയോ ആണിത്. ഇത് നിങ്ങളുടെ സ്വന്തം മീഡിയയിലേക്കുള്ള ട്രാഫിക്ക് കൂട്ടാന്‍ സഹായിക്കും. കൂടുതല്‍ പേരില്‍ നിങ്ങളുടെ ബിസിനസിനെ കുറിച്ചുള്ള അവബോധം വളര്‍ത്താനും ഉപകരിക്കും. സോഷ്യല്‍ ആഡ്‌സ്, ബാനര്‍ ആഡ്‌സ്, വീഡിയോ ആഡ്‌സ്, സെര്‍ച്ച് ആഡ്‌സ് എന്നിവയാണ് ഇതിനുള്ള ഉദാഹരണം.
$ ആര്‍ജ്ജിത മീഡിയ: നിങ്ങളെ കുറിച്ച് ജനങ്ങള്‍ സംസാരിക്കുന്നതോ അല്ലെങ്കില്‍ നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട കണ്ടന്റ് ഷെയര്‍ ചെയ്യപ്പെടുന്നതോ ആണിത്. തികച്ചും സൗജന്യമായി നടക്കുന്ന കാര്യമാണിത്. പെയ്ഡ് മീഡിയേക്കാള്‍ വേഗത്തിലും കാര്യക്ഷമമായും വിശ്വാസ്യതയും ശ്രദ്ധയും നേടിയെടുക്കാന്‍ ഇത് ഉപകരിക്കും.
നിങ്ങളൊരു നല്ല കണ്ടന്റ് സൃഷ്ടിക്കുകയും അത് പെയ്ഡ് മീഡിയയില്‍ ഉള്‍പ്പടെ എല്ലായിടത്തും വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുകയും അതിലൂടെ ജനങ്ങള്‍ അറിയാതെ തന്നെ അത് ശ്രദ്ധിക്കുന്നു. പുതിയ ഒരു കാര്യത്തെ കുറിച്ചുള്ള അറിവാകാം, അല്ലെങ്കില്‍ കാലികമായി പ്രസക്തിയുള്ള കാര്യമാകാം, അതുമല്ലെങ്കില്‍ സ്വയം മറന്ന് ചിരിക്കാന്‍ പറ്റുന്നതാകാം കണ്ടന്റ്. ഇങ്ങനെയുള്ള കണ്ടന്റുകളാണ് ഷെയര്‍ ചെയ്യപ്പെടുന്നത്. പെയ്ഡ് മീഡിയ നിങ്ങളുടെ സ്വന്തം മീഡിയയിലേക്ക് ആളുകളെ കയറ്റും. അത് ആര്‍ജിത മീഡിയ സ്വന്തമാക്കുന്നതിലേക്കും നയിക്കും. ഏതൊരു ഡിജിറ്റല്‍ മാര്‍ക്കറ്റിംഗുകാരന്റെയും വലിയ ലക്ഷ്യം തന്നെ അതാണ്.
ഡിജിറ്റല്‍ ബ്രാന്‍ഡിന്റെ മൂന്ന് തലങ്ങള്‍
നിങ്ങള്‍ സജീവമായി ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ചെയ്തു തുടങ്ങുമ്പോള്‍ നിങ്ങളുടെ ബിസിനസുമായി അല്ലെങ്കില്‍ ബ്രാന്‍ഡുമായി ചേര്‍ന്നുനില്‍ക്കുന്ന മൂന്ന് കാര്യങ്ങള്‍ ശ്രദ്ധിക്കണം. വോയ്‌സ്, ഫുട്് പ്രിന്റ്, ഷാഡോ എന്നിവയാണവ.
നിങ്ങളുടെ സ്വന്തം മീഡിയയിലൂടെ നിങ്ങളുടെ ബ്രാന്‍ഡിനെ അല്ലെങ്കില്‍ ബിസിനസിനെ കുറിച്ച് നിരന്തരം പറയാന്‍ ശ്രമിക്കുന്ന കാര്യമാണ് നിങ്ങളുടെ വോയ്‌സ്.
നിങ്ങള്‍ സൃഷ്ടിച്ച ഡാറ്റ, അല്ലെങ്കില്‍ നിങ്ങളുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റിയുടെ തെളിവുകളാണ് ഫുട്പ്രിന്റ്.
