ജിയോഫൈബര്‍ സേവനമാരംഭിച്ചു

ഇന്ത്യയിലെ ബ്രോഡ്ബാന്‍ഡ് ശൃംഖലയില്‍ സുപ്രധാനമായ മാറ്റങ്ങള്‍ക്കു വഴി തുറന്നുകൊണ്ട് റിലയന്‍സ് ജിയോയുടെ ഫൈബര്‍ ടു ദി ഹോം (എഫ്.ടി.ടി.എച്ച്) സേവനമായ ജിയോ ഫൈബര്‍ ഇന്ന് മുതല്‍ വാണിജ്യാടിസ്ഥാനത്തില്‍ സേവനമാരംഭിച്ചു. 700 രൂപയ്ക്ക് എച്ച്ഡി ടിവി സെറ്റ്, ലാന്‍ഡ് ലൈനില്‍ നിന്നും ആജീവനാന്തം സൗജന്യ വോയ്സ് കോള്‍, 100 എംബിപിഎസ് മുതല്‍ ഒരു ജിബിപിഎസ് വരെ വേഗതയില്‍ ബ്രോഡ്ബാന്‍ഡ് സബ്സ്‌ക്രിപ്ഷന്‍ എന്നിവ ജിയോ ഫൈബര്‍ വാഗ്ദാനം ചെയ്യുന്നു.

രാജ്യത്തെ 3.5 കോടി ഉപയോക്താക്കളെ ലക്ഷ്യമിടുന്ന റിലയന്‍സ് ജിയോ ഫൈബറിന് ഒന്നര കോടി വീടുകളില്‍ നിന്നും 1600 നഗരങ്ങളില്‍ നിന്നും മുന്‍കൂര്‍ രജിസ്ട്രേഷന്‍ ലഭിച്ചുകഴിഞ്ഞു. പ്ലാനുകള്‍ എന്തായിരിക്കുമെന്ന് ജിയോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എന്നാല്‍ പ്രതിമാസം 700 രൂപയ്ക്കും 10000 രൂപയ്ക്കും ഇടയിലായുള്ള സബ്സ്‌ക്രിപ്ഷന്‍ പ്ലാനുകളാണുണ്ടാവുകയെന്ന് നേരത്തെ അറിയിച്ചിരുന്നു.

പുതിയ ഉപയോക്താക്കള്‍ക്ക് പ്രിവ്യൂ ഓഫറിന്റെ ഭാഗമായി രണ്ട് മാസം സൗജന്യ സേവനം ലഭിക്കും. ജിയോയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ജിയോ ഫൈബറിനായി രജിസ്റ്റര്‍ ചെയ്യാം. പേര്, മേല്‍വിലാസം, മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കണം. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ഒരു ജിയോ ഫൈബര്‍ ഉദ്യോഗസ്ഥന്‍ നേരിട്ടെത്തി വിവരങ്ങള്‍ പരിശോധിക്കും.

ജിയോ ഫൈബര്‍ കേബിള്‍ വഴി കേബിള്‍ ടിവി കണക്ഷനും ലഭിക്കും. എന്നാല്‍ കേബിള്‍ ടിവിയ്ക്കായി പ്രത്യേകം സബ്സ്‌ക്രിപ്ഷന്‍ വേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കേബിള്‍ സേവനത്തിനായി ഒരു സെറ്റ് ടോപ്പ് ബോക്സ് ജിയോ സൗജന്യമായി നല്‍കും. ഗെയിമിങ്, വീഡിയോ കോളിങ്, മിക്സഡ് റിയാലിറ്റി സേവനങ്ങള്‍ എന്നിവയും.

വെല്‍കം ഓഫറിന്റെ ഭാഗമായി ജിയോ ഫൈബര്‍ വാര്‍ഷിക കണക്ഷന്‍ എടുക്കുന്ന ഉപയോക്താക്കള്‍ക്ക് ഒരു 4കെ ടിവി സൗജന്യമായി നല്‍കുമെന്ന് ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്. ജിയോയുടെ ജിയോ ടിവി, ജിയോ സിനിമ പോലുള്ള വിവിധ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കാന്‍ ജിയോ ഫൈബര്‍ ഉപയോക്താക്കള്‍ക്കാവും. ജിയോ ഫൈബര്‍ വഴി പുതിയ സിനിമകള്‍ റിലീസ് ചെയ്യാനും ജിയോ ആലോചിക്കുന്നുണ്ട്.

Babu Kadalikad
Babu Kadalikad  

Related Articles

Next Story

Videos

Share it