നിങ്ങളുടെ ഫുട്്പ്രിന്റ് അവശേഷിപ്പിക്കുന്നതെല്ലാം ഷാഡോയായി പരിണമിക്കും. അതായത് നിങ്ങള്‍ അപ്്‌ലോഡ് ചെയ്ത ഫോട്ടോകള്‍, റിവ്യൂകള്‍, കമന്റുകള്‍ അങ്ങനെയെല്ലാം. അതായത് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലെ നിഴലുകളാണവയെല്ലാം.
നിങ്ങള്‍ക്ക് നിങ്ങളുടെ വോയ്‌സ് നിയന്ത്രിക്കാനാകും. പക്ഷേ ഫുട്്പ്രിന്റും ഷാഡോയും നിങ്ങളുടെ വരുതിയില്‍ അല്ല. ഇവയെല്ലാം നിങ്ങളുടെ ബ്രാന്‍ഡിന്റെയും ബിസിനസിന്റെയും വിശ്വാസ്യത ഏറെ ബാധിക്കുന്നവയുമാണ്.
യാത്ര തുടങ്ങാം നിങ്ങളുടെ കസ്റ്റമറിലേക്ക്
ആഗോളതലത്തില്‍, ഗൂഗ്ള്‍ പ്രതിദിനം 3.5 ബില്യണ്‍ സെര്‍ച്ചുകളാണ് പ്രോസസ് ചെയ്യുന്നത്. (അവലംബം: ഇന്റര്‍നെറ്റ്‌ലൈവ്‌സ്റ്റാറ്റ്‌സ്, 2019). ഓരോ സെക്കന്റിലും 40,000 സെര്‍ച്ചുകള്‍ പ്രോസസ് ചെയ്യപ്പെടുന്നുവെന്ന് കണക്കാക്കാം. നമ്മള്‍ തന്നെ ഒരുദിവസം എത്രയോ വട്ടം ഗൂഗ്‌ളിനെ ആശ്രയിക്കുന്നു. ഏതാണ്ട് പകുതിയോളം പ്രോഡക്റ്റ് സെര്‍ച്ചുകളും ആരംഭിക്കുന്നത് ഗൂഗ്‌ളില്‍ നിന്നാണ്. (അവലംബം: ജംപ്‌ഷോട്ട്, 2018).
ഈ കണക്കുകള്‍, നിങ്ങള്‍ കസ്റ്റമേഴ്‌സിലേക്ക് എവിടെ നിന്ന് യാത്ര തുടങ്ങണം എന്നതിനെയാണ് സൂചിപ്പിക്കുന്നത്. ഗൂഗ്ള്‍ സെര്‍ച്ച് വഴി കസ്റ്റമേഴ്‌സ് നിങ്ങളെ കണ്ടെത്തുകയും അവര്‍ ഓണ്‍ലൈനില്‍ കാണുന്നത് അനുസരിച്ച് നിങ്ങളെ കുറിച്ചുള്ള അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്യുന്നു.
ഒരു ബിസിനസ് എന്ന നിലയ്ക്ക് ഓണ്‍ലൈന്‍ സാന്നിധ്യം വേണ്ടെന്ന് വെയ്ക്കാനാകുമോ? ഒരിക്കലുമില്ല.
നിങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമില്‍ സജീവമല്ലെങ്കില്‍ അങ്ങനെയുള്ള നിങ്ങളുടെ എതിരാളികള്‍ നിങ്ങളുടെ കസ്റ്റമേഴ്‌സിനെ സ്വന്തമാക്കും. ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് വേണ്ടയെന്ന് വെയ്ക്കാനൊന്നും ഇക്കാലത്ത് പറ്റില്ല.
നിങ്ങളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്റ്റാര്‍ട്ട് ചെയ്യാന്‍ ചില കാര്യങ്ങള്‍
1. നിലവില്‍ ഗൂഗ്ള്‍ സെര്‍ച്ച് റിസള്‍ട്ടില്‍ നിങ്ങളുടെ ബിസിനസിന്റെ സ്ഥാനമെന്താണ്.
എങ്ങനെ അത് പരിശോധിക്കാം:
$ ഗൂഗ്ള്‍ സെര്‍ച്ച് ബാറില്‍ നിങ്ങളുടെ ബിസിനസ് നാമമോ ബ്രാന്‍ഡ് നാമമോ പൂര്‍ണമായി ടൈപ്പ് ചെയ്യുക.
$ അടുത്തതായി, നിങ്ങളുടെ ബിസിനസുമായി ബന്ധപ്പെട്ട ഒരു കീ വേര്‍ഡ് സെര്‍ച്ച് ബാറില്‍ ടൈപ്പ് ചെയ്യുക.
ഓരോ സമയവും ലഭിക്കുന്ന കാര്യങ്ങള്‍ ഒരു കസ്റ്റമറുടെ ദൃഷ്ടിയില്‍ പരിശോധിക്കുക. ഇങ്ങനെ ചെയ്യുമ്പോള്‍ തെളിഞ്ഞുവരുന്ന ലിങ്ക്
$ നിങ്ങളുടെ ബിസിനസിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ വേണ്ടി ക്ലിക്ക് ചെയ്യാന്‍ പ്രേരിപ്പിക്കുന്നുണ്ടോ?
$ കീ വേര്‍ഡ് സെര്‍ച്ചിംഗില്‍ നിങ്ങള്‍ ഗൂഗ്ള്‍ സെര്‍ച്ച് റിസള്‍ട്ടിന്റെ ആദ്യ പേജില്‍ തന്നെ വരുന്നുണ്ടോ?
$ സെര്‍ച്ച് റിസള്‍ട്ടില്‍, നിങ്ങളുടെ വോയ്‌സ്, ഫുട്പ്രിന്റ്, ഷാഡോ എന്നിവ പരിശോധിക്കുക. നിങ്ങള്‍ക്കെന്തെങ്കിലും ഡിലീറ്റ് ചെയ്യേണ്ടതുണ്ടോ? വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ടോ? ബിസിനസിന്റെ വോയ്‌സും ഫുട്പ്രിന്റും മെച്ചപ്പെടുത്തേണ്ടതുണ്ടോ?
2. മുകളില്‍ പറഞ്ഞ ഡിജിറ്റല്‍ ചാനലുകളില്‍ നിങ്ങള്‍ ഏതൊക്കെയാണ് ഉപയോഗിക്കുന്നത്? വരും മാസങ്ങളില്‍ നിങ്ങള്‍ ഏതൊക്കെയാണ് ഉപയോഗിക്കാന്‍ പോകുന്നത്?
3. നിങ്ങള്‍ക്ക് സ്വന്തമായ, പെയ്ഡായ, ആര്‍ജിതമായ എന്തെല്ലാം മീഡിയകളാണുള്ളത്.
അപ്പോള്‍ കുറച്ചുകൂടി വ്യക്തതയോടെ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് തുടരുകയല്ലേ?
(ബഹ്‌റിനില്‍ ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് സ്‌പെഷലിസ്റ്റും ട്രെയ്‌നറുമാണ് ലിനി രഘുനാഥ്. ഡിജിറ്റല്‍ സ്ട്രാറ്റജി, കണ്ടന്റ് മാര്‍ക്കറ്റിംഗ് ആന്‍ഡ് അനലിറ്റിക്‌സ് എന്നീ മേഖലകളില്‍ പ്രമുഖ ബ്രാന്‍ഡുകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നു)
ഡിജിറ്റല്‍ മാര്‍ക്കറ്റിംഗിലെ നിങ്ങളുടെ സംശയങ്ങള്‍ക്ക് ഇന്ന് ക്ലബ്ഹൗസ് ആപ്പില്‍ ധനം സംഘടിപ്പിക്കുന്ന ടോക്കില്‍ പങ്കെടുക്കൂ.
Digital Marketing ഇപ്പോഴും നിങ്ങള്‍ക്ക് തലവേദനയാണോ?

എങ്കില്‍ വരൂ

JOIN HERE: https://www.clubhouse.com/join/dhanam/E8TgbkH7/xB32BYp2

Lini Reghunath
Lini Reghunath  

Related Articles

Next Story

Videos

Share it